കൊടുംവില്ലനായിട്ടായിരുന്നു നടൻ അമ്‌രീഷ് പുരി അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ വിഖ്യാതകഥാപാത്രമായ മൊഗാംബോ പോലൊരു ക്രൂരൻ. എന്നാൽ, അദ്ദേഹം വളരെ സൗമ്യനായൊരു വ്യക്തിയായിരുന്നുവെന്നാണ് ബോളിവുഡ് പറയാറുള്ളത്.
ജോലിയോടുള്ള ആത്മാർഥതയും അച്ചടക്കവുമുള്ളയാൾ. ജീവിതത്തിലെ അവസാനദിവസം വരെ അദ്ദേഹം അതെല്ലാം പാലിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം ഇന്നും ആളുകൾ ഓർക്കുന്നത്. ബോളിവുഡിൽനിന്ന് ഇന്റർനാഷണൽ സിനിമയിലേക്ക് അദ്ദേഹം നടന്നെത്തിയതും ഇതേ പ്രൊഫഷണലിസം കൊണ്ടുതന്നെ. മൊഗാംബോ എന്ന ഐക്കോണിക് കഥാപാത്രത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും ഒരിക്കൽ വാർത്തയായിരുന്നു. വീട്ടിലെ ഒരു മുറിയിൽ 20 ദിവസത്തോളം അദ്ദേഹം ഒറ്റയ്ക്ക് കഴിഞ്ഞു. മുറിയിലേക്ക് സൂര്യപ്രകാശം പോലും കടക്കാത്ത രീതിയിലാണ് അത് അടച്ചിട്ടത്. അവിടെയിരുന്ന് കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തി.
ഹോളിവുഡ് സിനിമയായ 'ഇന്ത്യാന ജോൺസ് ആന്റ് ദ ടെംപിൾ ഓഫ് ഡൂമി'ലെ മോലാ റാമിലൂടെയാണ് വിദേശപ്രേക്ഷകർക്ക് അദ്ദേഹം സുപരിചിതനായത്. വില്ലൻവേഷങ്ങൾക്കൊപ്പം തന്നെ അദ്ദേഹം കോമഡിവേഷത്തിലെത്തിയ 'ചാച്ചി 420'യിലെ കഥാപാത്രത്തെയും ആളുകൾ ഏറ്റെടുത്തു.
ഇന്ത്യൻസിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വില്ലനുമായി അദ്ദേഹം. ഒരുകോടിയായിരുന്നു അദ്ദേഹത്തിന് കിട്ടിയിരുന്ന പ്രതിഫലം.
വളരെ ചുരുക്കം സമയങ്ങളിൽ മാത്രമാണ് അദ്ദേഹത്തിന് തന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. അതിൽ ഗോവിന്ദയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമ്‌രീഷ് പുരി കൃത്യമായി പറഞ്ഞസമയത്ത് സെറ്റിലെത്തുന്നയാളാണ്. ഗോവിന്ദ നേരെ തിരിച്ചും. ഷൂട്ടിങ് തുടങ്ങിയതുമുതൽ ഗോവിന്ദ വൈകിവരുന്ന പതിവ് ആവർത്തിച്ചു. ആദ്യദിവസങ്ങളിൽ മൂന്നും നാലും മണിക്കൂർ വൈകിയാണ് സെറ്റിലെത്തിയത്. അത്രയും സമയം സെറ്റിലുള്ളവർ മുഴുവൻ അദ്ദേഹത്തെ കാത്തുനിൽക്കേണ്ടിവരുന്ന അവസ്ഥ. ഒരുദിവസം പതിവുപോലെ അമ്‌രീഷ് പുരി കൃത്യം ഒമ്പതുമണിക്കുതന്നെ എത്തി. ഗോവിന്ദ വന്നത് വൈകുന്നേരം ആറുമണിക്കും. അമ്‌രീഷ് പുരിക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഗോവിന്ദയുടെ മുഖത്തടിച്ചു. ഇതുവലിയ പ്രശ്‌നമായി. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ താൻ തയ്യാറല്ലെന്ന് ഗോവിന്ദ തീർത്തുപറഞ്ഞു. ഒടുവിൽ പരസ്യമായി അടിച്ചതിന് അമ്‌രീഷ് പുരി മാപ്പുപറഞ്ഞു.
ആമിർ ഖാനും തുടക്കകാലത്ത് അമ്‌രീഷ് പുരിയുടെ കോപത്തിന്റെ ചൂടറിഞ്ഞിട്ടുണ്ട്. അന്ന് ആമിർ അഭിനയിക്കാൻ തുടങ്ങിയിട്ടില്ല. ഒരു സിനിമയിൽ കണ്ടിന്യൂയിറ്റി മാനേജരായി ജോലി ചെയ്യുകയാണ്. ഓരോ സീനിലെയും കണ്ടിന്യൂയിറ്റി പറഞ്ഞുകൊടുക്കുന്നയാൾ. അമ്‌രീഷ് പുരിയുടെ കഥാപാത്രത്തിന്റെ കണ്ടിന്യൂയിറ്റി നോക്കാനാണ് ആമിറിനെ ഏൽപിച്ചത്. എന്നാൽ ആമിർ പറഞ്ഞത് പലതും തെറ്റിപ്പോയി. ഒടുവിൽ സെറ്റിൽവെച്ച് പരസ്യമായി ആമിറിനെ, പുരി വഴക്കുപറഞ്ഞു. ഒടുവിൽ തന്റെ തെറ്റാണതെന്ന് പറഞ്ഞ് സംവിധായകൻ രംഗത്തെത്തി. വഴക്കുപറഞ്ഞതിന് അമ്‌രീഷ് പുരി, ആമിറിനോട് മാപ്പുപറയുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: the untold story of amrish puri, iconic bollywood villain, known for his fierce roles but gentle nature
Published: 07 Jul 2025, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented