മലയാള സിനിമയിലെയും സീരിയലുകളിലെയും മാതൃത്വത്തിന്റെ പ്രിയപ്പെട്ട മുഖം. ശാന്തതയുടെയും വാത്സല്യത്തിന്റെയും മുഖശ്രീ. 26 വർഷമായി അവർ ക്യാമറയ്ക്ക് മുന്നിലുണ്ട്. 'മേഘമൽഹാർ' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അംബികാ മോഹൻ. 'മീശമാധവൻ' എന്ന ചിത്രത്തിലെ നിഷ്‌കളങ്കയായ ശാന്തമ്മയായും, 'നമ്മളി'ലെ മറിയാമ്മാ തോമസായും, 'കസ്തൂരിമാനി'ലെ വനജയായുമൊക്കെ വേഷംമാറി. മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി കാൽനൂറ്റാണ്ടിലധികം നീണ്ട അഭിനയസപര്യ. ആ അഭിനയവഴികളിൽ ഇന്നും കൗതുകം ചോരാത്ത ഓർമ്മകളുടെ ഒരു പൂക്കാലമുണ്ട്.

To advertise here,

അഭിനയം സ്വപ്നം കണ്ട കുട്ടിക്കാലമായിരുന്നോ?

അഭിനയം ചിന്തകളിൽ പോലുമില്ലായിരുന്നു. ഒറ്റപ്പാലത്തെ പനമണ്ണയിലാണ് ജനനം. അച്ഛൻ ഇലക്ട്രിസിറ്റി ബോർഡിലായിരുന്നു. എന്റെ കുട്ടിക്കാലവും പഠനവും മൂന്നാറിലായിരുന്നു. വളരെ നേരത്തെയായിരുന്നു വിവാഹം. പത്താം ക്ലാസ് പരീക്ഷയെഴുതി വീട്ടിലെത്തുമ്പോഴേക്കും വിവാഹം തീരുമാനിച്ചിരുന്നു. വിവാഹശേഷമാണ് ഞാൻ റിസൾട്ട് വാങ്ങുന്നതുപോലും. ഭർത്താവ് ഇലക്ട്രിസിറ്റി ബോർഡിലെ എൻജിനീയറായിരുന്നു. ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസവും ഉണ്ട്. കുട്ടിയായതുകൊണ്ട് എനിക്ക് കാര്യമായ ടെൻഷൻ ഇല്ലായിരുന്നു. കുറെ മാലയൊക്കെയിട്ട് അണിഞ്ഞൊരുങ്ങി നടക്കാമല്ലോ എന്ന സന്തോഷമായിരുന്നു.

പതിനഞ്ചുകാരിക്ക് കുടുംബജീവിതം എളുപ്പമായിരുന്നോ?

ഭർത്താവിന്റെ വീട് എടപ്പാൾ ആയിരുന്നു. കല്യാണം കഴിഞ്ഞ് ഞങ്ങൾ കോഴിക്കോട് കക്കയത്തേക്കുമാറി. അദ്ദേഹത്തിന് അവിടെയായിരുന്നു ജോലി. 18 വയസ്സായപ്പോഴേക്കും രണ്ട് കുട്ടികളുമായി. വീട്ടുകാര്യങ്ങളും കുട്ടികളെ നോക്കലുമൊക്കെ ആദ്യം കുറച്ചു ബുദ്ധിമുട്ടായിരുന്നു. മക്കൾ വളരുന്തോറും ഞാൻ അവരുടെ കൂടെ കളിച്ചും ചിരിച്ചും നടന്നു. ആ കാലഘട്ടം വളരെ വേഗത്തിലും രസകരമായും കടന്നുപോയി. തിരിഞ്ഞുനോക്കുമ്പോൾ അദ്ഭുതം തോന്നാറുണ്ട്.

ഇതിനിടയിലേക്ക് സിനിമയെങ്ങനെ വന്നു?

വളരെ അപ്രതീക്ഷിതമായായിരുന്നു സിനിമാപ്രവേശനം. ഭർത്താവിന്റെ ജോലിസംബന്ധമായി ഞങ്ങൾ ചാലക്കുടിയിൽ താമസമായി. വെറുതെയിരിക്കാൻ എനിക്ക് മടിയായിരുന്നു. അങ്ങനെ സ്വയം തയ്യൽ പഠിച്ചു. ചാലക്കുടിയിൽ ഒരു ചെറിയ സ്ഥാപനം തുടങ്ങി. പതിയെ അത് 16 പേർ ജോലി ചെയ്യുന്ന വലിയ സ്ഥാപനമായി വളർന്നു. പിന്നീട് ടെയ്ലറിങ് സ്‌കൂൾ തുടങ്ങി. അതിനിടയ്ക്കാണ് സംവിധായകൻ കമൽ സാറിന്റെ കുടുംബവുമായി പരിചയപ്പെടുന്നത്. അവരുടെ വീട്ടിലെ സാരികളും കട്ട് വർക്കുകളുമൊക്കെ ചെയ്യുന്നത് ഞങ്ങളായിരുന്നു. കമൽ സാറിന്റെ അസോസിയേറ്റ് വഴിയാണ് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. 'മേഘമൽഹാർ' എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ലഭിച്ചു.

സംരംഭവും സിനിമയും എങ്ങനെ ഒരുമിച്ച് കൊണ്ടുപോയി?

സിനിമയിൽ വന്ന് ഏകദേശം പത്ത് വർഷത്തോളം ഞാൻ തയ്യൽ സ്‌കൂൾ മുന്നോട്ട് കൊണ്ടുപോയി. പിന്നീട് തിരക്കുകൾ കൂടിയപ്പോൾ രണ്ടും കൂടി ഒരുമിച്ച് കൊണ്ടുപോകാൻ പറ്റാതായി. അങ്ങനെ അത് നിർത്തി. നിർത്തിയെന്നു പറയാൻ കഴിയില്ല. അന്നെന്റെ കൂടെയുണ്ടായിരുന്ന കുട്ടികൾ അതേറ്റെടുത്ത് നടത്തുകയായിരുന്നു.

 

ബിസിനസ്സ് നിർത്തേണ്ടി വന്നതിൽ പിന്നീട് കുറ്റബോധം തോന്നിയോ?

കുറ്റബോധമൊന്നുമില്ല. അന്ന് സിനിമയിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഇത്രയധികം ആളുകളാൽ തിരിച്ചറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യില്ലായിരുന്നു.

പ്രതീക്ഷിക്കാതെ സിനിമയിലെത്തിയപ്പോൾ ടെൻഷൻ ഉണ്ടായില്ലേ?

നല്ല ടെൻഷൻ ഉണ്ടായിരുന്നു. എങ്ങനെയൊക്കെയോ ആണ് ഡയലോഗ് പറഞ്ഞത്. ജീവിതത്തിൽ ഓരോ നിമിത്തങ്ങൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, സിനിമയും അങ്ങനെ വന്നതാണ്. 'മേഘമൽഹാറി'ന്റെ സെറ്റിൽ ചെല്ലുമ്പോൾ മേക്കപ്പൊക്കെയിട്ട് ഒരുങ്ങി നിൽക്കുന്ന കഥാപാത്രമായിരുന്നു മനസ്സിൽ. എന്നാൽ മുടിപോലും ചീകി ഒതുക്കാത്ത ഒരു ഹോസ്പിറ്റൽ രംഗത്തിലാണ് കമൽ സാർ അഭിനയിപ്പിച്ചത്. 'ഇതൊരു ചെറിയ വേഷമാണ്, അടുത്ത സിനിമയിൽ നല്ല വേഷം തരാം' എന്ന് അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ മുൻനിര അഭിനേതാക്കളുടെ അമ്മയായി അഭിനയിച്ചല്ലോ?

ധാരാളം അമ്മവേഷങ്ങൾ ചെയ്തു. 'എന്റെ ഹൃദയത്തിന്റെ ഉടമ' എന്ന ചിത്രത്തിൽ വാണി വിശ്വനാഥിന്റെ അമ്മയായിട്ടാണ് തുടക്കം. ശേഷം 'കൺമഷി', 'മീശമാധവൻ' തുടങ്ങിയ ചിത്രങ്ങളിൽ. മീശമാധവനിലെ ശാന്തമ്മ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടി. ഇന്നും ആളുകൾ എന്നെ കാണുമ്പോൾ ആ ഓർമ്മ പുതുക്കാറുണ്ട്. 'കസ്തൂരിമാൻ', 'റൺവേ', 'സ്നേഹിതൻ', 'പട്ടാളം', 'രസികൻ', 'മയിലാട്ടം', 'വജ്രം' അങ്ങനെ ഒരുപാട് സിനിമകൾ.

മോഹൻലാലിന്റെ അമ്മയായി ആദ്യം അഭിനയിക്കുന്നത് പി.ടി. കുഞ്ഞുമുഹമ്മദിന്റെ 'പരദേശി'യിലാണ്. മമ്മൂക്കയുടെ അമ്മയായും അഭിനയിക്കാൻ പറ്റി. തിലകൻ, നെടുമുടി വേണു, നരേന്ദ്രപ്രസാദ്, രാജൻ പി. ദേവ് തുടങ്ങിയ വലിയ പ്രതിഭകൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹമാണ്. നായകന്മാരുടെ മാത്രമല്ല, ഒരുവിധം എല്ലാ നായികമാരുടെയും അമ്മയായി അഭിനയിച്ചു.

സീരിയലിലേക്ക് വഴിമാറിയത് എങ്ങനെ?

തുടക്കത്തിൽ എന്റെ സിനിമാഭിനയം വീട്ടിൽ വലിയ പ്രശ്നമായിരുന്നു. സിനിമയെക്കുറിച്ച് അവർക്കും എനിക്കും വലിയ ധാരണയില്ലായിരുന്നു. പിന്നീട് അത് മാറി. എങ്കിലും അമ്മയ്ക്ക് ഒരു വിഷമമുണ്ടായിരുന്നു. 'ടിവി തുറന്നാൽ നിന്നെ മാത്രം കാണാനില്ലല്ലോ, മറ്റെല്ലാവരുമുണ്ട്' എന്ന് അമ്മ ഇടയ്ക്ക് പരിഭവം പറയും. ബീനാ ആന്റണിയും സംഗീതാ മോഹനും ഒക്കെ സീരിയലുകളിൽ തിളങ്ങി നിൽക്കുന്ന സമയമാണ്. അമ്മയുടെ ആ ആഗ്രഹം കൊണ്ടാണ് ഞാൻ സീരിയലിലേക്ക് വരുന്നത്. ഏഷ്യാനെറ്റിലെ 'ദുർഗ്ഗ' ആയിരുന്നു എന്റെ ആദ്യത്തെ ശ്രദ്ധേയമായ സീരിയൽ. പിന്നീട് 'വാത്സല്യം', 'ശാരദ' തുടങ്ങി നിരവധി പ്രൊജക്റ്റുകൾ ചെയ്തു. അതോടെ അമ്മ കടുത്ത സീരിയൽ ആരാധികയായി.

ശാന്തയായ അമ്മവേഷങ്ങളാണ് ഭൂരിഭാഗവും?

അമ്മ വേഷങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. വലിയ കഥാപാത്രങ്ങൾ വേണമെന്ന വാശിയില്ല. ചെയ്യുന്ന വേഷം ചെറുതാണെങ്കിലും ആളുകൾ ഓർത്തിരിക്കണം, വെറുതേ വന്നുപോകുന്ന ഒന്നാകരുത് അത്രയേ ഉള്ളൂ. നെഗറ്റീവ് വേഷങ്ങൾ അധികം ചെയ്തിട്ടില്ല.

വിനു ആനന്ദിന്റെ 'ഒരുവൻ' സിനിമയിൽ നെഗറ്റീവ് ഷേഡുള്ള രണ്ടാനമ്മയായി അഭിനയിച്ചിട്ടുണ്ട്. മകനെ ഉപദ്രവിക്കുന്ന കഥാപാത്രമായിരുന്നു. വ്യത്യസ്തമായത് ചെയ്തതിൽ അന്ന് സന്തോഷം തോന്നി. എന്നാൽ അങ്ങനെയുള്ള വേഷങ്ങൾ ചെയ്യേണ്ടെന്ന് പിന്നീട് പല പ്രേക്ഷകരും പറഞ്ഞു.

വൈകാരിക രംഗങ്ങളിലെ അഭിനയത്തെപ്പറ്റി?

ജോഷി സാറിന്റെ 'റൺവേ'യിൽ മുരളിച്ചേട്ടന്റെ കാൽ മുറിച്ചതു കണ്ട് കരയുന്നതായിരുന്നു എന്റെ ആദ്യ ഷോട്ട്. 'കസ്തൂരിമാൻ' സിനിമയുടെ സെറ്റിൽ ലോഹി സാർ (ലോഹിതദാസ്) ഗ്ലിസറിൻ തന്നിരുന്നില്ല. 'എന്തിനാണ് ഗ്ലിസറിൻ? ആ കഥാപാത്രത്തെക്കുറിച്ച് ചിന്തിക്കൂ, കണ്ണീർ തനിയെ വരും' എന്ന് പറയും. ആദ്യം ബുദ്ധിമുട്ടായിരുന്നു. ചീത്ത കേട്ടിട്ടുണ്ട്. പിന്നീട് കരയാൻ ഗ്ലിസറിൻ വേണ്ടാതായി. കഥാപാത്രമായി ജീവിക്കുമ്പോൾ ഗ്ലിസറിൻ ഇല്ലാതെ കരച്ചിൽ വരും.

ചെയ്യാൻ പറ്റാതെ പോയ സിനിമകൾ?

അങ്ങനെ കുറച്ചു സിനിമകളുണ്ട്. ചിലർ വേഷം ഉറപ്പിച്ചിട്ട് പിന്നീട് വിളിക്കാതെയായിട്ടുണ്ട്. അതൊന്നും ഓർത്ത് വിഷമിക്കാറില്ല, നമുക്കുള്ളതാണെങ്കിൽ നമ്മെ തേടിവരും. പക്ഷേ, എന്നെ ഒരുപാട് വേദനിപ്പിച്ച ഒരു അനുഭവമുണ്ട്. ഒരു സിനിമയുടെ സെറ്റിൽ മേക്കപ്പ് ഇട്ട്, മുടി പലതവണ കറുപ്പിച്ചും നരപ്പിച്ചും നോക്കി. എന്നിട്ടും എനിക്ക് പ്രായക്കുറവ് തോന്നിക്കുന്നുണ്ടെന്നായിരുന്നു അവരുടെ പ്രശ്‌നം. അവർ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടിരുന്നു. മാനസികമായി ബുദ്ധിമുട്ട് തോന്നിയപ്പോൾ, 'മറ്റാരെയെങ്കിലും വെച്ച് ചെയ്തോളൂ' എന്ന് ഞാൻ പറഞ്ഞു. എനിക്ക് വിഷമമുണ്ടായിരുന്നു. എന്നാലും ഞാൻ കാരണം സിനിമയ്ക്ക് മോശം വരാൻ പാടില്ല എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.

മറക്കാനാവാത്ത അനുഭവങ്ങളുണ്ടോ?

ഒരുപാടുണ്ട്. അതിലൊന്ന് വലിയ തമാശയാണ്. ആദ്യകാലത്ത് ഞാൻ ഓടിനടന്ന് സിനിമകളും പരസ്യങ്ങളും ചെയ്തിരുന്നു. അമ്പിളിച്ചേട്ടന്റെ (ജഗതി ശ്രീകുമാർ)കൂടെ 'ഉടയോനി'ൽ അഭിനയിക്കുമ്പോൾ ഷൂട്ട് ഒഴിവുള്ള ദിവസം ഞാൻ ഒരു വെളിച്ചെണ്ണ ബ്രാൻഡിന്റെ പരസ്യം ഏറ്റെടുത്തു. എന്നാൽ സംവിധായകൻ ഭദ്രൻ സാർ തലേന്ന് പോവാൻ അനുവദിച്ചില്ല. ഒടുവിൽ അമ്മൂമ്മ മരിക്കാൻ കിടക്കുകയാണെന്ന് കള്ളം പറഞ്ഞു. 'നോക്കി വളർത്തിയ അമ്മൂമ്മയല്ലേ കണ്ടിട്ടു വരട്ടേ'യെന്ന് അമ്പിളിച്ചേട്ടനും. പിറ്റേന്ന് പരസ്യത്തിന്റെ ലൊക്കേഷനിൽ പോയപ്പോൾ അമ്പിളിച്ചേട്ടൻ അവിടെയിരിക്കുന്നു. അദ്ദേഹത്തിന്റെ കൂടെയാണ് പരസ്യത്തിൽ അഭിനയിക്കേണ്ടതെന്നറിഞ്ഞപ്പോൾ ഞെട്ടി. പക്ഷേ, അദ്ദേഹം ഒരു ഭാവവ്യത്യാസവും കാണിച്ചില്ല. ഷൂട്ട് ഭംഗിയായി നടന്നു. പിറ്റേന്ന് ഞാൻ ലൊക്കേഷനിൽ ചെന്നപ്പോൾ 'അല്ല അംബികേ, ഇന്നലെ മരിക്കാൻ കിടന്ന നിന്റെ അമ്മൂമ്മ വെളിച്ചെണ്ണ തേച്ചാണല്ലേ കുളിച്ചതെ'ന്ന് അദ്ദേഹം കളിയാക്കി. അതോടെ കള്ളം പൊളിഞ്ഞു. ഇനി ഇങ്ങനെ കള്ളം പറയരുതെന്ന് സംവിധായകനും വിലക്കി.

'രാഷ്ട്രം' സിനിമയുടെ ലൊക്കേഷനിലും ഇതുപോലൊരു സംഭവം ഉണ്ടായി. ചാലക്കുടിയിൽ നിന്ന് എറണാകുളത്തെ ലൊക്കേഷനിലേക്ക് വരികയാണ് ഞാൻ. വഴിയിൽ ട്രാഫിക് ബ്ലോക്ക്. ലൊക്കേഷനിൽ നിന്ന് ഇടയ്ക്കിടെ വിളിച്ച് ചോദിക്കുന്നു എവിടെയെത്തിയെന്ന്. ഞാൻ 'ദേ എത്തി, ജസ്റ്റ് ഒരു വളവ് തിരിഞ്ഞാൽ ലൊക്കേഷനായെ'ന്ന് കള്ളം പറഞ്ഞു. പക്ഷേ, ഫോണിന്റെ മറുതലയ്ക്കൽനിന്ന്

പ്രൊഡക്ഷനിലെ പയ്യൻ പറഞ്ഞു: 'ചേച്ചീ, ഒന്ന് തിരിഞ്ഞു നോക്കിക്കേ...' നോക്കുമ്പോൾ തൊട്ടപ്പുറത്തെ വണ്ടിയിൽ ഇരുന്ന് അവൻ എന്നെ നോക്കി ചിരിക്കുന്നു. അതിനുശേഷം എവിടെയാണെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ കൃത്യമായ സ്ഥലം മാത്രമേ പറയാറുള്ളൂ.

സമൂഹമാധ്യമങ്ങളിൽ സജീവമാണല്ലോ?

ഇപ്പോൾ എനിക്ക് ഇഷ്ടംപോലെ സമയമുണ്ട്. മിക്കവാറും ഷൂട്ടും നാലഞ്ചു ദിവസം കൊണ്ട് കഴിയും. ആ സമയം ഇൻസ്റ്റഗ്രാമിൽ റീൽസും പാട്ടുകളുമൊക്കെ ഇടാറുണ്ട്. ആളുകളുടെ സ്നേഹം കാണുമ്പോൾ സന്തോഷം തോന്നും. സോഷ്യൽ മീഡിയയിൽ ഇതുവരെ മോശം കമന്റുകളൊന്നും വന്നിട്ടില്ല. വസ്ത്രധാരണത്തിലായാലും എന്റേതായ ഒരു ശൈലി സൂക്ഷിക്കാറുണ്ട്.

അഭിനയമല്ലാതെ മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നുണ്ടോ?

ഒരു ടെലിഫിലിം സംവിധാനം ചെയ്യുന്നുണ്ട്. അടുത്തു തന്നെ അത് റിലീസ് ചെയ്യാൻ സാധിക്കുമെന്നു കരുതുന്നു. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണം എന്ന നിലയിലാണ് അത് ചെയ്യുന്നത്. കുറച്ചുനാൾ മുൻപ് പത്രത്തിൽ വന്ന ഒരു വാർത്തയിൽ നിന്നാണ് അങ്ങനെയൊരു ആശയം മനസിലെത്തിയത്. ലഹരിയുടെ പുറത്ത് മകൻ അമ്മയെ ഉപദ്രവിക്കുകയും അമ്മ ഗർഭിണിയാവുകയും ചെയ്ത ആ സംഭവം വായിച്ചപ്പോൾ ഉൾക്കൊള്ളാൻ പറ്റിയില്ല. ലഹരി വലിയൊരു വിപത്തായി മാറിക്കഴിഞ്ഞു. ഇതിനെതിരെ സ്‌കൂളുകളിൽ വലിയ രീതിയിലുള്ള ബോധവത്ക്കരണം അടിയന്തരമായി ആവശ്യമാണ്. കുട്ടികൾക്ക് അവരുടെ വിഷമങ്ങൾ തുറന്നുപറയാൻ ഒരു വേദി വേണം.

സിനിമാമേഖല സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതമാണ്?

എന്നെ സംബന്ധിച്ചിടത്തോളം സിനിമയിൽ ഇതുവരെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. താത്പര്യമില്ലാത്ത കാര്യങ്ങളോട് 'നോ' പറയാനുള്ള ആർജ്ജവം നമുക്കുണ്ടാകണം. ചിലപ്പോൾ ആ സിനിമ നമ്മുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ടേക്കാം. പക്ഷേ അതിൽ സങ്കടപ്പെടരുത്. നമുക്കുള്ളത് ദൈവം തരും. പക്ഷേ, എല്ലാവരുടെയും സാഹചര്യം ഒരുപോലെയല്ലെന്നതും മനസിലാക്കുന്നു. ഇന്നത്തെ പെൺകുട്ടികൾ വേണ്ടിടത്ത് ശബ്ദമുയർത്തുന്നുണ്ട്. അഭിപ്രായങ്ങൾ തുറന്നു പറയുന്നുണ്ട്. ഞങ്ങളുടെയൊക്കെ കാലത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും ഉറക്കെപ്പറയാൻ പേടിയായിരുന്നു.

താരസംഘടനയായ 'അമ്മ'യിലെ പ്രശ്‌നങ്ങളെ മുതിർന്ന അംഗമെന്ന നിലയിൽ എങ്ങനെ കാണുന്നു?

എല്ലാ സംഘടനകളിലും വീടുകളിലും ഉള്ളതുപോലെയുള്ള ചെറിയ പ്രശ്നങ്ങളും തർക്കങ്ങളും മാത്രമേ ഇതിലുമുള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മളേക്കാൾ മുതിർന്ന, അനുഭവസമ്പത്തുള്ള ആളുകൾ അവിടെയുണ്ട്. അവരൊക്കെ ചേർന്ന് ഉണ്ടാക്കിയ സംഘടനയാണിത്. ഇത് തകർന്നു പോകാൻ അവർ അനുവദിക്കില്ല. ഈ പ്രശ്നങ്ങളൊക്കെ വേഗം പരിഹരിക്കപ്പെടും.

നീണ്ട 26 വർഷത്തെ സിനിമാജീവിതത്തെ തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു?

സിനിമ ഒരുപാട് മാറി. നാനൂറോളം സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. ഇനിയും നല്ല വേഷങ്ങൾ ചെയ്യണമെന്നുതന്നെയാണ് ആഗ്രഹം. കെ.പി.എ. സി. ലളിതച്ചേച്ചിയൊക്കെ 'വെങ്കലം' പോലുള്ള സിനിമകളിൽ ചെയ്തതുപോലെയുള്ള കഥാപാത്രങ്ങൾ എന്റെ സ്വപ്നമാണ്. ഞാൻ ആദ്യമായി വിദേശത്തേക്ക് പോകുന്നത് പോലും സിനിമയുടെ ഭാഗമായാണ്. 'കാസനോവ'യുടെ ഷൂട്ടിങ്ങിന്. അതിനുവേണ്ടിയാണ് പാസ്പോർട്ട് എടുക്കുന്നത്. ദുബായിൽ ഷൂട്ട് കഴിഞ്ഞപ്പോൾ പറഞ്ഞു അടുത്തത് ബാങ്കോക്കിലേക്കാണെന്ന്. സിനിമ വന്നതിന് ശേഷമാണ് ഞാൻ ഒരുപാട് യാത്രകൾ ചെയ്തതും ലോകം കണ്ടതും. യു.എസ്.എ., യു.കെ., സിംഗപ്പൂർ എന്നിവിടങ്ങളിലൊക്കെ സ്റ്റേജ് ഷോകൾ ചെയ്യാനും കോർഡിനേറ്റ് ചെയ്യാനും സാധിച്ചു.

കുടുംബത്തെക്കുറിച്ച്?

ഭർത്താവ് ചന്ദ്രമോഹൻ കുറച്ചുവർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു. രണ്ട് മക്കളാണ്. ദിവ്യയും റോമിയും. മൂത്തമകൾ ദിവ്യ നർത്തകിയും ടീച്ചറുമാണ്. രണ്ടാമത്തെ മകൾ റോമി ഇപ്പോൾ അഭിനയത്തിലേക്കു കടന്നിട്ടുണ്ട്. റോമിയുടെ പേരിന് പിന്നിൽ ഒരു കഥയുണ്ട്. ചെറുപ്പത്തിൽ അവൾക്ക് കൈയിലൊക്കെ നിറയെ ചെമ്പൻ രോമം ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ വീട്ടിൽ 'രോമച്ചൻ' എന്ന് വിളിച്ചു തുടങ്ങി. വിളിച്ചുവിളിച്ച് അവൾക്ക് ആ പേര് മതിയെന്നായി. സ്‌കൂളിൽ ചേർത്തപ്പോൾ വിദ്യ എന്ന പേര് മാറ്റി 'റോമി ചന്ദ്രമോഹൻ' എന്നാക്കി.

കുട്ടികൾക്ക് സ്വന്തമായി ഒരു തൊഴിൽ വേണമെന്നത് എന്റെ നിർബന്ധമായിരുന്നു. എത്ര തിരക്കുണ്ടായാലും കുടുംബമാണ് എനിക്ക് പ്രധാനം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi