'Hey Alexa...
Play Some New  Malayalam Romantic Songs.'
'വാതുക്കല് വെള്ളരിപ്രാവ്'
'Good.. Next Song Please...'
'നീ ഹിമമഴയായ് വരൂ'
'Very Good...One more Please...'
'അലരെ നീ എന്നിലെ'

To advertise here,

പുതിയകാലത്തെ പ്രണയിതാക്കളുടെ പ്ലേ ലിസ്റ്റില്‍നിന്ന് മാറ്റിനിര്‍ത്താന്‍ പറ്റാത്ത പേരാണ് നിത്യാ മാമ്മന്‍. ഹൃദയത്തെ തഴുകുന്ന ആ സ്വരം ആരെയും പ്രേരിപ്പിക്കും ഒന്നു പ്രണയിക്കാന്‍. മലയാളികളുടെ മനസ്സില്‍ പാട്ടിന്റെ ഹിമമഴ പെയ്യിച്ച പാട്ടുകാരിയാണ് നിത്യ.  ആദ്യം പാടിയ നീ ഹിമമഴയായ് എന്ന പാട്ടിലൂടെത്തന്നെ ആസ്വാദക ഹൃദയത്തില്‍ അവര്‍ ഇടം നേടി. 'സൂഫിയും സുജാതയും' എന്ന സിനിമയിലെ വാതുക്കല് വെളളരി പ്രാവ് പിന്നാലെ വന്നു. ആ ഗാനവും ഹിറ്റ്ലിസ്റ്റില്‍ ഇടംപിടിച്ചു. ഒപ്പം മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡും നിത്യയ്ക്ക് സ്വന്തം. പിന്നെയും നിരവധി ഗാനങ്ങള്‍. ട്രാക്ക് പാടാനിറങ്ങി ട്രാക്കിലായ കഥയാണ് ആര്‍കിടെക്ട് കൂടിയായ നിത്യയ്ക്ക് ജീവിതത്തില്‍ പറയാനുള്ളത്. 

കേരളത്തിന് പുറത്ത് ജനിച്ചുവളര്‍ന്ന കുട്ടി എങ്ങനെ മലയാളം പാട്ടുകാരിയായി?
ജനിച്ചതും വളര്‍ന്നതും ഖത്തറിലായിരുന്നു. പ്ലസ് ടു വരെ അവിടെ. ചെറുപ്പത്തിലേ പാട്ടിനോട് ഇഷ്ടമാണ്. ആറാം ക്ലാസ് മുതല്‍ സീതാ കൃഷ്ണന്‍ എന്ന അധ്യാപികയുടെ കീഴില്‍ സംഗീതം പഠിച്ചു. ഇടയ്ക്കിടെ പഠനത്തിന് ഇടവേള വന്നെങ്കിലും ഉള്ളില്‍ ആ ഇഷ്ടം തുടര്‍ന്നു. ചെറുപ്പത്തില്‍ കിട്ടിയ അവസരങ്ങളൊന്നും പാഴാക്കാതെ പാടി. പള്ളിയിലെ ക്വയര്‍ അംഗമായിരുന്നു. സ്‌കൂളിലെ പാട്ടു മത്സരങ്ങളില്‍ പങ്കെടുക്കും. സമ്മാനം കിട്ടിയില്ലെങ്കിലും മത്സരിക്കും. റെസിഡന്റസ്് അസോസിയേഷന്റെ പരിപാടികളിലും മലയാളി കൂട്ടായ്മകളിലും പാടി.  

നാട്ടിലേക്ക് വരാനുളള തീരുമാനമായിരുന്നോ കരിയറിലെ വഴിത്തിരിവ് ?
ബെംഗളൂരുവില്‍ ബി.എം.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ഡിഗ്രിക്ക് ചേര്‍ന്നു.  ആര്‍ക്കിടെക്ചര്‍ ആയിരുന്നു വിഷയം. പല സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍. വിവിധ ഭാഷകളും സംസ്‌കാരങ്ങളും പരിചയപ്പെട്ടു. അതൊക്കെയും എന്റെ കാഴ്ചപാടുകളെ മാറ്റിമറിച്ചു. എനിക്ക് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നു. ക്ലാസ് കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചു. ശിവാനന്ദ് സാര്‍ ആയിരുന്നു ഗുരു. കോളേജിലെ വിവിധ ഫെസ്റ്റുകളിലും പങ്കെടുത്തു. ഒന്നിനും ഭാഷ തടസ്സമായില്ല. ഏത് ഭാഷയിലുള്ള പാട്ടും പാടും. ആദ്യവര്‍ഷങ്ങളിലൊന്നും എനിക്ക് സമ്മാനം കിട്ടിയിരുന്നില്ല. അവസാന വര്‍ഷം ആയപ്പോഴെക്കും ആദ്യ സ്ഥാനങ്ങളില്‍ വരാന്‍ തുടങ്ങി.

placeholder
ഭർത്താവ് വിവേക് ഫ്രാൻസിസിനൊപ്പം

സംഗീതത്തെ ഗൗരവത്തോടെ സമീപിച്ചുതുടങ്ങിയത് എപ്പോഴാണ് ?
 ഡിഗ്രി ഇന്റേണ്‍ഷിപ്പ് ഖത്തറിലായിരുന്നു. ആ സമയം ഫുട്‌ബോള്‍ ലോകകപ്പിനുളള സ്റ്റേഡിയങ്ങളുടെ നിര്‍മാണപ്രവൃത്തി നടക്കുകയാണ്. അതിനെക്കുറിച്ചൊക്കെ അടുത്തറിഞ്ഞു. ഇന്റേണ്‍ഷിപ്പിന് ശേഷം വീണ്ടും ബെംഗളൂരുവിലെത്തി. അവിടെ കുറച്ചുകാലം ഒരു കമ്പനിയില്‍ ജോലി ചെയ്തു. പിന്നീട് കുറച്ചുകാലം സ്വന്തം നാടായ തിരുവനന്തപുരത്തും.
ആ സമയത്ത് കുറച്ച് കവര്‍ സോങ്ങുകള്‍ ചെയ്തിരുന്നു. 'എന്ന് നിന്റെ മൊയ്തീന്‍' സിനിമയിലെ കാത്തിരുന്ന് കാത്തിരുന്ന്... എന്ന പാട്ടായിരുന്നു ആദ്യം. അതൊന്നും അങ്ങനെ ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും കവര്‍ സോങ്ങുകള്‍ ചെയ്യുന്നത് തുടര്‍ന്നു. അതോടെ ഇവന്റുകളില്‍ പാടാന്‍ അവസരം വന്നു. അതുവഴി ചെറിയ വരുമാനവും കിട്ടി. സംഗീതം കരിയറാക്കാനുള്ള ആത്മവിശ്വാസം വന്നുചേര്‍ന്നു. ഇപ്പോള്‍ ബേണി- ഇഗ്‌നേഷ്യസിലെ, ബേണി സാറാണ് ഗുരു.

കവര്‍ പാട്ടുകാരിയില്‍നിന്ന് പിന്നണിഗായികയിലേക്കുള്ള മാറ്റം എളുപ്പമായിരുന്നോ?
ഒരു കോര്‍പ്പറേറ്റ് ഷോയ്ക്കിടെ പാടിയ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. അത് സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍ സാറിന്റെ അമ്മയും കേട്ടു. അമ്മ അത് സാറിനെ കേള്‍പ്പിച്ചു. അതിനുമുമ്പേ സാറിന് എന്റെ കവര്‍ പാട്ടുകളൊക്കെ അയച്ചുനല്‍കിയിട്ടുണ്ട്.
അടുത്തദിവസം അദ്ദേഹം എന്നെ വിളിച്ചു. ഒരു പാട്ടുണ്ട്, അതിന്റെ ട്രാക്ക് പാടാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. വേറെ ഒരു ഗായികയ്ക്ക് വേണ്ടി കരുതിവെച്ച പാട്ടാണ്. ഞാന്‍ ഓക്കെ പറഞ്ഞു. 'എടക്കാട് ബറ്റാലിയന്‍ 06' ലെ ' നീ ഹിമമഴയായി വരൂ' എന്ന പാട്ട്. ആദ്യം ഈണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്കത് ഏറെ ഇഷ്ടമായി. അതിലേക്ക്  ഹരിയേട്ടന്റെ (ബി.കെ. ഹരിനാരായണന്‍) വരികള്‍ കൂടി വന്നപ്പോള്‍ പാട്ട് കൂടുതല്‍ മനോഹരമായി. ട്രാക്ക് പാടുമ്പോള്‍ അത് സിനിമയില്‍  ഉപയോഗിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.  പിന്നീട് കൈലാസ് സാര്‍ ഞാന്‍ പാടിയ ട്രാക്ക് ടൊവിനോ തോമസിനെയും നിര്‍മാതാവ് സാന്ദ്രാ തോമസിനെയും കേള്‍പ്പിച്ചു. അവര്‍ക്കും ഇഷ്ടമായി. അങ്ങനെ ഞാന്‍ പാടിയത് തന്നെ സിനിമയില്‍ ഉപയോഗിക്കാമെന്ന് തീരുമാനിച്ചു. കെ.എസ്. ഹരിശങ്കറാണ് ഒപ്പം പാടിയത്. ഏതൊരാളും സ്വപ്‌നം കാണുന്ന അരങ്ങേറ്റമായിരുന്നു അത്.

രണ്ടാമത്തെ പാട്ടിനുതന്നെ സംസ്ഥാന അവാര്‍ഡ് കിട്ടിയല്ലോ?
സുഹൃത്തും ഗായകനുമായ രവിശങ്കറാണ് എന്നെ എം. ജയചന്ദ്രന്‍ സാറിന് നിര്‍ദേശിച്ചത്. സാര്‍ സംഗീതം ചെയ്ത ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള എന്നുതുടങ്ങുന്ന പാട്ട് പാടിയത് രവിച്ചേട്ടനാണ്. ജയചന്ദ്രന്‍ സാര്‍ രവിച്ചേട്ടനോട്  പുതിയ ഗായകരെപ്പറ്റി അന്വേഷിച്ചു. അദ്ദേഹം എന്റെ പേര് പറഞ്ഞു. അതിന്റെ തലേദിവസമാണ് നീ ഹിമമഴയായ് യൂട്യൂബില്‍ റിലീസായത്. രവിച്ചേട്ടന്‍ ആ പാട്ടും സാറിനെ കേള്‍പ്പിച്ചു. അടുത്തദിവസം എം. ജയചന്ദ്രന്‍ സാറിന്റെ വിളിവന്നു. 
പിന്നാലെ സാര്‍ വാതുക്കല് വെള്ളരിപ്രാവ് പാടി അയച്ചുതന്നു. ആ പാട്ട് ഫോണില്‍ റെക്കോഡ് ചെയ്ത് തിരിച്ചയക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അയച്ചു. അത് സാറിന് ഇഷ്ടമായി. അങ്ങനെ തൊട്ടടുത്ത ദിവസം റെക്കോഡിങ്. വാതുക്കല് വെള്ളരിപ്രാവ് ഹിറ്റായി. പിന്നീട് അതേ പാട്ടിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ സന്തോഷം ഇരട്ടിച്ചു.

placeholder
അച്ഛൻ മാമ്മൻ വർഗീസ്, അമ്മ അന്നമ്മ വർഗീസ് എന്നിവർക്കൊപ്പം

റൊമാന്റിക് പാട്ടുകളോടാണോ ഇഷ്ടം?
എല്ലാത്തരത്തിലുമുള്ള പാട്ടുകള്‍ പാടാന്‍ ശ്രമിക്കാറുണ്ട്. തേടിവരുന്നതില്‍ കൂടുതലും റൊമാന്റിക് പാട്ടുകളാണ്. ശബ്ദം റൊമാന്റിക് പാട്ടുകള്‍ക്ക് കൂടുതല്‍ യോജിച്ചതാണെന്ന തോന്നല്‍കൊണ്ടാവാം. ഈയിടെ രണ്ട് സ്പീഡ് ട്രാക്കുകള്‍ പാടി. 'എന്നാലും ന്റെളിയാ' എന്ന സിനിമയില്‍ ദാസേട്ടന്റെ (യേശുദാസ്) ഹക്കാന കോന്‍ അമരാല്‍ എന്ന പാട്ടിന്റെ റീമിക്സ് വേര്‍ഷന്‍. 'കിങ് ഓഫ് കൊത്ത'യുടെ ടൈറ്റിലിലുള്ള റാപ്പ് സോങ്ങ് ഞാനും ഫെജോയും പാടിയതാണ്.

സ്വതന്ത്ര സംഗീതത്തിന്റെ കാലമാണ്. നിത്യയും അതിനെപ്പറ്റി ആലോചിച്ച് തുടങ്ങിയോ?
തീര്‍ച്ചയായും. അതിനായുള്ള ഒരുക്കത്തിലാണ്. എന്റെ ശൈലി മറികടന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ട്. 'നിത്യ മാമ്മന്‍ ലൈവ്' എന്ന എന്റെ ബാന്‍ഡിലെ സഹപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാവും ശ്രമങ്ങള്‍. 
ഇപ്പോള്‍ പാട്ടുകള്‍ റിലീസ് ചെയ്യാന്‍ ഒരുപാട് പ്ലാറ്റ്ഫോമുകളുണ്ട്. മലയാളത്തിന്  സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ ഒരുപാട് കേള്‍വിക്കാരുമുണ്ട്. സ്പോട്ടിഫൈയിലൊക്കെ മിക്ക ആഴ്ചകളിലും മലയാളം പാട്ടുകള്‍ ഹിറ്റ്ലിസ്റ്റില്‍ വരുന്നു. ഇതൊക്കെ പുതിയ സാധ്യതകളാണ്. അതിനെ ഉപയോഗപ്പെടുത്താന്‍ സാധിക്കണം.
 
പാട്ടിനുവേണ്ടി എന്തൊക്കെ ത്യജിച്ചു?
അധികമൊന്നും ത്യജിക്കേണ്ടി വന്നിട്ടില്ല. എരിവു കൂടിയ ഭക്ഷണം കഴിച്ചാല്‍ പാട്ടിനെ ബാധിക്കുമെന്ന് കേട്ടിട്ടുണ്ട്. അതുകൊ് അധികം എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കാറില്ല. പ്രാക്ടീസ് മുടങ്ങാതിരിക്കാനും ഉറക്കം നഷ്ടപ്പെടുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കും. റെക്കോഡിങ്ങിന്റെയും പരിപാടികളുടെയും തലേന്ന് കൃത്യമായി ഉറക്കം കിട്ടിയില്ലെങ്കില്‍ അത് പ്രകടനത്തെ ബാധിക്കും.

നിത്യയെ മലയാളത്തിന്റെ ശ്രേയ ഘോഷാല്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട് പലരും...
ശ്രേയാ ഘോഷാല്‍ ഇന്ത്യന്‍ സംഗീതരംഗത്തെ ഇതിഹാസമാണ്. ഞാനും അവരുടെ കടുത്ത ആരാധികയാണ്. അവരുമായി എന്നെ താരതമ്യം ചെയ്യുന്നത് ഏതായാലും എനിക്ക് ഗുണം ചെയ്യാന്‍ പോകുന്നില്ല.

placeholder

ഒരു പാട്ടിന് വേണ്ടി എത്രത്തോളം തയ്യാറെടുപ്പുകള്‍ നടത്താറുണ്ട്?
റെക്കോഡിങ്ങിന് മുന്നേ പാട്ട് നന്നായി പഠിക്കും.  ഏത് കഥാപാത്രത്തിന് വേണ്ടിയാണ്് പാടുന്നതെന്ന്  സംഗീത സംവിധായകന്‍ പറഞ്ഞുതരും. കഥാപാത്രത്തിന്റെ പ്രത്യേകതയും മനസ്സിലാക്കും. നാണക്കാരിയാണോ ബോള്‍ഡാണോ എന്നൊക്കെ അന്വേഷിക്കും. 'മിന്നല്‍ മുരളി'യില്‍ ആരോമല്‍ താരമായ് എന്ന പാട്ടുണ്ട്. ബോള്‍ഡായ  നായികാ കഥാപാത്രത്തിനുവേണ്ടി പാടിയത്. പലര്‍ക്കും ഞാനാണ് ആ പാട്ട് പാടിയതെന്ന് തിരിച്ചറിയാന്‍ സാധിക്കാറില്ല.

ഉച്ചാരണപ്രശ്നങ്ങള്‍ നേരിടാറുണ്ടോ?
പുറത്താണ് പഠിച്ചതെങ്കിലും ചെറുപ്പത്തിലേ മലയാളം എഴുതാനും വായിക്കാനും പഠിച്ചിരുന്നു. പാട്ടുകളുടെ വരികളൊക്കെ അന്നേ ശ്രദ്ധിക്കും. ചെറുപ്പത്തില്‍ ഒരു പാട്ടുപുസ്തകം സൂക്ഷിച്ചിരുന്നു. അതില്‍ ഇഷ്ടപ്പെട്ട പാട്ടുകളുടെ വരികളെഴുതും. അതുകൊണ്ട് ഉച്ചാരണത്തില്‍ അധികം ബുദ്ധിമുട്ട് തോന്നിയിട്ടില്ല. സ്വാഭാവികമായും ചെറിയ പ്രശ്നങ്ങളുണ്ടാകും. അതൊക്കെ ചോദിച്ച് മനസ്സിലാക്കി മറികടക്കും.

പാടിയതില്‍ ഇഷ്ടപ്പെട്ട പാട്ടുകള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ?
പാടിയ എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ്. ഏറ്റവും പ്രിയപ്പെട്ടത് തിരഞ്ഞെടുക്കാനാവില്ല. മറ്റു പാട്ടുകളെ പറ്റിയാണെങ്കില്‍, ദാസേട്ടന്‍, സലീല്‍ ചൗധരി, ചിത്ര ചേച്ചി, ജോണ്‍സണ്‍ മാഷ് അടക്കമുള്ളവരുടെ പാട്ടുകള്‍ ഏറെയിഷ്ടമാണ്.

കുടുംബം...
വിവേക് ഫ്രാന്‍സിസ് എന്നാണ് ഭര്‍ത്താവിന്റെ പേര്. നാലുവര്‍ഷം മുമ്പായിരുന്നു വിവാഹം. ഞങ്ങള്‍ ഒരേ കോളേജിലാണ് പഠിച്ചത്. ഞാന്‍ ഫസ്റ്റ് ഇയറില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹം ഡിഗ്രി പൂര്‍ത്തിയാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഗ്രാജുവേഷന്‍ പാര്‍ട്ടിയില്‍ വെച്ചായിരുന്നു ആദ്യത്തെ കണ്ടുമുട്ടല്‍. അത് പ്രണയമായി. ഇപ്പോള്‍ അദ്ദേഹം ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നു. അച്ഛനും അമ്മയും സഹോദരിയും കൂടെ ചേര്‍ന്നാലേ കുടുംബം പൂര്‍ത്തിയാകൂ. അച്ഛന്റെ പേര് മാമ്മന്‍ വര്‍ഗീസ്, അമ്മ അന്നമ്മ വര്‍ഗീസ്. ചേച്ചി നിഷ മറിയം മാമ്മന്‍ ഫിന്‍ലന്‍ഡില്‍ ശാസ്ത്രജ്ഞയാണ്.