ബോളിവുഡിലെ പേരെടുത്ത നടനും നിർമാതാവുമായ രൺധീർ കപൂറും നടി ബബിതയും 1971-ലാണ് പ്രണയിച്ച് വിവാഹം ചെയ്യുന്നത്. രൺധീറിന്റെ പിതാവ് രാജ് കപൂർ കുടുംബത്തിലെ സ്ത്രീകൾ സിനിമയിൽ അഭിനയിക്കുന്നതിനെ വിലക്കിയിരുന്നു. അതുകൊണ്ടുതന്നെ വിവാഹത്തോടെ ബബിത അഭിനയജീവിതം അവസാനിപ്പിച്ചു. മൂത്ത മകൾ കരീഷ്മ കപൂറിനും ഇളയ മകൾ കരീന കപൂറിനും ജന്മം നൽകിയ ശേഷം അവരുടെ കാര്യങ്ങളിലായി മുഴുവൻ ശ്രദ്ധ.

രൺധീറിനും ബബിതയ്ക്കുമിടയിൽ അപ്പോഴേക്കും പൊരുത്തക്കേടുകൾ തലപൊക്കിയിരുന്നു. രാത്രി വൈകി മദ്യപിച്ചെത്തുന്ന രൺധീറിന്റെ രീതികളെ ബബിതയ്ക്ക് ഉൾക്കൊള്ളാനായില്ല. കരിയർ സംബന്ധിച്ച അനിഷ്ടങ്ങളുമുണ്ടായിരുന്നു. ഔദ്യോഗികമായി വിവാഹമോചനം നേടാൻ മുതിർന്നില്ലെങ്കിലും ബബിതയും രൺധീറും വൈകാതെ പിരിഞ്ഞുതാമസിക്കാൻ തുടങ്ങി. മക്കളെയും കൊണ്ട് കപൂർ കുടുംബത്തിൽ നിന്ന് ബബിത അമ്മയുടെ അടുത്തേക്കുപോയി. ഇതിനിടയിൽ മക്കളുടെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി അവരെ സിനിമാമേഖലയിലേക്ക് കൈപിടിച്ചുയർത്തി. മക്കളും അച്ഛനും തമ്മിൽ നല്ല ബന്ധം നിലനിർത്തി. മൂന്നരപ്പതിറ്റാണ്ടോളം അവർ പിരിഞ്ഞുതന്നെയാണ് കഴിഞ്ഞത്. അതേസമയം, കുടുംബത്തിന്റെ ഒത്തുകൂടലുകളിലെല്ലാം പരസ്പര ബഹുമാനത്തോടെ ഇരുവരും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ പൊരുത്തക്കേടുകളെല്ലാം മാറ്റിവെച്ച് വാർധക്യകാലത്ത് വീണ്ടും ഒരുമിക്കുകയാണവർ. ഇരുവർക്കും 78 വയസ്സാണ് പ്രായം.

മകൾ കരീന, ബർഖ ദത്തുമായുള്ള ഒരു അഭിമുഖത്തിലാണ് അച്ഛനമ്മമാർ വീണ്ടും ഒന്നിക്കുന്ന കാര്യം അറിയിച്ചത്. രൺധീർ കപൂറിൻ്റെയും ബബിതയുടെയും ഒന്നിച്ചുള്ള താമസം തനിക്കും കരിഷ്മയ്ക്കും പുതിയ പ്രതീക്ഷയാണെന്നും ദൈവികമായ ഇടപെടൽ പോലെയാണതെന്നും അവർ പറയുന്നു. "വ്യക്തിപരമായി, അവരിരുവരും അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വങ്ങളാണെന്ന് ഞാൻ കരുതുന്നു. എൻ്റെ ജീവിതത്തിൽ എന്തൊക്കെ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചോ അതിനെല്ലാം അച്ഛൻ പിന്തുണ നൽകി. അവർ വാർധക്യം ഒന്നിച്ച് ചെലവഴിക്കാൻ തീരുമാനിച്ചു, കാരണം അവരൊന്നിച്ചാണ് യാത്ര തുടങ്ങിയത്."

കുടുംബത്തിലെ നിയമം മറികടക്കാൻ അമ്മ സഹായിച്ചു

കുടുംബത്തിന്റെ ചില്ലുമതിൽ തകർത്ത് സിനിമാരംഗത്ത് ഒരു കരിയർ കെട്ടിപ്പടുത്ത ആദ്യ വനിതയാകാൻ കരിഷ്മയെ സഹായിച്ച അമ്മയോടുള്ള കടപ്പാടും കരീന രേഖപ്പെടുത്തി. "അച്ഛന് അമ്മയുമായി യോജിക്കേണ്ടി വരികയായിരുന്നു. കുടുംബത്തിൽ ഒരു സ്ത്രീ, അമ്മ നൽകുന്ന സംരക്ഷണം എത്രത്തോളമാണെന്ന് പുരുഷന്മാർ അറിയണം, അവർക്ക് ലഭിക്കേണ്ട അംഗീകാരം നൽകുകയും അവരെ പിന്തുണയ്ക്കുകയും വേണം. എല്ലാവരുടെയും മാതാപിതാക്കൾ ലോകത്തിലെ ഏറ്റവും നല്ല മാതാപിതാക്കളാണ്. അതെ. എൻ്റെ മാതാപിതാക്കളും."

രൺധീറിന്റെയും ബബിതയുടെയും പ്രണയം

ബബിത സിനിമയിൽ അരങ്ങേറ്റം കുറിച്ചതിനു തൊട്ടുപിന്നാലെയാണ് രൺധീർ കപൂറിനെ പരിചയപ്പെടുന്നത്. രാജ് കപൂറിൻ്റെ 'സംഗം' എന്ന സിനിമയുടെ സെറ്റിൽ വെച്ച് 1969-ലായിരുന്നു അത്. പിന്നാലെ ഇരുവരും പ്രണയത്തിലായി. ഷമ്മി കപൂർ, ധർമേന്ദ്ര, രാജേഷ് ഖന്ന, ജിതേന്ദ്ര തുടങ്ങിയ താരങ്ങൾക്കൊപ്പം അഭിനയിച്ച ബബിത കുറഞ്ഞ കാലത്തെ അഭിനയജീവിതത്തിനിടയിൽ 19-ഓളം ചിത്രങ്ങളാണ് ചെയ്തിരുന്നത്. രൺധീറിന്റെ കുടുംബവും ഇവരുടെ പ്രണയബന്ധത്തെ പിന്തുണച്ചതോടെ ഇരുവരും വിവാഹത്തിലേക്ക് കടന്നു. കപൂർമാർ മകനു വേണ്ടി ബബിതയോട് വിവാഹാഭ്യർത്ഥന നടത്തിയശേഷം 1971 നവംബറിൽ ഇരുവരും വിവാഹിതരായി. ബന്ധത്തിൽ വിള്ളൽ വന്നതോടെ 1988-ൽ ബബിത മാതാപിതാക്കളുടെ അരികിലേക്ക് തിരികെപ്പോയി. ഒരിക്കലും വിവാഹമോചനത്തിന് അപേക്ഷ നൽകിയില്ല.

"ഞാൻ ഒരുപാട് മദ്യപിക്കുകയും വൈകി വീട്ടിലെത്തുകയും ചെയ്യുന്ന മോശം മനുഷ്യനാണെന്ന് അവൾ തിരിച്ചറിഞ്ഞു. അതവൾക്ക് ഇഷ്ടപ്പെടാത്ത കാര്യമായിരുന്നു. അവൾ ആഗ്രഹിച്ച രീതിയിൽ ജീവിക്കാൻ എനിക്കിഷ്ടമായിരുന്നില്ല, ഞങ്ങളുടെത് പ്രണയവിവാഹമായിരുന്നെങ്കിലും എന്നെ ഞാൻ ആയിരിക്കുന്നതുപോലെ സ്വീകരിക്കാൻ അവൾക്കുമായില്ല. ഞങ്ങൾക്ക് സംരക്ഷിക്കാൻ രണ്ട് സുന്ദരിക്കുട്ടികളുണ്ടായിരുന്നു. അവൾ അവരെ ഏറ്റവും നല്ല രീതിയിൽ വളർത്തി, കരിയറിൽ നല്ല നിലയിലെത്തിച്ചു. ഒരു പിതാവെന്ന നിലയിൽ ഇതിൽ കൂടുതൽ എനിക്ക് എന്താണ് ചോദിക്കാൻ കഴിയുക?"-രൺധീർ കപൂർ നേരത്തെ ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണിത്.

കരീഷ്മ സിനിമാ ഇൻഡസ്ട്രിയിലെത്തും വരെ ബബിത ഒട്ടേറെ ജോലികൾ ചെയ്തിരുന്നു. അമ്മയ്ക്കും തങ്ങൾക്കുമിടയിലെ അടുപ്പത്തെപ്പറ്റി കരീഷ്മയും കരീനയും പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. അമ്മ നൽകിയ സ്വാതന്ത്ര്യമാണ് തങ്ങളെ പരുവപ്പെടുത്തിയതെന്നും. മുംബൈയിലായിരുന്നു ഇരുവരുടെയും വിദ്യാഭ്യാസം. കൗമാരത്തിൽ തന്നെ സിനിമയിലേക്കെത്തിയതിനാൽ കരിഷ്മ കോളേജ് പഠനം പൂർത്തിയാക്കിയിരുന്നില്ല. കരീനയാണെങ്കിൽ ഹാവഡ് യൂണിവേഴ്സിറ്റിയിൽ ആക്ടിങ് കോഴ്സ് ചെയ്തിട്ടുണ്ട്. ബോളിവുഡിൽ കരീഷ്മയുടെ തുടക്കകാലത്ത് അവരുടെ മാനേജർ ബബിതയായിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi