അക്ഷയ് കുമാറിൻ്റെ പ്രൊഫഷണൽ സമീപനത്തെ ഒട്ടേറെപ്പേർ അഭിനന്ദിക്കാറുണ്ട്. അടുത്തിടെ മുതിർന്ന കൊറിയോഗ്രാഫറായ ചിന്നി പ്രകാശ് അദ്ദേഹത്തിനൊപ്പമുള്ള തന്റെയൊരു രസകരമായ അനുഭവം പങ്കുവെച്ചിരുന്നു. ഒരു രംഗത്തിനായി നൂറിലധികം മുട്ടകൾ ദേഹത്തേക്ക് വലിച്ചെറിയേണ്ടി വന്നപ്പോൾ നടൻ ഒരു മടിയും കാണിച്ചില്ലെന്നും അച്ചടക്കം പാലിക്കുന്ന വ്യക്തിയാണദ്ദേഹമെന്നുമാണ് ചിന്നി പ്രകാശ് പറഞ്ഞത്.

“അക്ഷയ് വളരെ ആത്മാർഥതയുള്ള നടനാണ്. അദ്ദേഹം തൻ്റെ നൂറുശതമാനവും നൽകുന്നു. ഞാൻ അദ്ദേഹത്തിനൊപ്പം ചിത്രീകരിച്ച 25-50 ഗാനങ്ങളിൽ ഒരിക്കൽ പോലും ഒരു സ്റ്റെപ്പ് മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ല. ഖിലാഡി എന്ന സിനിമയിലെ ഒരു ഗാനരംഗത്തിൽ 100 മുട്ടകൾ അക്ഷയുടെ ദേഹത്തെറിയുന്ന രംഗമുണ്ടായിരുന്നു. പെൺകുട്ടികളായിരുന്നു മുട്ട എറിയേണ്ടിയിരുന്നത്. മുട്ട ദേഹത്ത് തട്ടുമ്പോൾ വേദനിക്കും, എറിഞ്ഞശേഷമുള്ള ദുർഗന്ധം അതിലും മോശമാണ്. കുറേ നേരത്തേക്ക് വിട്ടുപോകില്ല. ഇതൊക്കെയായിട്ടും അക്ഷയ് ഒരക്ഷരം മിണ്ടിയില്ല. അദ്ദേഹം കഠിനാധ്വാനിയാണ്, ജാഡയില്ല, വിനയാന്വിതനാണ്. അദ്ദേഹത്തെക്കാൾ കഠിനാധ്വാനിയായ ഒരു നടനെ ഞാൻ കണ്ടിട്ടില്ല, ജോലിയോട് അങ്ങേയറ്റം അർപ്പണബോധമാണദ്ദേഹത്തിന്”- ഫ്രൈഡേ ടോക്കീസ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കവെ ചിന്നി പറഞ്ഞു.

20 വർഷങ്ങൾക്ക് ശേഷവും അക്ഷയ്ക്ക് അതേ മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ അദ്ദേഹത്തോടൊപ്പം ഹൗസ്‌ഫുൾ ചിത്രം ചെയ്തിരുന്നു. എന്തും ചെയ്യാൻ അദ്ദേഹം തയ്യാറാണ്. പത്താം നിലയിൽ നിന്ന് ചാടാൻ പറഞ്ഞാൽ അദ്ദേഹം അതും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എക്കാലത്തെയും വലിയ ഹിറ്റായിരുന്നു 1994-ൽ പുറത്തിറങ്ങിയ 'മോഹ്‌റ' എന്ന ചിത്രത്തിലെ "തൂ ചീസ് ബഡി ഹേ മസ്ത് മസ്ത്" എന്ന ഗാനം. “ഞാൻ ആദ്യമായി ആ പാട്ട് കേട്ടപ്പോൾ അതൊരു ഗസലാണെന്നാണ് കരുതിയത്. അത്രയും പതിഞ്ഞ താളത്തിലുള്ള പാട്ടായിരുന്നു അത്. അതൊരു ഹിറ്റാകുമെന്ന് അക്ഷയ് പറഞ്ഞു. അഭിനേതാക്കൾക്കൊന്നും ഡേറ്റ് ഇല്ലാത്തതിനാൽ ഞങ്ങൾ രാത്രി മാത്രമാണ് ആ ഗാനം ചിത്രീകരിച്ചത്. എനിക്കും ഡേറ്റുണ്ടായിരുന്നില്ല, അക്ഷയ്‌ക്കോ രവീണയ്‌ക്കോ ഡേറ്റുണ്ടായിരുന്നില്ല. മൂന്ന് രാത്രികൾ കൊണ്ട് മൂന്ന് ക്യാമറകൾ ഉപയോഗിച്ച് ഞങ്ങൾ ആ ഗാനം ചിത്രീകരിച്ചു, എല്ലാവരും പകുതി ഉറക്കത്തിലായിരുന്നു അഭിനയിച്ചത്.”-അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi