പച്ചപ്പും പൂക്കളും ഇളംസന്ധ്യയും നിറം ചാലിക്കുന്ന ഗ്രാമവഴികളിലൂടെ പൂപ്പാവാടയണിഞ്ഞ് പാറിപ്പറന്ന് മലയാളിമനസ്സില്‍ കുടിയേറിയ പൂത്തുമ്പിപ്പെണ്ണ്. ജാനകിക്കുട്ടിയായും കുട്ടിമണിയായും വര്‍ഷയായുമെല്ലാം നമ്മളെ ചിരിപ്പിച്ച, കരയിപ്പിച്ച, ഹൃദയത്തോട് ചേര്‍ന്നുനിന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച ജോമോള്‍. ഗൃഹലക്ഷ്മിയുടെ ഫോട്ടോഷൂട്ടിനായി കൊച്ചിയിലെ സ്റ്റുഡിയോയുടെ വാതില്‍ തുറന്നെത്തുമ്പോള്‍ ആ പഴയ പാവാടക്കാരിക്ക് വലിയ മാറ്റങ്ങളില്ല. മക്കളായ ആര്യയോടും ആര്‍ജയോടും സംസാരിക്കുമ്പോള്‍ ഇടയ്ക്ക് ഒരല്പം അമ്മഗൗരവം മുഖത്ത് വിരിയുന്നുണ്ട്. മൂന്നുപേരും ഓണത്തുമ്പികളാകാന്‍ ഒരുങ്ങുന്നതിനിടെ ജോമോള്‍ മനസ്സുതുറന്നു, സിനിമയെപ്പറ്റി, ജീവിതത്തെപ്പറ്റി, അമ്മക്കാലത്തെപ്പറ്റി...

To advertise here,

സിനിമാക്കാലം മിസ് ചെയ്യുന്നുണ്ടോ?
നമ്മള്‍ ഒരു ട്രിപ്പ് പോകുമ്പോള്‍ എങ്ങനെയാണ്? ആഘോഷിക്കും, സന്തോഷിക്കും, ചിത്രങ്ങളെടുക്കും, ഓര്‍മകള്‍ കൂട്ടിവയ്ക്കും. അതുകഴിഞ്ഞ് തിരിച്ചുവന്നിട്ട് അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമില്ലേ, അതാണ് എനിക്ക് എന്റെ സിനിമാക്കാലത്തെപ്പറ്റിയുള്ള ഓര്‍മ. ഫീല്‍ നൈസ്. ഫീല്‍ ഗുഡ്. നമ്മുടെ ഹൃദയത്തില്‍ ചേര്‍ത്തുവെച്ചപോലെയൊന്ന്. നഷ്ടബോധമല്ല. ഓര്‍മയാണ് അത്.

സിനിമയുടെ ബാക്ക്ഗ്രൗണ്ട് വര്‍ക്കുകളിലാണോ ഇപ്പോള്‍ കൂടുതല്‍ താത്പര്യം?
ജീവിതം പ്ലാന്‍ ചെയ്ത് പോകുന്നയാളൊന്നുമല്ല. കോവിവിഡ് കാലത്താണ് സബ്ടൈറ്റിലിങ് എന്നൊരു സംഭവം ഉണ്ടെന്ന് ഞാന്‍ അറിയുന്നതും പഠിക്കുന്നതും. 'ജാനകി ജാനെ'യുടെ പ്രൊഡ്യൂസര്‍ (എസ് ക്യൂബ് പ്രൊഡക്ഷന്‍സ്) ഷെര്‍ഗ എന്റെ സുഹൃത്താണ്.  ഷെര്‍ഗ സബ്ടൈറ്റിലിങ് ചെയ്യുന്ന ഒന്നുരണ്ട് ആളുകളെ പരിചയപ്പെടുത്തിത്തന്നു. പിന്നെ ആ സംഭവംതന്നെ ഞാന്‍ മറന്നു. ഒരു ദിവസം ഷെര്‍ഗ എന്നെ വിളിച്ച് 'ജാനകീ ജാനെ'യുടെ സബ്ടൈറ്റിലിങ് ചെയ്യുന്നോ എന്ന് ചോദിച്ചു. ഞാന്‍ അന്നത് പഠിച്ചതും അതിനെപ്പറ്റി സംസാരിച്ചതുമൊക്കെ ഷെര്‍ഗ ഓര്‍ത്തുവെച്ചിരുന്നു. ഒരു എക്സ്പീരിയന്‍സും ഇല്ലാത്ത എന്നെ സബ്ടൈറ്റിലിങ് ചെയ്യാന്‍ ഏല്പിച്ചത് വലിയൊരു പ്രോത്സാഹനമായിരുന്നു.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിനൊപ്പം ധാരാളം സിനിമകള്‍ ചെയ്തല്ലോ?
ഞാന്‍ അഭിനയിച്ച 'ഒരു വടക്കന്‍ വീരഗാഥ', 'എന്ന് സ്വന്തം ജാനകിക്കുട്ടി' തുടങ്ങിയവ ഗൃഹലക്ഷ്മിയുടെ ബാനറില്‍ വന്ന ചിത്രങ്ങളാണ്. ഇപ്പോള്‍ സബ്ടൈറ്റിലിങ്ങും. ശരിക്കും ഒരു ചെടി നടുന്നതുപോലെ എന്റെ കരിയറിനെ നട്ടുനനച്ച് വളര്‍ത്തിയത് അവരാണ്. ഹരിഹരന്‍ സര്‍, എം.ടി. സര്‍ എന്നിവര്‍ക്കൊപ്പം കരിയര്‍ തുടങ്ങാന്‍ കാരണമായതും അവരാണ്. 

ആദ്യ സിനിമയായ 'ഒരു വടക്കന്‍ വീരഗാഥ'യില്‍ അഭിനയിച്ചതിന്റെ ഓര്‍മകള്‍..?
എനിക്കന്ന് അഞ്ച് വയസ്സേയുള്ളു, ചെറിയ ഓര്‍മകള്‍ മാത്രമേയുള്ളൂ. പിന്നീട് ഹരിഹരന്‍ സാറൊക്കെ അന്നത്തെ പലകാര്യങ്ങളും തമാശയായി പറഞ്ഞിരുന്നു. ഞാനന്ന് വികൃതിയും ചട്ടമ്പിയുമായിരുന്നു. വിനീതുമായി ഭയങ്കര വഴക്കായിരുന്നു. വീനീത്  എന്നെ താലികെട്ടുന്ന രംഗമുണ്ട്. അങ്ങനെ കല്യാണം നടന്നാല്‍ ജീവിതംകാലം മുഴുവനും ഞാനായിരിക്കുമോ ഭാര്യ എന്ന് വിനീതേട്ടന് പേടിയായിരുന്നു എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്.

എം.ടി.യുടെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുക വലിയ ഭാഗ്യമല്ലേ?

ഞാന്‍ സരസ്വതി ടീച്ചറിന്റെ (എം.ടിയുടെ ഭാര്യ) അടുത്താണ് ഡാന്‍സ് പഠിച്ചിരുന്നത്. ടീച്ചറിന്റെ വീട്ടില്‍ പോകുമ്പോള്‍ ചിലപ്പോള്‍ അവിടെ അദ്ദേഹമുണ്ടാകും. അധികം സംസാരിക്കില്ല, അങ്ങോട്ടുപോയി സംസാരിക്കാനുള്ള ധൈര്യവുമില്ല. എന്നാല്‍ മിണ്ടിയാല്‍ സാര്‍ ധാരാളം കാര്യങ്ങള്‍ ചോദിക്കും, പറയും. പിന്നീടാണ് ജാനകിക്കുട്ടി വരുന്നത്. സെറ്റില്‍ ഇടയ്ക്കേ എം.ടി. വരൂ. സീനുകള്‍ എങ്ങനെ ചെയ്യണം എന്ന് പറഞ്ഞുതരും. അതും അഭിപ്രായം ചോദിച്ചാല്‍ മാത്രം. സാറിന്റെ 'നാലുകെട്ട് ' എന്നൊരു സീരിയലും ഞാന്‍ ചെയ്തിരുന്നു. അതൊക്കെ വലിയ ഭാഗ്യമാണ്. 

ജോമോള്‍ മലയാളിക്ക് ഇന്നും ജാനകിക്കുട്ടിയാണ്...?
എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രം ജാനകിക്കുട്ടിയാണ്. ആ സിനിമയില്‍ വത്സലാന്റി (വത്സലാ മേനോന്‍) ഒഴികെ എല്ലാവരും വലിയ അഭിനയപാരമ്പര്യമില്ലാത്ത താരങ്ങളായിരുന്നു. അതുകൊണ്ട്  ഞങ്ങള്‍ക്കിടയില്‍ വലിയൊരു സൗഹൃദമുണ്ടായിരുന്നു. ഒരു കുടുംബംപോലെ. സിനിമ ഒരു കുടുംബത്തെയും വീടിനെയും ചുറ്റിപ്പറ്റിയാണല്ലോ. അങ്ങനെയായിരുന്നു ഷൂട്ടിങ്ങില്ലാത്തപ്പോഴും. അന്ന് കാരവാനൊന്നും ആര്‍ക്കുമില്ല. അപ്പോള്‍ എല്ലാവരും ഒന്നിച്ച് സെറ്റിലിരുന്ന് ഭക്ഷണം കഴിക്കും, സംസാരിക്കും, എല്ലാവര്‍ക്കും പരസ്പരം നന്നായറിയാം, വീട്ടുകാര്യങ്ങളറിയാം. വളരെക്കാലങ്ങള്‍ക്കുശേഷമാണ് ഇത്തവണ അമ്മയുടെ മീറ്റിങ്ങിന് പോയത്. അന്ന് അവരെയൊക്കെ കണ്ടപ്പോള്‍ വീട്ടുകാരെ കണ്ടതിന്റെ സന്തോഷമായിരുന്നു. 

'നിറത്തിലെ വര്‍ഷ' ഇന്നായിരുന്നെങ്കില്‍ ട്രോളുകളില്‍ നിറഞ്ഞേനെ..? 
അങ്ങനെ ഇടയ്ക്കിടയ്ക്ക് തട്ടിവീഴുന്ന ആരെ കണ്ടാലും ആളുകള്‍ ഇപ്പോഴും വര്‍ഷയുമായി താരതമ്യം ചെയ്യും. അതാണ് ആ കഥാപാത്രത്തിന്റെ വിജയം. വര്‍ഷയെ അഭിനയിച്ച് ഫലിപ്പിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എങ്ങനെ വീഴും എന്നതായിരുന്നു ആദ്യത്തെ പ്രശ്‌നം. കാലൊക്കെ മനഃപ്പൂര്‍വം ഓരോ സ്ഥലത്ത് ഉടക്കിവീഴും. വൈകുന്നേരം ഷൂട്ട് കഴിഞ്ഞ് റൂമിലെത്തുമ്പോള്‍ മുട്ടൊക്കെ ചതഞ്ഞ് ചുവന്നിരിക്കും. വേദനിച്ചിട്ട് ഒരു രക്ഷയുമുണ്ടാവില്ല. നന്നായി വീഴാന്‍ പഠിച്ചപ്പോഴേക്കും ഷൂട്ടിങ് കഴിഞ്ഞു. 

തിരിച്ചുവരണം എന്നാഗ്രഹിക്കുന്നുണ്ടോ?
പിന്നെ, ഉറപ്പായും ആഗ്രഹമുണ്ട്. ഇതുവരെ പ്രയോരിറ്റി ഇവരായിരുന്നു. ഇപ്പോള്‍ മക്കളൊക്കെ വളര്‍ന്നു. ഒരാള്‍ കോളേജിലെത്തി, ഒരാള്‍ പത്താംക്ലാസില്‍. ഇനിയിപ്പോള്‍ തിരിച്ചുവരുന്നതിനെപ്പറ്റിയെല്ലാം ആലോചിക്കാം.

ചെയ്യണം എന്നാഗ്രഹിച്ച കഥാപാത്രമുണ്ടോ?
സത്യത്തില്‍ അങ്ങനെയൊന്നില്ല. ചെയ്തതെല്ലാം ഇഷ്ടമുള്ള കഥാപാത്രങ്ങളായിരുന്നു. ചെയ്യാന്‍ പറ്റാത്തവയോട് നഷ്ടബോധമില്ല. ഇപ്പോഴും ഏത് ക്യാരക്ടര്‍ വേണം എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. സിനിമയില്‍ തിരിച്ചുവരാന്‍ ആഗ്രഹമുണ്ട്. എനിക്ക് പ്രധാന കഥാപാത്രം വേണമെന്നൊന്നുമില്ല. പക്ഷേ, ആളുകള്‍ ഓര്‍ത്തിരിക്കുന്ന, ആ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം വേണം എന്നാണ് ആഗ്രഹം. 

ജോമോള്‍ സിനിമയില്‍ താരമായിനിന്ന കാലത്തെ ആ പ്രായത്തിലാണ് മക്കളിപ്പോള്‍. രണ്ട് കാലഘട്ടങ്ങളും താരതമ്യം ചെയ്താല്‍...?
മക്കള്‍ എന്നോട് ഇടയ്ക്ക് പറയും, അമ്മ ഞങ്ങളുടെ പ്രായത്തിലാണ് നാഷണല്‍ അവാര്‍ഡ് ഒക്കെ വാങ്ങിയതെന്ന്. അത് കേള്‍ക്കുമ്പോഴാണ് എനിക്കും  അക്കാലം ഓര്‍മ വരിക. അന്ന് ഇങ്ങനെയൊക്കെ അഭിനയിക്കാന്‍ പറ്റിയല്ലോ എന്ന് പലപ്പോഴും വിശ്വസിക്കാന്‍ പറ്റാറില്ല.

അമ്മയുടെ അഭിനയത്തിന് മക്കള്‍ നല്‍കുന്ന മാര്‍ക്ക്...?

ആര്‍ജ: അമ്മ എന്തൊരു നാച്ചുറലായാണ് അഭിനയിക്കുന്നത്. സിനിമയിലെ അഭിനയം മാത്രമല്ല. വീട്ടില്‍ സര്‍പ്രൈസ് പാര്‍ട്ടികളൊക്കെ നടത്തുമ്പോള്‍ അമ്മയുടെ ട്രൂ ടാലന്റ് പുറത്തുവരും, ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ലേ എന്ന മട്ടില്‍. നാഷണല്‍ അവാര്‍ഡ് കിട്ടിയതിലും വലിയ അഭിനയമാണ് അത്. (കൂട്ടച്ചിരി മുഴങ്ങി) 

ജോമോള്‍ എന്ന അമ്മ സ്വയം വിലയിരുത്തുമ്പോള്‍?
ഇതെല്ലാം ട്രയല്‍ റണ്ണല്ലേ. ട്രെയിനിങ് കിട്ടിയിട്ടല്ലല്ലോ അമ്മയാവുന്നത്. തെറ്റുപറ്റിയും തിരുത്തിയും ആണ് മുന്നോട്ടുപോകുന്നത്. പേരന്റിങ്ങിന് ഒരു മാതൃകയില്ല. നമ്മളും അവര്‍ക്കൊപ്പം വളരുകയാണ്. 

മക്കളുമായി നല്ല കൂട്ടാണല്ലോ?
മക്കളോട് ഫ്രണ്ട്ലിയാണ്. പക്ഷേ, അത് ഫ്രണ്ട്ഷിപ്പല്ല. ഇപ്പോള്‍ എല്ലാവരും പറയും, ഞങ്ങള്‍ മക്കളോട് കൂട്ടുകാരെപ്പോലെയാണ് എന്നൊക്കെ. അങ്ങനെയല്ല. ഞാന്‍ അമ്മയാണ്, അതാണ് എന്റെ സ്ഥാനം. കൂട്ടുകാര്‍ എപ്പോഴും കൂട്ടുകാരാണ്. കൂട്ടുകാരോട് പറയുന്നതെല്ലാം അവര്‍ എന്നോട് പറയണമെന്നില്ല. പക്ഷേ, തിരിച്ച് എന്നോട് പറയുന്നതെല്ലാം അവര്‍ക്ക് സുഹൃത്തുക്കളോട് പറയാം, പറയാതിരിക്കാം. വഴക്കുപറഞ്ഞാല്‍ മാക്സിമം അരമണിക്കൂറിനുള്ളില്‍ ഞങ്ങള്‍ വീണ്ടും പഴയപോലെ സംസാരിക്കും. ദേഷ്യവും സങ്കടവും മറക്കും. 

സിനിമയിലെയും ജീവിതത്തിലെയും സൗഹൃദങ്ങള്‍?
എനിക്ക് സിനിമയില്‍ സൗഹൃദങ്ങളില്ല. എന്റെ സുഹൃത്തുക്കളെല്ലാം സിനിമയ്ക്ക് പുറത്താണ്. അതും വളരെക്കുറച്ചുപേരെയുള്ളൂ. സിനിമയില്‍ ബന്ധങ്ങളുണ്ട്. ഒന്നിച്ച് പ്രവര്‍ത്തിച്ചവര്‍, പരിചയമുള്ളവര്‍... അങ്ങനെയുള്ള ബന്ധങ്ങളാണ് സിനിമയില്‍.

അച്ഛന്റെയും അമ്മയുടെയും വിപ്ലവ പ്രണയകഥ മക്കള്‍ക്ക് അറിയാമോ?

ഞങ്ങള്‍ പറഞ്ഞായിരുന്നില്ല മക്കള്‍ ഈ സംഭവം അറിഞ്ഞത്. ഇപ്പോള്‍ ഡ്രൈവിന് പോകുമ്പോഴും മറ്റും അവര്‍ ഓരോ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ പറയാറുണ്ട്. അന്നത്തെ സംഭവങ്ങള്‍. രണ്ട് മതങ്ങളിലുള്ളയാളുകള്‍ പ്രണയിക്കുന്നു വിവാഹംകഴിക്കുന്നു. അന്നത് വലിയൊരു വിപ്ലവമായിരുന്നു. ഫോണോ, സോഷ്യല്‍ മീഡിയയോ ഒന്നും സജീവമല്ലാത്തകാലത്താണ് ഞാനും ചന്തുവും (ചന്ദ്രശേഖരപിള്ള) പ്രണയിക്കുന്നത്. ഞാന്‍ നടിയാണെന്നൊന്നും ചന്തുവിന് അറിയില്ലായിരുന്നു. വിവാഹശേഷമാണ് ഞാന്‍ ഗൗരിയായത്. ഞാന്‍ ഇങ്ങനെ കല്യാണംകഴിച്ചതുകൊണ്ട് എന്റെ സുഹൃത്തുക്കള്‍ പലര്‍ക്കും അവരുടെ പ്രണയം സഫലമാക്കാനായി. ഞാനവരോട് പറയും സ്മരണ വേണമെന്ന് (ചിരിക്കുന്നു).

പ്രണയത്തെപ്പറ്റി മക്കളോട് പറയാന്‍ ആഗ്രഹിക്കുന്നത്...? 
ജീവിതത്തില്‍ ഓരോ സമയത്തും പ്രാധാന്യം കൊടുക്കേണ്ട ഓരോ കാര്യങ്ങളുണ്ട്. ഇപ്പോള്‍ പഠിക്കുക എന്നതാണ്. പണ്ട് ആണ്‍സൗഹൃദങ്ങള്‍പോലും കുറവായിരുന്നു. ഇപ്പോള്‍ ആണ്‍പെണ്‍ സൗഹൃദങ്ങള്‍ എല്ലാംതന്നെ ആരോഗ്യപരമായ ബന്ധങ്ങളാണ്. അത്തരം മാറ്റങ്ങളും വളരെ നല്ലതാണ്. എങ്കിലും പെണ്‍കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉള്ളിലൊരു പേടിയുണ്ട്. ആ പെണ്‍കുട്ടികളുടെ മാതാപിതാക്കളും മക്കള്‍ക്ക് അങ്ങനെ സംഭവിക്കുമെന്ന് കരുതിയവരല്ല. നമുക്ക് പെണ്‍കുട്ടികളെ പൂട്ടിയിട്ട് വളര്‍ത്താനാവില്ല. അതുകൊണ്ട് ആ പേടി മനസ്സില്‍തന്നെ വയ്ക്കുന്നു. പഴയകാലം എത്ര സുരക്ഷിതമായിരുന്നു എന്ന് തോന്നും ഇതൊക്കെ കാണുമ്പോള്‍. എല്ലാവരുടെയും കണ്ണും കരുതലുമുണ്ടായിരുന്നു അന്നത്തെ കുട്ടികള്‍ക്ക്. 

പുതിയകാല സിനിമകള്‍ കാണാറില്ലേ, വലിയ മാറ്റങ്ങളുടെ കാലമല്ലേ...? 
'2018'- ആണ് ലാസ്റ്റ് കണ്ടത്. പ്രളയകാലം അനുഭവിച്ചതുകൊണ്ട് ഓരോ സീനും പരിചിതമായി തോന്നി. ഇപ്പോള്‍ സിനിമയുടെ രീതികള്‍തന്നെ മാറി. ആര് അഭിനയിച്ചാലും കുഴപ്പമില്ല, കണ്ടന്റാണ് പ്രധാനം. അഭിനയമല്ല, ബിഹേവ് ചെയ്യുകയാണ് ഇപ്പോഴത്തെ താരങ്ങള്‍.  പുതിയ തലമുറയില്‍ സിനിമയുമായി ഒരു പരിചയവുമില്ലാത്ത കുട്ടികള്‍ എത്ര നാച്ചുറലായാണ് അഭിനയിക്കുന്നത്.  ഇത് ഇങ്ങനെ ചെയ്യേണ്ട ആവശ്യമേയുള്ളൂ എന്ന് തോന്നിപ്പോകും. എനിക്കൊന്നും അത് പറ്റില്ല.  

സാമൂഹികപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന ധാരാളം സിനിമകള്‍ ഇപ്പോള്‍  പുറത്തിറങ്ങുന്നില്ലേ?
പക്ഷേ, അത്തരം സിനിമകള്‍ ഇറങ്ങുന്നു, കാണുന്നു, മറക്കുന്നു എന്നല്ലാതെ അവ എന്തെങ്കിലും മാറ്റം കൊണ്ടുവരുന്നുണ്ടോ എന്നുകൂടി ആലോചിക്കണം. സ്വന്തം വീട്ടിലും മറ്റും വലിയ വിവേചനം കാണിക്കുന്നവര്‍ തന്നെ ഇത്തരം സിനിമകള്‍ കണ്ടിട്ട് വെറുതേ അഭിപ്രായം പറഞ്ഞ് പോകാറുണ്ട്.  

പുതിയ താരങ്ങളെപ്പറ്റി...?
സിനിമകള്‍ കാണാറുണ്ട്. കഥാപാത്രങ്ങളെ ഇഷ്ടമാകാറുണ്ട്.  മമ്മൂട്ടി, മോഹന്‍ലാല്‍... അങ്ങനെ ആളുകള്‍ ആരാധിക്കുന്ന താരങ്ങള്‍ ആരുമിപ്പോഴില്ലല്ലോ. ഇപ്പോഴും താരങ്ങള്‍ എന്നത് ആ രണ്ടുപേരില്‍ തന്നെ നില്‍ക്കുകയല്ലേ.

സംവിധാനം ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ?
ഒരിക്കലുമില്ല. ഞാന്‍ അത്രയും ക്രിയേറ്റീവായ ആളൊന്നുമല്ല. ചില ആളുകള്‍ എഴുതുന്നത് കാണുമ്പോള്‍ അങ്ങനെയെഴുതാന്‍ പറ്റിയിരുന്നെങ്കില്‍ എന്നൊക്കെ തോന്നാറുണ്ട്. സംവിധാനം ഭയങ്കര ബുദ്ധിമുട്ടുള്ള പണിയാണ്. എനിക്ക് അത്രേം കഷ്ടപ്പെടാന്‍ വയ്യ.
    
സിനിമയല്ലാതെ മറ്റ് ഇഷ്ടങ്ങള്‍...
നൃത്തമാണ് മറ്റൊരിഷ്ടം. പിന്നെ യാത്രപോകാന്‍ ഇഷ്ടമാണ്. കുടുംബമായി പോകുന്ന യാത്രകളാണ് ഏറെയിഷ്ടം. ഡ്രൈവിങ് എനിക്ക് മനസ്സിനെ ശാന്തമാക്കാനുള്ള വഴിയാണ്. ഭക്ഷണമുണ്ടാക്കാന്‍ ഇഷ്ടമാണ്. 
    
രണ്ട് സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണല്ലോ വീട്?

എനിക്ക് വിവാഹത്തിന് മുന്‍പും ചില ഹൈന്ദവ ആചാരങ്ങളോട് വലിയ ഇഷ്ടമായിരുന്നു. അമ്പലത്തില്‍നിന്ന് രാവിലെ കേള്‍ക്കുന്ന പ്രാര്‍ഥനകള്‍, മണിയടി, അവിടത്തെ ഗന്ധങ്ങള്‍... അങ്ങനെ. വിവാഹം കഴിഞ്ഞ് ഞാന്‍ ഹിന്ദുവായി. മക്കള്‍ക്ക് അവരുടെ വിശ്വാസത്തില്‍ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാവരുത് എന്ന് ഉണ്ടായിരുന്നു. ഇനി വലുതായിക്കഴിയുമ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. 


  ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളെയും പ്രശ്‌നങ്ങളെയും പറ്റിയുള്ള ചര്‍ച്ചകള്‍ ശ്രദ്ധിക്കാറുണ്ടോ?
എനിക്ക് അങ്ങനെയൊരു അനുഭവമില്ല. പക്ഷേ, പ്രശ്‌നങ്ങളില്ല എന്ന് ഞാന്‍ കരുതുന്നില്ല. നടന്‍മാരുടെയും നടിമാരുടെയും ഭാഗത്ത് ഒരുപോലെനിന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കരുതുന്നയാളാണ് ഞാന്‍. നടി ഒരിക്കലും നടന്‍ എന്നയാളേക്കാള്‍ താഴെയല്ല. അതുകൊണ്ട് പരസ്പര ബഹുമാനത്തിന് വലിയ സ്ഥാനമുണ്ട്. പരസ്പര ബഹുമാനമുണ്ടാകുമ്പോള്‍ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. 

സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ പലപ്പോഴും താരതമ്യങ്ങളും കളിയാക്കലുകളും ഉണ്ടാവാറുണ്ട്. അത്തരം അനുഭവം ഉണ്ടായിട്ടുണ്ടോ...?
അങ്ങനെ കളിയാക്കലുകള്‍ ഉണ്ടായാല്‍ അത് മൈന്‍ഡ് ചെയ്യേണ്ട. നമ്മളും മറ്റാരെയും പറ്റി അങ്ങനെ പറഞ്ഞ് വേദനിപ്പിക്കരുതെന്ന് മക്കളോട് പറയാറുണ്ട്.
    
മക്കളില്‍നിന്ന് പഠിച്ച കാര്യങ്ങള്‍ ചുരുക്കിപ്പറഞ്ഞാല്‍..?
ചില സാഹചര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യാന്‍, അങ്ങനെയല്ലമ്മാ ഇങ്ങനെ ചെയ്യാം, അമ്മയ്ക്കത് പറ്റും എന്ന് ആത്മവിശ്വാസം നല്‍കാന്‍, ഞാന്‍ പറയുന്നത് ഒരു മുന്‍വിധികളുമില്ലാതെ കേട്ടിരിക്കാന്‍ അതിന് പരിഹാരം കാണാന്‍ എല്ലാം ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ഞാന്‍ നന്നായി ഒരുങ്ങി ഭംഗിയായി നടക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാരണം ഇവരാണ്. ഡ്രെസ്സിങ്ങില്‍ മക്കള്‍ക്കുള്ള കോണ്‍ഫിഡന്‍സ് ഒരിക്കലും എനിക്കില്ല. നമ്മളിടുന്ന ഡ്രെസ്സിന് കൃത്യമായ സ്റ്റൈലിങ് പറഞ്ഞുതരുന്നത് ആര്‍ജയാണ്. ഞങ്ങളുടെ സ്റ്റൈലിസ്റ്റാണ് ആര്‍ജ.
    
അമ്മയുടെ പഴയ സിനിമകള്‍ കണ്ടിട്ടുണ്ടോ..? 
രണ്ടാളും ഒരേ സ്വരത്തില്‍, 'ഇല്ല' (ചിരിക്കുന്നു)..

ആര്‍ജ:  ഞാന്‍ മയില്‍പ്പീലിക്കാവ് കണ്ടിട്ടുണ്ട്, അമ്മ അറിയാതെ. 

ആര്യ: നിറത്തിലെ അമ്മയുടെ സീനുകള്‍ കണ്ടിട്ടുണ്ട്. എനിക്ക് വര്‍ഷയുമായി സാമ്യമുണ്ട്. ഞാനും എപ്പോഴും തട്ടിവീഴും.

ജോമോള്‍: എനിക്ക് ചമ്മലായിരുന്നു. അതാണ് കാണാന്‍ സമ്മതിക്കാത്തതും. ഇവര്‍ക്ക് അറിയില്ലായിരുന്നു ഞാന്‍ സിനിമയില്‍ അഭിനയിച്ചിരുന്നുവെന്ന്. കാരണം ഞങ്ങള്‍ ബോംബെയിലായിരുന്നു. പിന്നെ തിരിച്ചെത്തി, മൂത്തയാള്‍ നാട്ടിലെ സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ സുഹൃത്തിന്റെ അച്ഛനാണ് അമ്മ സിനിമയില്‍ അഭിനയിച്ചിരുന്നയാളല്ലേ എന്ന് അവളോട് ചോദിക്കുന്നത്. പക്ഷേ, എന്റെ പേര് ഗൗരി എന്നായതുകൊണ്ട് അത് സംശയത്തില്‍ അങ്ങ് വിട്ടു. ഇവര്‍ക്ക് അന്ന് ജോമോള്‍ എന്ന പേരറിയില്ല. പിന്നീട് 2017- ല്‍ 'കെയര്‍ഫുള്‍' ഇറങ്ങിയപ്പോള്‍ ഞങ്ങളെല്ലാവരും കൂടി തിയേറ്ററില്‍ പോയി കണ്ടു.