അല്ലു അർജുനും സംവിധായകൻ ലോകേഷ് കനകരാജും ബിഗ്ബജറ്റ് ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് സൂചന. AA23 എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണിതെന്നാണ് വിവരം. 2026 ജൂൺ- ജൂലായ് മാസങ്ങളോടെ ചിത്രീകരണം ആരംഭിക്കുമെന്നും ലോകേഷ് കനകരാജിന് 75 കോടി രൂപയാണ് ഈ പ്രോജക്ടിന് പ്രതിഫലമായി ലഭിക്കുകയെന്നും ട്രാക്കർ മുകിൽ വർധന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

നേരത്തെ, ലോകേഷ് കനകരാജിന്റെ സഹസംവിധായകൻ അവരുടെ അടുത്ത ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെങ്കിലും, അല്ലു അർജുൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഒരു ആക്ഷൻ ചിത്രമായിരിക്കുമിതെന്നാണ് ഊഹാപോഹം.

അല്ലു അർജുനും ദീപികയും ഒന്നിക്കുന്ന AA22xA6
അല്ലു അർജുൻ അവസാനമായി അഭിനയിച്ചത് സുകുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ‘പുഷ്പ 2: ദ റൂളി’-ലാണ്. അടുത്തതായി അറ്റ്ലി ചിത്രം AA22xA6 ആണ് അണിയറയിലൊരുങ്ങുന്നത്. അന്താരാഷ്ട്ര സ്റ്റുഡിയോകളുമായി സഹകരിച്ച് നിരവധി പുതിയ ഘടകങ്ങൾ ഉൾക്കൊള്ളിച്ച്, സമാന്തര ലോകം അവതരിപ്പിക്കുന്നതാണ് ചിത്രമെന്ന് അറിയുന്നു. ദീപിക പദുകോണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. ഇരുവരുമുള്ള പ്രൊമോ നേരത്തേ പുറത്തുവിട്ടിരുന്നു. നടിമാരായ രശ്മിക മന്ദാന, മൃണാൽ താക്കൂർ എന്നിവരും ഈ പ്രോജക്റ്റിൽ ഉൾപ്പെടുമെന്ന് സൂചനയുണ്ട്.

ചിത്രത്തിൽ അല്ലു അർജുൻ നാല് വേഷങ്ങളിൽ പ്രത്യക്ഷപ്പെടും. ഒരു സിനിമയിൽ ഒന്നിലധികം വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള  അദ്ദേഹത്തിന്റെ ആദ്യ ഉദ്യമമായിരിക്കും ഇതെന്നും വിവരമുണ്ട്. ചിത്രം രണ്ട് ഭാഗങ്ങളായിട്ടായിരിക്കും പുറത്തിറങ്ങുക. 

ലോകേഷ് കനകരാജ് അവസാനം സംവിധാനം ചെയ്തത് രജനികാന്ത് നായകനായെത്തിയ കൂലി എന്ന ആക്ഷൻ ചിത്രമാണ്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഡിസി എന്ന റൊമാൻ്റിക് ആക്ഷൻ ചിത്രത്തിൽ ലോകേഷ് അഭിനയ അരങ്ങേറ്റം കുറിക്കാനും ഒരുങ്ങുന്നുണ്ട്. ദേവദാസിന്റെ സമകാലിക ഗാംഗ്സ്റ്റർ പതിപ്പായിരിക്കും ചിത്രമെന്നും വാമിക ഗബ്ബിയായിരിക്കും സഹതാരമായി എത്തുകയെന്നും പ്രതീക്ഷിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi