കലാഭവന്‍ മണിയുടെ വേര്‍പാട് എന്നെ ഏറെ ഞെട്ടിച്ച ഒന്നാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരാഘാതമാണ് അന്ന് മനസ്സിനേറ്റത്. എന്റെ 12 ചിത്രങ്ങളില്‍ മണി സഹകരിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും അദ്ദേഹത്തിനു ദേശീയ പുരസ്‌കാരവും, കരുമാടിക്കുട്ടന്‍ ഫിലിം ഫെയര്‍ അവാര്‍ഡും നേടിക്കൊടുത്തു.

അഭിനയവും, പാട്ടും, നൃത്തവും, മിമിക്രിയും എല്ലാം കൈമുതലായുള്ള ഒരു സര്‍വ്വകലാ വല്ലഭന്‍. വളരെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് വളരെയേറെ കഷ്ടപ്പാടുകള്‍ അനുഭവിച്ച് വളര്‍ന്ന് ജീവിതത്തോട് പൊരുതി വലിയവനായ കലാകാരന്‍. താന്‍ വലിയവനായപ്പോഴും വന്ന വഴി മറക്കാതെ ചാലക്കുടിയിലെ പഴയ പാവപ്പെട്ട സുഹൃത്തുക്കളുടെ കൂടെ സമയം ചെലവഴിക്കാനും അവരെ സഹായിക്കാനും മനസ്സു കാണിച്ചവന്‍. മണിക്ക് ഇനിയും ഏറെ ദൂരം നടക്കാനുണ്ടായിരുന്നു. പക്ഷേ, മരണത്തിന്റെ ട്രാപ്പില്‍ അവന്‍ കുടുങ്ങിപ്പോയി. 

ചാലക്കുടിയില്‍ മണിയുടെ വീടിനരികില്‍ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്ന ശവകുടീരം കാണാന്‍ ഇടയ്ക്ക് പോയിരുന്നു. മണി അവിടെ നിന്നുകൊണ്ട് എന്തൊക്കെയോ സങ്കടങ്ങള്‍ എന്നോടു പറയുന്ന പോലെ എനിക്കു തോന്നി. ചാലക്കുടിപ്പുഴയുടെ തോഴന്‍ ഒരു സങ്കടപ്പുഴ മുഴുവന്‍ തന്റെ ചെറുപ്പകാലത്ത് നീന്തിക്കടന്ന കഥ ഒത്തിരി എന്നോടു പറഞ്ഞിട്ടുള്ളതാണ്... ജീവിതയാത്രയ്ക്കിടയില്‍ ഏറെ ദൂരം സഞ്ചരിച്ചവരാണല്ലോ മണിയും ഞാനും...

placeholder
സംവിധായകന്‍ വിനയന്‍

അന്ധനായ തെരുവുഗായകന്‍ രാമു തോമസ് മുതലാളി വന്നോ എന്ന് അലക്കുകാരിയോട് ചോദിക്കുന്ന ഒരു സീനുണ്ട് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍. തോമസ് മുതലാളി വരുമ്പോള്‍ കൊടുക്കുന്ന പഴയ പൈജാമയും ഉടുപ്പുമായിരുന്നു രാമു സ്ഥിരം ഉപയോഗിച്ചിരുന്നത്. സീന്‍ അതിഗംഭീരമായപ്പോള്‍ എല്ലാവരും കൈയ്യടിച്ചു. പക്ഷേ, മണി എന്റെയടുത്ത് വന്ന് വിതുമ്പിക്കരഞ്ഞു. സന്തോഷം കൊണ്ടായിരിക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ, തന്റെ ബാല്യകാലമോര്‍ത്തായിരുന്നു മണി വിതുമ്പിയത്. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഒരു പുതിയ ഉടുപ്പ് എനിക്കു കിട്ടിയിട്ടില്ല സാര്‍. എന്റെ അമ്മ വീട്ടുവേലയ്ക്കു പോയിരുന്ന കുടുംബത്തിലെ എന്റെ ക്ലാസ്സില്‍ പഠിക്കുന്ന പയ്യന്റെ പഴയ ഉടുപ്പും നിക്കറും എനിക്കു കൊണ്ടുതരുമായിരുന്നു. അത് ഇട്ടുകൊണ്ട് സ്‌കൂളില്‍ ചെല്ലുമ്പോള്‍ ആ പയ്യന്‍ എന്നെ നോക്കി പരിഹസിച്ചു ചിരിക്കുമായിരുന്നു... അതു കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. ഈ കഥ മണിയുടെ ആത്മകഥയിലും എഴുതിക്കണ്ടു.

അതുപോലെ തന്നെ കരുമാടിക്കുട്ടനില്‍ അഭിനയിക്കുമ്പോള്‍ ആസ്തമാ രോഗിയായ ഒരാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം കിട്ടാഞ്ഞപ്പോള്‍ സ്വന്തം ചുമലിലേറ്റി അയാളേം കൊണ്ടോടുന്ന ഒരു സീനുണ്ട്. 80 കിലോയോളം ഭാരമുണ്ടായിരുന്ന ആസ്തമാ രോഗിയുടെ കഥാപാത്രം ചെയ്ത സന്തോഷിനെ മണി നിഷ്പ്രയാസം ചുമലിലേറ്റി ഓടുന്നതു കണ്ടപ്പോള്‍ ഞങ്ങളെല്ലാം അത്ഭുതപ്പെട്ടു. അന്നും മണി എന്നോടൊരു കഥ പറഞ്ഞു.

placeholder
വാസന്തിയും ലക്ഷ്മിയും ഞാനും സിനിമയിലെ ഒരു രംഗം


ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാനൊരു ചുമട്ടു തൊഴിലാളി കൂടിയാണ് സര്‍. സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കു കൊണ്ടുവരുന്ന അരിച്ചാക്ക് ചുമക്കാന്‍ സ്‌കൂളില്‍ ചുമട്ടുതൊഴിലാളികളെ വിളിച്ചിരുന്നില്ല. ഞാനതു ചെയ്തു കൊടുക്കുമ്പോള്‍ ഹെഡ്മാസ്റ്റര്‍ പൈസ തരുമായിരുന്നു. അതു ഞാനെന്റെ അമ്മയുടെ കൈയില്‍ കൊണ്ടുകൊടുക്കും. അതു പറഞ്ഞുതീര്‍ന്നപ്പോഴും മണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. മണി അത്രയ്ക്ക് ശുദ്ധനായിരുന്നു. ഗ്രാമീണതയുടെ നിഷ്‌കളങ്കത നിറഞ്ഞ പച്ചയായ മനുഷ്യന്‍. പ്രശസ്തിയും പണവുമൊക്കെ ആയിക്കഴിയുമ്പോള്‍ വന്ന വഴിയെല്ലാം മറന്ന് ബഡായിയും പുങ്കത്തരവും ജാഡയുമായി വിലസുന്ന സിനിമാതാരങ്ങള്‍ക്കിടയില്‍ വ്യത്യസ്തനായിരുന്നു മണി.

മണി വല്യ നടനായപ്പോള്‍ ഫൈവ് സ്റ്റാര്‍ ഹോറ്റലുകളില്‍ മണിക്കു വേണ്ടി ഏറ്റവും നല്ല ഭക്ഷണവും ഏറ്റവും വില കൂടിയ മദ്യവുമായി വല്ല്യ വല്ല്യ സിനിമാക്കാര്‍ കാത്തിരുന്നപ്പോഴും മണി ഓടിച്ചെന്നിരുന്നത് ചാലക്കുടിയിലെ തന്റെ പഴയകാല സുഹൃത്തുക്കളുടെ അടുത്തേക്കായിരുന്നു. തന്റെ കൂടെ മണലുവാരിയവര്‍, കൂലിപ്പണിചെയ്തവര്‍, ഓട്ടോറിക്ഷ ഓടിച്ചവര്‍ അവരുടെ കൂടെയിരുന്ന് അവരുടെ ദു:ഖങ്ങളും സന്തോഷവും പങ്കിടുന്നത് എനിക്ക് മറ്റെന്തിനേക്കാളും മന:സംതൃപ്തി തരുമായിരുന്നു എന്നു മണി പറയുമ്പോള്‍ ആ മനസ്സിനെ മാനിക്കാതിരിക്കാന്‍ കഴിയുമോ?