ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂറും അര്‍ധസഹോദരിമാരായ ജാന്‍വി കപൂറും ഖുഷി കപൂറും അടുപ്പത്തിലായിട്ട് അധികകാലമായിട്ടില്ല. ബോണി കപൂറിന്റെയും മോന ഷൂരിയുടെയും മക്കളായ അര്‍ജുനും അന്‍ഷുലയും അര്‍ധസഹോദരിമാരുമായി ദീര്‍ഘകാലം അകല്‍ച്ചയിലായിരുന്നു. അമ്മ ശ്രീദേവിയുടെ മരണശേഷമാണ് ജാന്‍വിയും ഖുഷിയും ഇരുവരുമായി സൗഹൃദത്തിലാവുന്നത്.

സഹോദരിമാര്‍ക്ക് അര്‍ജുന്‍ രക്ഷകനെപ്പോലെയാണെന്നും പൈസ കൊടുക്കേണ്ടാത്ത തെറാപ്പിസ്റ്റ് ആണെന്നും ജാന്‍വി കപൂര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. അതിന് മറുപടി പറഞ്ഞിരിക്കുകയാണ് അര്‍ജുന്‍ ഇപ്പോള്‍. സഹോദരിമാരെ ക്ഷമയോടെ കേള്‍ക്കാന്‍ നടന്‍ തയ്യാറാവുമത്രേ. അവര്‍ക്ക് ഒരു പരിധിവരെ രക്ഷകനാകാന്‍ തനിക്ക് കഴിയാറുണ്ട്, അവരേക്കാള്‍ പ്രായവും അനുഭവവും ഉള്ളതിനാലാണതെന്നും അര്‍ജുന്‍ പറയുന്നു. 

'എല്ലായ്പ്പോഴും കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണുന്ന വ്യക്തിയാണ് ഞാന്‍. സംശയങ്ങളുണ്ടെങ്കില്‍, അവര്‍ക്ക് ഗുണവും ദോഷവും പറഞ്ഞുകൊടുക്കാന്‍ കഴിയും. അതേസമയം, പോസിറ്റീവ് കാര്യങ്ങള്‍ മാത്രം ഉപദേശിക്കുന്ന വ്യക്തിയല്ല, അവരോട് എല്ലാം പറഞ്ഞുകൊടുക്കും, ഒടുവില്‍ തീരുമാനമെടുക്കേണ്ടത് സഹോദരിമാര്‍ തന്നെയാണ്., കാരണം അവര്‍ക്കായി തീരുമാനമെടുക്കാന്‍ വേറൊരാള്‍ക്കാവില്ല. ജാന്‍വി കപൂറിനെ കുറിച്ച് പറയുമ്പോള്‍, ഒരേ പ്രൊഫഷനില്‍ ജോലി ചെയ്യുന്നതിനാലും അവള്‍ ഒരുപാട് ജോലികള്‍ ചെയ്യുന്നതിനാലും അതുസംബന്ധിച്ച് സംസാരിക്കാറുണ്ട്. അവള്‍ പറയുന്നത് ശ്രദ്ധിക്കുന്നതിനൊപ്പം അവളില്‍ നിന്ന് പഠിക്കുകയും ചെയ്യാറുണ്ട്'- അര്‍ജുന്‍ പറയുന്നു. 

അന്‍ഷുല കപൂറിനൊപ്പം ധാരാളം സമയം ചെലവഴിക്കാറുണ്ട് അര്‍ജുന്‍. അവള്‍ക്ക് ആശങ്ക വരുമ്പോള്‍ ഒപ്പം നില്‍ക്കാറുമുണ്ടെന്ന് താരം വ്യക്തമാക്കുന്നു. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും രണ്ടാമത്തെ മകളായ ഖുഷിയെ പറ്റിക്കുകയും തമാശകള്‍ പറയുകയും ചെയ്യാറുണ്ടെന്നും താരം പറയുന്നു. 'നാളെ അവള്‍ എന്നെ സമീപിച്ച് എന്തെങ്കിലും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവളെ കേള്‍ക്കു'മെന്നും അര്‍ജുന്‍ വ്യക്തമാക്കി. രോഹിത് ഷെട്ടിയുടെ 'സിങ്കം എഗെയ്ന്‍' ആണ് അര്‍ജുന്റേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം.