ഒരു പ്രത്യേക ശരീര വലിപ്പത്തിന് പിന്നാലെ പായുന്നതിനേക്കാൾ ആരോഗ്യത്തോടെ ഇരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയെന്ന് പറയുകയാണ് ബോളിവുഡ് നടി രാധിക മദൻ. നടി കത്രീന കൈഫിന് പ്രസവാനന്തരം ശരീരഭാരം കൂടിയതിന്റെ പേരിൽ വലിയ ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിൽ തനിക്കു നേരിടേണ്ടിവന്ന അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു രാധിക. ഒരു സ്ത്രീയെന്ന നിലയിൽ രൂപത്തിന്റെ പേരിൽ നിരന്തരമായ വിധിക്കലുകൾ നേരിടേണ്ടി വരുന്നുണ്ടെന്നും താനും ബോഡി ഷെയ്മിങ്ങിനിരയാണെന്നും അവർ പറയുന്നു. “'പടാഖ' എന്ന ചിത്രത്തിനായി 15 കിലോ ഭാരം കൂട്ടിയിരുന്നു, തുടർന്ന് 'ശിദ്ദത്', 'അംഗ്രേസി മീഡിയം' എന്നീ ചിത്രങ്ങളിലൂടെ ഞാൻ ആ ഭാരം കുറയ്ക്കുകയായിരുന്നു. അന്നെന്നോട് പലരും പറഞ്ഞു, 'നീ വണ്ണം കൂടിയവളാണ്. ഇവളൊക്കെ എങ്ങനെയാണ് നായികയാകുക' എന്ന്. ഞാൻ നിരന്തരം ഭാരം കുറയ്ക്കുകയും തുടർച്ചയായി സിനിമകളിൽ അഭിനയിക്കുകയും ചെയ്തുകൊണ്ട് പൂർണ്ണമായും എല്ലും തോലുമായി മാറി. അതെന്റെ ആരോഗ്യത്തെ ബാധിക്കാൻ തുടങ്ങിയപ്പോൾ ഒരിടവേളയെടുത്തു”- അവർ പറഞ്ഞു.
പിന്നീട് അവരുടെ കാഴ്ചപ്പാട് തന്നെ മാറി. "മുമ്പ് ഞാൻ വണ്ണം കൂടിയവളായിരുന്നു, പിന്നീട് ഞാൻ വളരെ മെലിഞ്ഞവളായി, അതിനിടയിൽ ഞാൻ ഒന്നിനും കൊള്ളാത്തവളുമായിരുന്നു. ആളുകളൊരിക്കലും സന്തോഷവാന്മാരായിരിക്കില്ലെന്നിരിക്കെ, ഞാനെന്തിനാണ് അവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് സ്വയം ചോദിച്ചു. ഒരു പ്രത്യേക ശരീര വലിപ്പത്തിന് പിന്നാലെ പായുന്നതിനേക്കാൾ ആരോഗ്യത്തോടെ ഇരിക്കുന്നതിൽ ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ പക്വതയുള്ളവരാവും, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ബാധിക്കാതിരിക്കുകയും ചെയ്യും. വിമർശകർ എന്ത് അരക്ഷിതാവസ്ഥയിൽ നിന്നാണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്കറിയാനാവില്ല. എന്നാലിപ്പോൾ ആരോഗ്യത്തിന് പിന്നാലെയാണ് പായുന്നതെന്ന ഉറപ്പ് എനിക്കുണ്ട്."
സോഷ്യൽ മീഡിയയുടെ അംഗീകാരത്തെ ആശ്രയിക്കുന്നത് യുവതലമുറ അവഗണിക്കണമെന്നും അതത്ര എളുപ്പമല്ലെന്നും രാധിക വ്യക്തമാക്കി. "കാര്യങ്ങൾ അങ്ങനെയല്ല നടക്കുന്നത്, നമുക്ക് കൃത്രിമമായൊരു ധാരണയുണ്ട്, പ്രത്യേകിച്ചും പെൺകുട്ടികളുടെമേൽ. എങ്ങനെ കാണപ്പെടണം, എന്താണ് മികച്ച വലിപ്പം എന്നതിനെക്കുറിച്ചുള്ളൊരു ഭാരം അവർക്കുമേലുണ്ട്. അതിൽ ഒതുങ്ങുന്നില്ലെങ്കിൽ, നിങ്ങൾ തെറ്റ് ചെയ്യുകയാണെന്ന ധാരണകൾ കുട്ടിക്കാലം മുതലേ വരുന്നതാണ്, നമ്മൾ അത്തരം സ്ത്രീകളെ മാഗസിൻ കവറുകളിൽ മാത്രമാണ് കാണുന്നത്. അതിനാൽ, പുരികം തമ്മിൽ ചേർന്നുകിടക്കുന്നതും മുഖത്ത് രോമങ്ങളുള്ളതുമായ ഒരു പെൺകുട്ടി ക്ലാസ്സ്റൂമിൽ ഇരിക്കുമ്പോൾ, അവൾക്കൊരിക്കലും താൻ പര്യാപ്തയാണെന്ന് തോന്നില്ല. മികച്ചൊരു സ്ത്രീയെക്കുറിച്ചുള്ള സങ്കൽപ്പം നമ്മിലേക്ക് അടിച്ചേൽപ്പിച്ചതാണെന്ന് നാം തിരിച്ചറിയണം," അവർ പറയുന്നു. നമ്മൾ സ്വയം അംഗീകരിക്കുകയും ആസ്വദിക്കുകയും വേണം. സ്വന്തം പ്രത്യേകതകൾ കണ്ടെത്തുക. സ്കൂളിലാവുമ്പോൾ എനിക്ക് കൂട്ടുപുരികവും ധാരാളം ശരീരരോമങ്ങളുമുണ്ടായിരുന്നു. എന്റെ മാതാപിതാക്കൾ എന്നെ പ്രോത്സാഹിപ്പിച്ചു, അതുകൊണ്ട് ആളുകൾ തിരിച്ചറിയുന്നില്ലെങ്കിലും ഞാൻ സുന്ദരിയാണെന്ന് എനിക്ക് തോന്നി- അവർ പറഞ്ഞവസാനിപ്പിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Radhikka Madan expresses solidarity with Katrina Kaif over postpartum body-shaming., Shares her personal struggles of being called 'too fat' and then 'too thin'
Published: 12 Oct 2026, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented