ഇന്ന് സിനിമയിലും ബിസിനസിലും തന്റേതായ ഇടം ഉറപ്പിച്ചുകഴിഞ്ഞ വ്യക്തിയാണ് നടൻ വിവേക് ഒബ്‌റോയ്. എന്നാൽ, വിവേകിന്റെ തുടക്കം ഒട്ടും സുഗമമായിരുന്നില്ല. പ്രശസ്തനടനായ സുരേഷ് ഒബ്‌റോയിയുടെ മകനായിട്ടും വിവേകിന്റെ യാത്ര കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. അതിനെക്കുറിച്ച് തുറന്നുപറയുകയാണ് വിവേക് ഒരഭിമുഖത്തിൽ. രാംഗോപാൽ വർമയുടെ 'കമ്പനി'യിലെ ചന്ദ്രു എന്ന കഥാപാത്രമായാണ് വിവേക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

ചേരികളിൽ ജീവിക്കുന്ന, റഫ് ലുക്കുള്ള ഒരാളായിരുന്നു രാംഗോപാൽ വർമയുടെ മനസ്സിലുണ്ടായിരുന്ന ചന്ദ്രു. വിവേകിനെ പോലെ സൗന്ദര്യമുള്ളൊരാൾ ചേരില്ലെന്ന് വർമ പറഞ്ഞു. തുടക്കം തന്നെ നിരാസം നേരിട്ടെങ്കിലും വിവേക് തളർന്നില്ല. എങ്ങനെയെങ്കിലും ആർ.ജി.വിയെ ഇംപ്രസ് ചെയ്യാനുള്ള ശ്രമങ്ങളായി.

''ഞാൻ ഒരു ചേരിയിൽ പോയി, ഒരു മുറിയിൽ താമസിച്ചു. ഏഴ് ആഴ്ചയോളം അവിടെ നിന്നു. എലികളുടെ ശല്യമുള്ള സ്ഥലം. നിലത്താണ് ഉറക്കം. രാത്രിയാകുമ്പോൾ വലിയ എലികൾ ഓടിക്കളിക്കാൻ തുടങ്ങും. അതുകൊണ്ട് ഉറക്കവും ശരിയാവില്ല. അവിടെയുള്ള ഒരു പൊതുഡ്രമ്മിൽനിന്നാണ് വെള്ളം എടുക്കേണ്ടത്. മുറിയിൽ ബാത്ത്‌റൂമില്ല. പൊതു ടോയ്‌ലെറ്റ് ഉപയോഗിക്കേണ്ടി വന്നു. എല്ലാ ദിവസവും മണിക്കൂറുകളോളം വെയിലത്തൂടെ നടന്നു. അവിടെവെച്ചാണ് ചന്ദ്രു എങ്ങനെയായിരിക്കുമെന്ന് എനിക്ക് മനസ്സിലായത്. അവൻ എങ്ങനെ സിഗരറ്റ് വലിക്കും, ചായ കുടിക്കുന്നതെങ്ങനെ, സംസാരിക്കുന്നതെങ്ങനെ എന്നെല്ലാം മനസ്സിലാക്കി'', വിവേക് ഓർക്കുന്നു.

''പക്ഷേ ഒരുതവണ ഓഡിഷൻ കഴിഞ്ഞതിനാൽ ആർ.ജി.വി വീണ്ടും ഓഡിഷന് സമ്മതിക്കുമോ എന്നുറപ്പില്ല. ഒരാശയം തോന്നി. ഒരുദിവസം കഥാപാത്രത്തിന്റെ വേഷം ധരിച്ച് അദ്ദേഹത്തിന്റെ ഓഫീസിലെത്തി. ആർ.ജി.വി.ക്ക് ഇഷ്ടപ്പെട്ടു. ഉടനെ തന്നെ സിനിമയിലെടുക്കുകയും ചെയ്തു. ഇതുപോലൊരു ഓഡിഷൻ നടത്തിയിട്ടില്ലെന്നാണ് ആർ.ജി.വി പറഞ്ഞത്''.

ഉടനെ വിവേകിനെയും കൂട്ടി രാംഗോപാൽ വർമ, സുരേഷ് ഒബ്‌റോയിയുടെ വീട്ടിലെത്തി. സിനിമയിലേക്ക് തിരഞ്ഞെടുത്ത കാര്യം പറഞ്ഞു. ''എനിക്ക് അഡ്വാൻസ് തരണമല്ലോ. പക്ഷേ അദ്ദേഹത്തിന്റെ കൈയിൽ ആ സമയത്ത് പണമൊന്നുമുണ്ടായിരുന്നില്ല. ഒടുവിൽ എന്റെ അച്ഛന്റെ കൈയിൽനിന്ന് 10 രൂപ കടംവാങ്ങിയിട്ടാണ് എനിക്ക് അഡ്വാൻസ് തന്നത്''.

'കമ്പനി'യിലെ വിവേകിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. വമ്പൻ താരോദയം എന്ന് സിനിമാലോകം വാഴ്ത്തി. പക്ഷേ, സൽമാൻ ഖാനുമായുള്ള പ്രശ്‌നങ്ങൾ കാരണം ആ കരിയർ തകർച്ചയിലേക്ക് പോയി. പിന്നാലെ സിനിമ വിട്ട് ബിസിനസുമായി അദ്ദേഹം തിരക്കിലേക്ക് പോയി. ഇപ്പോൾ വീണ്ടും നല്ല കഥാപാത്രങ്ങളുമായി തിരിച്ചുവന്നിരിക്കുകയാണ് വിവേക്. ലൂസിഫർ, കടുവ, രക്തചരിത്ര, റസ്തം എന്നിവയാണ് ഈയടുത്ത് വിജയിച്ച വിവേകിന്റെ സിനിമകൾ. റൺബീർ കപൂറിന്റെ രാമായണ പാർട്ട് 1, സ്പിരിറ്റ് എന്നീ സിനിമകളാണ് ഇനി റിലീസാവാനുള്ളത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi