
മധുരപ്പതിനേഴില്‍ എന്നും ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഓരോ മനുഷ്യനും. നിത്യയൗവനം ആഗ്രഹിക്കുന്നതല്ലാതെ അതിനുവേണ്ടി യാതൊരു വിധ പരീക്ഷണങ്ങളും നമ്മളാരും നടത്താറില്ല. എന്നാല്‍ അമേരിക്കയില്‍ ഒരു 45-കാരന്‍ നിത്യയൗവനം നിലനിര്‍ത്താന്‍ ഒരുവര്‍ഷം മുടക്കുന്നത് 16 കോടി രൂപയാണ്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സോഫ്റ്റ് വെയര്‍ കമ്പനിയുടെ സി.ഇ.ഒ. ആയ ബ്രയാന്‍ ജോണ്‍സണാണ് ശരീരത്തെ എന്നും നിത്യയൗവനത്തില്‍ നിലനിര്‍ത്താന്‍ ഇത്രയും പൈസ ചെലവഴിച്ച് പരീക്ഷണങ്ങള്‍ നടത്തുന്നത്. നിലവില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ അഞ്ച് വയസ്സിലധികം കുറഞ്ഞെന്നാണ് ബ്രയാന്റെ അവകാശവാദം. രക്തകൈമാറ്റ ചികിത്സയിലൂടെയും വ്യയാമങ്ങളിലൂടെയും ഭക്ഷണനിയന്ത്രണങ്ങളിലൂടെയുമാണ് ബ്രയാന്‍ തന്റെ നിത്യയൗവന പരീക്ഷണം നടത്തുന്നത്. ഓപ്പറേഷന്‍ ബ്ലൂ പ്രിന്റ് എന്നാണ് ഈയൊരു പരീക്ഷണത്തിന് ബ്രയാന്‍ നല്‍കിയ പേര്. അമേരിക്കന്‍ മാധ്യമമായ ബ്ലൂംബെര്‍ഗാണ് ബ്രയാന്റെ പരീക്ഷണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ബ്ലഡ് ബോയിയായി മകന്‍..
ബ്രയിന്‍ ട്രീ എന്ന പേയ്‌മെന്റ് സൊല്യൂഷന്‍ സ്റ്റാര്‍ട്ട് ആപ്പ് തുടങ്ങി കൊണ്ടാണ് ബ്രയാന്‍ ജോണ്‍സണ്‍ അമേരിക്കയില്‍ പ്രശസ്തനാകുന്നത്. 800 മില്യണ്‍ യു.എസ് ഡോളറിനാണ് ഈ കമ്പനിയെ അദ്ദേഹം പിന്നീട് വില്‍പന നടത്തിയത്. ഇതോടെ ശതകോടീശ്വരനായി മാറി. അതിന് ശേഷമാണ് നിലവിലെ കമ്പനിയായ കെര്‍ണേല്‍ ആരംഭിക്കുന്നത്. ബയോടെക് കമ്പനിയായ കെര്‍ണേലിന്റെ സി.ഇ.ഒ. പദവിയിലാണിപ്പോള്‍ ബ്രയാന്‍.
പതിനേഴുകാരനായ മകന്‍ ടാല്‍മേജില്‍ നിന്നാണ് ബ്രയാന്‍ അവസാനമായി രക്തം സ്വീകരിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 45 കാരനായ ബ്രയാനും മകന്‍ ടാല്‍മേജും 70 കാരനായ ബ്രയാന്റെ പിതാവ് റിച്ചാര്‍ഡും ഡല്ലാസിലെ ഒരു ക്ലിനിക്കിലെത്തിയാണ് രക്ത കൈമാറ്റ ചികിത്സയില്‍ പങ്കെടുത്തത്. പരീക്ഷണത്തിന്റെ ഭാഗമായി ഇത്രനാളും അജ്ഞാതരില്‍ നിന്നാണ് ബ്രയാന്‍ ജോണ്‍സണ്‍ ബ്ലഡ് പ്ലാസ്മ സ്വീകരിച്ചിരുന്നത്. മികച്ച ആരോഗ്യമുള്ള ആള്‍ക്കാരെ കണ്ടെത്തി വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമായിരുന്നു രക്തകൈമാറ്റം നടത്തിയിരുന്നത്. ഇവര്‍ക്ക് വന്‍തുകയും നല്‍കിയിരുന്നു.

എന്നാല്‍ ഇത്തവണ മകനും തന്റെ പിതാവ് റിച്ചാര്‍ഡിനും ഒപ്പമാണ് അദ്ദേഹം ക്ലിനിക്കിലേക്കെത്തിയത്. ക്ലിനിക്കിലെത്തിയ ശേഷം ആദ്യം മകന്റെ ശരീരത്തില്‍ നിന്ന് യന്ത്രസഹായത്തോടെ ഒരുലിറ്റര്‍ രക്തം ശേഖരിച്ചു. ശേഷം ഈ രക്തത്തില്‍ ഒരു ബാച്ച് ദ്രവ പ്ലാസ്മയും പ്ലേറ്റ്‌ലറ്റ്‌സും ചുവന്ന രക്താണുകളും വെളുത്ത രക്താണുക്കളും വേര്‍തിരിച്ചെടുത്തു. ശേഷം ബ്രയാനില്‍ നിന്ന് ഒരുലിറ്റര്‍ രക്തം ശേഖരിച്ചു. പിന്നീട് മകന്റെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്ലാസ്മ ബ്രയാന്റെ ശരീരത്തിലേക്ക് കയറ്റി. സമാന ചികിത്സയ്ക്ക് പിതാവ് റിച്ചാര്‍ഡിനെയും വിധേയമാക്കി.
നല്ലതല്ല പ്ലാസ്മ സ്വാപ്പിങ്
'പ്ലാസ്മ സ്വാപ്പിങ്' എന്നാണ് ഏറെ വിവാദമായ ഈ ചികിത്സ രീതിയെ വിളിക്കുന്ന പേര്. ശാസ്ത്രഞ്ജന്‍മാര്‍ പ്രായം കുറക്കാനുള്ള ചികിത്സയ്ക്കായി പ്ലാസ്മ ഉപയോഗിച്ചുള്ള പരീക്ഷണം ആദ്യം എലികളില്‍ നടത്തിയിട്ടുണ്ട്. ഇത് വലിയൊരു ശതമാനം വിജയമായിരുന്നു. എങ്കിലും മനുഷ്യരില്‍ ഈ പരീക്ഷണം ശാസ്ത്രീയമായി നടത്തി വിജയിച്ചതിന്റെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൃത്യമായ തെളിവുകളില്ലാതെ ഇത്തരമൊരു പരീക്ഷണം മനുഷ്യരില്‍ നടത്തുന്നത് അപകടകരമാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ ഇതിനോടകം പറഞ്ഞുകഴിഞ്ഞു. ശരീരത്തിന്റെ പ്രായം കുറയ്ക്കാനായി ബ്രയാന്‍ നടത്തുന്ന ആ വിവാദ പരീക്ഷണത്തെ ഇപ്പോഴും അതിനാല്‍ തന്നെ ശാസ്ത്രലോകം അംഗീകരിച്ചിട്ടില്ല.
അഞ്ച് വയസ്സ് കുറഞ്ഞു
ഓപ്പറേഷന്‍ ബ്ലു പ്രിന്റ് എന്ന പ്രോജക്ടിലൂടെ തന്റെ എപ്പിജെനിറ്റിക് പ്രായം 5.1 വര്‍ഷം കുറഞ്ഞതായി ബ്രയാന്‍ ജോണ്‍സണ്‍ അവകാശപ്പെടുന്നു. ശരീരത്തിന്റെയും തന്റെ അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും നിരീക്ഷിക്കാനുമായി 30 ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘത്തെ തന്നെ അദ്ദേഹം കൂടെനിര്‍ത്തിയിട്ടുണ്ട്. തന്റെ ആന്തരികാവയവങ്ങള്‍ കൗമാരക്കാലത്തേത് പോലെ പ്രവര്‍ത്തിപ്പിക്കണം എന്നാണ് ഓപ്പറേഷന്‍ ബ്ലൂപ്രിന്റിലൂടെ ബ്രയാന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഹൃദയം 37 കാരന്റേത് പോലെയും ശരീരം 28 കാരന്റേത് സമാനമായതും രീതിയിലേക്ക് ഇതിനകം മാറിയെന്നാണ് അദ്ദേഹത്തിന്റെ നിലവിലെ അവകാശവാദം.
കഠിനമായ ദിനചര്യ...
രാവിലെ അഞ്ച് മണിക്കാണ് ബ്രയാന്‍ എഴുന്നേല്‍ക്കുന്നത്. ഗ്രീന്‍ ജ്യൂസാണ് പ്രഭാത ഭക്ഷണം. പിന്നീട് ശരീരത്തിലെ കൊഴുപ്പ്, ഭാരം, ഹൃദയമിടിപ്പ്, രക്ത പരിശോധന, ഓക്‌സിജന്റെ അളവ് തുടങ്ങി കൃത്യമായ മെഡിക്കല്‍ ചെക്കപ്പുകള്‍ക്ക് വിധേയനാകും. സസ്യാഹാരം മാത്രമാണ് ചികിത്സയുടെ ഭാഗമായി ഭക്ഷണമാക്കുന്നത്. കൂടാതെ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള കൃത്യമായ വ്യായാമം, ഉറക്കം എന്നിവയും ഉറപ്പാക്കുന്നു.
അമിത ഭക്ഷണമാണ് വെളിച്ചമായത്..
ഓപ്പറേഷന്‍ ബ്ലൂ പ്രിന്റ് തുടങ്ങാന്‍ പ്രചോദനമായത് അലസനായി ജീവിച്ച തന്റെ ഭൂതകാലമാണെന്ന് ബ്രയാന്‍ ജോണ്‍സണ്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ആ കാലത്തെ കുറിച്ച് തന്റെ വെബ്‌സൈറ്റില്‍ കുറിച്ചിതിങ്ങനെയാണ് ' ജീവിതത്തിലെ വേദനകളും നിരാശകളും മറയ്ക്കാന്‍ അമിതമായി ഭക്ഷണം കഴിക്കുന്ന ആളായിരുന്നു ഞാന്‍. ഇത് നിയന്ത്രിക്കാനാവാത്ത ഒരുസാഹചര്യം വന്നു. ആയൊരു ഘട്ടത്തിലാണ് ജീവിതത്തെ കുറിച്ച് പുതിയൊരു ചിന്ത തുടങ്ങിയത്''
തന്റെ പരീക്ഷണത്തിന് നേരെ ഉയരുന്ന വിമര്‍ശനങ്ങളെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും വരുംമാസങ്ങളില്‍ കൃത്യമായ വിവരങ്ങളോടെ തന്റെ പ്രോജക്ടിന്റെ വിവരങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്ന് ബ്രയാന്‍ ജോണ്‍സണ്‍ പറയുന്നു.
Content Highlights: Us CEO Bryan Johnson spends 16 crores in a year on age reversal using plasma Swap
Published: 10 Jun 2023, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented