ഒന്നര വര്‍ഷത്തിനുള്ളില്‍ ഒരു സിനിമയുടെ രണ്ട് റീമേക്കുകള്‍ കൂടി പുറത്തിറക്കിയെന്ന ക്രെഡിറ്റുണ്ട് സംവിധായകന്‍ സിദ്ദീക്കിന്. പറഞ്ഞുവരുന്നത് 'ബോഡിഗാര്‍ഡ്' എന്ന സിനിമയെക്കുറിച്ചാണ്. 2010 ജനുവരിയിലാണ് മലയാളത്തിലുള്ള 'ബോഡിഗാര്‍ഡ്' റിലീസായത്. ദിലീപ്, നയന്‍താര, മിത്ര കുര്യന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായത്. 'രാപ്പകല്‍' എന്ന സിനിമയ്ക്കുശേഷം മലയാളം വിട്ട നയന്‍താരയുടെ തിരിച്ചുവരവ് സിനിമ കൂടിയായിരുന്നുവിത്. 

To advertise here,

തമിഴില്‍ വിജയ് നായകനായപ്പോള്‍ അസിന്‍, മിത്ര കുര്യന്‍ എന്നിവര്‍ നായികമാരായി. വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് വിടവാങ്ങാന്‍ തീരുമാനിച്ച അസിന്റെ, അവസാനത്തെ തമിഴ്ചിത്രമായിരുന്നു 'കാവലന്‍'. ആദ്യം 'കാവല്‍ക്കാരന്‍' എന്നാണ് പേരിടാന്‍ തീരുമാനിച്ചത്. പിന്നീട് 'കാവല്‍ കാതല്‍' എന്ന പേരും ചര്‍ച്ചകളില്‍ വന്നെങ്കിലും, ഒടുവില്‍ 'കാവലന്‍' തന്നെ ഉറപ്പിക്കുകയായിരുന്നു. 'ഫ്രണ്ട്‌സ്' സിനിമയുടെ തമിഴ് റീമേക്കില്‍ വിജയ് ആയിരുന്നു നായകന്‍. പിന്നീട് സിദ്ദീഖ്-വിജയ് ടീം വീണ്ടും ഒരുമിച്ചത് 'കാവലനു'വേണ്ടിയായിരുന്നു. സിനിമ സൂപ്പര്‍ഹിറ്റുകളിലൊന്നായി മാറി. 100 കോടിയിലേറെയായിരുന്നു സിനിമയുടെ കളക്ഷന്‍. തമിഴ്‌നാട്ടിലെ രണ്ടുതിയേറ്ററുകളില്‍ മാത്രം 100 ദിവസമാണ് സിനിമ ഓടിയത്.    

മാസങ്ങളുടെ വ്യത്യാസത്തിലാണ് തമിഴും ഹിന്ദിയും റിലീസായത്. 2011 ജനുവരി 14-ന് തമിഴ് റീമേക്ക് പുറത്തിറങ്ങിയപ്പോള്‍, അതേ വര്‍ഷം ഓഗസ്റ്റ് 31-ന് ഹിന്ദിയും റിലീസായി. ഒരു സുഹൃത്ത് മുഖേന സല്‍മാന്‍ ഖാന്റെ സഹോദരി അല്‍വിറ അഗ്നിഹോത്രിയാണ് 'ബോഡിഗാര്‍ഡി'ന്റെ മലയാളം പതിപ്പ് കാണുന്നത്. അവര്‍ പറഞ്ഞതനുസരിച്ചാണ് സല്‍മാനും ആ പടം കണ്ടു. അതിഷ്ടപ്പെട്ട സല്‍മാന്‍, ഹിന്ദി റീമേക്കില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ സിദ്ദീക്ക് ബോളിവുഡിലേക്കും കടന്നു. 

സല്‍മാന്‍ ഖാന്‍, കരീന കപൂര്‍, ഹേസല്‍ കീച്ച് തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി. നായികയാവാന്‍ സിദ്ദീക്ക് ആദ്യം സമീപിച്ചിരുന്നത് നയന്‍താരയെ ആയിരുന്നുവത്രേ. എന്നാല്‍, മലയാളത്തിലെ അതേ റോള്‍ ചെയ്യാന്‍ താത്പര്യമില്ലാതിരുന്നതിനാല്‍ നയന്‍താര ഒഴിഞ്ഞു. ഒടുവില്‍ കരീന നായികയായി. ഏറ്റവും കൂടുതല്‍ ഹിറ്റായത് ഹിന്ദി റീമേക്ക് തന്നെ. 'ദബങ്ങി'ന്റെ റെക്കോഡ് തകര്‍ത്തുകൊണ്ട് ആദ്യദിവസം ഏറ്റവും കൂടുതല്‍ പണം വാരുന്ന പടമായി മാറി. ദുബായിലും സിനിമയ്ക്ക് മികച്ച ഓപ്പണിങ്ങാണ് ലഭിച്ചത്. യു.കെ. ടോപ് ടെന്നിലും സിനിമ ഇടംപിടിച്ചു. 2011-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പടവും ഇതുതന്നെ. 252 കോടിയാണ് നേടിയത്. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റിനൊപ്പം അല്‍വിറയും ഭര്‍ത്താവ് അതുല്‍ അഗ്നിഹോത്രിയും സിനിമയുടെ നിര്‍മാതാക്കളായി. 

'ബോഡിഗാര്‍ഡി'ന്റെ തെലുഗു, കന്നഡ പതിപ്പുകളും പുറത്തിറങ്ങിയെങ്കിലും, അത് രണ്ടും സിദ്ദീക്ക് അല്ല സംവിധാനം ചെയ്തത്. തെലുഗുവില്‍ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ നായകന്‍ വെങ്കിടേഷും നിര്‍മാതാവ് ബെല്ലംകൊണ്ട സുരേഷും സിദ്ദീക്കിനെ സമീപിച്ചിരുന്നു. ആദ്യം സമ്മതിക്കുകയും ചെയ്തു. എന്നാല്‍, അതേ സമയത്ത് ഹിന്ദി റീമേക്ക് തുടങ്ങിയിരുന്നു അദ്ദേഹം. അങ്ങനെ സിദ്ദീക്ക് ഒഴിയുകയായിരുന്നു.