താരങ്ങളായ രൺബീർ കപൂറും ദീപിക പദുക്കോണും ഒന്നിച്ചഭിനയിച്ചപ്പോഴെല്ലാം പിറന്നത് ബോളിവുഡിലെ മികച്ച സിനിമകളാണ്. ഇരുവരെയും ഒന്നിച്ച് വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള ആഗ്രഹം ആരാധകർ എപ്പോഴും പങ്കുവെക്കാറുണ്ട്. ഇതിനിടെ, ദീപികയേയും രൺബീറിനെയും വീണ്ടും ഒരുമിച്ച് അഭിനയിപ്പിക്കണമെന്ന് സോനാലിക പുരി എന്ന ആരാധിക സംവിധായകരോട് അഭ്യർഥിക്കുന്ന റീൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.

യുവതി പറഞ്ഞതിങ്ങനെ- “എല്ലാ സംവിധായകരോടും നിർമാതാക്കളോടുമുള്ള ഒരു എളിയ അഭ്യർഥനയാണിത്, നിങ്ങൾ രൺബീർ കപൂറിനെയും ദീപിക പദുക്കോണിനെയും ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിപ്പിക്കാമോ? ഒരു റൊമാന്റിക് കോമഡി ആയാൽ കൂടുതൽ നല്ലത്. സിനിമകൾ പണം നേടുന്നില്ലെന്നും ആളുകൾ തിയേറ്ററുകളിൽ വരുന്നില്ലെന്നും നിങ്ങൾ എപ്പോഴും പറയുന്നു. അവരെ ഒരുമിച്ച് കാസ്റ്റ് ചെയ്തു നോക്കൂ.”

അവർ തുടർന്നു, “പൊതുവേദികളിൽ ഇത്രയധികം ചർച്ചയാകുന്ന ഒരു ജോഡി വീണ്ടും സ്ക്രീനിൽ വന്നാൽ എങ്ങനെയുണ്ടാകും. ദൈവമേ, എനിക്ക് ചിന്തിക്കുമ്പോൾ തന്നെ ചിരി നിർത്താൻ കഴിയുന്നില്ല. ഒരു നല്ല തിരക്കഥ എഴുതി രണ്ടുപേരെയും കാസ്റ്റ് ചെയ്യൂ. കാരണം അവർ രണ്ടുപേരും വളരെ കഴിവുള്ളവരാണ്, ഒരുമിച്ച് കാണാൻ എന്ത് ഭംഗിയാണ്.” 

വീഡിയോ വൈറലായി, ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ദീപിക ആ റീൽ ലൈക്ക് ചെയ്യുകയും ചെയ്തു. ഇതോടെ രൺബീറിനൊപ്പം വീണ്ടും അഭിനയിക്കാൻ ദീപികയും തയ്യാറാണെന്നാണ് ആരാധകരുടെ പക്ഷം. രൺബീറും ദീപികയും നേരത്തേ പ്രണത്തിലായിരുന്നു, വേർപിരിഞ്ഞതിനു ശേഷം ഒന്നിച്ച് സിനിമകളൊന്നും ചെയ്തിട്ടില്ല.

രൺബീർ കപൂർ ഇപ്പോൾ 'ലവ് & വാർ' എന്ന പുതിയ സിനിമയുടെ തിരക്കിലാണ്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആലിയ ഭട്ടും വിക്കി കൗശലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രാമായണ എന്ന ചിത്രവും അദ്ദേഹത്തിന്റേതായി വരാനിരിക്കുന്നു. അതേസമയം, ഷാരൂഖ് ഖാൻ നായകനാകുന്ന 'കിങ്', അല്ലു അർജുനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രം എന്നിവയുടെ തിരക്കിലാണ് ദീപിക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi