
വാടകയ്ക്കൊരു വീടെടുത്ത് നെടുമുടി വേണു തിരുവനന്തപുരത്ത് താമസം തുടങ്ങിയ കാലം. കൂട്ടിന് എന്റെയും വേണുവിന്റെയും ആത്മസുഹൃത്ത് ഈസി എന്നു വിളിക്കുന്ന ഇ.സി. തോമസുമുണ്ട്. കൂട്ടുതാമസക്കാരായി മറ്റുപലരുമുണ്ട്. ഇടയ്ക്കിടെ ഞാനവിടെ പോകും. ഒരിക്കല്‍ ചെന്നപ്പോള്‍ പുതിയൊരാളെ കണ്ടു. ഞാന്‍ ഈസിയോടു ചോദിച്ചു: ''ഇതാരാ?''
''ഇതോ... ഇതാണു പോറ്റി. എന്തുവേണമെങ്കിലും ചെയ്ത് ഞങ്ങളെ സഹായിക്കാനായി ഒപ്പം കൂടിയിരിക്കുകയാ. അടുത്തൊരമ്പലത്തിലെ പൂജാരിയാ. പേര് കൈതപ്രം. പോറ്റീന്നും തിരുമേനീന്നുമൊക്കെ ആളുകള്‍ വിളിക്കും.''
ഞാന്‍ ആളെയൊന്നു നോക്കി. ഹൃദ്യമായ, വളരെയേറെ നിഷ്‌കളങ്കമായ ചിരിയും ചിരിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്ന വശ്യമായ ചിത്രം എന്റെ മുന്നില്‍ നില്‍ക്കുന്നു.
'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന സിനിമയും അതിലെ 'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍' എന്ന ഗാനവും മലയാളക്കരയാകെ നിറഞ്ഞുതുളുമ്പിയൊഴുകുന്ന കാലം. തിരുവനന്തപുരത്തുനിന്ന് ഈസിയുടെ ട്രങ്ക് കോള്‍: ''എടാ ഫാസിലേ, നിന്റെ അടുത്ത പടത്തില്‍ ഒരാളെക്കൊണ്ടൊന്ന് പാട്ടെഴുതിച്ചുനോക്കണം...''
''ആരാ ആള്?'', ഞാന്‍ ചോദിച്ചു.
''നീ കണ്ടിട്ടുണ്ട്. ഇവിടെ താമസിക്കുന്ന പോറ്റി.''
''സമയമാകട്ടെ ഈസീ. ഞാന്‍ വിളിക്കാം'' എന്നുപറഞ്ഞു.
സമയമായി. ഞാന്‍ വിളിച്ചു. പിറ്റേന്നു രാവിലേ ആള് ആലപ്പുഴയിലെ എന്റെ വീട്ടുമുറ്റത്ത്. 'എന്നെന്നും കണ്ണേട്ടന്റെ' എന്ന ചിത്രത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ഞാന്‍. രണ്ടുദിവസം മുന്‍പ് ജെറി അമല്‍ദേവ് എത്തി റെസ്റ്റ്ഹൗസിലിരുന്ന് എന്തൊക്കെയോ കമ്പോസിങ് തുടങ്ങിയിരുന്നു. ഞാന്‍ കഥയും കാര്യങ്ങളും ചുരുക്കിപ്പറഞ്ഞ്, വന്നയാളെ ജെറിയുടെ അടുത്തേക്കയച്ചു. ഒരുമണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ അവിടെയെത്തി. ഹാര്‍മോണിയം പെട്ടിയില്‍ വെച്ചിരുന്ന പേപ്പറിലെ അക്ഷരങ്ങളിലേക്കു നോക്കി, ജെറി എന്തോ മൂളുകയായിരുന്നു.

കാര്യത്തിലേക്കു കടക്കുംമുന്‍പ് ഞാന്‍ കൂടുതലടുക്കാനായി കുശലം ചോദിച്ചു: ''ഞാനും ജെറിയും എന്താ വിളിക്കേണ്ടത്? കൈതപ്രമെന്നോ പോറ്റിയെന്നോ?''
വശ്യമായ ചിരിയായിരുന്നു മറുപടി: ''കൈതപ്രം.''
ജെറി വല്ലാത്തൊരു ധൃതിയില്‍ പറഞ്ഞു: ''ഈ പല്ലവി ഒന്നു കേട്ടേ.''
ഞാന്‍ അനുവാദം മൂളുംമുന്‍പേ ജെറി പാടാന്‍തുടങ്ങി. വരികള്‍... വരികള്‍... ആരോ എന്തോപറഞ്ഞ് എന്നെ ഭയപ്പെടുത്തിയതുപോലെ. അതു മറച്ചുവെച്ച് ഞാന്‍ പറഞ്ഞു: ''ഒരിക്കല്‍ക്കൂടി പാടിക്കേ.''
ജെറി വീണ്ടും പാടി. ഞാന്‍ വീണ്ടും ഭയന്നു. എന്തുപറയണമെന്ന് ഒരുപിടിയും കിട്ടുന്നില്ല. ഓടി എങ്ങോട്ടെങ്കിലും ഒളിക്കാമെന്ന ചിന്ത എന്നില്‍. അതേ, അതുതന്നെയാണ് ചെയ്തത്. ''ബാക്കിയെഴുത്. ഞാനിപ്പം വരാം'' എന്നുപറഞ്ഞ് പേപ്പറും തട്ടിയെടുത്ത് ഞാന്‍ പുറത്തേക്ക്.
മുറ്റത്തെത്തിയ ഞാന്‍ ആ വരികളിലേക്ക് ഒന്നുകൂടി കണ്ണോടിച്ചു. വിവരിക്കാനാകാത്ത ഒരു അസ്വസ്ഥത എന്നില്‍ നിറഞ്ഞു. റസ്റ്റ്ഹൗസിന്റെ ഓഫീസിലെത്തിയ ഞാന്‍ തിരുവനന്തപുരത്തേക്ക് ഇ.സി. തോമസിന് ഒരു ട്രങ്ക് ബുക്കുചെയ്തു. കോള്‍ കിട്ടുമ്പോള്‍ പറയാന്‍ ഒന്നേയുണ്ടായിരുന്നുള്ളൂ: ''ഈസീ... ഇയാളെ കാവാലം നാരായണപ്പണിക്കര്‍ സാറിനോ അരവിന്ദനോ ലെനിന്‍ രാജേന്ദ്രനോ മറ്റോ കൊടുക്ക്. ഇവിടെ വേണ്ടാ.'' വീണ്ടും മുറ്റത്തേക്കിറങ്ങി. ആ അക്ഷരങ്ങളിലൂടെ വീണ്ടും കണ്ണോടിച്ചു.
''ദേവദുന്ദുഭീ സാന്ദ്രലയം
ദിവ്യവിഭാത സോപാന രാഗലയം
ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍
കാവ്യമരാള ഗമനലയം...''
എന്തു കുന്തമാ ഇത്? അര്‍ഥം മനസ്സിലാകാത്തതുകൊണ്ട് കയ്ക്കുന്നു. കയ്ക്കുന്നതുകൊണ്ട് ഇറക്കാന്‍ പറ്റുന്നില്ല. എവിടെയോ എന്തോ മധുരിക്കുന്നതുകൊണ്ട് തുപ്പാനും വയ്യ. കോളേജില്‍ പഠിക്കുമ്പോള്‍ മൃണാളിനീ, മഞ്ജുഭാഷിണീ, വിപ്രലംഭശൃംഗാരം എന്നൊക്കെപ്പറഞ്ഞ് വയലാര്‍ രാമവര്‍മ ഭയപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം, ദേ വേറൊരാള്‍ വന്നിരിക്കുന്നു, ഭയപ്പെടുത്താന്‍. അയാളോടുതന്നെ ചോദിച്ചാലോ എന്താ ഇതിന്റെ അര്‍ഥമെന്ന്... വേണ്ട. നിങ്ങള്‍ക്കു മലയാളമറിയില്ലേയെന്ന് മറുചോദ്യം വന്നാലോ...
ട്രങ്ക് കോള്‍ വന്നു. ഈസി മറുതലയ്ക്കല്‍. എന്നില്‍നിന്ന് ഞാനറിയാതെ വന്നുപോയതിങ്ങനെ: ''എടാ ഈസീ... എന്റെ സിനിമയ്ക്ക് ഗാനങ്ങളെഴുതാന്‍ കൈതപ്രത്തിനെ ഫിക്സ് ചെയ്തിരിക്കുന്നുവെന്നു പറയാന്‍ വിളിച്ചതാ.'' ''താങ്ക്‌സെടാ ഫാസിലേ'' എന്നുമറുപടി. ''ഞാനല്ലേടാ താങ്ക്‌സ് പറയേണ്ടത്...'' കോള്‍ കഴിഞ്ഞു. ഞാന്‍ വീണ്ടും റൂമില്‍. വന്നപാടേ ഞാന്‍ ചോദിച്ചു: ''പിന്നെ വല്ലതും എഴുതിയോ തിരുമേനീ?'' നോക്കിക്കേ, കൈതപ്രം എന്നോ പോറ്റി എന്നോ അല്ല നാവില്‍ വന്നത്, തിരുമേനീ എന്നാണ്. ആവേശത്തോടെ ജെറി പറഞ്ഞു: ''ദേ ചരണം കേട്ടോ...'' ജെറി ചരണം പാടി. അതുകേട്ട എന്നില്‍നിന്ന് ഒരു റിയാക്ഷന്‍ മാത്രമേ പുറത്തുവന്നുള്ളൂ. ഒരു ഇളിഭ്യച്ചിരി. ആരോ എന്തോ എന്നെ നിസ്സാരനാക്കിക്കൊണ്ടിരിക്കുകയാണ്. വെറും നിസ്സാരന്‍. പേപ്പറും തട്ടിപ്പറിച്ച് ഞാന്‍ വീണ്ടും മുറ്റത്തിറങ്ങി വരികളിലേക്കു നോക്കി.
''നീരവഭാവം മരതകമണിയും
സൗപര്‍ണികാതീരഭൂവില്‍
പൂവിടും നവമല്ലികാലതകളില്‍
സര്‍ഗോന്മാദ ശ്രുതിവിലയം
സ്വരമധുരം ഗതിനടനം
പദേപദേ ശുഭചലനം...''
ആരാ വിരളാത്തത്? ആരാ ഓടിയൊളിക്കാത്തത്? ഈ അര്‍ഥമറിയാത്ത വരികളിലെ അക്ഷരങ്ങളോടും പദങ്ങളോടും ഞാനെന്തു മര്യാദയാ കാട്ടേണ്ടത്? എന്താ ഇതൊക്കെയെന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്തുമറുപടിയാണ് പറയേണ്ടത്? വീണ്ടും വയലാറിനെ ഓര്‍മ്മവന്നു. എന്തൊക്കെയാണ് അദ്ദേഹം ഞൊറിഞ്ഞിട്ടുള്ളത്?
''കട്ടിയാവ് ഞൊറിഞ്ഞുടുത്തൂ,'' ''പുത്തന്‍പുടവ ഞൊറിഞ്ഞുടുത്താട്ടെ,'' ''ഇന്ദ്രനീല യവനിക ഞൊറിഞ്ഞു,'' ''ശാരദസന്ധ്യകള്‍ മരവുരി ഞൊറിഞ്ഞപ്പോള്‍...''
വയലാറിനു മാത്രമേ ഇതിനൊക്കെ അവകാശമുള്ളോ? വേറേയാര്‍ക്കും ആയിക്കൂടേ? ആരാ ചോദിക്കാന്‍? പോകാന്‍പറ. ഞാന്‍ വീണ്ടും മുറിയിലെത്തി. എന്നെക്കണ്ടതും ജെറി രണ്ടാം ചരണം പാടി:
''പൂവിതളിന്‍മേല്‍ ബ്രഹ്മം രചിക്കും നീഹാരബിന്ദുവായ് നാദം
ശ്രീലവസന്ത സ്വരഗതി മീട്ടും കച്ഛപിവീണയായ് കാലം
അഴകിന്‍ ഈറന്‍ നീലാഞ്ചലം ചുറ്റി
ഹരിചന്ദന ശുഭഗന്ധമുണര്‍ത്തീ
അപ്സരകന്യതന്‍ താളവിന്യാസ
ത്രികാലജതിയായി ത്രിസന്ധ്യകള്‍...''
എങ്ങും ഓടാന്‍ തോന്നിയില്ല. കൂടുതല്‍ അടുക്കാന്‍ തോന്നിച്ചു. ആരെയൊക്കെയോ വാരിപ്പുണരാന്‍ കൊതിച്ചു. സ്നേഹപൂര്‍വം ജെറിയോട് യാചിച്ചു. മുഴുവനായും ഒന്നുകൂടി പാടിക്കേള്‍പ്പിക്കാമോ? അര്‍ഥമറിയാന്‍ വെമ്പുന്ന മനസ്സിനെയെടുത്തു ദൂരെയെറിഞ്ഞ്, കണ്ണുകളടച്ച്, കാതുകളെ ഉണര്‍ത്തിവെച്ചു. ജെറി അതിമനോഹരമായി മുഴുവനും പാടിക്കേള്‍പ്പിച്ചു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭൂതിയില്‍ മിഴികള്‍ തുറന്ന ഞാന്‍ പറഞ്ഞു: ''അസ്സലായി ജെറീ. അസ്സലായി തിരുമേനീ...''
അവരുടെ പ്രതികരണം കാണാനോ കേള്‍ക്കാനോ നില്‍ക്കാതെ ഞാന്‍ വീണ്ടും കണ്ണുകളടച്ചു. ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമന്‍നായര്‍, ചങ്ങമ്പുഴ, വയലാര്‍, പി. ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി, ബിച്ചു തിരുമല... ഇവരില്‍ ആരുടെ കുടുംബത്തിലേക്കാണ് ഈ പുതിയയാളെ ഞാന്‍ പറഞ്ഞുവിടേണ്ടത്? അന്നുമിന്നും എനിക്കതറിയില്ല.
'ആയിരം കൈനീട്ടിനിന്നൂ സൂര്യതാപമായ് താതന്റെ ശോക'ത്തെക്കുറിച്ചും കവിതകളെ ഉപാസിച്ചിരുന്ന അവധൂതനായ ഗുപ്തന്‍ 'പൊന്നാമ്പല്‍ പുഴയിറമ്പില്‍'വെച്ച് കവിതയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും ഞാന്‍ ഒന്നും പറയുന്നില്ല. 'ഹരികൃഷ്ണന്‍സി'ല്‍ നിങ്ങളുടെ ആരുടെ നേര്‍ക്കാണ് ഞാന്‍ എന്റെ ഹൃദയം വെച്ചുനീട്ടേണ്ടതെന്ന് മീര ഹരിയോടും കൃഷ്ണനോടും ചോദിക്കുന്ന സന്ദര്‍ഭം. ആ സന്ദര്‍ഭത്തിനുവേണ്ടി മീരയെ സന്ധ്യയായും ഹരിയെ സൂര്യനായും കൃഷ്ണനെ ചന്ദ്രനായും സങ്കല്പിച്ച കാവ്യഭാവനയെക്കുറിച്ചും ഞാനൊന്നും പറയുന്നില്ല.
''സ്വയംവരസന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നൂ മംഗളയാമം തരിച്ചുനിന്നൂ
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തംസന്ധ്യേ നീയിന്നാര്‍ക്കു സ്വന്തം...'' എന്ന വരികളെക്കുറിച്ചും ഞാനൊന്നും പറയുന്നില്ല.
എനിക്കു പറയാന്‍ ഒന്നേയുള്ളൂ: പ്രിയപ്പെട്ട തിരുമേനീ, തിരുമേനിയെ ഞാനാണ് സിനിമയില്‍ കൊണ്ടുവന്നതെന്ന അഹങ്കാരം ഒരിക്കലും എനിക്കില്ലായിരുന്നു. തീര്‍ച്ചയായും തിരുമേനി വരുമായിരുന്നു. കാരണം, ആയിരം കൈനീട്ടി കാത്തുനില്‍ക്കുകയായിരുന്നു മലയാളസിനിമ, തിരുമേനിക്കു വേണ്ടി. നമോവാകം.
Content Highlights: director fazil talking about kaithapram damodaran namboothiri
Published: 17 Nov 2023, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented