
കൊല്ലത്തു തന്നെയുള്ള ഒരുപക്ഷേ കൊല്ലത്തിന്റെ സാമ്പത്തിക ചരിത്രത്തില്‍ തന്നെ വലിയ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സ്ഥലമാണ് ജെറോം നഗര്‍. വലിയ ഒരു ഷോപ്പിംഗ് കോംപ്ലക്‌സ് അവിടുത്തെ പല കടകളും ഇന്നുണ്ടോ എന്നറിയില്ല, പക്ഷേ ഷെഫ് കിംഗ് ഇപ്പോഴുമുണ്ട്. അമല ബേക്കറിയില്‍ പോകുന്നത് പോലെ നല്ല വിശപ്പുണ്ടെങ്കില്‍ ഞങ്ങള്‍ പോകുന്ന ഒരു കടയായിരുന്നു ഷെഫ് കിംഗ്. പക്ഷേ പോക്കറ്റിന് അല്‍പ്പം കനം ഉണ്ടെങ്കില്‍ മാത്രമേ ഷെഫ് കിങ്ങില്‍ പോകാറുണ്ടായിരുന്നുള്ളു. ശരിക്കും രാജാവ് തന്നെ. രുചിയുടെ രാജാവാണ് ആ കട. അത്രയും രുചിയേറിയതായിരുന്നു അവിടുത്തെ ഓരോ വിഭവങ്ങളും, അതില്‍ പൊറോട്ടയും, ചില്ലി ബീഫും ആയിരുന്നു ഞങ്ങളുടെ സ്ഥിരം വിഭവം. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ചിലപ്പോഴൊക്കെ വിളിക്കാന്‍ വരുന്ന ഭര്‍ത്താവിനെ കാണുമ്പോള്‍ മനസ്സില്‍ ലഡു പൊട്ടും. മറ്റൊന്നും കൊണ്ടല്ല, ഒന്നുകില്‍ അമല ബേക്കറിയില്‍ അല്ലെങ്കില്‍ ഷെഫ് കിങ്ങില്‍ പോകുമെന്നും, വയറു നിറച്ച് ഭക്ഷണം കഴിക്കുമെന്നും ഉറപ്പാണ്.
കൈനെറ്റിക് ഹോണ്ടയുടെ പുറകില്‍ ഇരുന്ന് ചിന്നക്കടയിലേക്കു വണ്ടി തിരിക്കുമ്പോള്‍ മനസ്സില്‍ കുളിരു കോരിയിടാന്‍ തുടങ്ങും. അമലയിലേക്കാണ് പോകുന്നതെങ്കില്‍ ചെറിയ കുളിരും, ഷെഫ് കിങ്ങിലേക്കാണ് പോകുന്നതെങ്കില്‍ വലിയ കുളിരും കോരിയിടും. അവിടെയെത്തി കഴിഞ്ഞാല്‍ മറ്റൊരു പ്രത്യേകത ആ ഹോട്ടലില്‍ ഉള്ളിലിരുന്നു കഴിക്കാന്‍ കുറച്ചു സ്ഥലം മാത്രമേ ഉള്ളു, പക്ഷേ പുറത്ത് അതിവിശാലമായ ഇരിപ്പിടങ്ങളുണ്ട്. അവിടെയിരുന്നു വൈകുന്നേരത്തെ ഇളം കാറ്റും കൊണ്ട്, ചൂട് പൊറോട്ടയും, ചില്ലി ബീഫും കഴിക്കുക, എത്ര മനോഹരവും, മധുരോദാരവുമായ ഒരു അനുഭവമാണെന്ന് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല.
ഏറ്റവും മൃദുലവും എന്നാല്‍ എത്രയും ക്രിസ്പിയും ആയ പൊറോട്ടയുടെ ഒപ്പം തലപ്പാവ് വെച്ച ഒരു വെയ്റ്റര്‍ നല്ല ആവി പറക്കുന്ന ചില്ലി ബീഫ് കൊണ്ട് വരും. മറ്റ് ഹോട്ടലുകളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ ബീഫ്ചില്ലി അല്‍പ്പം കൂടെ കാവ്യാത്മകമാണ്. അതിന് കടും ചുവപ്പോ ബ്രൗണ്‍ നിറമോ അല്ല പകരം അതിനൊരു തവിട്ടു വര്‍ണമാണ്, അതില്‍ ബ്രൗണ്‍ നിറത്തിലുള്ള കൃശഗാത്രരായ ബീഫ് കഷണങ്ങള്‍ നല്ല ചൂടുള്ള കുറുകിയ ചാറില്‍ ഇങ്ങനെ കിടന്ന് സൂര്യസ്‌നാനം ചെയ്യുന്നു, നല്ല എരിവുള്ള പച്ച മുളകും നല്ല ഹരിതവര്‍ണത്തിലുള്ള കാപ്‌സിക്കം വൃത്തങ്ങളും, സ്പ്രിങ് ഒനിയന്‍ കുഞ്ഞുങ്ങളും ചുറ്റും കിടന്നു സ്ലോ മോഷനില്‍ നൃത്തം ചെയ്യുന്നു. സോയ സോസിന്റെയും മുളകിന്റെയും നേരിയ മണം ഇങ്ങനെ തെന്നി തെന്നി പറക്കുന്നു, എന്തൊരാനന്തമാണ് അത് കാണുന്നത് പോലും. പാത്രത്തിലേക്ക് ഒരു പൊറോട്ട മെല്ലെ എടുത്തിടണം, കൈ പൊള്ളരുത്, നല്ല ചൂട് പൊറോട്ടയാണ്, പൊറോട്ടയുടെ ഒരു സൈഡിലേക്ക് രണ്ടു സ്പൂണ്‍ ബീഫ് ചില്ലി ഒഴിച്ചു കൊടുക്കണം, രണ്ടു മിനിറ്റ് വെയിറ്റ് ചെയ്യണം, ചൂട് ബീഫ് ചില്ലിയുടെ ചാറങ്ങനെ മെല്ലെ പൊറോട്ട പാളികളിലേക്കു അരിച്ചിറങ്ങും, അതങ്ങനെ ഓരോ പാളികളുടെയും കോശങ്ങളെ കുതിര്‍ത്തു പൊറോട്ടയുടെ ആത്മാവിലേക്ക് ഒഴുകിയെത്തും. പൊറോട്ടയങ്ങനെ ബീഫ് ചില്ലിയുടെ അരൂപിയാല്‍ നിറയും, അതിനെടുക്കുന്ന സമയമാണ് രണ്ടു മിനിറ്റ്, അന്നേരം മെല്ലെ മൂന്ന് വിരലുകള്‍ കൊണ്ട് ആ കുതിര്‍ന്ന പാളി മെല്ലെ മുറിച്ചു വായിലേക്ക് വെയ്ക്കണം. പൊറോട്ടയും ബീഫ് ചില്ലിയും നമ്മുടെ വായില്‍ കിടന്നങ്ങനെ രൂപാന്തരം പ്രാപിക്കും, നല്ല വെന്ത പൊറോട്ട അതുപോലെ വെന്ത ബീഫ്, അവരങ്ങനെ പരസ്പരം കൂടിച്ചേരുന്നത്, അതൊരു അനുഭവമാണ്. ഇനി രണ്ടു മൂന്ന് തവണ അങ്ങനെ കഴിച്ചു കഴിയുമ്പോള്‍, പൊറോട്ട ഡ്രൈ ആയി കഴിക്കണമെന്നു തോന്നിയാല്‍ ബീഫ് ചില്ലിയുടെ ചാറ് ഒഴിച്ചു കുതിര്‍ക്കാത്ത ഒരു കഷ്ണം പൊറോട്ട പൊട്ടിച്ചു വായില്‍ വെയ്ക്കുക, അതും കുറച്ചു കഴിഞ്ഞു മടുക്കുമ്പോള്‍, ബീഫ് മാത്രമായി എടുത്തു കഴിക്കുക.
ഇങ്ങനെ പല പല കോമ്പിനേഷന്‍സ് പരീക്ഷിച്ച് നമുക്ക് നല്ല അനായാസേന കുറഞ്ഞത് രണ്ട് പൊറോട്ടയെങ്കിലും ഒറ്റയിരിപ്പിന് കഴിച്ചു തീര്‍ക്കാം. അന്നൊക്കെ വിശപ്പ് എന്ന വികാരം ഞങ്ങള്‍ അനുഭവിക്കുകയും, ആഘോഷിക്കുകയും ചെയ്തിരുന്നു. ഷെഫ് കിങ്ങ് ആ വികാരത്തെ ആസ്വദിക്കുവാന്‍ ഞങ്ങളെ പഠിപ്പിച്ചു. ജീവിതത്തില്‍ കിട്ടിയ പല രുചികളും, ജീവിതത്തെ കുറച്ചു കൂടെ അരുമയോടെ നോക്കുവാനും, ആത്മാവിലേക്ക് ചേര്‍ക്കുവാനും ഞങ്ങളെ പഠിപ്പിച്ചു. ഭക്ഷണം ഒരു മൂര്‍ത്തമായ ഉല്‍പ്പന്നം എന്നതിലുപരി അമൂര്‍ത്തതയെ അന്വേഷണാത്മകമായി സമീപിക്കുവാനും, വീക്ഷിക്കുവാനും ഞങ്ങളെ പഠിപ്പിച്ചു. അതുകൊണ്ടാണ് ഷെഫ് കിങ്ങ് എന്ന ഭക്ഷണ ശാലയും, അവിടുത്തെ ജോലികള്‍ ചെയ്യുന്നവരും, അവര്‍ ഞങ്ങള്‍ക്ക് പാകം ചെയ്തു തന്ന വിഭവവും പുതുമ ഒട്ടും തന്നെ നഷ്ടപ്പെടാതെ ഞങ്ങളെ പിന്തുടരുന്നതു. അത് കൊണ്ട് ഗോദയിലെ ടോവിനൊയോടൊപ്പം ഞങ്ങളും പറയും, 'മലയാളിയുടെ ഒരു വികാരമാണ് പൊറോട്ട.'
Content Highlights: ruchiyorma childhood food memories by dr.jiji j alex
Published: 19 Jul 2023, 10:05 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented