
മാനന്തവാടി സരിഗ തിയേറ്ററിന്റെ സ്‌ക്രീനില്‍ ജെയിംസ് കാമറൂണ്‍ സ്‌ക്രീനില്‍ വരച്ച അത്ഭുതമായ ടൈറ്റാനിക്ക് കാണുമ്പോള്‍ കൊച്ചു സ്റ്റെഫിയെ ആകര്‍ഷിച്ചത് റോസിന്റെ വസ്ത്രങ്ങളാണ്. പടം കഴിഞ്ഞ് വീട്ടിലെത്തിയ അവള്‍ മാതാപിതാക്കള്‍ക്ക് മുന്നില്‍ വച്ച ആദ്യ നിബന്ധന അതേ ഡിസൈനിലുള്ള വസ്ത്രം വേണമെന്നതാണ്. ആ കാലത്ത് ട്രെന്‍ഡ് സെറ്ററായ റോസിന്റെ വസ്ത്രം തൊട്ടടുത്ത ദിവസം അവള്‍ സ്വന്തമാക്കി, അന്ന് തൊട്ടാണ് സ്‌റ്റെഫി സേവ്യറിന്റെ മനസ്സില്‍ വസ്ത്രങ്ങള്‍ വര്‍ണനൂലിഴ വിരിയിച്ച് തുടങ്ങിയത്. വസ്ത്രങ്ങള്‍ക്ക് പിന്നാലെയുള്ള അവളുടെ യാത്ര കോസ്റ്റിയൂ ഡിസൈനറായി സിനിമയിലെത്തി. സംസ്ഥാന പുരസ്‌കാരമടക്കം നിരവധി സിനിമ അവാര്‍ഡുകള്‍ കോസ്റ്റിയൂം ഡിസൈനിങ്ങിന് അവളെ തേടിയെത്തി. ചുരുങ്ങിയ കാലം കൊണ്ട് 90 സിനിമകളില്‍ കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ചു, ഇക്കുറി സംവിധായികയുടെ തൊപ്പിയണിഞ്ഞാണ് സ്റ്റെഫി സേവ്യര്‍ മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. 'മധുര മനോഹര മോഹം' എന്ന സിനിമയിലൂടെ സംവിധായിക റോളില്‍ പുതിയ തുടക്കം കുറിക്കുന്നതിന്റെ എല്ലാ സന്തോഷങ്ങളും പങ്കുവച്ച് സ്റ്റെഫി സേവ്യര്‍ ഗൃഹലക്ഷ്മിയോട് സംസാരിക്കുന്നു.
മലയാളത്തിലേക്ക് പുതിയൊരു സംവിധായിക കൂടി, മധുര മനോഹര മോഹം ഏത് തരത്തിലുള്ള സിനിമയാണ്...?
Also Read
ഒരു കോമഡി ഫാമിലി ഡ്രാമ ജോണറിലുള്ള സിനിമയാണ് മധുര മനോഹര മോഹം. ഒരു കുടുംബ പശ്ചാത്തലത്തില്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥയാണ് സിനിമ പറയുന്നത്. ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രം. രജിഷ, ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. പടത്തിന്റെ കഥ വന്നപ്പോള്‍ തന്നെ ആദ്യം ഞങ്ങള്‍ കാസ്റ്റ് ചെയ്തത് രജിഷയെയാണ്. 2018 ലാണ് ഞാന്‍ രജിഷയോട് കഥ പറഞ്ഞത്. അന്ന് ഈ രൂപമൊന്നുമായിരുന്നില്ല കഥയ്ക്ക്. പിന്നീട് ഷറഫുദ്ദീനും ബിന്ദു ചേച്ചിയുമടക്കമുള്ള താരനിര വന്നു. ആര്‍ഷാ ബൈജു വിജയരാഘവന്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, സുനില്‍ സുഗത, പ്രശസ്ത യൂട്യൂബറായ സഞ്ജു എന്നിവരെല്ലാം അഭിനയനിരയിലുണ്ട്. ഹരിനാരായണന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഉഷാമ്മ എന്ന കഥാപാത്രത്തെയാണ് ബിന്ദു പണിക്കര്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചെറുപ്പം തൊട്ടേ വാത്സല്യത്തിലും ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കത്തിലും ജോക്കറിലും തുടങ്ങി മികച്ച സിനിമകളിലൂടെ ബിന്ദു ചേച്ചി ഞങ്ങളുടെ തലമുറയെ ഞെട്ടിച്ചിട്ടുണ്ട്. അവരെ ഒരുകഥാപാത്രമായി എന്റെ സിനിമയില്‍ കിട്ടുക എന്നത് തന്നെ ഒരുഭാഗ്യമാണ്. അവസാനമായി റോഷാക്കില്‍ ഒരു സൈക്കോ അമ്മയായി വീണ്ടും ബിന്ദു ചേച്ചി ഞെട്ടിച്ചു. അതില്‍ നിന്നെല്ലാം മാറി നമ്മുടെ വീട്ടിലെ ഒരമ്മയെ ഓര്‍മിപ്പിക്കുന്ന കഥാപാത്രമാണ് മധുരം മനോഹര മോഹത്തിലെ ഉഷാമ്മ. ബിന്ദു ചേച്ചിയെ നമ്മള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന രീതിയിലൊരു കഥാപാത്രമാണ്. ഗംഭീരമായി തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ചു. അത് പ്രേക്ഷകര്‍ സ്വീകരിക്കും എന്നാണ് പ്രതീക്ഷ.

സിനിമ ബന്ധങ്ങളൊന്നുമില്ലാത്ത പശ്ചാത്തലത്തിലാണ് ജനനം, വയനാട് മാനന്തവാടിയില്‍ നിന്ന് ഇന്നത്തെ സ്റ്റൈഫി സേവ്യറിലേക്കുള്ള യാത്രയെ കുറിച്ച്...?
വയനാട് മാനന്തവാടിയിലാണ് ഞാന്‍ ജനിച്ചത്. ചെറുപ്പം തൊട്ടേ സിനിമ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ എല്ലാവരും പറയുന്നത് പോലെ വയനാട് ആയതിനാല്‍ സിനിമ വളരെ ദൂരത്ത് നില്‍ക്കുന്ന ഒരുപ്രതിഭാസമായൊന്നും എനിക്ക് തോന്നിയിട്ടില്ല. ആ കാലത്ത് വയനാട്ടില്‍ അധികം സിനിമക്കാരില്ല. പക്ഷേ എന്നിട്ടും ഒരിക്കല്‍ ഞാന്‍ സിനിമയില്‍ എത്തുമെന്ന് എന്റെ മനസ്സില്‍ പ്രതീക്ഷയുണ്ടായിരുന്നു. ടൈറ്റാനിക്കാണ് എനിക്ക് കോസ്റ്റിയൂം ഡിസൈനിങ്ങിലേക്ക് എത്തിച്ചതെന്ന് പറയാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനന്തവാടി സരിഗ എന്ന തിയേറ്ററില്‍ വച്ചാണ് ഞാന്‍ ടൈറ്റാനിക്ക് എന്ന സിനിമ കാണുന്നത്. ടൈറ്റാനിക്കിലെ റോസിന്റെ ഡ്രസ്സ് കണ്ടപ്പോള്‍ അങ്ങനെയാരു ഡ്രസ്സ് എനിക്കും വേണമെന്ന് തോന്നി. ആ ഡ്രസ്സ് അന്ന് ഭയങ്കര ട്രെന്‍ഡ് ആയിരുന്നു. എനിക്കത് മേടിച്ചുതരികയും ചെയ്തു. അന്ന് തൊട്ടാണ് ഡ്രസ്സ് ഡിസൈനിങ്ങിനോട് വല്ലാത്തൊരു കമ്പം തോന്നിതുടങ്ങിയത്. ആ തോന്നലില്‍ നിന്നാകാം ചിലപ്പോള്‍ കോസ്റ്റിയൂം ഡിസൈനര്‍ എന്ന മോഹം എന്റെ ഉള്ളില്‍ ജനിക്കുന്നത്.
എന്റെ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞപ്പോഴും അവരൊരിക്കലും അത് നടക്കില്ല എന്ന് പറഞ്ഞിട്ടില്ല. എല്ലാത്തരം പിന്തുണയും നല്‍കി. സിനിമയില്‍ അറിയപ്പെടുന്ന കോസ്റ്റിയൂം ഡിസൈനര്‍ ആകണമെന്നതായിരുന്നു അന്ന് തൊട്ടേ എന്റെ ആഗ്രഹം. പ്ലസ് ടു വിന് ശേഷം ബാംഗ്ലൂരിലാണ് ഞാന്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. അതിന് ശേഷം കൊച്ചിയിലേക്ക് വന്നു. പരസ്യ ചിത്രങ്ങളില്‍ കോസ്റ്റിയൂ ഡിസൈനറായി വര്‍ക്ക് ആരംഭിച്ചു. അതിലൂടെ ഒരുപാട് സിനിമ ബന്ധങ്ങളുണ്ടായി. ലൂക്കാ ചുപ്പി, ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ ഏഴായിരം കണ്ടി എന്നീ സിനിമകളാണ് ഞാന്‍ ആദ്യം ചെയ്തത്. അതില്‍ ലുക്കാ ചുപ്പിയിലേക്ക് എന്നെ വിളിക്കുന്നത് ദിനേശ് പ്രഭാകറാണ്. സംവിധായകനായ അനിലേട്ടന്റെ അടുത്ത ചെന്ന് ചാന്‍സ് ചോദിച്ച കിട്ടിയ അവസരമാണ് ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ ഏഴായിരം കണ്ടി എന്ന സിനിമയിലേത്.
വയനാട്ടില്‍ നിന്ന് പണ്ട് സിനിമക്കാര്‍ കുറവായിരുന്നു. എന്നാല്‍ ഇന്ന് മിഥുന്‍ മാനുവല്‍ തോമസ്, ബേസില്‍ ജോസഫ്, സണ്ണി വെയ്ന്‍ തുടങ്ങി ഒരുപാട് സിനിമക്കാരുണ്ട്.
ഗപ്പിയാണ് മികച്ച ബ്രേക്കായത്, സംസ്ഥാന പുരസ്‌കാരത്തിലേക്ക് എത്തിച്ചു, ആ ഓര്‍മകള്‍..?
ആദ്യ സിനിമകള്‍ രണ്ടും ശ്രദ്ധിക്കപ്പെട്ടതോടെ തുടര്‍ച്ചയായി സിനിമകളിലേക്ക് വിളിവന്നു തുടങ്ങി. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ഗപ്പിയിലൂടെ മികച്ച കോസ്റ്റിയൂം ഡിസൈനര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം തേടിയെത്തി. അതൊരു ബ്രേക്കായി മാറി. ഗപ്പി എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മയാണ്. ഒരു ആംഗ്ലോ ഇന്ത്യന്‍ കള്‍ച്ചറാണ് പശ്ചാത്തലമെന്ന് സംവിധായകന്‍ ജോണ്‍ പോള്‍ പറഞ്ഞുതന്നു. ഓരോ കഥാപാത്രത്തെ കുറിച്ചും കൃത്യമായി വിവരിച്ചു തന്നു. അതിനാല്‍ തന്നെ ആ രീതിയിലുള്ള പ്രിന്റുകളുള്ള വസ്ത്രങ്ങളാണ് കൂടുതല്‍ ഉപയോഗിച്ചത്. തിരുനെല്‍വേലിയായിരുന്നു ഷൂട്ടിങ്. അതില്‍ ടൊവിനോ ഉപയോഗിച്ച മള്‍ട്ടി കളര്‍ പാന്റ് മൂന്ന് രാജസ്ഥാനി ലേഡീസ് സ്‌കേര്‍ട്ടുകള്‍ മുറിച്ച് തുന്നിയെടുത്ത് ചെയ്തതാണ്. ഇപ്പോഴും ആ സിനിമ കാണുമ്പോള്‍ ഉള്ളിലൊരു അഭിമാനം തോന്നും.
കോസ്റ്റിയൂം ചെയ്ത സിനിമകളില്‍ ട്രെന്‍ഡിങ്ങായ വസ്ത്രങ്ങള്‍ ഏതൊക്കെ സിനിമയിലാണ്..?
ഗ്രേറ്റ് ഫാദര്‍ സിനിമയില്‍ സ്‌നേഹ ഉപയോഗിച്ച സാരികള്‍, ഇഷ്‌ക് സിനിമയിലെ നായിക ഉപയോഗിച്ച ചുരിദാറുകള്‍, വിജയ് സൂപ്പറും പൗര്‍ണമിയില്‍ ഐശ്വര്യ ലക്ഷ്മി ഉപയോഗിച്ച വസ്ത്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഒരുപാട് അന്വേഷണങ്ങള്‍ വന്നിട്ടുണ്ട്. ചിലര്‍ വിളിച്ച് ഇന്ന സിനിമയിലെ ആ ഡ്രസ്സ്് എന്ന് കൃത്യമായി ചോദിക്കും. അങ്ങനെ ചോദിക്കുമ്പോള്‍ നമുക്ക് അതൊരു സന്തോഷമാണ്.
പിന്നെ ലോക ഫാഷനിലെ ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ ഫോളോ ചെയ്യേണ്ടത് എന്റെ ജോലിയുടെ ഭാഗം കൂടിയാണ്.ഇന്റര്‍നാഷണല്‍ സിനിമകള്‍ കാണുകയും അതിലെ കോസ്റ്റിയുമുകള്‍ ശ്രദ്ധിക്കുകയും ചെയ്യും. അതുപോലെ ഫാഷന്‍ റിലേറ്റഡ് ആപ്പുകള്‍, മാസികകള്‍, സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍, ഫാഷന്‍ ഷോകള്‍ എന്നിവയെല്ലാം കൃത്യമായി നിരീക്ഷിക്കും.
മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം സിനിമകള്‍ ചെയ്തിട്ടുണ്ട്, ലാലേട്ടനൊപ്പം ആറാട്ട് ഒരു ഫാന്‍ ഗേള്‍ മൊമെന്റ് കൂടിയായിരുന്നല്ലേ...?
ഞാന്‍ ചെറുപ്പംതൊട്ടേ വലിയ മോഹന്‍ലാല്‍ ആരാധികയാണ്. എന്റെ മുറിയില്‍ ലാലേട്ടന്റെ ഫോട്ടോയൊക്കെ മുറിച്ച് ഒട്ടിച്ചിരുന്നു. ലാലേട്ടന്റെ സിനിമയ്ക്ക് കോസ്റ്റിയൂം ചെയ്യുക, നേരില്‍ പരിചയപ്പെടുക എന്നത് വലിയ ആഗ്രഹമായിരുന്നു. ആറാട്ട് എന്ന സിനിമയിലൂടെയാണ് അത് സാധിച്ചത്. ലാലേട്ടന് പരിചയപ്പെട്ടത് ഫാന്‍ഗേള്‍ മൊമന്റ് ആയിരുന്നു. ആറാട്ടില്‍ ലാലേട്ടനുപയോഗിച്ച മുണ്ടും ജുബ്ബയും ഏറെ ട്രെന്‍ഡാവുകയും ചെയ്തു.
ലാലേട്ടനും മമ്മൂക്കയ്ക്കുമെല്ലാം പേഴ്‌സണല്‍ ഡിസൈനര്‍ അവരുടെ കൂടെ തന്നെയുണ്ട്. നമ്മുടെ ഒരുഐഡിയ അവര്‍ക്ക് കൈമാറുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ട് വലിയ ടെന്‍ഷനുകളില്ല. പിന്നെ അവരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ അത് തന്നെ വലിയ സന്തോഷമാണ്. കാരണം ചെറുപ്പംതൊട്ടേ നമ്മളൊന്ന് കാണണമെന്ന് ഏറെ ആഗ്രഹിച്ച താരങ്ങളാണ്. അതെല്ലാം ജീവിതത്തിലെ അനുഗ്രഹമായി കാണുന്നു.
സംവിധായിക ആകണം എന്നത് മുമ്പേയുള്ള ആഗ്രഹമായിരുന്നോ...?
സംവിധായിക ആകാന്‍ എന്നൊരു ആഗ്രഹം സിനിമയിലേക്ക് വരുമ്പോള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഓരോ സിനിമയുടെയും കോസ്റ്റിയൂം ചെയ്യാനായി ലൊക്കേഷനുകളില്‍ നിന്നപ്പോള്‍ സംവിധാനത്തോട് ഒരുകൗതുകം തോന്നി. എസ്ര ചെയ്യുന്ന സമയത്താണ് എനിക്കും ഒരു സംവിധായിക ആകണം എന്നുറപ്പിച്ചത്. കാരണം അതുവരെ ഹൊറര്‍ സിനിമയുടെ ഷൂട്ടിങ് ഞാന്‍ കണ്ടിട്ടില്ല. ആ ലൊക്കേഷനില്‍ വച്ച് ഓരോ സീനും എങ്ങനെ ഷൂട്ട് ചെയ്യുന്നതെന്ന് ഞാന്‍ ക്യാമറമാന്‍ സുജിത്ത് വാസുദേവിനോട് ചോദിച്ച് മനസ്സിലാക്കി. ഒരു സിനിമയുടെ എല്ലാ ഉത്തരവാദിത്തങ്ങളുമുള്ള ആള്‍ സംവിധായകനാണ്. ആയൊരു ഫൈനല്‍ ഡിസിഷന്‍ മേക്കിങ് പൊസിഷന്‍ എനിക്കും സന്തോഷം നല്‍കും എന്ന് തോന്നി. അങ്ങനെയാണ് സംവിധായിക ആകാം എന്ന് തീരുമാനിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ അതിനുവേണ്ടി ശ്രമിക്കുകയാണ്. സംഗതി അത്ര എളുപ്പമല്ലെന്ന് പറയാതെ തന്നെ അറിയാമല്ലോ. ഇപ്പോഴാണ് എല്ലാം കൂടി ഒത്തുവന്നത്. നല്ല രീതിയില്‍ ആദ്യ സിനിമ ചെയ്യാനായി എന്നാണ് വിചാരിക്കുന്നത്.
സ്ത്രീയ്ക്ക് സ്വതന്ത്ര്വ സംവിധായിക ആകുക അത്ര എളുപ്പമല്ലെന്ന് മുന്‍പേ നടന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്, മലയാള സിനിമയിലെ ലിംഗ സമത്വത്തെ കുറിച്ച്...?
അങ്ങനെയൊരു ലിംഗ സമത്വമില്ലായ്മയൊന്നും എനിക്ക് ഇതുവരെ നേരിട്ടിട്ടില്ല. ആയൊരു വേര്‍തിരിവ് ഇതുവരെ സിനിമയില്‍ നിന്ന് ഞാന്‍ അനുഭവിച്ചിട്ടില്ലെന്നതാണ് സത്യം. ചിലപ്പോള്‍ അനുഭവിച്ച മറ്റ് ചിലരുണ്ടാകും. പിന്നെ സിനിമ എന്ന് പറയുന്നത് ഒരുക്രിയേറ്റീവ് ജോലിയാണ്. ക്രാഫ്റ്റാണ് അവിടെ പ്രധാനം. സ്ത്രീയെന്നോ പുരുഷനെന്നോ പറഞ്ഞ് അതിനെ വേര്‍തിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ആരായാലും എടുക്കേണ്ടത് ഒരേ ജോലിയാണ്. കഴിവിനാണ് സിനിമയില്‍ പ്രധാന്യം. അതുകൊണ്ട് ഒരു സ്ത്രീ സംവിധായിക എന്ന ലേബല്‍ പോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ജെന്‍ഡറിന്റെ പേരില്‍ ആരെയും വേര്‍തിരിച്ച് നില്‍ക്കേണ്ടതില്ല.
പുതിയ പ്രതീക്ഷകള്‍...?
കോസ്റ്റിയൂം ചെയ്ത സിനിമകളില്‍ ഇനി പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ആടുജീവിതത്തിനാണ്. ആറ് വര്‍ഷമായി ആ സിനിമയുടെ കൂടെയുണ്ട്. ഞാനും അസിസ്റ്റന്റായ സനൂജ്, സുള്‍ഫിക്കര്‍, റാഫി എന്നിവരടങ്ങുന്ന ടീമാണ് ആടുജീവിതത്തിന്റെ വര്‍ക്കുകള്‍ ചെയ്തത്.
Content Highlights: Interview With Costume Designer Stephy zaviour about her debut directorial madhura manohara moham
Published: 15 Jun 2023, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented