തമിഴ് സൂപ്പർതാരം രജനീകാന്തും ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും പതിറ്റാണ്ടുകൾക്ക് മുമ്പ് ഏതാനും ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അന്ധാ കാനൂൻ (1983), ഗിരിഫ്താർ (1985), ഹം (1991) തുടങ്ങിയവയാണിത്. നീണ്ട 33 വർഷത്തെ ഇടവേളയ്ക്കുശേഷം, ടി.ജെ. ജ്ഞാനവേലിന്റെ 'വേട്ടയൻ' എന്ന ചിത്രത്തിലൂടെ ഈ ജോഡികൾ വീണ്ടും ഒന്നിച്ചു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ, ബച്ചൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ കാലത്തെപ്പറ്റി രജനീകാന്ത് അനുസ്മരിച്ചിരുന്നു.

എല്ലാം ഉപേക്ഷിക്കാൻ തീരുമാനിക്കുമ്പോൾ ബച്ചൻ തന്റെ കരിയറിന്റെ പീക്കിലായിരുന്നുവെന്ന് രജനീകാന്ത് വെളിപ്പെടുത്തി. തുടർന്ന് അദ്ദേഹം അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് (ABCL) എന്ന നിർമ്മാണ കമ്പനി സ്ഥാപിച്ചു. നിർഭാഗ്യവശാൽ ആ ബിസിനസ്സ് പരാജയപ്പെടുകയും, അദ്ദേഹത്തെയത് പാപ്പരത്തത്തിലേക്ക് നയിക്കുകയും ചെയ്തു. ഏകദേശം 90 കോടി രൂപയുടെ കടമുണ്ടായിരുന്നു ആ സമയത്ത്. കടം വീട്ടാനായി ഇതിഹാസ താരത്തിന് ജുഹുവിലെ തന്റെ വീടും മുംബൈയിലെ മറ്റ് സ്വത്തുക്കളും വിൽക്കേണ്ടി വന്നു. ദിവസവും 18 മണിക്കൂർ ജോലിയും ചെയ്യേണ്ടി വന്നുവെന്ന് രജനീകാന്ത് ഓർത്തു.

"ബോംബെ ഇൻഡസ്ട്രിയിലെ ആളുകൾ ഇത് കണ്ട് വീണ്ടും അദ്ദേഹത്തെ പരിഹസിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഏറെയുണ്ടായിട്ടും മൂന്ന് വർഷത്തോളം അദ്ദേഹം ദിവസവും 18 മണിക്കൂർ ജോലി ചെയ്ത് തന്റെ എല്ലാ കടങ്ങളും തീർത്തു. വെറും 3 വർഷം, 64-ാം വയസ്സിൽ, ശരീരത്തിൽ 1000 പ്രശ്നങ്ങളുണ്ടാവും. എന്നിട്ടും അദ്ദേഹം പഴയ വീട് തിരികെ വാങ്ങി, അതേ തെരുവിൽ മൂന്ന് വീടുകൾ വാങ്ങി. എല്ലാ കടങ്ങളും വീട്ടുകയും ചെയ്തു. അതാണ് അമിതാഭ് ബച്ചൻ"-രജനീകാന്ത് പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi