ദേവി പാവമാണ്. സാന്ത്വനം കുടുംബത്തിന്റെ അമ്മയാണവള്‍. പക്ഷേ അലീന, തന്റേടിയായ മകളാണ്. ഉറക്കെ സംസാരിക്കുകയും പൊട്ടിത്തെറിക്കുകയുമൊക്കെ ചെയ്യുന്ന പ്രകൃതം. സുമിത്ര അല്പം ഗൗരവക്കാരിയും. കുടുംബത്തിനുവേണ്ടി എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്ന കുടുംബവിളക്കു തന്നെയാണവള്‍... ദിവസവും വൈകുന്നേരം ആറര മുതല്‍ രാത്രി വൈകുംവരെ നമ്മള്‍ കേള്‍ക്കുന്നത് ഇവരുടെയൊക്കെ ശബ്ദമാണ്. ചിരിച്ചും കരഞ്ഞും സ്നേഹിച്ചും ക്ഷോഭിച്ചും പകപോക്കിയും ഈ കഥാപാത്രങ്ങള്‍ ഒരേ ശബ്ദത്തില്‍ മുഴങ്ങുന്നു. മിനിസ്‌ക്രീനിലെ അനവധി കഥാപാത്രങ്ങള്‍ക്ക് സ്വരം കൊണ്ട് ജീവന്‍ നല്‍കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ദേവി. സിനിമകളിലും സീരിയലുകളിലുമായി അഞ്ഞൂറിലധികം കഥാപാത്രങ്ങള്‍ ദേവിയുടെ ശബ്ദത്തില്‍ പ്രേക്ഷകരെ തേടിയെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ പേയാടുള്ള വീട്ടില്‍ ചിരിച്ചും കരഞ്ഞും അരങ്ങിലേക്ക് കഥാപാത്രങ്ങളെ സ്വരത്താല്‍ എയ്തുവിടുകയാണ് ദേവി. 

''കുടുംബവിളക്കില്‍ സുമിത്രയ്ക്കുവേണ്ടി ഡബ് ചെയ്യുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. ഞാന്‍ ഡബ് ചെയ്യുന്ന കഥാപാത്രങ്ങളില്‍ ഏറ്റവും പ്രായം കൂടിയ വോയിസ് അവരുടേതാണ്. ആ ശബ്ദത്തില്‍ ഒരുപാട് വികാരങ്ങള്‍വരേണ്ടതില്ല. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും വളരെ പരിമിതമായിട്ടേ അവര്‍ അത് പ്രകടിപ്പിക്കുകയുള്ളൂ. അപ്പോള്‍ ശബ്ദവും അങ്ങനെ മതി. പിന്നെ അല്പം ബേസ് കൊടുത്ത് പറയേണ്ടിവരും. ആ ഒരു ചാലഞ്ച് അതിനകത്തുണ്ട്. സാന്ത്വനത്തില്‍ ചിപ്പി ചേച്ചിക്ക് വോയിസ് കൊടുക്കുന്നതും എനിക്കിഷ്ടമാണ്.'' ദേവി തന്റെ പ്രിയ കഥാപാത്രങ്ങള പരിചയപ്പെടുത്തി. 'സ്വന്തം സുജാത'യില്‍ ചന്ദ്രാ ലക്ഷ്മണിന്, 'മനം പോലെ മാംഗല്യ'ത്തില്‍ സ്വാസികയ്ക്ക്, 'തൂവല്‍സ്പര്‍ശ'ത്തില്‍ അവന്തിക മോഹന്, 'അമ്മ മകളില്‍' മിത്രാ കുര്യന്, 'ദയ'യില്‍ പല്ലവി ഗൗഡയ്ക്ക്, 'കളിവീടി'ല്‍ റബേക്കയ്ക്ക്... ഇനി സിനിമയിലെത്തുമ്പോഴോ പത്മപ്രിയ, കാവ്യാമാധവന്‍, ഭാവന, ഗോപിക, കനിഹ, ഭൂമിക ചൗള, പ്രിയാമണി, മേഘ്നാ രാജ്, മീന... തന്റെ വീട്ടിലെ താത്ക്കാലികമായൊരുക്കിയ ഡബ്ബിങ് സ്റ്റുഡിയോയിലിരുന്ന് ദേവി ആ സ്വരഭേദങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങി... 

ഇക്കൂട്ടത്തില്‍ ഏത് നായികയുടെ ശബ്ദമാവാനാണ് ഏറ്റവും ഇഷ്ടം?

നടി ഗോപികയിലൂടെ എന്റെ ശബ്ദം കേള്‍ക്കാനിഷ്ടമാണ്. അവരുടെ ശരീരത്തിന് എന്റെ ശബ്ദം ചേരുമെന്ന് തോന്നിയിട്ടുണ്ട്. വെറുതെ ഒരു ഭാര്യ, സ്വലേ, ഭാര്യ അത്ര പോരാ തുടങ്ങിയ ചിത്രങ്ങളില്‍ ഗോപികയ്ക്കുവേണ്ടി ശബ്ദം നല്‍കിയിരുന്നു. ഇപ്പോള്‍ മീനയ്ക്കുവേണ്ടിയും സ്ഥിരമായി ഡബ് ചെയ്യുന്നുണ്ട്. കഥ പറയുമ്പോള്‍, ദൃശ്യം, ദൃശ്യം 2...   

അന്യഭാഷാ നടിമാര്‍ക്ക് ഡബ് ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. 

'പുലിമുരുകന്‍'സിനിമയില്‍ കമാലിനി മുഖര്‍ജിക്കുവേണ്ടി രണ്ടു പ്രാവശ്യം മൊത്തം സിനിമ ഡബ് ചെയ്യേണ്ടി വന്നിരുന്നു. രണ്ടാമത് സംഭാഷണങ്ങള്‍ മാറ്റി കമാലിനിയുടെ ലിപ്പ് മൂവ്മെന്റിനനുസരിച്ച്, ആ കഥാസന്ദര്‍ഭത്തിന് ചേരുന്നതുപോലെ നോക്കി ഡബ് ചെയ്തതാണ്. ഒരു പതിനായിരം ടേക്ക് എടുത്തിട്ടാണ് അതിപ്പോള്‍ കാണുന്ന പരുവത്തിലായിരിക്കുന്നത്. എനിക്ക് ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടിയ വര്‍ക്കായിരുന്നുവത്. പക്ഷേ, ഞാനൊട്ടും സംതൃപ്തയല്ല. ഒരു വിഭാഗം മൊഴിമാറ്റ ചിത്രങ്ങള്‍ ഡബ് ചെയ്യുമ്പോഴും ആ പ്രശ്നമുണ്ട്.എന്നാല്‍ കെ.ജി.എഫ്, രാക്ഷസി, കാട്ര് വെളിയിടെ...അതൊക്കെ വളരെ മനോഹരമായ സിനിമകളാണ്.  

പ്രണയം, ദേഷ്യം, വിഷമം... ഏതാണ് ചാലഞ്ചിങ്?

എട്ടാം ക്ലാസ് തൊട്ടാണ് ഞാന്‍ നായികമാര്‍ക്ക് ഡബ് ചെയ്തു തുടങ്ങിയത്. പ്രണയ സീനൊക്കെ വരുമ്പോള്‍ ചമ്മലായിരുന്നു. ഡബ് ചെയ്യുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്യും. പണ്ട് ഡബ് ചെയ്യുമ്പോള്‍ അസോസിയേറ്റും അസിസ്റ്റന്റും ഡബ്സ്യൂട്ടിനകത്തുണ്ടാവും. അവര് കാണാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. ഇപ്പോള്‍ പക്ഷേ വളരെ പ്രൊഫഷണലായി. ഇതെല്ലാം ജോലിയുടെ ഭാഗമാണല്ലോ. കരയാന്‍ ഏത് ഉറക്കത്തിലും പറ്റും. ചിരിക്കാനും കുഴപ്പമില്ല. 

അഞ്ഞൂറ് സിനിമകള്‍, ഒരു ലക്ഷത്തിലേറെ സീരിയല്‍ എപ്പിസോഡുകള്‍... എന്നാണ് ഡബ്ബിങ് കരിയറായത്? 

അച്ഛന്‍ സോമനാഥന്‍പിള്ള ആയുര്‍വേദ ഹോസ്പിറ്റലില്‍ ഐ സ്പെഷലിസ്റ്റായിരുന്നു. ഒരിക്കല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യവുമായി ആര്‍ട്ട് ഡയറക്ടര്‍ സാനന്ദ് രാജ് സാര്‍ വന്നു. അന്ന് അദ്ദേഹം എന്നെ കാണുകയും രണ്ട് ദിവസം കഴിഞ്ഞ് സംവിധായകന്‍ വിജയകൃഷ്ണന്‍ സാറിനെയും കൂട്ടി വരികയായിരുന്നു. കരഞ്ഞും ചിരിച്ചും െചയ്തുകാണിക്കാന്‍ പറഞ്ഞു. ഞാനത് ചെയ്തു. പോവാന്‍ നേരം അച്ഛനോട് പറഞ്ഞു, ദൂരദര്‍ശനില്‍ കഥാസംഗമം എന്ന പരിപാടി പ്ലാന്‍ ചെയ്യുന്നുണ്ട്. അതില്‍ 'അന്നത്തെ നാടകം' എന്ന എപ്പിസോഡില്‍ അഭിനയിക്കാന്‍ മോളെയും കൂട്ടിവരണമെന്ന്. അന്ന് ഞാന്‍ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. അങ്ങനെയാണ് അഭിനയരംഗത്തെത്തുന്നത്.


 
കുറച്ചുദിവസം കഴിഞ്ഞ് ഡബ് ചെയ്യാന്‍ വിളിച്ചു. അന്ന് വേളിയില്‍ ലോ ബാന്‍ഡ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഡബ് ചെയ്യേണ്ടത്. ഞാന്‍ നോക്കുമ്പോള്‍ ഒരു വലിയ സ്റ്റുഡിയോക്കകത്ത് ഒരാളിരിക്കുന്നു, സുമ സ്‌കറിയ. ആ ചേച്ചിയാണ് കടിഞ്ഞൂല്‍ കല്യാണത്തില്‍ ഉര്‍വശിക്ക് ഡബ് ചെയ്തത്. സുമ ചേച്ചി ഡബ് ചെയ്യുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞാനും ഡബ് ചെയ്തു. കുറച്ചുനാളുകള്‍ക്കു ശേഷം ഒരു 'കുടയും കുഞ്ഞുപെങ്ങളും' എന്ന സീരിയലിലേക്ക് അവസരം ലഭിച്ചു. അതില്‍ എനിക്കും മറ്റൊരു കുട്ടിക്കും വേണ്ടി ഡബ് ചെയ്തു. പിന്നീട് ആ സ്റ്റുഡിയോയില്‍ വേറെ കുട്ടികള്‍ക്ക് വേണ്ടി സ്ഥിരം ഡബ് ചെയ്യാന്‍ എന്നെ വിളിച്ചു തുടങ്ങി. ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും കിട്ടി.
  
എട്ടാംക്ലാസ് ആയപ്പോള്‍ ഹീറോയിന്‍ വോയ്സ് ചെയ്തുതുടങ്ങി. ഒന്നു തീരുമ്പോള്‍ ഓരോന്നായി അവസരങ്ങള്‍ വന്നുകൊണ്ടിരുന്നു. ആ സമയത്താണ് മെഗാസീരിയലുകള്‍ വരുന്നത്. അങ്ങനെ ദിവസവും വര്‍ക്കായി. ഡിഗ്രി ആയപ്പോള്‍ കോളേജില്‍ പോവാന്‍പോലും സമയമില്ലായിരുന്നു. രാവിലെ ആറ് മണിക്ക് സ്റ്റുഡിയോയില്‍ പോകും. അവിടുന്ന് 9.30ന് കോളേജിലേക്ക്. വീണ്ടും പന്ത്രണ്ടര മുതല്‍ ഒന്നരവരെ സ്റ്റുഡിയോയിലേക്ക്. ബെല്ലടിക്കുമ്പോഴേക്കും ഡബ് ചെയ്ത് കോളേജിലേക്കെത്തും. വൈകുന്നേരം വീണ്ടും പോവും. രാത്രിയാവും തിരിച്ച് വീട്ടിലെത്തുക. അങ്ങനെ ഞാനറിയാതെ തന്നെ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി മാറുകയായിരുന്നു.

ഇതിനിടയില്‍ അഭിനയിക്കുകയും ചെയ്തിരുന്നല്ലോ?

അഭിനയിക്കുന്നുമുണ്ടായിരുന്നു. ദൈവത്തിന്റെ വികൃതികള്‍, സമൂഹം, സാദരം... ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് 'കൊട്ടാരം വീട്ടിലെ അപ്പൂട്ടനി'ല്‍ അഭിനയിച്ചത്. പത്താംക്ലാസ് ആയപ്പോഴേക്കും അഭിനയം നിര്‍ത്തി. പഠിത്തം പ്രശ്നമാകുമോ എന്നു തോന്നി. അതിനിടയിലായിരുന്നു അച്ഛന്റെ മരണവും. അഭിനയമില്ലെങ്കിലും ഡബ്ബിങ് തുടരുന്നുണ്ടായിരുന്നു. അഴകപ്പന്‍ സാര്‍ സംവിധാനം ചെയ്ത 'സല്യൂട്ട്' എന്ന സിനിമയിലെ നായികയ്ക്കാണ് ആദ്യം ശബ്ദം നല്‍കിയത്. കല്യാണം കഴിക്കാത്ത െപണ്‍കുട്ടി ഗര്‍ഭിണിയാവുന്നതും, കുഞ്ഞിനെ പ്രസവിക്കുന്നതുമൊക്കെയായ കഥയായിരുന്നുവത്. പ്രസവസീനില്‍ എങ്ങനെ ഡബ് ചെയ്യണമെന്ന അറിവൊന്നും അന്നില്ല. പല സിനിമകളിലും ആനന്ദവല്ലി ആന്റിയും ഭാഗ്യലക്ഷ്മി ആന്റിയുമൊക്കെ ഡബ് ചെയ്തതു കേട്ട പരിചയമേയുള്ളൂ. 'മോളേ നന്നായി വേദനിക്കുന്നപോലെ കരയൂ...അങ്ങനെയല്ല ഇങ്ങനെ'... എന്നൊക്കെ പറഞ്ഞ്...'കുഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ സ്‌ക്രീം ചെയ്തോളൂ'.... അങ്ങനെ നിലവിളിച്ചൊക്കെയാണ് അത് പൂര്‍ത്തിയാക്കിയത്. പിന്നീട് ഡിഗ്രി അവസാനമായപ്പോഴേക്ക് എന്റെ കല്യാണം കഴിഞ്ഞു. ഭര്‍ത്താവ് ആല്‍വിന്‍ കിന്‍ഫ്രയില്‍ ജോലി ചെയ്യുന്നു. മോള് ആത്മജ.  

ഈ ജോലിയില്‍ ദേവിയെ ആകര്‍ഷിക്കുന്നതെന്താണ്?

മൈക്കിന്റെ മുന്നിലിരിക്കുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ജോലിയെന്നുപോലും പറയാന്‍ പറ്റില്ല. ഞാനിഷ്ടത്തോടെ ചെയ്യുന്ന കാര്യം. ഈ പ്രൊഫഷനോട് എനിക്കൊരിക്കലും മടുപ്പ് തോന്നിയിട്ടില്ല. മാനസികമായി എന്ത് ബുദ്ധിമുട്ടുകളുണ്ടായാലും ഈ മൈക്കിനു മുന്നിലിരുന്നാല്‍ ഡബ് ചെയ്യാന്‍ പറ്റും. ഒരുപക്ഷേ, ചിലപ്പോള്‍ എന്റെ വികാരങ്ങളെ തുറന്നുവിടുന്ന ഒരിടമായിരിക്കാം... എന്നും കരഞ്ഞോണ്ടിരിക്കുന്ന കഥാപാത്രം ചെയ്യുമ്പോള്‍ ഇവരൊന്ന് ബോള്‍ഡായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. ചില വര്‍ക്കുകള്‍ ചെയ്യേണ്ടിയിരുന്നില്ല എന്നും തോന്നിയിട്ടുണ്ട്. പക്ഷേ, പ്രൊഫഷനോട് ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ല. ചിലപ്പോള്‍ ദേവി എന്ന വ്യക്തിയെ ആര്‍ക്കുമറിയുന്നുണ്ടാവില്ല. പക്ഷേ, എന്റെ ശബ്ദത്തിലൂടെ കേട്ട കഥാപാത്രങ്ങളെ എല്ലാവര്‍ക്കുമറിയാം. 

മികച്ച ഗായികമാരേക്കാളും നല്ല സ്വരമാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാരുടേത്. പക്ഷേ അവരില്‍ നിന്നും ഗായികമാരുണ്ടാവാത്തത് എന്തുകൊണ്ടാവും?


ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരു ദിവസത്തില്‍ പലതവണ അലറേണ്ടി വരും. വളരെ പതുക്കെയും വളരെ ഉച്ചത്തിലും സംസാരിക്കേണ്ടിവരും. കുറച്ച് കഴിയുമ്പോള്‍ സ്‌ക്രാച്ചസ് വരും. തൊണ്ട വേദനയുണ്ടാവും. സംസാരത്തില്‍ അത് വലുതായി പ്രകടമാവില്ല. എന്നാല്‍ പാടുമ്പോള്‍ മനസ്സിലാവും. നന്നായി പാടുന്നവര്‍ പതിയെ ഇതില്‍ നിന്നും പിന്മാറും. വ്യായാമം, ഭക്ഷണക്രമം, ജീവിതശൈലിയൊക്കെ ശ്രദ്ധിക്കണം. അനാവശ്യമായി ഈ ശബ്ദം ഉപയോഗിക്കാതിരിക്കണം. പക്ഷേ നടക്കില്ല. ഞാന്‍ ഒത്തിരി സംസാരിക്കുന്നയാളാണ്. മകളോട് വഴക്കിടുമ്പോള്‍ ഒച്ചയിടും, അപ്പോള്‍ തൊണ്ടയില്‍ സ്‌ക്രാച്ച് വരും. പിറ്റേ ദിവസം ഡബ് ചെയ്യുമ്പോഴാണ് ആ ബുദ്ധിമുട്ട് അറിയുക. പിന്നെ എരിവും പുളിയും തണുപ്പും...ഇത് മൂന്നും കഴിവതും ഉപയോഗിക്കാറില്ല. പ്രാണായാമം ചെയ്യുന്നതും നല്ലതാണ്. 
 
ദേവിക്ക് പ്രിയപ്പെട്ട ശബ്ദം ആരുടേതാണ്?

ഭാഗ്യലക്ഷ്മി ആന്റിയുടെയും ശ്രീജ ചേച്ചിയുടെയും ശബ്ദം ഇഷ്ടമാണ്. എന്നാലും ഒരുപടി കൂടുതല്‍ ഇഷ്ടം ആനന്ദവല്ലി ആന്റിയുടെ ഡബ്ബിങ്ങാണ്. ആന്റി ആണുങ്ങള്‍ക്ക് വരെ ഡബ് ചെയ്യും. മൂന്നോ നാലോ സ്ത്രീകളുള്ള ഷോട്ടില്‍ ഈ നാല് സ്ത്രീകള്‍ക്കും വേണ്ടി ആന്റി ഡബ് ചെയ്യും. കുഞ്ഞിലേ മുതല്‍ ഇവരുടെയൊക്കെ വര്‍ക്കുകള്‍ കണ്ടാണ് ഞാനും പഠിച്ചത്. ഇനി കുറച്ച് കഴിയുമ്പോള്‍ സിനിമയിലെ ഡബ്ബിങ് പ്രോസസ് തന്നെ നിന്നുപോവാനിടയുണ്ട്. സിങ്ക് സൗണ്ട് വന്നുതുടങ്ങിയല്ലോ. അപ്പോഴും ഡോക്യുമെന്ററിയും പരസ്യങ്ങളും നിലനില്‍ക്കുമായിരിക്കാം. 

എനിക്ക് ഏറ്റവും ബുദ്ധിമുട്ട് പരസ്യം ഡബ് ചെയ്യാനാണ്. പത്ത് സെക്കന്റിനുള്ളില്‍ 'പങ്കജ കസ്തൂരി, ബ്രീത്ത് ഈസി'...എന്നു പറഞ്ഞ് അത് ആള്‍ക്കാരിലേക്കെത്തിക്കാന്‍ ഞാന്‍ പെട്ട പാടുണ്ടല്ലോ... അതുപോലെതന്നെ ചെയ്യാന്‍ പാടുള്ളതാണ് ഡോക്യുമെന്ററി. കേള്‍ക്കുന്ന ആള്‍ക്ക് ബോറടിക്കാതെ അത് പറയണം. അതിനും ഒരു താളവും രീതിയുമുണ്ട്. 'നിത്യ കല്യാണി' എന്ന ഡോക്യുമെന്ററിക്ക് ശബ്ദം നല്‍കിയതിനാണ് എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയത്.  

ഈ അടുത്തകാലത്തല്ലേ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെ ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയത്?

ഇപ്പോള്‍ ഡബ്ബിങ്ങിനെയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാരെയും ആളുകള്‍ ഫോളോ ചെയ്യുന്നുണ്ട്. ചില സിനിമകളുടെ വിജയം ആഘോഷിക്കുമ്പോഴൊക്കെ അവര്‍ വിളിക്കാന്‍ വിട്ടുപോവുന്നത് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെയാവും. മികച്ച നടിമാര്‍ക്ക് ശബ്ദം നല്‍കിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാരെ ഓര്‍ക്കുന്നത് വളരെ ചുരുക്കമാണ്. എന്നാല്‍ ശരിക്കും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് അഭിനയിച്ചുവെച്ചതിന്റെ മുകളിലായിരിക്കണം ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റെ പ്രകടനം. ഇല്ലെങ്കില്‍ അതൊടൊപ്പം നില്‍ക്കണം. അതിന്റെ താഴോട്ട് ചിന്തിക്കാനേ പറ്റില്ല. ഒരിക്കല്‍ ഒരു അവാര്‍ഡ്‌ഷോയില്‍ വെച്ച് നടി റബേക്കയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടുകയുണ്ടായി. എനിക്ക് മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡും. റബേക്കയെ സ്റ്റേജില്‍ വിളിച്ചപ്പോള്‍ ദേവി ചേച്ചി കൂടി ചേര്‍ന്ന് ഈ അവാര്‍ഡ് തരണമെന്ന് ആ കുട്ടി പറഞ്ഞു. ചേച്ചി കൂടി ചേര്‍ന്നാണ് ഈ കഥാപാത്രത്തിന് ജീവന്‍ നല്‍കിയതെന്ന്. അങ്ങനെ ആരും പറയാറില്ല. ആ വാക്കുകളാണ് ഞങ്ങളുടെയൊക്കെ പ്രചോദനം.  

പിന്നെ, കാഴ്ചയില്ലാത്ത കുറേ മനുഷ്യരുണ്ട്. അവര്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ വലിയ ആരാധകരാണ്. അവരുടെ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഞങ്ങളാണ്. അവര്‍ തരുന്ന അഭിനന്ദനങ്ങള്‍ വളരെ വിലപ്പെട്ടതും പ്രിയപ്പെട്ടതുമാണ്. അവരുടെ സൂപ്പര്‍സ്റ്റാറുകളാണ് ഞങ്ങള്‍...