ലോകേഷ് കനകരാജ് ചിത്രമായ 'കൂലി'യിലെ സൗബിൻ ഷാഹിറിന്റെ അഭിനയം ഏറെ ശ്രദ്ധനേടി. ആ റോളിനായി ഫഹദിനെയാണ് ആദ്യം സമീപിച്ചതെന്ന് ലോകേഷ് പറഞ്ഞിരുന്നു. എന്നാൽ, ഫഹദിന്റെ തിരക്കുകൾ കാരണം അത് നടക്കാതെ പോയി. പകരം സൗബിൻ ആ കഥാപാത്രം അവതരിപ്പിക്കുകയും കൈയ്യടി നേടുകയും ചെയ്തു. പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പമുള്ള നൃത്തരംഗത്തിലും സൗബിന്റെ പ്രകടനം എല്ലാവരെയും അദ്ഭുതപ്പെടുത്തി. ഒടുവിൽ സാക്ഷാൽ രജനീകാന്ത് തന്നെ സൗബിനെ പ്രശംസിച്ചു. സൗബിന്റെ പ്രകടനം കണ്ട് താൻ ഞെട്ടിപ്പോയെന്നാണ് അദ്ദേഹം പറഞ്ഞത്. അതുപോലെ രജനി സിനിമകളിൽ, നായകനൊപ്പം തന്നെ കൈയ്യടി നേടിയ വില്ലൻമാർ വേറെയുമുണ്ട്.

രജനീകാന്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന് 'പടയപ്പ'യിലെ പടയപ്പൻ തന്നെയാണ്. അതിൽ നീലാംബരി എന്ന കഥാപാത്രമായിരുന്നു ആന്റി ഹീറോ. ആ കഥാപാത്രം അവതരിപ്പിച്ചത് രമ്യാ കൃഷ്ണനാണ്. മീനയെയും നഗ്മയെയും ആ കഥാപാത്രത്തിനുവേണ്ടി സമീപിച്ചിരുന്നു. ഒടുവിലത് രമ്യയിലെത്തുകയായിരുന്നു. ''ആരും ആ റോൾ ചെയ്യാൻ തയ്യാറായിരുന്നില്ല. പക്ഷേ, എന്നോട് ചോദിച്ചപ്പോൾ ഞാൻ രണ്ടാമതൊന്ന് ചിന്തിച്ചില്ല''. അന്ന്‌ രമ്യ പറഞ്ഞു. സ്ത്രീകൾ ചെറിയ റോളുകളിൽ ഒതുങ്ങിപ്പോവുന്ന കാലത്താണ് കാമ്പുള്ള വില്ലൻ കഥാപാത്രത്തെ രമ്യ അവതരിപ്പിച്ചത്. ഇതിന് അവർക്ക് ഫിലിംഫെയർ പുരസ്‌കാരവും ലഭിച്ചു.

''എന്റെ അഭിനയജീവിതത്തിൽ ഇതുവരെ വെല്ലുവിളി ഉയർത്തിയ രണ്ടുവില്ലൻമാരാണ് ഉണ്ടായിട്ടുള്ളത്. അതിലൊന്ന് 'പടയപ്പ'യിലെ നീലാംബരിയും 'ബാഷ'യിലെ മാർക്ക് ആന്റണിയുമാണ്'', 'കാലാ'യുടെ ഓഡിയോ ലോഞ്ചിനിടെ രജനി പറഞ്ഞു. ''ഇനിയത് കാലായിലെ ഹരി ദാദയാണ്''.

'ബാഷ'യിലെ മാർക്ക് ആന്റണിയെ അവതരിപ്പിച്ചത് നടൻ രഘുവരനാണ്. രഘുവരന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണത്. തമിഴ് സിനിമയിലെ തന്നെ ഏറ്റവും അവിസ്മരണീയമായ വില്ലൻ വേഷങ്ങളിലൊന്നായാണ് മാർക്ക് ആന്റണി കണക്കാക്കപ്പെടുന്നത്. രഘുവരന്റെ ശബ്ദം ആ കഥാപാത്രത്തിന് കൂടുതൽ തീവ്രഭാവം പകർന്നു.

'കാലാ'യിലെ വില്ലനായ ഹരിദേവ് അഭയങ്കറിനെ അവതരിപ്പിച്ചത് നാനാ പടേക്കറാണ്. 'തളപതി'യിലെ വില്ലൻ കഥാപാത്രമായ കലിവരതനെ അമ്‌രീഷ് പുരി ഭംഗിയാക്കി. ആ കഥാപാത്രത്തിനായി അദ്ദേഹം തലമൊട്ടയടിക്കുക വരെ ചെയ്തിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi