കുട്ടിക്കാലം മുതല്‍ക്കേ പലപല രോഗങ്ങള്‍ വേട്ടയാടിയ വ്യക്തിയാണ് ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷന്‍. അമിതവണ്ണവും കരള്‍വീക്കവും അര്‍ബുദവുമെല്ലാം 53 വയസ്സിനിടെ അവര്‍ അതിജീവിച്ചു. അനാരോഗ്യകരമായ തന്റെ ജീവിതശൈലിയെപ്പറ്റി സുനൈന അടുത്തകാലത്തായി നിരന്തരം തുറന്നുപറച്ചില്‍ നടത്താറുണ്ട്. ഇപ്പോള്‍ താന്‍ മദ്യത്തിന് അടിമയായിരുന്ന കാലത്തെപ്പറ്റി പറയുകയാണവര്‍.
'എന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടം' എന്നാണ് മദ്യപിച്ചിരുന്ന കാലഘട്ടത്തെപ്പറ്റി സുനൈന പറഞ്ഞത്. ഈ സമയത്ത് തന്റെ മുഴുവന്‍ പണവും മദ്യം വാങ്ങാന്‍ ചെലവഴിച്ചു, അതുകൊണ്ട് വീട്ടുകാര്‍ ക്രെഡിറ്റ് കാര്‍ഡ് എടുത്തുമാറ്റിയെന്നും തനിക്ക് മദ്യം നല്‍കാന്‍ സാധ്യതയുള്ള സുഹൃത്തുക്കളെ കാണുന്നതില്‍ നിന്നും വിലക്കിയെന്നും സുനൈന പറയുന്നു.
'മദ്യം ഒരു മോശം കാര്യമല്ല, പക്ഷേ അത് കഴിക്കുന്നതില്‍ നിങ്ങള്‍ക്ക് നിയന്ത്രണമില്ലെങ്കില്‍ അതൊരു മോശം കാര്യം തന്നെയാണ്. വളരെ ബുദ്ധിമുട്ടുള്ള, വൈകാരികമായി ദുര്‍ബലയായ ഒരു സമയത്തിലൂടെ കടന്നുപോകുകയായിരുന്നു ഞാന്‍. എന്റെ ഇന്ദ്രിയങ്ങളെ മരവിപ്പിക്കാന്‍ ഞാനാഗ്രഹിച്ചു, അതിനായി മദ്യപിച്ചു. ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമാണിതെന്ന് എനിക്കറിയാം'
'മദ്യത്തിന്റെ ആസക്തി എന്നെ കീഴടക്കി. ചിലപ്പോഴൊക്കെ, ദിവസം മുഴുവന്‍ മദ്യപിക്കുമായിരുന്നു. ദുഷിച്ച കാലമായിരുന്നു അത്. കട്ടിലില്‍ നിന്ന് വീണു, പരിക്കേറ്റു, കസേരയില്‍ നിന്ന് വഴുതി വീണു, അത് വളരെ ബുദ്ധിമുട്ടുള്ള ഒരു ഘട്ടമായിരുന്നു. ശരീരത്തിന് അമിതഭാരമുള്ളതുപോലെ അനുഭവപ്പെടും, തലച്ചോറ് മരവിക്കും, അടുത്ത ദിവസം കൂടുതല്‍ ഉത്കണ്ഠയും പരിഭ്രാന്തിയും നിര്‍ജ്ജലീകരണവും സംഭവിക്കും. ഒന്നും ചെയ്യാന്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജമുണ്ടാവില്ല, ഒരു നല്ല അവസ്ഥയിലേക്ക് മടങ്ങാന്‍ തോന്നുകയുമില്ല. അങ്ങനെ വീണ്ടും കുടിക്കാന്‍ തുടങ്ങുന്നു'-സുനൈന പറഞ്ഞു. ഇത് തിരിച്ചറിഞ്ഞ ഘട്ടത്തില്‍ മാതാപിതാക്കള്‍ അവര്‍ക്ക് പണം കൊടുക്കുന്നതും നിര്‍ത്തിയിരുന്നത്രേ.
ഒരിക്കല്‍ ഇതില്‍ നിന്നെല്ലാം രക്ഷപ്പെടണമെന്ന് തോന്നിയ ഘട്ടത്തില്‍ നല്ലൊരു പുനരധിവാസ കേന്ദ്രം കണ്ടെത്താന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടതും സുനൈന തന്നെയാണ്. തന്റെ അവസ്ഥ ഇതാണെന്നും ഇതില്‍ നിന്ന് പുറത്തുവരാന്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടെന്നും മാതാപിതാക്കളായ രാകേഷ് റോഷനോടും പിങ്കി റോഷനോടും പറഞ്ഞു. ഒടുവില്‍, സുനൈന തന്നെ സ്വയം ഒരു പുനരധിവാസ സൗകര്യം കണ്ടെത്തി, അവിടെ 28 ദുഷ്‌കരമായ ദിവസങ്ങള്‍ ചെലവഴിച്ചുവെന്നും അവര്‍ പറയുന്നു.
അതേസമയം, മദ്യപാനത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള തന്റെ തീരുമാനം മാതാപിതാക്കളെയും സഹോദരനെയും വളരെയധികം സന്തോഷിപ്പിച്ചുവെന്നും സുനൈന കൂട്ടിച്ചേര്‍ത്തു.
Content Highlights: hrithik roshans sister sunainas battle with alcoholism
Published: 14 Mar 2025, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented