എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 2001 ആണെന്ന് തോന്നുന്നു. ലോഹിതദാസിന്റെ രചനയില്‍ കമല്‍ സംവിധാനം ചെയ്യുന്ന ചക്രം എന്ന സിനിമ കവര്‍ ചെയ്യാന്‍ പൊള്ളാച്ചിയില്‍ പോയിരുന്നു. ആ സിനിമയുടെ പ്രത്യേകത മോഹന്‍ലാലും ദിലീപും ആദ്യമായി ഒന്നിക്കുന്ന ഒരു വലിയ താരമൂല്യമുള്ള സിനിമ എന്നതാണ്. അടുത്തതായി ഇറങ്ങുന്ന ചിത്രഭൂമിക്കായി അവര്‍ രണ്ടുപേരും ഒരുമിച്ചുള്ള കവര്‍ ഫോട്ടോ വേണം. ഇതെല്ലാം മനസ്സില്‍ കണ്ട് കോഴിക്കോട്ട് നിന്ന് യാത്ര തുടങ്ങി.  
ഉച്ചയോടുകൂടി പൊള്ളാച്ചിയിലെത്തി ഭക്ഷണം കഴിച്ചു. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ ബന്ധപ്പെട്ടു, അപ്പോള്‍ ലൊക്കേഷനിലേക്ക് വണ്ടി അയക്കാമെന്ന് പറഞ്ഞു. ഞങ്ങള്‍ റൂമില്‍ വെയ്റ്റ് ചെയ്യുന്നതിനിടയിൽ ചെറുതായി മയങ്ങി. 

കുറച്ചുകഴിഞ്ഞപ്പോള്‍ വണ്ടി കാണാത്തതുകൊണ്ട് ഒന്നുകൂടെ വിളിച്ചു, ഷൂട്ടിങ്ങിന് ചെറിയ തടസ്സമുണ്ട്, തുടങ്ങിയാല്‍ വണ്ടി വിടാമെന്ന് പറഞ്ഞു. സിനിമ അങ്ങനെയാണ്. ചെറിയ കാര്യത്തിന് തടസ്സമുണ്ടായാല്‍ പിന്നെ ഷൂട്ടിങ് തുടങ്ങാന്‍ താമസം വരും. എന്തായാലും വന്ന കാര്യം ആ ദിവസം നടക്കില്ലെന്ന് തീരുമാനമായി. മനസ്സില്‍ മുഴുവന്‍ മോഹന്‍ലാലും ദിലീപും ഒന്നിച്ചുള്ള ഷൂട്ട് മാത്രമാണ്. വളരെ പ്രതീക്ഷയുള്ള സിനിമയാണ്. പോരാത്തതിന് കമലും ലോഹിതദാസും ഒരുമിക്കുന്നു. പിന്നെ പറയേണ്ടല്ലോ. എനിക്ക് ഫോട്ടോയെടുക്കുന്ന കാര്യത്തില്‍ അസ്വസ്ഥതയായി. 

രാവിലെയായി, പ്രൊഡക്ഷന്‍ ടീമിനെ വിളിച്ചു. അപ്പോഴും മറുപടി ഷൂട്ടിങ് താമസിക്കുമെന്നു തന്നെ. എന്തുപറ്റിയെന്ന് പറയുന്നില്ല. താരങ്ങള്‍ എവിടെയാണെന്ന് അന്വേഷിച്ചു. അവര്‍ താമസസ്ഥലത്ത് ഉണ്ടെന്നറിഞ്ഞു. നായിക ആരെന്ന് തിരക്കി. 'വിദ്യാ ബാലന്‍, പുതിയ നടിയാണ്, മുംബൈയില്‍നിന്നാണ്'. എനിക്ക് വേണ്ടത് അവരെയല്ലല്ലോ. 

മോഹന്‍ലാലും ദിലീപും താമസിക്കുന്ന ലോഡ്ജിലെത്തി. സാധാരണ വലിയ താമസമില്ലാതെ ഇവരുടെയൊക്കെ ഫോട്ടോ എടുക്കാന്‍ പറ്റുന്നതാണ്. എന്തുപറയാനാ, അവരെ കാണാന്‍ തന്നെ പറ്റിയില്ല. കുറേനേരം കാത്തിരുന്നു. അപ്പോഴാണറിയുന്നത് ഷൂട്ടിങ് തുടര്‍ന്ന് നടക്കാന്‍ സാധ്യതയില്ലെന്ന്. വന്ന സ്ഥിതിക്ക് എന്തെങ്കിലും ഫോട്ടോ എടുക്കണ്ടേ. കണ്‍ട്രോളറോട് നായികയെ ഒന്ന് വിളിക്കാന്‍ പറഞ്ഞു. നായിക വന്നു. മുംബൈയിലാണ് താമസമെങ്കിലും പാലക്കാട്ടുകാരിയാണ്. ഞാന്‍ മലയാളത്തില്‍ തന്നെ സംസാരിച്ചു. അവരും മലയാളത്തില്‍ സംസാരിച്ചു. ഫോട്ടോ എടുക്കാന്‍വന്നു. വളരെ നല്ല പെരുമാറ്റം. രണ്ട് കോസ്റ്റിയൂമില്‍ ഫോട്ടോയെടുത്തു.  

ബോളിവുഡിലെ വലിയ താരമാകാന്‍ പോവുന്ന വിദ്യാ ബാലനെയാണ് ഫോട്ടോ എടുക്കുന്നതെന്നൊന്നും അന്ന് കരുതുന്നില്ലല്ലോ. ആ സിനിമ മുടങ്ങിയെങ്കിലും, എന്റെ ഫോട്ടോഗ്രാഫി ജീവിതത്തിലെ വലിയ അഭിമാനമാണത്.