
മുന്നില്‍ വിശാലമായി പരന്നുകിടക്കുന്ന വേമ്പനാട്ടുകായല്‍. ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന ഹൗസ് ബോട്ടിന്റെ മുനമ്പില്‍ ജലഭംഗി കണ്ടുനില്‍ക്കുകയാണ് ഇളയരാജ. 'മനസ്സിനക്കരെ'യിലെ പാട്ടുകളൊരുക്കാന്‍ രാവിലത്തെ ഫ്ലൈറ്റില്‍ എത്തിയതാണ്. സാധാരണ ചെന്നെയിലെ പ്രസാദ് സ്റ്റുഡിയോവില്‍ സ്വന്തം കമ്പോസിങ് റൂമില്‍ ഇരുന്നുമാത്രമാണ് അദ്ദേഹം ഈണങ്ങള്‍ ചിട്ടപ്പെടുത്താറുള്ളത്. കുടിയേറ്റ കര്‍ഷകനായ മാത്തുക്കുട്ടിച്ചായന്റെ നാട്ടിന്‍പുറത്തുകാരിയായ ഭാര്യ കൊച്ചുത്രേസ്യയുടെ കഥയ്ക്ക് നാട്ടിലിരുന്നുതന്നെ സംഗീതം പകരണമെന്നത് എന്റെയൊരു മോഹമായിരുന്നു.
മണ്ണിന്റെ മണമുള്ള പാട്ടുകള്‍ എന്നൊക്കെ പറയാറില്ലേ. അതിനുവേണ്ടിയൊരു അന്തരീക്ഷമൊരുക്കാം എന്നൊരു തോന്നല്‍. കേട്ടപ്പോള്‍ ഫാസില്‍ പറഞ്ഞു, ''നടക്കില്ല സത്യാ, തന്റെ സ്വന്തം മുറിയിലിരുന്നേ രാജാ സാര്‍ കമ്പോസ് ചെയ്യൂ. രജനീകാന്തും കമലഹാസനുമടക്കം പലരും പലതവണ ശ്രമിച്ചിട്ടുണ്ട്. അവരുടെ ക്ഷണമൊക്കെ വിനയപൂര്‍വം അദ്ദേഹം നിരസിച്ചിട്ടുമുണ്ട്.''
ഇളയരാജയ്ക്ക് എന്നെ പരിചയപ്പെടുത്തിയ വ്യക്തിയാണ് ഫാസില്‍. പറയുന്നത് നൂറുശതമാനം സത്യവുമാണ്. എങ്കിലും എനിക്കൊരു തോന്നല്‍ ഞാന്‍ വിളിച്ചാല്‍ വരുമെന്ന്. അതിനുമുന്‍പ് ഒരേയൊരു സിനിമയിലേ ഞങ്ങളൊരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളൂ, 'കൊച്ചു കൊച്ചു സന്തോഷങ്ങള്‍'. പക്ഷേ, ആ പടത്തിന്റെ ജോലികള്‍ക്കിടയില്‍ ഞങ്ങള്‍ തമ്മിലൊരു സൗഹൃദം രൂപപ്പെട്ടിരുന്നു. സൗഹൃദമെന്നല്ല പറയേണ്ടത്. എന്നോട് അദ്ദേഹത്തിനൊരു വാത്സല്യമുള്ളതായി തോന്നിയിരുന്നു. ആ വിശ്വാസത്തില്‍ ഞാനദ്ദേഹത്തെ ഫോണില്‍ വിളിച്ചു.
''ഒന്ന് ആലപ്പുഴയിലേക്ക് വരാമോ? രണ്ടുമൂന്ന് ദിവസം ചെന്നെയിലെ തിരക്കുകളില്‍നിന്ന് വിട്ടുനില്‍ക്കാം. കായലിന്റെ തീരത്തുള്ള റിസോര്‍ട്ടില്‍ മുറിയെടുക്കാം. ഇടയ്ക്ക് ഹൗസ്ബോട്ടിലൊന്ന് കറങ്ങാം.''
അദ്ദേഹം ചിരിച്ചു.
''ക്ലൈമറ്റ് എപ്പടിയിരുക്ക്?''
''നല്ല ക്ലൈമറ്റാണ് സാര്‍, ചൂട് അധികമില്ല. ചില ദിവസങ്ങളില്‍ മഴയുമുണ്ട്.''
എന്റെ സ്നേഹത്തില്‍ അദ്ദേഹം വീണു. എയര്‍പോര്‍ട്ടില്‍നിന്ന് നേരേ ഹൗസ് ബോട്ടിലേക്കാണ് എത്തിയത്. കൂടെ ഹാര്‍മോണിയവുമായി സഹായി സുന്ദരരാജനുമുണ്ട്. ഗിരീഷ് പുത്തഞ്ചേരി അതിനുമുന്‍പുതന്നെ വന്നിരുന്നു. ഹൗസ് ബോട്ട് നീങ്ങിത്തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു. ''ഇന്ന് നമുക്ക് പാട്ടിന്റെ ജോലിയൊന്നും വേണ്ട. കായലിലൂടെ കുറേ നേരം ചുറ്റിയടിക്കാം. കഥകള്‍ പറയാം. നല്ല വെജിറ്റേറിയന്‍ ഊണ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നു മയങ്ങാനും സൗകര്യമുണ്ട്.''
രാജാ സാര്‍ ശരിക്കും സന്തോഷവാനായി. സ്റ്റുഡിയോ, വീട്, തിയേറ്റര്‍ എന്നതുവിട്ട് മറ്റൊരു ലോകം അദ്ദേഹത്തിനില്ലായിരുന്നു. എപ്പോഴെങ്കിലും പുറത്തുപോകുന്നത് തിരുവണ്ണാമലയിലേക്കാണ്. ആത്മീയഗുരുവായ രമണ മഹര്‍ഷിയുടെ ആശ്രമത്തിലേക്ക്. അവിടെ അദ്ദേഹം സന്ന്യാസിതുല്യനാണ്.
തെളിഞ്ഞ മനുസ്സുമായി ഇരുന്ന അദ്ദേഹത്തിനോട് ഞാന്‍ 'മനസ്സിനക്കരെ'യുടെ കഥ പറഞ്ഞു. എവിടെയൊക്കെ ഗാനങ്ങള്‍ വേണ്ടിവരുമെന്നും സൂചിപ്പിച്ചു. രഞ്ജന്‍ പ്രമോദാണ് തിരക്കഥാകൃത്ത്. എഴുത്ത് പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് രഞ്ജന്‍ എറണാകുളത്തെ ഹോട്ടല്‍ മുറിയില്‍ തലയ്ക്ക് തീപിടിച്ച് ഇരിക്കുകയാണ്. കുറച്ചുനേരം കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞ്, കിട്ടിയ സമയംകൊണ്ട് ഗിരീഷിനെ കുറച്ച് ഉപദേശിച്ച് രാജാ സാര്‍ ബോട്ടിന്റെ മുനമ്പിലേക്ക് നടന്നു.

ശാന്തമായ കായല്‍. സുഖമുള്ള കാറ്റ്. അവിടവിടെയായി വല വീശുന്ന വള്ളക്കാര്‍. പറന്നകലുന്ന പലതരം പക്ഷികള്‍. പെട്ടെന്ന് ഇളയരാജ പറഞ്ഞു, ''സുന്ദരരാജാ ആ ഹാര്‍മോണിയം ഇങ്ങെടുക്ക്.''
സുന്ദരരാജന്‍ ഹാര്‍മോണിയം അദ്ദേഹത്തിന്റെ മുന്നിലേക്കെടുത്തുവെച്ചു. അപ്പോഴും ഞാന്‍ പറഞ്ഞു, ''മ്യൂസിക്കൊന്നും ഇന്നു ചെയ്യണ്ട സാര്‍, റിലാക്സ് ചെയ്യൂ. ഫ്രഷായി നമുക്ക് നാളെ തുടങ്ങാം.''
''ഏയ്. ഇത് വെറുമൊരു രസത്തിന്.'' എന്നുപറഞ്ഞ് അദ്ദേഹം ഹാര്‍മോണിയത്തിലൂടെ വിരലോടിച്ചു. എന്നിട്ട് അധികം ശബ്ദമില്ലാതെ ഒരു ഈണം മൂളി. അതിമനോഹരമായ ഒരു പല്ലവി. സുന്ദരരാജന്‍ അത് ടേപ്പ്റെക്കോര്‍ഡറില്‍ പകര്‍ത്തി.
''നല്ല രസമുണ്ട് കേള്‍ക്കാന്‍'' എന്ന് അതിശയത്തോടെ ഞാന്‍ പറഞ്ഞു.
ചിരിച്ചുകൊണ്ടദ്ദേഹം ചോദിച്ചു, ''ജയറാം അമ്മച്ചിയേയുംകൊണ്ട് വാകത്താനത്തേക്ക് പോകുമ്പോള്‍, ആ പള്ളിയുടെ പടിക്കെട്ടില്‍നിന്ന് പാടുന്ന പാട്ടിന് ഇത്തരമൊരു ഈണം മതിയോ?''
''ഇത്തരമല്ല. ഇതുതന്നെ മതി''യെന്നു ഞാന്‍ പറഞ്ഞു. ഗിരീഷ് അത് സ്വയമൊന്ന് മൂളിനോക്കി തലകുലുക്കി.
''മെല്ലെയൊന്നു പാടി നിന്നെ
ഞാനുറക്കിയോമനേ'' എന്ന പാട്ട് പിറവിയെടുക്കുകയായിരുന്നു.
പിന്നെ ഹാര്‍മോണിയമില്ലാതെ കായലിലേക്ക് നോക്കി ഉറക്കെ അദ്ദേഹം അതിന്റെ തുടര്‍ച്ച പാടി. അത് ചരണമായി മാറി. ഇളയരാജയുടെ ആത്മാവില്‍നിന്ന് ഒരു ഗാനം ഒഴുകിവരുന്നത് ഞാന്‍ നേരിട്ട് കാണുകയായിരുന്നു.
വെറുതേയല്ല എ.ആര്‍. റഹ്മാന്‍ ഒരിക്കല്‍ പറഞ്ഞത്, ''ഞാനൊക്കെ ഒരു പാട്ടിനുവേണ്ടി മാസങ്ങളോളം തപസ്സിരിക്കാറുണ്ട്. ഇളയരാജ ഹാര്‍മോണിയത്തില്‍ കൈവെച്ചാല്‍ അത് സംഗീതമാണ്...''
'കൊച്ചുകൊച്ചു സന്തോഷങ്ങ'ളുടെ പാട്ടുകള്‍ കമ്പോസ് ചെയ്യാന്‍ ചെന്നൈയിലേക്ക് പോകുമ്പോള്‍ ഞാന്‍ വീട്ടില്‍ പറഞ്ഞത് ഒന്നോ രണ്ടോ ആഴ്ചകഴിഞ്ഞേ തിരിച്ചുവരൂ എന്നാണ്. നൃത്തത്തിനും സംഗീതത്തിനുമൊക്കെ പ്രധാന്യമുള്ള സിനിമയാണ്. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സംഗീതസംവിധായകനോടൊപ്പം ആദ്യമായാണ് ഒരു സിനിമയ്ക്കുവേണ്ടി ഇരിക്കുന്നത്. എത്ര ദിവസങ്ങള്‍ വേണ്ടിവരുമെന്ന് ഒരു പിടിയുമില്ല. ഇളയരാജയെ പരിചയപ്പെടുത്തിയ ഫാസില്‍ ആദ്യമേതന്നെ പറഞ്ഞിരുന്നു, ''രാവിലെ കൃത്യം ഏഴുമണിക്കുതന്നെ അദ്ദേഹം സ്റ്റുഡിയോവിലെത്തും. ആറേമുക്കാലാകുമ്പോഴേക്കും സത്യന്‍ അവിടെ ചെന്നിരിക്കണം.''
ഞാന്‍ ആറരയ്ക്കുതന്നെയെത്തി. പറഞ്ഞതുപോലെ ഏഴുമണിക്ക് തൂവെള്ള വസ്ത്രമണിഞ്ഞ് പ്രസന്നമായ ചിരിയോടെ രാജാസാര്‍ എത്തി. ഒരു വെണ്‍മേഘം ഭൂമിയിലേക്ക് ഇറങ്ങിവന്നതുപോലെ. മൂകാംബികയുടെ മുന്നില്‍ വിളക്കുകൊളുത്തി പ്രാര്‍ഥിച്ചശേഷം കഥ കേള്‍ക്കാനിരുന്നു. കഷ്ടപ്പെട്ട് തമിഴില്‍ കഥ പറഞ്ഞുതുടങ്ങിയ എന്നോട് ശുദ്ധമായ മലയാളത്തില്‍ അദ്ദേഹം പറഞ്ഞു, ''മലയാളം മതി. എനിക്ക് മനസ്സിലാകും.''
കഥയും ഗാനസന്ദര്‍ഭങ്ങളും അരമണിക്കൂറുകൊണ്ട് ഞാന്‍ വിവരിച്ചുകൊടുത്തു. അല്പനേരം ധ്യാനിച്ചിരുന്നശേഷം അദ്ദേഹം ഹാര്‍മോണിയമെടുത്ത് ട്യൂണുകള്‍ മൂളാന്‍ തുടങ്ങി. ഒരു സന്ദര്‍ഭത്തിനുതന്നെ ഒന്നിലേറെ ഈണങ്ങള്‍. ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് പറഞ്ഞാല്‍ അടുത്ത പാട്ട്. അതും മിനിറ്റുകള്‍ക്കകം.
പത്തുമണി കഴിഞ്ഞപ്പോള്‍ ഞാന്‍ പുറത്തിറങ്ങി ഫാസിലിനെ വിളിച്ചു, ''ഫാസിലേ, മണി പത്തായതേയുള്ളൂ. അഞ്ച് പാട്ടുകളുടെയും കമ്പോസിങ് കഴിഞ്ഞു. എനിക്കൊരു സംശയം. അദ്ദേഹത്തിനോടുള്ള ആരാധനകൊണ്ട് പാട്ടുകളെല്ലാം സന്ദര്‍ഭത്തിന് അനുയോജ്യമാണെന്ന് എനിക്ക് വെറുതേ തോന്നുന്നതാണോ?''
ചിരിച്ചുകൊണ്ട് ഫാസില്‍ പറഞ്ഞു, ''അതാണ് ഇളയരാജ. സരസ്വതീദേവി അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പത്താണ്.''
ആ സിനിമയും പാട്ടുകളും സൂപ്പര്‍ ഹിറ്റായി. 'കോടമഞ്ഞിന്‍ താഴ്വരയി'ലും 'ഘനശ്യാമ വൃന്ദാരണ്യ'വുമൊക്കെ ഇപ്പോഴും പുതുമ മാറാത്ത പാട്ടുകളാണ്. ഞാന്‍ പലപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്. സിനിമ ഒരുപാട് സൗഭാഗ്യങ്ങള്‍ എനിക്ക് കൊണ്ടുതന്നിട്ടുണ്ട്. അതില്‍ ഏറ്റവും വലിയ മൂന്ന് ഭാഗ്യങ്ങളില്‍ ഒന്ന് യേശുദാസ് എന്ന ഗന്ധര്‍വഗായകന്‍ ജീവിക്കുന്ന കാലത്ത് ജീവിച്ചിരിക്കാന്‍ സാധിക്കുന്നു എന്നതാണ്. ഞാനെഴുതിയ ഗാനങ്ങള്‍ അദ്ദേഹം പാടുന്നത് കാണാനും കേള്‍ക്കാനും കഴിയുക എന്നത് എന്റെ സങ്കല്‍പത്തിനുമപ്പുറത്താണ്.

മറ്റൊന്ന് മോഹന്‍ലാല്‍ എന്ന അതുല്യനടനെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി അഭനയിപ്പിക്കാന്‍ സാധിച്ചതാണ്. മൂന്നാമത്തെ ഭാഗ്യം ഇളയരാജയോടൊപ്പമിരുന്ന് പ്രവര്‍ത്തിക്കാനായതും. ഒരു സിനിമയില്ലെങ്കിലും അദ്ദേഹത്തിന്റെ സംഗീതമുണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചിട്ടുണ്ട് സംവിധാനം തുടങ്ങിയ കാലത്ത്. ഒന്നിന് പകരം പത്ത് സിനിമകളില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. വാസ്തവത്തില്‍ അതിനെ ഭാഗ്യമെന്നല്ല, അനുഗ്രഹമെന്നുവേണം പറയാന്‍.
ഓരോ സിനിമയും ഓരോ പാട്ടും പശ്ചാത്തല സംഗീതമൊരുക്കിയ ഓരോ രംഗവും അപൂര്‍വമായ അനുഭവങ്ങളാണ് എനിക്ക് നല്‍കിയത്. 'അച്ചുവിന്റെ അമ്മ'യുടെ അവസാനഭാഗത്ത് ഉര്‍വശി തന്റെ അമ്മയല്ല എന്ന് തിരിച്ചറിഞ്ഞതിനുശേഷം മീരാജാസ്മിന്‍ കാണാന്‍ വരുന്ന രംഗമുണ്ട്. വീടിന് മുന്നിലെത്തി വിതുമ്പി നിന്നുകൊണ്ട് അവള്‍ ഗേറ്റ് തള്ളിത്തുറക്കുമ്പോള്‍ നമ്മള്‍ ആദ്യം കേള്‍ക്കുക അമ്പലമണികളുടെ മുഴക്കമാണ്. അത് ഒരു സംഗീതമായി മാറുന്നു.
''ഈ വീട് അവള്‍ക്കിപ്പോള്‍ ഒരു കോവില്‍ മാതിരി'' എന്നാണ് അത് റെക്കോഡ് ചെയ്യുമ്പോള്‍ ഇളയരാജ പറഞ്ഞത്. ചിത്രത്തിലെ രംഗങ്ങളിലൂടെയല്ല, കഥാപാത്രത്തിന്റെ ആത്മാവിലൂടെയാണ് ഒരു സംഗീതസംവിധായകന്‍ സഞ്ചരിക്കേണ്ടത് എന്ന് ഇളയരാജ ഓര്‍മ്മിപ്പിക്കുന്നു. കായല്‍പോലെത്തന്നെ കടലും അദ്ദേഹത്തിന് ഒരുപാട് പ്രിയപ്പെട്ടതാണ്. ചില സിനിമകള്‍ക്കുവേണ്ടി കടല്‍തീരത്ത് ഞങ്ങള്‍ താമസിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ ആളൊഴിഞ്ഞ കടപ്പുറത്ത് െവറുതേ നടക്കും. ഒരിക്കല്‍ കൈതപ്രവും ബെന്നി പി.നായരമ്പലവും കൂടെയുണ്ടായിരുന്നു. അന്ന് തിരമാലകളുടെ സംഗീതം രാഗമായി രാജാസാര്‍ പാടി. കൈതപ്രം അതേറ്റുപാടി. അതിനൊക്കെ സാക്ഷിയാകാന്‍ കഴിയുക എന്നതുതന്നെ പുണ്യമാണ്.
ഇത്രയേറെ അടുപ്പമുണ്ടായിട്ടും ഒരു പരിധിക്കപ്പുറത്തേക്ക് ഞാന്‍ സ്വാതന്ത്ര്യമെടുക്കാറില്ല. അത്യാവശ്യത്തിനല്ലാതെ ഫോണില്‍ വിളിക്കില്ല, മെസേജ് ചെയ്യില്ല. അല്‍പം അകന്നുനിന്ന് ആ മഹാവ്യക്തിത്വത്തെ നോക്കിക്കാണാനാണ് എനിക്കിഷ്ടം. നക്ഷത്രങ്ങളെ നക്ഷത്രങ്ങളായിത്തന്നെ കാണണം. എങ്കിലേ ആ ശോഭ നമുക്ക് ആസ്വദിക്കാന്‍ കഴിയൂ.
കുറച്ച് ദിവസങ്ങള്‍ക്കുമുന്‍പ് ഞാനദ്ദേഹത്തിന്റെ നമ്പറിലൊന്ന് വിളിച്ചു. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട മകള്‍ ഭവതരണിയുടെ വിയോഗവാര്‍ത്ത കേട്ടപ്പോള്‍. അച്ഛന്‍ ജീവിച്ചിരിക്കെ മക്കള്‍ ഈ ലോകത്തോട് വിടപറയുന്നത് താങ്ങാനാവാത്ത സങ്കടമാണ്; ഏത് പിതാവിനും.
രണ്ടുമൂന്ന് തവണ ബെല്ലടിച്ചിട്ടും ഫോണ്‍ എടുക്കാതായപ്പോള്‍ ഞാനൊരു ശബ്ദസന്ദേശമയച്ചു. ''സമാധാനിപ്പിക്കാന്‍ വാക്കുകളൊന്നുമില്ല. മറ്റുള്ളവര്‍ വേദനിക്കുമ്പോള്‍ അവരെ ആശ്വസിപ്പിക്കാറുള്ള രാജാസാറിന് ഈ സങ്കടം നേരിടാന്‍ ഈശ്വരന്‍ ശക്തിതരട്ടെ'' എന്നുമാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. മറുപടി വന്നു. തളര്‍ന്ന ശബ്ദത്തില്‍, ''നന്ദി... സത്യന്‍'' എന്നുമാത്രം. അത്രയും വേദനനിറഞ്ഞ ശബ്ദം ഞാനിന്നുവരെ കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഞാനാ മെസേജ് മായ്ച്ചുകളഞ്ഞില്ല. അതൊരു അച്ഛന്റെ ആത്മനൊമ്പരത്തിന്റെ ശബ്ദമാണ്. ഇളയരാജ എന്ന പച്ചമനുഷ്യന്റെ ശബ്ദം!
Content Highlights: director sathyan anthikkad talking about legendary musician ilaiyaraaja
Published: 23 Jun 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented