സൂപ്പര്‍സ്റ്റാര്‍ രജ്‌നികാന്തിന്റെ വമ്പന്‍ഹിറ്റ് പടമായിരുന്നു ജയിലര്‍. സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുമ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സേതുപതിയോ സിനിമാ ടീമോ ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സിനിമയിലെ വില്ലന്‍ കഥാപാത്രമാവും സേതുപതി ചെയ്യുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ ആദ്യ ഭാഗത്തില്‍ മലയാളി താരം വിനായകനായിരുന്നു വില്ലന്റെ റോളില്‍. വിനായകന്റെ പ്രതിനായക വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

തലൈവന്‍ തലൈവിയായിരുന്നു സേതുപതിയുടെ അവസാനം റിലീസായ ചിത്രം. ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സിനിമയ്ക്കായി. ട്രെയിന്‍, അരസന്‍ പുരി ജഗനാഥ് സംവിധാനം ചെയ്ത സിനിമ എന്നിവയാണ് സേതുപതിയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍. നേരത്തെ രജ്‌നിയും സേതുപതിയും ഒന്നിച്ച പേട്ട തിയേറ്ററില്‍ വന്‍ഹിറ്റായിരുന്നു.

വമ്പന്‍ താരനിരയായിരുന്നു ജയിലറിന്റെ ആദ്യ ഭാഗത്തില്‍. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്രോഫ് അടക്കമുള്ളവര്‍ ഒന്നാം ഭാഗത്തിന്റെ ഭാഗമായി. രമ്യ കൃഷ്ണനായിരുന്നു രജ്‌നിയുടെ ഭാര്യയുടെ റോളില്‍. ഇതില്‍ ശിവരാജ് കുമാറും രമ്യ കൃഷ്ണനും രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. എന്നാല്‍, മാത്യു ആയി അഭിനയിച്ച മോഹന്‍ലാലും കാംദേവായി അഭിനയിച്ച ഷ്രോഫും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമോയെന്ന് ഇതുവരെ പ്രഖ്യാപനം വന്നിട്ടില്ല. എങ്കിലും മലയാളത്തില്‍നിന്ന് കൂടുതല്‍ താരങ്ങള്‍ രണ്ടാംഭാഗത്തിന്റെ ഭാഗമാകും. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, സുനില്‍ സുഗത, ലിച്ചി അടക്കമുള്ളവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ കുറച്ചുഭാഗം കേരളത്തില്‍ വെച്ചായിരുന്നു ഷൂട്ട് ചെയ്തത്.

നെല്‍സണ്‍ തന്നെയാണ് ജയിലറിന്റെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. കൊളമാവ് കോകില, ഡോക്ടര്‍, ബീസ്റ്റ് അടക്കമുള്ളവയാണ് നെല്‍സണ്‍ മുമ്പ് ചെയ്ത ചിത്രങ്ങള്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi