ബോളിവുഡിൽ ഭൂമി പട്‌നേക്കർ, തെലുഗുവിൽ അനുഷ്‌ക ഷെട്ടി, മലയാളത്തിൽ ഫറ ഷിബ്ല...കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ശരീരഭാരം അമിതമായി കൂട്ടിയ താരങ്ങളുടെ ആ ലിസ്റ്റിലേക്കിതാ നിവേദ തോമസും. ആ കഷ്ടപ്പാടിനുള്ള സമ്മാനമായി നിവേദയ്ക്ക് ലഭിച്ചത് മികച്ച നടിക്കുള്ള തെലങ്കാന സംസ്ഥാനപുരസ്‌കാരമാണ്. 

'വെറുതെ ഒരു ഭാര്യ' എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് നിവേദ സിനിമാരംഗത്തെത്തിയത്. അതിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനപുരസ്‌കാരവും കരസ്ഥമാക്കി. അതിനുശേഷം തമിഴ്, തെലുഗു സിനിമകളിൽ കൂടുതൽ സജീവമായി നിവേദ. ഒടുവിലിതാ '35 ചിന്ന കഥ കാതു' എന്ന സിനിമയിലൂടെ തെലങ്കാനയിൽനിന്നുള്ള പുരസ്‌കാരവും. 

രണ്ടു കുട്ടികളുടെ അമ്മയായിട്ടുള്ള റോളാണ് ഈ സിനിമയിൽ നിവേദയുടേത്. അതിനായി അവർ ഭാരം കൂട്ടുകയും ചെയ്തിരുന്നു. 15 കിലോയോളം ഭാരമാണ് അവർ കൂട്ടിയത്. അതിന്റെ പേരിൽ അവർ കുറേ ട്രോൾ ചെയ്യപ്പെട്ടു. ബോഡി ഷെയ്മിങ്ങും നേരിടേണ്ടി വന്നു. എന്നാൽ, അതിനൊക്കെയുള്ള മറുപടിയെന്നോണമാണ് നിവേദയെ തേടി പുരസ്‌കാരമെത്തിയത്.

2015-ൽ തമിഴിലും തെലുഗുവിലും റിലീസ് ചെയ്ത സിനിമയാണ് 'സൈസ് സീറോ' (ഇഞ്ചി ഇടുപ്പഴഗി). അമിതഭാരമുള്ള, സ്വതന്ത്രയായ ഒരു പെൺകുട്ടിയായിട്ടാണ് സിനിമയിൽ അനുഷ്‌ക ഷെട്ടി അഭിനയിച്ചത്. അതിനായി 20 കിലോ ഭാരമാണ് അവർ കൂട്ടിയത്. അതുകഴിഞ്ഞയുടനെ ഭാരം പൂർണമായും കുറയ്‌ക്കേണ്ടിയും വന്നു അനുഷ്‌കയ്ക്ക്. കാരണം 'ബാഹുബലി'യിലെ കഥാപാത്രത്തിന് അത്ര ശരീരഭാരം ആവശ്യമില്ലായിരുന്നു. ''ഒറ്റയടിക്ക് കുറയ്ക്കാൻ പറ്റില്ലായിരുന്നു. അതിനായി ഒരുപാട് പരിശ്രമിച്ചു. പതുക്കെ കുറയ്ക്കുകയായിരുന്നു. ഒരഭിനേതാവിന്റെ ജീവിതം എപ്പോഴും ചലഞ്ചുകൾ നിറഞ്ഞതാണല്ലോ'', അന്ന് അനുഷ്‌ക പറഞ്ഞതിങ്ങനെ. 

2015-ലിറങ്ങിയ 'ദം ലഗാ കേ ഹൈശ' എന്ന ചിത്രത്തിലെ നായിക പുതുമുഖമായ ഭൂമി പട്നേകറായിരുന്നു. കഥാപാത്രത്തിനായി 30 കിലോയാണ് ഭൂമി കൂട്ടിയത്, ആറുമാസം കൊണ്ടായിരുന്നു അത്രയും ഭാരം വർധിപ്പിച്ചത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ സ്വാഭാവികമായ രീതിയിൽ അവർ ഭാരം കുറയ്ക്കുകയും ചെയ്തു. 35 കിലോയാണ് അടുത്ത സിനിമയുടെ ഷൂട്ടിങ്ങിനുമുമ്പ് അവർ കുറച്ചത്.

കങ്കണ റനൗട്ട് 'തലൈവി' എന്ന സിനിമയ്ക്കായി കൂട്ടിയതും കുറച്ചതും 20 കിലോയാണ്. അതും വെറും ആറുമാസം കൊണ്ട്. ഭാരം കുറച്ചപ്പോൾ സ്‌ട്രെച്ച് മാർക്കുകളുണ്ടായിരുന്നുവെന്ന് കങ്കണ തുറന്നുപറഞ്ഞിരുന്നു. ''ഭരതനാട്യം നർത്തകിയായ ജയലളിതയെ അവതരിപ്പിക്കുന്ന സമയത്ത് ശരീരഭാരം വല്ലാതെ കുറച്ചു. അതിനുശേഷം രാഷ്ട്രീയത്തിൽ വന്നപ്പോൾ അവരുടെ ഭാരം കൂടി. അതിനനുസരിച്ച് എനിക്കും കൂട്ടേണ്ടി വന്നു. അതിനായി ഹോർമോൺ ഗുളികകളുടെ ചെറിയ ഡോസുകളും കഴിച്ചിരുന്നു''. 

'കക്ഷി അമ്മിണിപ്പിള്ള' എന്ന സിനിമയ്ക്കായി അഭിനേത്രി ഫറ ഷിബ്ല തന്റെ രൂപത്തിൽ കാര്യമായ മാറ്റംവരുത്തിയിരുന്നു. 20 കിലോയാണ് ആ സമയത്ത് കൂട്ടിയത്. സിനിമ കഴിഞ്ഞപ്പോൾ പഴയരൂപത്തിലേക്കെത്തുകയും ചെയ്തു. ''ഒട്ടും ആരോഗ്യകരമല്ലാത്ത ഒരു ഡയറ്റിലൂടെയാണ് ഞാൻ ഭാരം കൂട്ടിയത്. അതിന്റെ പ്രശ്‌നങ്ങൾ പിന്നീട് പലപ്പോഴുമുണ്ടായിരുന്നു. ശരീരത്തിൽ കൊഴുപ്പിന്റെ കോശങ്ങൾ അടിഞ്ഞുകൂടി'', ഫറ ഷിബ്ല പിന്നീട് പറഞ്ഞതിങ്ങനെ.