പഞ്ചാബി സിനിമ സ്വാഗതാര്‍ഹമായ ഒരു കുതിച്ചുചാട്ടത്തിലാണെന്നും ഇന്ത്യയിലുടനീളമുള്ള പ്രാദേശിക സിനിമകളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഒന്നായി മാറിയിട്ടുണ്ടെന്നും ബ്രിട്ടീഷ്-പഞ്ചാബി നടിയായ ഗീത ബസ്ര. 'ദി ട്രെയിന്‍', 'ദില്‍ ദിയാ ഹേ' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ ഈ നടി, പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ രാകേഷ് മേത്ത സംവിധാനം ചെയ്യുന്ന 'മെഹര്‍' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരുകയാണ്. ഏകദേശം ഒരു ദശാബ്ദത്തിന് ശേഷമാണ് ഈ തിരിച്ചുവരവ്. ആവര്‍ത്തന വിരസമായ ഫോര്‍മുല സിനിമകള്‍ കണ്ട് പ്രേക്ഷകര്‍ക്ക് മടുത്തെന്ന് ബസ്ര പറയുന്നു.
'എല്ലാ പ്രാദേശിക സിനിമകളിലും വെച്ച് ഏറ്റവും വേഗത്തില്‍ വളരുന്നത് പഞ്ചാബി സിനിമയാണ്. ഇന്ന് ഒരുപാട് മികച്ച സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്ന തരത്തില്‍, വളരെ ഉജ്ജ്വലമായ ഒരു ദിശയിലേക്ക് പഞ്ചാബി സിനിമ കുതിച്ചുയര്‍ന്നിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു' പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ബസ്ര പറഞ്ഞു. 'ഒരേപോലെയുള്ള സിനിമകള്‍ കണ്ട് ആളുകള്‍ക്ക് മടുത്തു, അവര്‍ ഇപ്പോള്‍ പുറത്തുവരുന്ന പുതിയ ഉള്ളടക്കത്തെ ശരിക്കും സ്വീകരിക്കുന്നു. പഞ്ചാബി സിനിമയെ സംബന്ധിച്ചിടത്തോളം ആളുകള്‍ യഥാര്‍ത്ഥത്തില്‍ തിയേറ്ററുകളില്‍ പോയി സിനിമകള്‍ കാണുന്നു എന്നതാണ് പ്രത്യേകത. ഇതാണ് ഞങ്ങളുടെ സിനിമയുടെ സൗന്ദര്യം.' അവര്‍ കൂട്ടിച്ചേര്‍ത്തു.
'മെഹര്‍' എന്ന ചിത്രത്തില്‍, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കരംജിത് സിങ് എന്ന ഭര്‍ത്താവിന് താങ്ങും തണലുമാവുന്ന സിമ്മി എന്ന ഭാര്യയുടെ വേഷമാണ് ബസ്ര അവതരിപ്പിക്കുന്നത്. അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ബ്രിട്ടീഷ്-ഇന്ത്യന്‍ വ്യവസായി രാജ് കുന്ദ്രയാണ് കരംജിത് സിങ്ങിന്റെ വേഷം ചെയ്യുന്നത്. 'ചിരി, ദുഃഖം, ബന്ധങ്ങള്‍ തുടങ്ങി എല്ലാ ചേരുവകളും ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ്ണ വിനോദ ചിത്രമാണിത്. എന്റെ കഥാപാത്രമായ സിമ്മി, കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി എന്തും ചെയ്യുന്ന, എല്ലാവര്‍ക്കും എളുപ്പത്തില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന ഒരു പെണ്‍കുട്ടിയാണ്. സിനിമയുടെ കേന്ദ്രബിന്ദു അവളാണ്.' ബസ്ര പറഞ്ഞു.
വിവാഹത്തിലും കുട്ടികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി 41-കാരിയായ ഈ നടി ഒരു ഇടവേള എടുത്തിരുന്നു. തന്റെ തിരിച്ചുവരവിന് ക്രിക്കറ്റ് താരമായ ഭര്‍ത്താവ് ഹര്‍ഭജന്‍ സിങ്ങ് നല്‍കിയ പിന്തുണയ്ക്കും അവര്‍ നന്ദി പറയുന്നു. 'പൊതുവെ, സ്ത്രീകള്‍ സൂപ്പര്‍വുമണ്‍ ആണെന്ന് എനിക്ക് തോന്നുന്നു. ജീവിതം എങ്ങനെ സന്തുലിതമാക്കണമെന്ന് നമുക്ക് ജന്മനാ അറിയാം. എന്നാല്‍ കുട്ടികളുണ്ടായ ശേഷം ഒരു സ്ത്രീക്ക് ജോലിയിലേക്ക് തിരികെ പോകാന്‍ ഏറ്റവും പ്രധാനം നല്ലൊരു പിന്തുണ ലഭിക്കുക എന്നതാണ്. ആ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. 'നീ ചെയ്യേണ്ടത് ചെയ്യൂ, കുട്ടികളെ ഞാന്‍ നോക്കിക്കൊള്ളാം' എന്ന് പറയുന്ന, എന്നെ പിന്തുണയ്ക്കുന്ന ഒരു മികച്ച ഭര്‍ത്താവ് എനിക്കുണ്ട്.' അവര്‍ പറഞ്ഞു.
'ഞാന്‍ ഷൂട്ടിങ്ങിലായിരുന്നപ്പോള്‍ അദ്ദേഹം കുട്ടികളുടെ കൂടെയായിരുന്നു, അദ്ദേഹം ജോലിയിലായിരിക്കുമ്പോള്‍ ഞാനാണ് വീടും കുട്ടികളെയും നോക്കുന്നത്. അതാണ് ജീവിതം, അതാണ് ബന്ധങ്ങള്‍, ഞങ്ങൾ ഒരുമിച്ച് വളരുന്നു’ വെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: actress geeta basra discusses the growth of punjabi cinema and her return to acting in `meher` after a decade.
Published: 30 Aug 2025, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented