
ശക്തിമാനും മൗഗ്ലിയും കൈയടക്കിയ കുട്ടിക്കാലത്തിന്റെ ഉടമകളാണ് തൊണ്ണൂറുകളിലെ കുട്ടിക്കൂട്ടം. ആ വംശാവലിയിലേക്കാണ് അധോലോകനായകന്റെ ലുക്കുള്ള ഒരു പൊന്‍കുന്നംകാരന്‍ ഇറങ്ങിവന്നത്. ഉശിരന്‍ പേശിയും ഞെരിപ്പ് നോട്ടവുമുള്ള അയഞ്ഞ കുപ്പായക്കാരന്‍... തനി ബൊഹീമിയന്‍. ഇടവേളയെടുത്ത് നിഗൂഢ വില്ലന്‍ അകന്നു നിന്നപ്പോള്‍ 'ഇടുക്കി ഗോള്‍ഡി'ല്‍ ചങ്ങാതിക്കൂട്ടത്തോട് മൈക്കിള്‍ ഇടറിച്ചോദിച്ച അതേ ചോദ്യം ആരാധകരുടെ മനസ്സിലും ഉയിര്‍ത്തിരുന്നു... ''നമ്മളിനി കാണില്ലേ?''
കാറ്റും മഴയും എക്കാലത്തേക്കും മാറി നില്‍ക്കില്ലെന്നുപറഞ്ഞപോലെ ആ നടനും മടങ്ങി വന്നു. ഇടയ്ക്കിടെ ഓരോ വേഷങ്ങള്‍. ഇടയില്‍ ചില ഇടവേളകള്‍. ഇപ്പോഴിതാ അമേരിക്കയില്‍ നിന്ന് പൊന്‍കുന്നത്തേക്ക് വീണ്ടും ഒരു തിരിച്ചുവരവ്. ഇടതടവില്ലാതെ സിനിമകള്‍. കഴുത്തില്‍ ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം. കാതില്‍ ഒരു ചെറുവളയം. കാഴ്ചയില്‍ അതേ ബൊഹീമിയന്‍... പൊന്‍കുന്നവും പൂനെയും അമേരിക്കയും മോസ്‌കോയും കടന്ന സഞ്ചാരജീവിതത്തെപ്പറ്റി, സിനിമാക്കാലത്തെപ്പറ്റി ബാബു ആന്റണി സംസാരിച്ചുതുടങ്ങി...

പിരുപിരുപ്പന്‍കാലം
പൊന്‍കുന്നത്തെ കുട്ടിക്കാലത്തുനിന്നാണ് ആക്ഷന്‍ സ്റ്റാര്‍ കഥ പറഞ്ഞുതുടങ്ങിയത്. ''ഞങ്ങളുടേത് ഒരു കിങ് സൈസ് ഫാമിലി ആണ്. ഞങ്ങള്‍ ഏഴ് സഹോദരങ്ങള്‍. നാല് പെണ്ണും മൂന്ന് ആണും.
യാഥാസ്ഥിതിക കത്തോലിക്കാ കുടുംബം. റബ്ബര്‍ എസ്‌റ്റേറ്റും മലഞ്ചരക്ക് കച്ചവടവും ഒക്കെയായിരുന്നു അപ്പച്ചന്. സിനിമാബന്ധം ഒന്നുമില്ല.
ശരിക്കും ഒരു കണ്‍ട്രിബോയ് ലൈഫ് ആയിരുന്നു എന്റേത്. തോട്ടില്‍ ചാടുക, മരം കയറുക, അണ്ണാനെ പിടിക്കുക. നല്ല പിരുപിരുപ്പുള്ള കുസൃതി.
പൊന്‍കുന്നം പട്ടണത്തില്‍ അപ്പച്ചന് അന്നൊരു മലഞ്ചരക്ക് കട ഉണ്ട്. ഇടയ്‌ക്കൊക്കെ ഞാനും അവിടെ പോയിരിക്കും. അന്നൊന്നും ഇങ്ങനെ പൊക്കം വെക്കുമെന്നൊന്നും അറിഞ്ഞിരുന്നില്ല. എന്റെ വല്യപ്പാപ്പന് അതായത് വല്യമ്മച്ചിയുടെ അപ്പന് നല്ല പൊക്കമുണ്ട്. ആറടി ഏഴിഞ്ച് പൊക്കമുള്ള ഒരു ആജാനബാഹു. നാട്ടുഭാഷയില്‍ എല്ലാരും പുള്ളിയെ 'പോത്തന്‍' എന്നാ വിളിച്ചിരുന്നത്. ഏതോ വാരികയില്‍ മാന്ത്രികനായ മാന്‍ഡ്രേക്ക് എന്നൊരു കാര്‍ട്ടൂണ്‍ കണ്ടു. അതിലെ സാഹസികത അങ്ങ് പിടിച്ചു. അങ്ങനെ കരാട്ടെ പഠിക്കാന്‍ തുടങ്ങി. അതൊരു പാഷനായി.''
സിനിമാക്കാഴ്ചകള്‍
പ്രീഡിഗ്രി കഴിഞ്ഞ് പിന്നെ എന്ത് പഠിക്കണം എന്ന് സംശയം വന്നു. ഒരു വശത്ത് സ്‌പോര്‍ട്‌സും കരാട്ടേയുമൊക്കെ. സാമാന്യം നല്ല കനമുള്ള ഏര്‍പ്പാടാണത്. അതുകൊണ്ട് തുടര്‍ന്നുള്ള പഠനത്തിന് വലിയ ഭാരം വേണ്ടെന്ന് തീരുമാനിച്ചു. ബി. എ. ലിറ്ററേച്ചറിന് ചേര്‍ന്നു. അവിടുന്ന് എം. എ. ലിറ്ററേച്ചര്‍. ഒരു വര്‍ഷം കഴിഞ്ഞപ്പോ അത് മടുത്തു. ഇതുകൊണ്ട് ഒരു കാര്യോം ഇല്ല എന്നായി.
പിന്നെ പൂനെ സിംബയോസിസില്‍ എം. ബി. എ. മിക്‌സ് മാര്‍ഷ്യല്‍ ആര്‍ടസ് പഠനവും ഒപ്പം തുടര്‍ന്നു. പൂനെ യൂണിവേഴ്‌സിറ്റി വോളിബോള്‍ ക്യാപ്റ്റന്‍ ആയിരുന്നു മൂന്നുവര്‍ഷം. അത്‌ലറ്റിക് ടീമിന്റെയും ക്യാപ്റ്റനായി. ട്രിപ്പിള്‍ ജമ്പ്, ലോങ് ജമ്പ്, പോള്‍വാട്ട്... എല്ലാ മത്സരങ്ങള്‍ക്കും പങ്കെടുക്കും. പൂനെയില്‍ തണുത്ത കാലാവസ്ഥയാണ്. ആ തണുപ്പ് കാരണമാണ് മുടി നീട്ടിയത്. പിന്നെ അതൊരു സ്റ്റൈലായി കൊണ്ടുനടന്നു. സിംബയോസിസിലെ പഠനകാലത്താണ് സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത്. അതിനടുത്താണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. വൈകുന്നേരം അവിടെ ക്ലാസിക് സിനിമകളുടെ പ്രദര്‍ശനമുണ്ട്. സി. കെ. മുരളീധരനും രാജീവ് ഹിറാനിയും ഉള്‍പ്പെടെയുള്ള കുറേ കൂട്ടുകാര്‍ ഉണ്ടായിരുന്നു എനിക്കവിടെ. അങ്ങനെയാണ് സിനിമയോട് താത്പര്യം തോന്നുന്നത്.
പഠനവും മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനവും ഒക്കെയായി മൊത്തത്തില്‍ ഒരു മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു. സിനിമയില്‍ ഒരു കൈ നോക്കിയാലോ എന്നായി.
വെള്ളിത്തിര തേടി
എം. ബി. എ പൂര്‍ത്തിയാക്കി നേരെ മദ്രാസിലേക്ക് വിട്ടു. സിനിമയാണ് ലക്ഷ്യം. പക്ഷേ, ആരെ കാണണം, എവിടെച്ചെന്ന് കാണണം എന്നൊന്നും അറിയില്ല. എന്തായാലും മദ്രാസിലെത്തി. ഒരുദിവസം ഒരു സെറ്റില്‍ ചെന്ന് ഭരതേട്ടനെ കണ്ടു. എന്റെ രൂപം കണ്ടാല്‍ ഏതു നാട്ടുകാരനാണെന്നൊന്നും പറയാന്‍ പറ്റില്ലല്ലോ.
''വെയര്‍ ആര്‍ യു ഫ്രം?'' എന്നാണ് പുള്ളിക്കാരന്‍ എന്നോട് ചോദിക്കുന്നത്. ഞാന്‍ മലയാളി ആണെന്ന് പറഞ്ഞു. 'ചിലമ്പി'ല്‍ ഒരു വേഷം കിട്ടി. ശോഭനയും റഹ്മാനും ഒക്കെയുള്ള സിനിമയാണ്. റഹ്മാനുമായി നല്ല കൂട്ടായി ആ ചങ്ങാത്തം ഞങ്ങള്‍ ഇപ്പോഴും തുടരുന്നു. എന്നെ ആദ്യം കാണുമ്പോഴേ ഭരതേട്ടന്റെ മനസ്സില്‍ ലോമപാദ മഹാരാജാവായിരുന്നു എന്ന് പിന്നെ അദ്ദേഹം പറഞ്ഞു. പൊക്കം ആണ് അതിനുകാരണം. 'വൈശാലി'യിലെ ആ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നെ തുടരെ സിനിമകള്‍ കിട്ടി. അപ്പോഴും മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനം തുടര്‍ന്നു.
റഷ്യന്‍ പ്രണയകഥ
സിനിമയില്‍ തിരക്കേറിയ കാലമായിരുന്നു അത്. ആ തിരക്കിനിടയില്‍ അപ്രതീക്ഷിതമായി ചില പ്രതിസന്ധികള്‍ വന്നു. ആ അവസ്ഥയില്‍ ഒപ്പം നില്‍ക്കാന്‍ ആരും ഇല്ലാത്ത സ്ഥിതി. പിന്നില്‍ നിന്ന് തള്ളി വീഴ്ത്താന്‍ ആരൊക്കെയോ പ്രയാസപ്പെടുന്നപോലെ. ഒഴുക്കിനൊത്ത് നീന്തുക എന്ന ഫിലോസഫി പിന്തുടരുന്ന ആളാണ് ഞാന്‍. ഒഴുക്ക് തടസ്സപ്പെട്ടപ്പോള്‍ ഞാന്‍ ഒന്ന് വഴിതിരിഞ്ഞു. അമേരിക്കയിലേക്ക് പോയി.
അവിടെ പുതിയൊരു ജീവിതം. ജോലി. മിക്‌സ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലിപ്പിക്കാന്‍ തുടങ്ങി. എന്റെ സഹോദരന്‍ ഒരു ഓള്‍ഡ് ഏജ് ഹോം നടത്തിയിരുന്നു. അവിടെ ക്രിസ്മസ് ആഘോഷത്തിന് പിയാനോ വായിക്കാന്‍ ഒരു റഷ്യന്‍ പെണ്‍കുട്ടി വന്നു. അവളോട് എനിക്കൊരു ക്രഷ് തോന്നി. ഞങ്ങള്‍ ഡേറ്റ് ചെയ്തു. അവളിവിടെ പൊന്‍കുന്നത്തേക്ക് വന്നു. ഏറെക്കഴിയാതെ ഞങ്ങള്‍ വിവാഹിതരായി. യു. എസ്സിലും മോസ്‌കോയിലും കേരളത്തിലുമൊക്കെ കറങ്ങി. ആ യാത്രകള്‍ക്കിടയില്‍ കുടുംബം വലുതായി. വലിയ മോന്‍ ആര്‍തര്‍ മോസ്‌കോയിലാണ് ജനിച്ചത്. ഇളയവന്‍ അലക്‌സ് പൊന്‍കുന്നത്തും.
അന്ന് നാട്ടില്‍ അമ്മച്ചി തനിച്ചാണ്. അതുകൊണ്ട് ഒന്‍പത് വര്‍ഷത്തോളം ഞങ്ങളിവിടെ നിന്നു. അമ്മച്ചിക്ക് ഇവളുടെ ഭാഷ അറിയില്ല. ഇവള്‍ക്ക് അമ്മച്ചിയുടേയും. പക്ഷേ, ഇരുവര്‍ക്കും തമ്മില്‍ മനസ്സിലാക്കാന്‍ പ്രയാസം ഒന്നും ഉണ്ടായിരുന്നില്ല. ആര്‍തര്‍ മൂന്നാംക്ലാസ് വരെ പൊന്‍കുന്നത്താണ് പഠിച്ചത്. പഠിച്ച മലയാളം ഒക്കെ മറന്നെങ്കിലും മക്കള്‍ക്ക് രണ്ടുപേര്‍ക്കും മലയാളം കേട്ടാല്‍ മനസ്സിലാവും. അമ്മച്ചി മരിച്ചശേഷം ഞങ്ങള്‍ അമേരിക്കയിലേക്ക് മടങ്ങി. അവിടെ സ്ഥിരതാമസമായി. മിക്‌സ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിപ്പിക്കുന്ന ഒരു സ്ഥാപനം തുടങ്ങി. തത്കാലത്തേക്ക് അതൊക്കെ നിര്‍ത്തി ഞാന്‍ ഇപ്പോള്‍ കേരളത്തിലേക്ക് മടങ്ങി.

തിരിച്ചുവരവില്‍
ഒരു ഘട്ടത്തില്‍ സിനിമയിലേക്ക് തിരിച്ചുവരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. പണ്ട് ചങ്ങാത്തം ഉണ്ടായിരുന്ന സംവിധായകരെ വിളിച്ച് ചാന്‍സ് ചോദിച്ചിട്ടുമുണ്ട്. പക്ഷേ, അടുപ്പത്തിന്റെ പേരില്‍ ഒരു സഹായം ഉണ്ടായിട്ടില്ല. മടങ്ങി വരവില്‍ 'ബ്ലാക്കി'ലേയും 'ഇടുക്കി ഗോള്‍ഡി'ലേയും കഥാപാത്രങ്ങളെ മറക്കാനാവില്ല. ചെയ്ത കഥാപാത്രങ്ങള്‍ ആളുകള്‍ ഓര്‍ത്തുവെക്കുന്നതില്‍ സന്തോഷമുണ്ട്.
തമിഴില്‍ 'കാക്കമുട്ടൈ' എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു സംഭവം ഉണ്ടായി. അതിന്റെ സംവിധായകന്‍ മണികണ്ഠന്‍ എന്റെ പഴയ സിനിമകളൊക്കെ കണ്ടിട്ടുണ്ട്. 'പൂവിന് പുതിയ പൂന്തെന്നല്‍' എന്ന സിനിമയില്‍ എന്റെ കഥാപാത്രം കുട്ടിക്കാലത്ത് പേടിപ്പിച്ചതും...പേടിച്ച് പനിപിടിച്ചതും മണികണ്ഠന്‍ ഓര്‍ത്തു പറഞ്ഞു. ചെയ്ത കഥാപാത്രങ്ങള്‍ വെച്ച് ക്രൂരനായ വില്ലനാണ് ജീവിതത്തിലും ഞാനെന്ന തോന്നല്‍ ആളുകള്‍ക്ക് ഉണ്ടായിട്ടുണ്ടാവാം. മലയാളവും തമിഴും തെലുങ്കും ഉള്‍പ്പെടെ പലഭാഷകളില്‍ അഭിനയിച്ചു. സിംഹള ഭാഷയിലും ഒരു സിനിമ ചെയ്തിട്ടുണ്ട്. ഹോളിവുഡില്‍ ചെയ്ത ഒരു സിനിമയില്‍ ഭാര്യയും മക്കളും ഒപ്പം അഭിനയിച്ചിട്ടുണ്ട്.
അവിടെയും ഇവിടെയും
ഭാര്യയുടെ അച്ഛനമ്മമാരൊക്കെ മോസ്‌കോയില്‍ ഉണ്ട്. യുദ്ധവും മറ്റും കാരണം കുറേയായി അങ്ങോട്ട് പോയിട്ട്. ഞങ്ങള്‍ എല്ലാവര്‍ക്കും അമേരിക്കന്‍ പൗരത്വമുണ്ട്. എന്റെ കാഴ്ചപ്പാടില്‍ വളരെ ചിട്ടയുള്ള ജീവിതമാണ് അവിടുത്തേത്. നിയമങ്ങള്‍ കടുകട്ടി. ഇപ്പോള്‍ ഇവിടെ ടാറ്റൂ ഒക്കെ വലിയ ട്രെന്‍ഡല്ലേ. വിദേശത്തൊക്കെ അങ്ങനെയാകും എന്നാകും എല്ലാവരും കരുതുക. പക്ഷേ, അവിടെ നമ്മള്‍ ഒരു ജോലിക്ക് അപേക്ഷിക്കുമ്പോള്‍ പോലും ശരീരത്തില്‍ എവിടൊക്കെ ടാറ്റൂ ഉണ്ട് ഏതൊക്കെ ഭാഗങ്ങള്‍ തുളച്ച് ആഭരണങ്ങള്‍ അണിഞ്ഞിട്ടൊക്കെ ഉണ്ട് എന്നൊക്കെ പറയേണ്ടി വരും. ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ നമ്മുടെ നാട്ടുകാരുടെ കാഴ്ചപ്പാടും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഫിറ്റ്‌നസ് എന്നാല്‍ മസില്‍ ബില്‍ഡ് ചെയ്യുക ആണെന്നൊരു തോന്നല്‍. അതിനുവേണ്ടി സ്റ്റിറോയ്ഡ് അടിച്ചുകയറ്റും. അതല്ല ഫിറ്റ്‌നസ്.
Content Highlights: babu antony's reflection on life and cinema
Published: 10 Oct 2023, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented