
ലക്ഷദ്വീപിലെ പ്രശ്‌നങ്ങളെ രാജ്യമൊട്ടാകെ ചര്‍ച്ചയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സിനിമ പ്രവര്‍ത്തകയാണ് ഐഷ സുല്‍ത്താന. ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടുന്ന 'ഫ്‌ളഷ് ' എന്ന ഐഷ
സുല്‍ത്താനയുടെ ചിത്രം അടുത്തിടെയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസിന് മുമ്പേ ഏറെ ചര്‍ച്ചയായ ചിത്രം വിരലിലെണ്ണാവുന്ന തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തത്. തന്റെ ചിത്രത്തെ തകര്‍ക്കാനും അത് പ്രേക്ഷകരിലേക്ക് എത്താതിരിക്കാനും ചിലര്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നു എന്ന് തുറന്നുപറയുകയാണ് ഐഷ സുല്‍ത്താന. സിനിമയുടെ പ്രചാരണത്തിനും റിലീസിനും താന്‍ മുന്നോട്ട് വച്ച പദ്ധതികളെല്ലാം നിര്‍മാതാവ് തള്ളിക്കളഞ്ഞെന്നും ഐഷ ആരോപിക്കുന്നു. ലക്ഷദ്വീപിലെ പ്രശ്‌നങ്ങളെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും ഐഷ സുല്‍ത്താന ഗൃഹലക്ഷ്മിയുമായി തുറന്നുസംസാരിക്കുന്നു.
ചിത്രീകരണവേളയില്‍ ഏറെ വാര്‍ത്താപ്രധാന്യം നേടിയ സിനിമയാണ് ഫ്‌ളഷ്, എന്നാല്‍ തിയേറ്ററില്‍ അര്‍ഹിച്ച പരിഗണന കിട്ടിയില്ല, എന്താണ് സംഭവിച്ചത്...?
തിയേറ്ററില്‍ നിന്ന് സിനിമ കണ്ടവരെല്ലാം മികച്ച പ്രതികരണമാണ് പറഞ്ഞത്. ലക്ഷദ്വീപിലെ പ്രശ്‌നങ്ങളെ നന്നായി അവതരിപ്പിക്കാനായി എന്ന് പല പ്രേക്ഷകരും തുറന്നുപറഞ്ഞു. തിയേറ്ററില്‍ ചെന്ന് സിനിമ കാണണം എന്ന് പലരും സോഷ്യല്‍ മീഡിയയില്‍ എഴുതി. എന്നാല്‍ എത്തേണ്ട സ്ഥലങ്ങളിലേക്ക് സിനിമ എത്തിയിട്ടില്ലെന്നതാണ് സത്യം. ഫ്‌ളഷ് എന്ന സിനിമ റിലീസ് ആയോ ഇല്ലയോ എന്ന് ഇന്നും പലരും അറിഞ്ഞിട്ടില്ല.
ഒരുപാട് പ്രതീക്ഷയുള്ള സിനിമയായിരുന്നു എനിക്കത്. കാരണം ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് പൂര്‍ത്തിയാക്കിയ സിനിമയാണ്. ഈ സിനിമയുടെ തുടക്കഘട്ടം തൊട്ട് പ്രേക്ഷകര്‍ക്ക് എല്ലാവരും ഇത് ഇഷ്ടപ്പെടും എന്നെനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അതിനാല്‍ കൊമേഴ്ഷ്യല്‍ സിനിമയായല്ല ഞാന്‍ ഫ്‌ളഷിനെ അവതരിപ്പിച്ചത്. മറിച്ച് റിയലിസ്റ്റ് രീതിയിലാണ്. വ്യത്യസ്തമായ രീതിയിലുള്ള അവതരണമാണ് നല്‍കിയത്. എന്നാല്‍ സിനിമ പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങിയപ്പോള്‍ അതിനെ തകര്‍ക്കാന്‍ ചിലര്‍ മന:പൂര്‍വം ശ്രമിച്ചു.
ലക്ഷദ്വീപിന്റെ കഥ പറയുന്ന സിനിമയാണിത്. അവിടെ ജനങ്ങള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളാണ് ഈ സിനിമയുടെയും വിഷയം. എല്ലാം പ്രശ്‌നങ്ങളും ഉള്‍ക്കൊള്ളിച്ചു എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ രണ്ടു പ്രധാനവിഷയങ്ങള്‍ തുറന്നുകാട്ടാനായിട്ടുണ്ട്. ഒന്ന് ലക്ഷദ്വീപിലെ ആരോഗ്യമേഖലയുടെ മുരടിപ്പ് ആണ്, നല്ലൊരു ആശുപത്രി ഇന്നും ദ്വീപിലില്ല. രണ്ട് ലഗൂണ്‍ വില്ല പ്രോജക്ട് സംബന്ധിച്ച ചില തുറന്നുകാട്ടലുകളാണ്. ഇത് രണ്ടും ചിലരെ പൊള്ളിച്ചിട്ടുണ്ട് അവരാണ് റിലീസിങ് സമയത്ത് കാര്യങ്ങള്‍ അട്ടിമറിച്ചത്.
റിലീസിങ്ങില്‍ താങ്കളുടെ അഭിപ്രായം കേട്ടില്ല എന്നാണോ...?
ഒരുവിധ പ്ലാനിങ്ങുമില്ലാതെയാണ് നിര്‍മാതാവ് ഫ്‌ളഷിന്റെ റിലീസ് ചാര്‍ട്ട് ചെയ്തത്. ഒരുമാസം കഴിഞ്ഞ് റിലീസ് മതിയെന്നും നല്ല രീതിയിലുള്ള പ്രചാരണം കൊടുക്കാം എന്നൊക്കെ ഞാന്‍ പറഞ്ഞതാണ്. എന്നാല്‍ അതൊന്നും കേള്‍ക്കാതെ ധൃതിവച്ച് റിലീസ് ചെയ്തു. ഒരുവിധ പബ്ലിസിറ്റിയും കൊടുത്തില്ല. സംവിധായികയായ ഞാന്‍ പോലും നാട്ടിലില്ലാത്ത സമയം നോക്കി റിലീസിങ് തീരുമാനിച്ചു. കടുത്ത നിരാശയുണ്ട്, കാരണം ഒരുപാട് നാളത്തെ കഷ്ടപ്പാടാണ്. എന്നാല്‍ ഞാന്‍ തളരുമെന്ന് ആരും കരുതേണ്ട, എന്റെ സിനിമ ആരെയൊക്കെയോ പൊള്ളിക്കുന്നുണ്ടെന്ന് മനസ്സിലായി. ഇതേ വഴിയില്‍ മുന്നോട്ട് പോകാനാണ് തീരുമാനം.
ഐഷയെ വ്യക്തിപരമായി ചിലര്‍ ടാര്‍ഗറ്റ് ചെയ്യുന്നു എന്നാണോ..?
എന്നെ മാത്രമല്ല, എന്റെ നാടായ ലക്ഷദ്വീപിനെയും അവിടത്തെ മനുഷ്യരെയും ഞങ്ങളുടെ കലാസൃഷ്ടികളെയും എല്ലാം തകര്‍ക്കാന്‍ ഒരുവിഭാഗം ആള്‍ക്കാര്‍ തുനിഞ്ഞിറങ്ങി ഇരിക്കുകയാണ്. ലക്ഷദ്വീപിനെ തകര്‍ക്കാന്‍ നടത്തിയ ഇടപെടലാണ് ഈയൊരു സിനിമ എടുക്കാന്‍ പോലും എന്നെ പ്രേരിപ്പിച്ചത്.
ലഗൂണ്‍ വില്ല പ്രോജക്ട് ലക്ഷദ്വീപിനെ തകര്‍ക്കാന്‍ കൊണ്ടുവരുന്ന ഒന്നാണ്. അതിന്റെ പ്രത്യാഘാതത്തെ കുറിച്ച് 2019 ല്‍ തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ഈയൊരു സിനിമ പ്ലാന്‍ ചെയ്തത്. അന്ന് തൊട്ടേ എന്റെ പിറകെ അവരുണ്ട്, ഏത് രീതിയിലും എന്നെ ഇല്ലാതാക്കുക എന്നതാണ് അവരുടെ പദ്ധതി. ഈ സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോഴാണ് അതുവരെ കനലായി മാത്രം എരിഞ്ഞിരുന്ന ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ ആളിക്കത്തുന്നത്. ആ പ്രതിഷേധത്തിലും മുന്‍നിരയില്‍ തന്നെ ഞാന്‍ നിന്നു. സമരം ചെയ്യുന്നവരെ തീവ്രവാദികളും രാജ്യദ്രോഹികളുമാക്കി ചിത്രീകരിക്കാനാണ് അധികാരികള്‍ ശ്രമിച്ചത്. അത് ഇപ്പോഴും തുടരുകയാണ്.
ലക്ഷദ്വീപില്‍ വികസന വസന്തം സൃഷ്ടിക്കുന്നു എന്നതാണ് സര്‍ക്കാരിന്റെ അവകാശവാദം...?
പൊള്ളയായ പ്രചാരണമാണത്. നാട്ടുകാരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതാണ് അവരുടെ വികസനമോഡല്‍. ലക്ഷദ്വീപിലേക്കുണ്ടായിരുന്ന കപ്പലുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഏത് സമയത്തും ടിക്കറ്റെടുത്ത് യാത്ര ചെയ്യാവുന്ന ഒരുകാലത്ത് നിന്ന് ടിക്കറ്റ് കിട്ടാന്‍ പെടാപ്പാട് പെടേണ്ട സ്ഥിതിയിലേക്ക് ഇന്ന് കാര്യങ്ങള്‍ മാറി.
ഇന്ത്യയില്‍ മറ്റൊരു പ്രദേശത്തിനും ഇല്ലാത്ത ദുരവസ്ഥയാണ് ലക്ഷദ്വീപുകാര്‍ക്കുള്ളത്. എല്ലാത്തിനും സമരം ചെയ്യേണ്ട അവസ്ഥയാണ്. വൈദ്യുതിക്ക് സമരം, വെള്ളത്തിന് സമരം, ഡോക്ടര്‍ക്ക് സമരം, അധ്യാപകര്‍ക്കും സ്‌കൂളുകള്‍ക്കും വേണ്ടി സമരം, കപ്പലിന് സമരം, ടിക്കറ്റിന് സമരം അങ്ങനെ പ്രാഥമികമായി സര്‍ക്കാര്‍ നല്‍കേണ്ട എല്ലാ സേവനങ്ങളും ലക്ഷദ്വീപുകാര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ഓരോ തവണയും അതിനെല്ലാം വേണ്ടിതെരുവിലിറങ്ങി സമരം ചെയ്യുന്നു. അതിന്റെ പേരില്‍ കുറ്റവാളികളെന്ന് മുദ്രകുത്തി ജയിലടക്കുന്നു, ക്രൂരമര്‍ദ്ദനത്തിനിരയാക്കുന്നു. ഇതാണ് ലക്ഷദ്വീപിലെ കുറച്ച് നാളുകളായുള്ള അവസ്ഥ.
ഡിജിറ്റല്‍ ഇന്ത്യ എന്ന് ലോകംമുഴുവന്‍ പാടിനടക്കുന്ന രാജ്യത്താണ് ഒരുപറ്റം മനുഷ്യര്‍ പ്രാഥമികസേവനങ്ങള്‍ പോലും ലഭിക്കാതെ ജീവിക്കേണ്ടി വരുന്നത്. എന്ത് വികസനമാണ് ഇവര്‍ ലക്ഷദ്വീപില്‍ കൊണ്ടുവന്നതെന്ന് അവകാശപ്പെടുന്നത്. വികസനം എന്ന് പറഞ്ഞ് ഉള്ള ജീവിതം ഇല്ലാതാക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഈ ജനാധിപത്യ രാജ്യത്ത് ഓരോ പൗരനും അവകാശമുണ്ട്
എന്തുകൊണ്ടാണ് ഇത്രയും കാലം ദ്വീപിലെ പ്രശ്‌നങ്ങള്‍ പുറത്തേക്ക് അറിയാതെ പോയത്...?
ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ ദ്വീപിന് പുറത്ത് ചര്‍ച്ചയായാല്‍ അത് ഈ രാജ്യം ഭരിക്കുന്നവര്‍ക്ക് നാണക്കേടാണ്. അതിനാല്‍ തന്നെ എതിര്‍ശബ്ദങ്ങളെയെല്ലാം ദ്വീപില്‍ തന്നെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ദ്വീപിലെ പ്രശ്‌നം പറയുന്ന സിനിമകള്‍ ജനങ്ങളെ കാണാതിരിക്കണമെന്നത് അവരുടെ ആവശ്യമാണ്.
ഇത്രയും ആളുകള്‍ താമസിക്കുന്ന ഒരുപ്രദേശത്ത് ഇന്നും നല്ലൊരു ആശുപത്രി ഇല്ല. മെഡിക്കല്‍ എമര്‍ജന്‍സി വന്നാല്‍ കേരളത്തിലേക്ക് കടല്‍ കടന്ന് വരണം. ഇതിനൊരു പരിഹാരം വേണ്ടേ..? ലക്ഷദ്വീപിലെ വാര്‍ത്തകള്‍ പുറംലോകത്ത് എത്താതിരിക്കാനുള്ള എല്ലാ പദ്ധതികളും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ആ പദ്ധതികളെ മറികടന്ന് ഞാനടക്കമുള്ള ചിലര്‍ ആ വാര്‍ത്തകള്‍ പുറത്തെത്തിക്കുമ്പോള്‍ ഞങ്ങളവര്‍ക്ക് ശത്രുക്കളാകുന്നു. ലക്ഷദ്വീപിന്റെ സൗന്ദര്യത്തെ കുറിച്ച് മാത്രമാണ് ഇത്രയും കാലം പുറത്തുള്ളവര്‍ സംസാരിച്ചിരുന്നത്. അവിടത്തെ പ്രശ്‌നങ്ങള്‍ ആരുമറിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറിതുടങ്ങിയിരിക്കുന്നു. എല്ലാവരും ലക്ഷദ്വീപിലെ പ്രശ്‌നങ്ങളെ കുറിച്ച് ആശങ്കപ്പെടുന്നു. അതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ക്കൊപ്പം ഇന്ന് കേരളമുണ്ട്. ആയൊരു ധൈര്യമാണ് ഞങ്ങളുടെ പോരാട്ടത്തെ മുന്നോട്ട് നയിക്കുന്നത്.
തിയേറ്ററുകളില്ലാത്ത നാടാണ് ലക്ഷദ്വീപ്, അവിടെ നിന്ന് സിനിമ സ്വപ്‌നം കണ്ടത് എങ്ങനെയാണ്...?
തിയേറ്ററുകളില്ലാത്ത സ്ഥലമായിരുന്നില്ല ലക്ഷദ്വീപ്. ഒരുകാലം വരെ ലക്ഷദ്വീപില്‍ തിയേറ്റര്‍ ഉണ്ടായിരുന്നു. എന്റെ ബാപ്പയൊക്കെ ചെറുപ്പത്തില്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ദ്വീപില്‍ ജനസംഖ്യ കുറവായത് കൊണ്ടും ഒരുബിസിനസ് എന്ന നിലയില്‍ തിയേറ്റര്‍ ലാഭകരമല്ലാത്തതും കൊണ്ടുമാണ് അത് പൂട്ടിപ്പോയത്.
സിനിമ ഒരിക്കലും എന്റെ സ്വപ്‌നമായിരുന്നില്ല. സിനിമ ഇന്‍ഡസ്ട്രി എന്താണെന്ന് പോലും അറിയാത്ത ഒരുകുട്ടിയായിരുന്നു ഞാന്‍. എന്നെ സംബന്ധിച്ച് മലയാളം പഠിക്കുക, കേരളത്തെ അറിയുക, ഇവിടത്തെ മനുഷ്യരോടൊപ്പം സമയം ചെലവഴിക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ഞാന്‍ ബിരുദപഠനത്തിനായി കേരളത്തിലെത്തിയത്.
മലയാളം അധ്യാപികയാവുക എന്നതായിരുന്നു സ്വപ്നം. എന്നാല്‍ ജീവിതം എന്നെ വേറൊരു മേഖലയിലേക്കാണ് എത്തിച്ചത്. വീഡിയോ ജോക്കി, മോഡലിങ്, ആക്ടിങ് അങ്ങനെ പലവഴികളിലൂടെ മുന്നോട്ട് പോയി. എന്നാല്‍ അതൊന്നും പൂര്‍ണ സംതൃപ്തി നല്‍കിയില്ല. ആ ഘട്ടത്തിലാണ് ക്യാമറയുടെ പിന്നില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. കുഞ്ഞിക്കൂനന്റെ സംവിധായകനായ ശശിശങ്കര്‍ സാറിനെ അസിസ്റ്റ് ചെയ്താണ് തുടങ്ങിയത്. സംവിധാന മേഖല എനിക്ക് പൂര്‍ണസംതൃപ്തി നല്‍കി. ക്രിയേറ്റീവായി പലകാര്യങ്ങളും ചെയ്യാനാകുമെന്നൊരു ആത്മവിശ്വാസം ഉള്ളില്‍ വന്നു. അങ്ങനെ സംവിധാനവഴിയില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. ശരിക്കും പറഞ്ഞാല്‍ ഒഴുകി ഇവിടെയെത്തിയതാണെന്ന് പറയാം.
സിനിമ കരിയര്‍ ആക്കിയതിന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ...?
അങ്ങനെ ഒരുവിധത്തിലുള്ള എതിര്‍പ്പും നേരിടേണ്ടി വന്നിട്ടില്ല. ലക്ഷദ്വീപുകാര്‍ എനിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയത്.
രാജ്യദ്രോഹി എന്ന് താങ്കളെ മുദ്രകുത്താനും ശ്രമം നടക്കുന്നു...?
എതിര്‍ക്കുന്നവരെയും സമരം ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യുക, കള്ളക്കേസുകള്‍ ചുമത്തുക ഇതൊക്കെയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നെ അവര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കുകയാണ്. അറസ്റ്റ് ചെയ്യുന്നവര്‍ക്ക് നേരെ ക്രൂരമര്‍ദ്ദമാണ് പൊലീസ് നടത്തുന്നത്. മന:പൂര്‍വം കേസില്‍ കുടുക്കി പേടിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. എന്റെ മാത്രം സ്ഥിതിയല്ല, പ്രതിഷേധിക്കുന്നവരോടെല്ലാം ഇതേ നടപടിയാണ് സ്വീകരിക്കുന്നത്. തടവില്‍ മനുഷ്യരില്ലാത്ത നാടായിരുന്നു ലക്ഷദ്വീപ്, എന്നാല്‍ ഇന്ന് അവിടത്തെ ജയിലറകള്‍ പ്രതിഷേധക്കാരെ കൊണ്ട് നിറയ്ക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍. പ്രതിഷേധിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.
കടുത്ത രീതിയിലുള്ള സൈബര്‍ അറ്റാക്കാണ് ഏറെക്കാലമായി നേരിടുന്നത്, അതിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടോ..?
സോഷ്യല്‍ മീഡിയയില്‍ കൂടിയുള്ള സൈബര്‍ അറ്റാക്ക് ഓരോ ദിവസവും കൂടുകയാണ്. ഞാന്‍ ഏത് പോസ്റ്റ് ഇട്ടാലും അതിനിടയില്‍ വന്ന് തെറിവിളിക്കുക എന്നതാണ് സര്‍ക്കാര്‍ അനുകൂലികള്‍ ചെയ്യുന്നത്. എന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജചിത്രങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുക, സൈബര്‍ ബുള്ളിയിങ് നടത്തുക എന്നിവയെല്ലാം ഇപ്പോഴും തുടരുന്നുണ്ട്. ചരിത്രബോധം തീരെ ഇല്ലാത്ത കൂട്ടരാണ് ഇതൊക്കെ ചെയ്യുന്നവര്‍. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയും ടോയ്‌ലറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കിട്ടുന്ന വ്യാജ നിര്‍മിതികളാണ് അവരുടെ ആധികാരിക രേഖകള്‍. ചരിത്രത്തെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഏത് രീതിയിലുള്ള സൈബര്‍ അറ്റാക്കിങ് നടത്തിയാലും തളര്‍ന്നുപോകില്ലെന്ന് എനിക്കുറപ്പുണ്ട്. ജീവനുള്ള കാലം വരെ ലക്ഷദ്വീപിനായി പോരാടാനാണ് തീരുമാനം.
അടുത്ത സിനിമ...?
അടുത്ത സിനിമ 124 (എ) എന്ന സിനിമയാണ്. രാജ്യദ്രോഹ കുറ്റത്തെ ആസ്പദമാക്കിയാണ്. അതിന്റെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Content Highlights: interview of director and social activist Aisha sulthana who is from lakshadweep
Published: 31 Jul 2023, 01:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented