1970-കളിലും 80-കളിലും ഇന്ത്യന്‍സിനിമയിലെ ഗ്ലാമര്‍ താരങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട സീനത്ത് അമനും പര്‍വീണ്‍ ബാബിയും. വസ്ത്രധാരണരീതിയിലും അഭിനയത്തിലും നൃത്തത്തിലുമെല്ലാം തങ്ങളുടേതായ ശൈലി കൊണ്ടുവന്ന താരങ്ങള്‍. അന്നത്തെ താരങ്ങള്‍ ചെയ്യാന്‍ മടിച്ചിരുന്ന പല ബോള്‍ഡ് റോളുകളും ഇരുവരും യാതൊരു മടിയും കൂടാതെ അഭിനയിച്ചു ഫലിപ്പിച്ചു. 

ഗ്ലാമര്‍ റോളുകള്‍ക്കൊപ്പം ഐറ്റം ഡാന്‍സിലും സീനത്തും പര്‍വീണും തിളങ്ങി. കാഴ്ചയില്‍ വലിയ സാമ്യങ്ങളൊന്നുമില്ലാത്ത രണ്ടുപേര്‍. എന്നാല്‍, ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണരീതിയിലും സാമ്യതകളേറെയുണ്ടായിരുന്നു അവര്‍ക്കിടയില്‍. അതുകൊണ്ടുതന്നെ പലപ്പോഴും ആളുകള്‍ക്ക് ഇരുവരെയും മാറിപ്പോകുമായിരുന്നു.   

ഈയടുത്ത് റിഡ്ഡിറ്റില്‍ ആസ്‌ക് മീ എനിതിങ് സെഷനിലും സീനത്ത് സംസാരിച്ചത് ഇതിനെക്കുറിച്ചാണ്. ''ദുബായില്‍ പോയതായിരുന്നു ഞാന്‍. ഒരു സ്ത്രീ എനിക്കടുത്തേക്ക് വന്നു. അവരെന്നെ കെട്ടിപ്പിടിച്ച് സംസാരിക്കാന്‍ തുടങ്ങി. പര്‍വീണിന്റെ അസംഖ്യം ആരാധകരിലൊരാള്‍. ഞാനാണ് പര്‍വീണ്‍ എന്ന് കരുതിയാണ് അവരെന്റെ അടുത്തേക്ക് വന്നത്. പര്‍വീണ്‍ മരിച്ചശേഷമാണ് സംഭവം. നിങ്ങള്‍ക്ക് ഏറെയിഷ്ടപ്പെട്ട താരം മരിച്ചുവെന്ന് എങ്ങനെയാണ് ആ ആരാധികയോട് പറയുക എന്നാണ് ഞാന്‍ മനസ്സില്‍ ചിന്തിച്ചതുമുഴുവന്‍''. പര്‍വീണുമായി തനിക്ക് ഏറെ അടുപ്പമുണ്ടായിരുന്നുവെന്നും സീനത്ത് ഓര്‍ക്കുന്നു. 

ആദ്യം സിനിമയിലെത്തിയത് സീനത്ത് അമനാണ്. ബോളിവുഡിലെ അന്നത്തെ സ്‌റ്റൈല്‍ അവര്‍ പൊളിച്ചെഴുതി. മോഡേണും ട്രഡീഷണലും ഒരുപോലെ ചേരുമായിരുന്നു അവര്‍ക്ക്. ഡീപ് നെക്ക് സില്‍വര്‍ ഗൗണും സീക്വന്‍സ് പിടിപ്പിച്ച ഡ്രസ്സും ബ്രാലെറ്റ് ടോപ്പും ബിക്കിനിയുമെല്ലാം യുവാക്കളുടെ ഹരമായി. 'സത്യം ശിവം സുന്ദര'ത്തിലെ അവരുടെ വസ്ത്രധാരണം അക്കാലത്ത് കുറേ വിമര്‍ശനം കേട്ടിരുന്നു. എന്നാല്‍, സ്ത്രീസൗന്ദര്യമാണത്, അതില്‍ അശ്ലീലമായൊന്നുമില്ലെന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. ആളുകള്‍ തന്നെ സെക്സ് ഡോളായി ബ്രാന്‍ഡ് ചെയ്യുന്നതൊന്നും അവരെ ബാധിച്ചതുമില്ല.

സീനത്ത് അമന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ്, അതേ രൂപഭാവങ്ങളോടെ പര്‍വീണിന്റെയും വരവ്. അതോടെ ആരാധകര്‍ അവരെ 'പാവപ്പെട്ടവരുടെ സീനത്ത് അമന്‍' എന്ന് വിളിച്ചുതുടങ്ങി. അവിടുന്ന് വളരെ പെട്ടെന്നാണ് പര്‍വീണ്‍ എന്ന പേരില്‍ തന്നെ ആരാധകരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്.

സ്വകാര്യജീവിതത്തിന്റെ കാര്യത്തിലും സാമ്യങ്ങളേറെയുണ്ടായിരുന്നു ഈ താരസുന്ദരിമാര്‍ക്ക്. കബീര്‍ ബേദി, ഡാനി ഡെന്‍സോങ്പ, മഹേഷ് ഭട്ട് എന്നിവരുമായി പര്‍വീണ്‍ പ്രണയത്തിലായിരുന്നു. എന്നാലതിലൊന്നും അവര്‍ക്ക് സന്തോഷം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എല്ലാ ബന്ധങ്ങളും പാതിവഴിയില്‍ അവസാനിക്കുകയും ചെയ്തു. ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ഖാന്‍, നിര്‍മാതാവും നടനുമായ മസര്‍ ഖാന്‍ എന്നിവരുമായി സീനത്തിന്റെ വിവാഹം നടന്നു. പക്ഷേ, രണ്ടു വിവാഹജീവിതത്തിലും പ്രശ്‌നങ്ങള്‍ മാത്രമായിരുന്നു അവശേഷിച്ചത്.