
കുട്ടിക്കാലത്ത് ബള്‍ബില്‍ വെള്ളം നിറച്ച് കാര്‍ഡ്‌ബോര്‍ഡും ഫിലിമിന്റെ ഒരു കഷണവും ചേര്‍ത്ത് ഭിത്തിയില്‍ സിനിമ പ്രദര്‍ശിപ്പിച്ച ഒരു 'കൊച്ചു ജോണി ആന്റണി'യുണ്ട്. കാഴ്ചക്കാരായി കൂട്ടുകാരും. ചങ്ങനാശ്ശേരി മാമ്മൂട്ടിലെ ഓലമേഞ്ഞ വീട്ടിലെ ആ 'കുട്ടിസംവിധായക'നെ ഇന്നും ഹൃദയത്തോട് ചേര്‍ത്ത് വെച്ചിട്ടുണ്ട് ജോണി ആന്റണി. ഓരോ കയറ്റങ്ങളിലും അടി തെറ്റാതെ ഗര്‍വില്ലാതെ നടത്തുന്നത് ആ ഓര്‍മകളാണെന്ന് പെരുമാറ്റത്തിലൂടെ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു... അനുഭവങ്ങളുടെ ഊര്‍ജത്തില്‍ പിടിച്ചുകയറിയാണ് ജോണി ആന്റണിയെന്ന സംവിധായകനും നടനും വിജയങ്ങള്‍ ഒന്നൊന്നായി കൊയ്‌തെടുത്തത്.
'' അപ്പന് 52 -ാം വയസ്സിലുണ്ടായ മകനാണ് ഞാന്‍. അമ്മച്ചിക്ക് അന്ന് 42 ആണ് പ്രായം. ചെറിയ കുട്ടിയായിരുന്നപ്പോഴേ മൂത്ത ചേച്ചിമാര്‍ കല്യാണം കഴിച്ച് പോയി. ചേട്ടന്‍ ജോലിക്കും. അതുകൊണ്ട് അപ്പച്ചനും അമ്മച്ചിക്കുമൊപ്പം കഴിഞ്ഞ നാളുകളൊക്കെ എന്റെ മാത്രം അനുഭവങ്ങളുടെ കാലമായിരുന്നു...''ജോണി ആന്റണി കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞുതുടങ്ങുകയായി.
ജോണി ആന്റണിയുടെ അപ്പന്‍, നാട്ടുകാരുടെ അന്തോണിച്ചേട്ടന്‍ പഴയ ഏഴാം ക്ലാസ്സായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിലായിരുന്നു ജോലി. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്...
''ചോദിച്ചാല്‍ മാത്രം പട്ടാളക്കഥകളും വെടികൊണ്ട കഥകളും പറയും. എന്ത് ഇല്ലായ്മയിലും അതൊക്കെ കേള്‍ക്കുമ്പോള്‍ നല്ല രസമായിരുന്നു. അപ്പന് നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാം. ഹിറ്റ്‌ലറുടെ പോലത്തെ മീശ വെച്ച അപ്പന്റെ ഫോട്ടോ ഇപ്പോഴും വീട്ടിലുണ്ട്. റിട്ടയറായ ശേഷം പല ബിസിനസുകളും ചെയ്തു. പലതും സാമ്പത്തിക തകര്‍ച്ച നേരിട്ടെന്ന് അമ്മച്ചി പറഞ്ഞുതന്നിട്ടുണ്ട്. എന്റെ ഓര്‍മയില്‍ മീന്‍കച്ചവടമായിരുന്നു അപ്പന്. അപ്പന്‍ മരിക്കുന്നത് 75-ാം വയസ്സിലാണ്. അന്ന് എനിക്ക് 22 വയസ്. എന്റെ മാതാപിതാക്കളെ ആഗ്രഹിച്ച രീതിയില്‍ നോക്കാന്‍ സാവകാശം കിട്ടിയില്ലല്ലോയെന്ന സങ്കടം ഇന്നുമുണ്ട്.''
അടുത്തയിടെ ദൈവവിശ്വാസത്തെക്കുറിച്ച് പറഞ്ഞത് വൈറലായിരുന്നു..?
അമ്മച്ചിയും അപ്പനും മുട്ടുകുത്തി പ്രാര്‍ഥിക്കുന്നത് കണ്ടിട്ടുണ്ട്. ഏത് പ്രതിസന്ധികളും മറികടക്കാന്‍ ദൈവവിശ്വാസവും പ്രാര്‍ഥനയും മതിയെന്ന് പഠിച്ചത് അവരിലൂടെയാണ്. കുട്ടിക്കാലത്ത് നടന്‍ ജയനെ വലിയ ഇഷ്ടമായിരുന്നു. എന്നെ ജയനെപ്പോലെ ഒരു നടനാക്കണമെന്ന് പ്രാര്‍ഥിക്കുമായിരുന്നു.
സിനിമയോടുള്ള ഇഷ്ടം ആരോടാണ് ആദ്യം തുറന്നുപറഞ്ഞത് ?
ഒമ്പതില്‍ പഠിക്കുമ്പോള്‍ ഒരു ക്രിസ്മസ് രാത്രിയില്‍ ഞങ്ങളുടെ നാട്ടുകാരനായ സിനിമാക്കാരനെ ഞാനാദ്യമായി കണ്ടു. 'വര്‍ണപ്പകിട്ട്' എന്ന സിനിമയൊക്കെ നിര്‍മിച്ച ജോക്കുട്ടന്‍. അദ്ദേഹത്തോട് ഞാനെന്റെ സിനിമാമോഹം പറഞ്ഞു. അദ്ദേഹം എനിക്ക് ഉറപ്പുതന്നു... എന്നെ മദ്രാസില്‍ കൊണ്ട് പോകാം... സിനിമയിലാക്കാം എന്നൊക്കെ.
അപ്പോഴും പഠനം തുടര്‍ന്നു?
ചങ്ങനാശ്ശേരി എന്‍. എസ്. എസ് കോളേജില്‍ പ്രീഡിഗ്രിക്ക് തോറ്റു. അപ്പോഴും ധൈര്യം തന്നിരുന്നത് ജോക്കുട്ടന്റെ ഉറപ്പാണ്. എങ്കിലും വെറുതെ നില്‍ക്കുകയാണല്ലോയെന്ന് കരുതി സുഹൃത്തിന്റെ ബസ്സില്‍ ചെക്കറും കണ്ടക്ടറുമായി ചേര്‍ന്നു. അങ്ങനെ ചങ്ങനാശ്ശേരി-എരുമേലി ബസ്സില്‍ ജോലിക്ക് കയറി. 80 രൂപയാണ് ദിവസശമ്പളം. പിന്നെ കളക്ഷന്‍ ബാറ്റയും ചേര്‍ത്ത് 150 രൂപയൊക്കെ കിട്ടും. ട്രിപ്പ് കഴിയുമ്പോള്‍ അവിടെയൊരു ഷാപ്പില്‍ പോയി ഭക്ഷണം കഴിക്കും. 50 രൂപയ്ക്ക് വയറ് നിറച്ച് ചോറും കറികളും നല്ല മധുരപ്പനംകള്ളും. ബാക്കി തുക സിനിമ കാണാന്‍ സൂക്ഷിച്ച് വെക്കും.
ആഹാരം ആഘോഷമാക്കുന്നയാളാണോ ?
അമ്മച്ചി നന്നായി പാചകം ചെയ്യുമായിരുന്നു. നിസ്സാര സാധനങ്ങള്‍ വെച്ച് അമ്മച്ചി ഉണ്ടാക്കിയിരുന്ന കറികള്‍ക്ക് എന്തു രുചിയായിരുന്നെന്നോ. ഞായറാഴ്ച മാത്രം അപ്പന്‍ അരക്കിലോ പോത്തിറച്ചി വാങ്ങും. ക്രിസ്മസിന് മാമ്മൂട് ലൂര്‍ദ് മാതാ പള്ളിയില്‍ പാതിരാകുര്‍ബാനയ്ക്ക് പോയിവന്ന് ഒന്നു മയങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും അമ്മച്ചി പാലപ്പം ചുട്ടുവെക്കും. ഇറച്ചിക്കറി കൂട്ടിയുള്ള പാലപ്പത്തിന്റെ രുചി ഇന്നും നാവിലുണ്ട്.
ഇത്തരം ആഘോഷങ്ങള്‍ക്ക് പുറമേ വീട്ടില്‍ ഭക്ഷണം സംഭവമാകുന്നത് അമ്മച്ചിയുടെ സഹോദരനും വൈദികനുമായ ദില്‍രാജ് വരുമ്പോഴാണ്. വാരണാസിയില്‍ മിഷന്‍ സര്‍വീസിലായിരുന്നു അദ്ദേഹം. പക്ഷേ അവസാനകാലത്ത് നേരില്‍ കാണാന്‍ കഴിഞ്ഞില്ല. അവിടെ ചൈല്‍ഡ്‌ലൈന്‍ മേധാവിയായിരുന്ന അദ്ദേഹം കോവിഡ് കാലത്ത് മരിച്ചു. വാരണാസിയിലേക്ക് ചെല്ലാന്‍ വിളിക്കുമായിരുന്നു... എന്നിട്ട് കളിയായി ചോദിക്കും: '' ഇനി ഞാന്‍ മരിച്ചിട്ടേ നീ വരുകയുള്ളോയെന്ന്'' അത് അറം പറ്റി. അമ്മാവന്‍ പള്ളീലച്ചനായത് കൊണ്ട് കിട്ടുന്ന ബഹുമാനം എനിക്ക് വലിയ ഇഷ്ടമായിരുന്നു. കുട്ടിക്കാലത്ത് പള്ളീലച്ചനാകാന്‍ ആഗ്രഹിച്ചിരുന്നു. ആദ്യമായി അഭിനയിച്ച 'ശിക്കാരി ശംഭു' വില്‍ പള്ളീലച്ചന്റെ വേഷമായിരുന്നു. ജീവിതത്തില്‍ നടക്കാതെപോയത് സിനിമ നടത്തിത്തന്ന അനുഭവം.''
സിനിമയിലേക്ക് എത്തിക്കാമെന്ന ജോക്കുട്ടന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുന്നത് എപ്പോഴാണ് ?
1990-ല്‍ ജോക്കുട്ടന്‍ മദ്രാസിലേക്ക് കൊണ്ടുപോയി. അവിടെ ഒരുപാട് സംവിധായകരുടെ അടുത്തുപോയി അവസരം ചോദിച്ചു. പട്ടിണിയും കഷ്ടപ്പാടും മാത്രം.അപ്പോഴും സിനിമയെന്ന മോഹം കെടാതെ നിന്നു. പിന്നീട് ജോക്കുട്ടന്‍, തുളസീദാസ് സാറിന്റെ അസിസ്റ്റന്റാകാനുള്ള അവസരം നേടിത്തന്നു. തുടര്‍ന്ന് പത്തിലധികം സംവിധായകര്‍ക്കൊപ്പം അസോസിയേറ്റായി. ദിലീപ് നിര്‍മിച്ച ആദ്യ സിനിമയായ സി. ഐ.ഡി മൂസയുടെ സ്വതന്ത്ര സംവിധായകനാകുമ്പോള്‍ എനിക്ക് പ്രായം 30. അതിന്റെ വിജയത്തില്‍ ഏറെ സന്തോഷിച്ചത് എന്നെ സിനിമയില്‍ എത്തിച്ച ജോക്കുട്ടനാണ്.
മമ്മൂട്ടിയുമൊത്തുള്ള സിനിമാ ഓര്‍മകള്‍ എന്തെല്ലാമാണ്..?
'തുറുപ്പു ഗുലാനാ'യിരുന്നു മമ്മൂക്കയുമായി ആദ്യം ചെയ്തത്. അത് വലിയ ഹിറ്റായി. അടുത്ത ചിത്രം ' ഈ പട്ടണത്തില്‍ ഭൂതം' സാമ്പത്തികമായി പരാജയപ്പെട്ടു. എനിക്കാകെ സങ്കടമായി. ആ സമയത്താണ് അദ്ദേഹത്തിന്റെ 'പോക്കിരിരാജ' യുടെ സ്വിച്ചോണ്‍ നടക്കുന്നത്. ചടങ്ങിലേക്ക് എനിക്കും ക്ഷണമുണ്ടായിരുന്നു. പോയിട്ട് മമ്മൂക്കയ്ക്ക് മുഖം കൊടുക്കാതെ മാറിനിന്നു. മമ്മൂക്ക എന്നെ അടുത്തേക്ക് വിളിച്ചു. എന്തെങ്കിലും വഴക്ക് പറയാനാണോയെന്ന് ഞാന്‍ ചിന്തിച്ച് ഭയന്നാണ് അടുത്തേക്ക് ചെന്നത്.
''എന്തായി അന്നുപറഞ്ഞ കാര്യം. റെഡിയാക്ക്... നമുക്ക് സിനിമ ചെയ്യാം...'' എന്ന് പറഞ്ഞു. ആ പരിഗണന എനിക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. ആ സമയത്ത് സിനിമയില്‍ ഞാന്‍ നിലനിന്നത് അദ്ദേഹം തന്ന ഡേറ്റുകള്‍ കൊണ്ടാണ്.
നടനിലേക്കുള്ള മാറ്റം
നടനെന്ന നിലയില്‍ രഞ്ജിത്തേട്ടന്റെ 'ഡ്രാമ'യാണ് ശ്രദ്ധേയമാകുന്നത്. ലണ്ടനില്‍ വെച്ചായിരുന്നു ഷൂട്ട്. പിന്നെ 'ജോസഫ്', 'ഗ്രാന്‍ഡ്ഫാദര്‍', 'തട്ടിന്‍പുറത്ത് അച്യുതന്‍' തുടങ്ങിയ സിനിമകള്‍. 'തട്ടിന്‍ പുറത്ത് അച്യുത'ന്റെ സെറ്റില്‍െവച്ചാണ് അനൂപ് സത്യന്‍ 'വരനെ ആവശ്യമുണ്ട്'എന്ന സിനിമയുടെ കാര്യം പറയുന്നത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയേട്ടന്‍ പറഞ്ഞു ഹിറ്റാക്കിയ 'തൃശ്ശൂര്‍ ഞാന്‍ ഇങ്ങ് എടുക്കുവാ' എന്ന ഡയലോഗ് ഉള്‍പ്പെടുത്തിയാല്‍ രസമായിരിക്കുമെന്ന് അനൂപിനോട് ഞാന്‍ പറഞ്ഞിരുന്നു. അത് അനൂപ് സുന്ദരമായി കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ ആ ഡയലോഗ് കേള്‍ക്കുമ്പോഴുള്ള സുരേഷേട്ടന്റെ മുഖഭാവം പലയാവര്‍ത്തി കണ്ടു രസിച്ചു.'' 'വരനെ ആവശ്യമുണ്ട്', 'അയ്യപ്പനും കോശിയും' എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ ജോണി മികവുറ്റതാക്കി. സിനിമ തകര്‍ത്തോടി 40-ാംപക്കം കോവിഡിനെ തുടര്‍ന്ന് തീയേറ്റര്‍ അടയ്ക്കുന്നു. ''അപ്പോഴും ദൈവത്തെ വിളിച്ചു. 'കര്‍ത്താവേ അല്പം വരുമാനം കിട്ടിത്തുടങ്ങിയതാ...' ഭയം അസ്ഥാനത്താക്കി ദൈവത്തിന്റെ ഇടപെടലുണ്ടായി...''
വീട്ടിലെ ജോണി ആന്റണി
കുടുംബത്തില്‍ ഷൈനിയുടെ നല്ല ഭര്‍ത്താവാണ് ജോണി. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന ലുദുവീനയുടേയും ചങ്ങനാശ്ശേരി പ്ലാസിഡില്‍ വിദ്യാര്‍ഥിനിയായ അന്നയുടേയും അപ്പന് പ്രാര്‍ഥന ഒന്നേയുള്ളൂ... 'കടങ്ങള്‍ തീര്‍ക്കാന്‍ കഴിഞ്ഞത് പോലെ കുടുംബത്തോടുള്ള കടമകളും നന്നായി ചെയ്തു തീര്‍ക്കാന്‍ കഴിയണേ' എന്ന്. അത് ഉറപ്പല്ലേ. ജോണി ആന്റണിക്ക് കൂട്ടിന് ഒടേതമ്പുരാന്‍ ഉണ്ടല്ലോ...
ജോണി ആന്റണിയുടെ ഇഷ്ടവിഭവങ്ങള്‍
ഒടേതമ്പുരാനില്‍ വിശ്വസിച്ചുള്ള ജീവിതമാണ് ജോണി ആന്റണിയുടെ ജീവിതപങ്കാളി ഷൈനിയുടേതും. ''ഏത് ആഘോഷത്തിനും മേശ നിറയെ വിഭവങ്ങള്‍ ഉണ്ടാക്കും. ക്രിസ്മസിനൊക്കെ പ്രത്യേകിച്ചും. രാവിലെ പാലപ്പത്തിനൊപ്പം താറാവ് പെരളനോ മട്ടണ്‍ റോസ്റ്റോ വേണമെന്ന് നിര്‍ബന്ധം. ഉച്ചയൂണിന് ചോറാണ് ഇഷ്ടം. കോട്ടയം സ്റ്റൈല്‍ മീന്‍കറിയൊക്കെ വേണം. വീട്ടില്‍ വരുന്നവര്‍ക്ക് അതൊക്കെ സ്‌നേഹത്തോടെ നല്‍കണമെന്ന നിര്‍ബന്ധമുള്ള ആളാണ്.'' വീട്ടുകാര്യങ്ങളുടെ തിരക്കില്‍ മുഴുകുന്നതുകൊണ്ടാവാം ഭര്‍ത്താവിന്റെ സിനിമയുടെ കാര്യങ്ങളില്‍ ഇടപെടാറില്ല എന്നും പറയുന്നു ഷൈനി. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അതൊന്നും ഞങ്ങളെ അറിയിച്ചിട്ടില്ല. ലാളിത്യം ഷൈനിയുടെ പെരുമാറ്റത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
അനുബന്ധം: സിനിമയില്‍ ഹാസ്യം കൈകാര്യം ചെയ്യുന്ന ആള്‍ക്ക് ഓര്‍ത്ത് ചിരിക്കാനുണ്ടായ സംഭവം നടന്നത് ബസ്സിലാണ്. 'സി.ഐ.ഡി മൂസ' റിലീസായി അധികം കഴിയും മുമ്പ് ഒരു ദിവസം മാമ്മൂട്ടില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് ഒരു ബസ് യാത്ര. കണ്ടക്ടര്‍ ടിക്കറ്റ് തരുമ്പോള്‍ 'സി.ഐ.ഡി മൂസ' ചെയ്ത ഇദ്ദേഹത്തിന് നീ ടിക്കറ്റ് കൊടുക്കുമോയെന്നായി ഒരു സഹയാത്രികന്‍. ആള് മദ്യപിച്ചിട്ടുണ്ട്. കൊടുത്താലെന്തെന്ന് കണ്ടക്ടര്‍. വഴക്കൊഴിവാക്കാന്‍ ജോണി പറഞ്ഞു... ''ചേട്ടാ എന്തിനാ വഴക്ക്. ഞാന്‍ ടിക്കറ്റ് എടുത്തോളാം.'' ''ടിക്കറ്റ് എടുത്താല്‍ നിങ്ങളെ ഞാന്‍ അടിക്കും'' എന്നായി കക്ഷി. അവസാനം ബസ് ചങ്ങനാശ്ശേരിയില്‍ എത്തിയപ്പോള്‍ അഞ്ചുരൂപ സീറ്റില്‍ വെച്ചിട്ട് ജോണി ആന്റണി സര്‍വശക്തിയുമെടുത്ത് ഒരോട്ടം. സ്വന്തം സിനിമയിലെ കഥാപാത്രമെന്നപോലെ... ചിരിച്ചുപോകുന്ന രംഗം.
Content Highlights: director and actor johny antony interview
Published: 22 May 2023, 03:14 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented