ജെന്നിഫര്‍ ലോപസിന്റെ പ്രണയകഥകള്‍ക്ക് അവരുടെ സംഗീതം പോലെ തന്നെ പ്രശസ്തിയുണ്ട്. അമേരിക്കന്‍ നടനും സംവിധായകനുമായ ബെന്‍ അഫ്‌ളെകുമായുള്ള വിവാഹബന്ധത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ജെന്നിഫര്‍ വെളിപ്പെടുത്തിയിട്ട് അധികമായിട്ടില്ല. ഇപ്പോഴിതാ തന്റെ ബോഡിഗാര്‍ഡുമായി അവര്‍ രഹസ്യമായി പ്രണയത്തിലായിരിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പുറത്തുവരുന്നു. 

To advertise here,

ഹോളിവുഡിലെ ശ്രദ്ധേയരായ ദമ്പതിമാരായിരുന്നു ബെന്നിഫെര്‍. 2001-ല്‍ ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിടുന്ന കാലത്ത് ജെന്നിഫര്‍ തന്റെ രണ്ടാം ഭര്‍ത്താവുമൊത്ത് ജീവിക്കുകയാണ്. ബെന്നുമായ പ്രണയം കടുത്ത വേളയില്‍, രണ്ടാംഭര്‍ത്താവുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ജെന്നിഫര്‍ പുതിയ പ്രണയത്തിന് തടസ്സങ്ങള്‍ നീക്കി. ഹോളിവുഡിലെ പുതിയ ശക്തരായ പ്രണയജോടികളെന്ന നിലയില്‍ അവര്‍ക്ക് വലിയ മീഡിയ സെന്‍സേഷന്‍ തന്നെയാണ് അന്ന് ലഭിച്ചത്.  

വൈകാതെ പ്രണയജീവിതത്തിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍ ബെന്‍ ജെന്നിഫറിനെ പ്രൊപോസ് ചെയ്തു. 2.5 മില്യണ്‍ ഡോളറിന്റെ പിങ്ക് ഡയമണ്ട് മോതിരം നല്‍കിക്കൊണ്ടായിരുന്നു പ്രൊപോസല്‍. വിവാഹനിശ്ചയവും കഴിഞ്ഞു. സെന്‍സേഷണലായ താരദമ്പതികളുടെ പുറമെ എപ്പോഴും മാധ്യമങ്ങളുണ്ടായിരുന്നു. ചില വിഷയങ്ങളിലെ മാധ്യമങ്ങളുടെ ഇടപെടല്‍ കാരണം, 2003-ല്‍ നടക്കാനിരുന്ന വിവാഹം ഇരുവരും നീട്ടിവെച്ചു. 

2004-ല്‍ ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തയാണ് പിന്നീട് ആരാധകരറിയുന്നത്. പ്രണയമവസാനിച്ചതായി വെളിപ്പടുത്തിയതിനു പിന്നാലെ ഇരുവരും തങ്ങളുടെ ജീവിതപങ്കാളികളെ കണ്ടെത്തി വിവാഹിതരായി. 2004-ല്‍ ജെന്നിഫര്‍ മാര്‍ക് ആന്റണിയെ വിവാഹം ചെയ്തു.  മൂന്നാംവിവാഹത്തിൽ താരത്തിന് രണ്ട് കുട്ടികളുണ്ട്. ബെന്‍ അഫ്‌ളെക് നടി ജെന്നിഫര്‍ ഗാര്‍നെറിനെ 2005-ലും വിവാഹം ചെയ്തു. വിദൂരത്തായെങ്കിലും ബെന്നുമായി അത്ര അകലത്തിലായിരുന്നില്ല ജെന്നിഫര്‍. 

ദീർഘകാലത്തിനുശേഷം 2021-ൽ ഇരുവരും ഒന്നിച്ച് സമയം ചെലവിടുന്നുവെന്ന വാര്‍ത്ത പാപ്പരാസികള്‍ പുറത്തുവിട്ടു. തങ്ങള്‍ വീണ്ടും പ്രണയത്തിലായെന്ന വാര്‍ത്തയുമായാണ് ജെന്നിഫറും ബെന്നും പിന്നീട് ആരാധകര്‍ക്കു മുമ്പിലെത്തിയത്. വൈകാതെ ഇരുവരും ബന്ധം പരസ്യമാക്കുകയും ചെയ്തു. ഇത്തവണ ഒരു പച്ച ഡയമണ്ട് മോതിരവുമായാണ് ബെന്‍ ജെന്നിഫറിനെ പ്രൊപോസ് ചെയ്തത്. 2022-ല്‍ വിവാഹനിശ്ചയം. വിവാഹിതരായി രണ്ടുവര്‍ഷത്തോളം താരദമ്പതികള്‍ ഒന്നിച്ചുണ്ടായിരുന്നു.

എന്നാല്‍, രണ്ടാംവിവാഹവാര്‍ഷികദിനത്തില്‍ ബെന്നുമായുള്ള വിവാഹമോചനത്തിന് ജെന്നിഫര്‍ കൗണ്‍സിലിനെ സമീപിച്ചു. ഒന്നിച്ചുജീവിക്കാന്‍ ശ്രമിച്ചെങ്കിലും പ്രൊഫഷണല്‍ ജീവിതം അതിന് തടസ്സമായെന്നാണ് അവര്‍ വിവാഹമോചനത്തിന് കാരണം പറഞ്ഞത്.

സജീവമായ ഡേറ്റിങ്ങിലല്ലെങ്കിലും ജെന്നിഫർ പ്രണയത്തില്‍ നിന്നകന്ന് ജീവിക്കുകയല്ലെന്നാണ് പാപ്പരാസികള്‍ പറയുന്നത്. നിലവില്‍ ബോഡിഗാര്‍ഡിനോടാണ് അവരുടെ പ്രണയമെന്നും എല്ലാ ഔട്ടിങ്ങുകളിലും ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നതെന്നും പറയപ്പെടുന്നു. 55-കാരിയായ ജെന്നിഫര്‍ ലണ്ടന്‍, ന്യൂയോര്‍ക്ക് പ്രോഗ്രാമുകളിലെല്ലാം ഈ അംഗരക്ഷകനുമായാണത്രേ എത്തിയത്. അഭ്യൂഹങ്ങളോട് താരം പ്രതികരിച്ചിട്ടില്ല.

വിവാഹമോചനശേഷം താന്‍ ഒറ്റയ്ക്കാണെന്നും വിഷാദത്തിലൂടെയും ഒറ്റപ്പെടലിലൂടെയും കടന്നുപോകുന്നുവെന്നും ജെന്നിഫര്‍ പറഞ്ഞിരുന്നു. മറ്റൊരു ബന്ധത്തെപ്പറ്റി ചിന്തിക്കുന്നില്ലെന്നും കുട്ടികള്‍ക്കും കുടുംബത്തിനും പ്രൊഫഷനുമാണ് പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ വെളിപ്പെടുത്തി.