
2017ൽ ആദ്യ സിനിമ. ഇക്കാലയളവിൽ ജീവിതം ഒരുപാട് മാറിയോ?
കിട്ടിയ ഒരു അവസരം മനോഹരമാക്കാം എന്ന നിലയിലാണ് സിനിമയിൽ എത്തുന്നത്. ഇന്ന്, അതിൽ കരിയർ കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണ്. തുടക്കത്തിൽ, ലഭിക്കുന്ന ഓപ്ഷനുകളിൽ നിന്നും തിരഞ്ഞെടുക്കാൻ മാത്രമെ സാധിച്ചിരുന്നുള്ളൂ. നല്ല വേഷങ്ങൾക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഇഷ്ടമുള്ള സിനിമകൾ ആവശ്യപ്പെടാനുള്ള സ്ഥാനത്തേക്ക്, ഞാൻ എത്തി എന്നാണ് വിശ്വാസം. ഏത് വേഷം ചെയ്യണമെന്നും എപ്പോൾ ചെയ്യണമെന്നും ഇപ്പോൾ എനിക്ക് തീരുമാനിക്കാം. സ്വയം മുന്നോട്ടുപോവാനുള്ള അധികാരം കിട്ടിയതുപോലെ. എക്കാലത്തും സ്ഥിരതയോടെ നിൽക്കാൻ സാധിക്കുന്ന മേഖലയല്ല സിനിമ. ആ തിരിച്ചറിവുണ്ടായി. തുടക്കത്തിലെ അമ്പരപ്പും ആശങ്കകളുമെല്ലാം മാറി ധൈര്യംവന്നു.
സിനിമയിലൂടെ കിട്ടിയ ജീവിതപാഠങ്ങൾ?
നല്ലതും മോശവും തിരിച്ചറിയാൻ പഠിച്ചു. ഈ കഥാപാത്രത്തെ ആളുകൾ സ്വീകരിക്കുമോ? ആ കഥാപാത്രം ചെയ്താൽ ശരിയാവുമോ... എന്നിങ്ങനെയുള്ള പേടികളുണ്ടായിരുന്നു. മറ്റുള്ളവരുടെ അഭിപ്രായത്തെക്കാളും എനിക്ക് എന്ത് തോന്നുന്നു എന്നതാണ് പ്രധാനമെന്ന് മനസ്സിലായി. സിനിമയ്ക്ക് ശരീരം പ്രധാനമാണെന്ന് പറഞ്ഞുതന്നത് സൂരി സാർ ആണ്. ഞാൻ അഭിനയിച്ച, 'മാമൻ' സിനിമയിൽ അദ്ദേഹമായിരുന്നു നായകൻ. രൂപത്തിൽ വ്യത്യാസം വരുത്തിയപ്പോഴാണ് അദ്ദേഹത്തിന് നായകവേഷങ്ങൾ ചെയ്യാനാവും എന്ന തോന്നൽ വന്നതെന്ന് പറഞ്ഞു. അതെന്നെ പ്രചോദിപ്പിച്ചു. 'ഗാട്ട കുസ്തി' എന്ന സിനിമയ്ക്കുവേണ്ടി ഞാൻ ശരീരഭാരം കൂട്ടി.
കരിയർ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്ന് ചിന്തിക്കാറുണ്ടോ?
I'm ambitious. എങ്കിലും വരും വർഷങ്ങളിൽ എന്താവണം, എങ്ങനെയാവണം എന്നൊക്കെ ഒരുപാട് ചിന്തിക്കുന്ന ആളല്ല. ഷോർട്ട് ടേം ഗോൾസ് ആണ് എനിക്കുള്ളത്. അവയെ ഓരോന്നായി ചേർത്തുവെച്ച് ലോങ് ടേം ഗോളുകളിലേക്ക് എത്തിക്കുന്നതിനാണ് ശ്രമിക്കാറ്. സിനിമാ കരിയറിനെ ദീർഘകാല ലക്ഷ്യമായല്ല കാണുന്നത്. പത്ത് വർഷത്തിനുശേഷം ഇന്ത്യയിലെ നമ്പർ വൺ അഭിനേതാവാകണം എന്നല്ല ചിന്തിക്കുന്നത്. ഇതുവരെ ചെയ്തതിൽനിന്ന് വ്യത്യസ്തമാണോ എന്നു നോക്കിയാണ് കഥ തിരഞ്ഞെടുക്കുക. പരിചയമുള്ള തിരക്കഥാകൃത്തുക്കൾക്കൊപ്പമിരുന്ന് തലപുകഞ്ഞ് ആലോചിക്കും. ഓരോ ദിവസവും കൂടുതൽ മെച്ചപ്പെടാനുള്ള ശ്രമത്തിലാണ്. ഓരോ ദിവസത്തെയും ഈ പരിശ്രമങ്ങൾ വരുംകാലത്ത് ഫലം ചെയ്യും.
പ്രേക്ഷകർക്ക് എന്താണ് ഇഷ്ടം എന്ന് മനസ്സിലാക്കാൻ റിലീസ് ആവുന്ന എല്ലാ സിനിമയും കാണാറുണ്ട്.
നിർമാതാവാണ്. സംവിധാനം, തിരക്കഥ എന്നിവയിലും താത്പര്യമുണ്ടോ?
ഇതുവരെ, പ്ലാൻ ഒന്നുമില്ല. ആഗ്രഹമുണ്ട്. ഇടയ്ക്ക് കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. എഴുത്ത്, സംവിധാനം പോലുള്ള സ്‌കില്ലുകൾ വികസിപ്പിക്കണം. എന്നുവച്ച്, വലിയൊരു സിനിമ സംവിധാനം ചെയ്യണം എന്നൊന്നുമുള്ള സമ്മർദം സ്വയം അടിച്ചേല്പിക്കുന്നില്ല. എഴുതാനുള്ള കഴിവ് വളർത്തിയെടുത്താൽ സ്‌ക്രിപ്റ്റിൽ എന്റേതായ സംഭാവന നൽകാൻ സാധിക്കും. അതൊരു ലക്ഷ്യമാണ്.
കരിയറിൽ ഏറ്റവും മികച്ച സിനിമ തിരഞ്ഞെടുത്താൽ?
'അമ്മു' എന്ന തെലുഗു പടം. ഒരുപാടുപേർ എന്നോടത് ചെയ്യരുത് എന്ന് പറഞ്ഞിട്ടുണ്ട്. തെലുഗു സിനിമ വലിയൊരു കൊമേഴ്‌സ്യൽ സ്‌പേസ് ആണ്. അവിടെ അത്തരമൊരു സിനിമ ചെയ്യുകയാണെങ്കിൽ എന്നെ ഒരു കൊമേഴ്‌സ്യൽ ഹീറോയിൻ ആയി കരുതില്ല. നടിമാർ അവരുടെ കരിയറിന്റെ അവസാനമാണ് സ്ത്രീപക്ഷ സിനിമകൾ ചെയ്യുക എന്നൊക്കെ പലരും പറഞ്ഞു. ആ സിനിമ ഗാർഹിക പീഡനത്തെക്കുറിച്ചാണ്. അമ്മു എന്ന കഥാപാത്രം ചെയ്യാനായതിൽ ഒരുപാട് സന്തോഷം. അതുപോലെയാണ് 'ഗാട്ടാ കുസ്തി' എന്ന സിനിമയും. സങ്കീർണമായ കഥാപാത്രങ്ങളാണ് എനിക്കിഷ്ടം. എന്നാൽ, എന്റർടെയിൻമെന്റ് വാല്യൂ മനസ്സിലായിട്ടാണ് 'ഗാട്ടാ കുസ്തി' തിരഞ്ഞെടുത്തത്.
അഭിനേതാവ് നിർമാതാവ് കൂടിയാകുമ്പോൾ സിനിമയോടുള്ള സമീപനത്തിൽ വ്യത്യാസം വരുമോ?
'ഗാർഗി', 'കുമാരി' എന്നീ സിനിമകളിൽ നിർമാതാവായി. 'കുമാരി'യുടെ വർക്ക് നടക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴാണ് ഞാൻ സഹനിർമാതാവ് ആകുന്നത്. 'ഗാർഗി'യിൽ എന്റെ സുഹൃത്തിനെ സഹായിക്കുക എന്ന നിലയിലാണ് നിർമാതാവായത്. അപ്പോഴൊന്നും സിനിമയുടെ പ്രൊഡക്ഷൻ കാര്യങ്ങളിൽ വലിയ രീതിയിൽ ഇടപെട്ടിട്ടില്ല.
സിനിമയിൽ എത്തുക എന്നതിനെക്കാളും ശ്രമകരം നിലനിൽക്കുകയാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്...
ഓരോരുത്തർക്കും ഓരോ ബുദ്ധിമുട്ടുകളാണ് എന്ന് തോന്നുന്നു. എനിക്ക് സിനിമയിലെത്തുക എളുപ്പമായിരുന്നു. ആഗ്രഹിക്കുക പോലും ചെയ്യാതെ സിനിമയിലേക്ക് എത്തിയ ആളാണ് ഞാൻ. അതൊക്കെ ഓരോരുത്തരുടെ ഭാഗ്യം. അതിനുശേഷം സിനിമയിൽ നിന്ന് ഓരോന്നും പഠിക്കുകയായിരുന്നു. എങ്കിലും ഇപ്പോഴും ക്യാമറയുടെ മുന്നിൽ സ്റ്റക്ക് ആവാറുണ്ട്.
ചിലപ്പോൾ നല്ല കഥകൾ നമ്മളിലേക്ക് എത്താതെ വരാം. അപ്പോൾ നല്ല കഥകൾ തയ്യാറാക്കുക, അതിന്റെ ഭാഗമാവുക എന്നതാണ് നിലനിൽപ്പിനായി ചെയ്യാവുന്ന കാര്യം. ഒരുപാട് സിനിമകൾ ചെയ്യണമെന്നില്ല. ചെയ്യുന്ന സിനിമകൾ നല്ലതാകണമെന്നേയുള്ളൂ.
സ്ത്രീ സ്വാതന്ത്ര്യത്തെ എങ്ങനെ നിർവചിക്കുന്നു?
ജീവിതം മറ്റുള്ളവരുടെ കൈകളിലല്ല. പലപ്പോഴും നാം മറ്റുള്ളവരുടെ അഭിപ്രായത്തെ ഭയന്നാണ് ജീവിക്കുക. ചെയ്യുന്ന കാര്യങ്ങൾ നമ്മെ സന്തോഷിപ്പിക്കുന്നുണ്ടോ എന്ന് എപ്പോഴും ചിന്തിക്കണം. ബഹുമാനം കുറയുകയാണ് എന്ന് തോന്നുന്ന ഇടങ്ങളിൽ നിൽക്കാതിരിക്കുക. നമ്മെ സഹായിക്കാനും മോട്ടിവേറ്റ് ചെയ്യാനും മോശം സാഹചര്യങ്ങളിൽനിന്ന് കരകയറ്റാനുമൊക്കെ നമുക്ക് നമ്മളേയുള്ളൂ.
ഞാൻ എവിടെനിന്നോ കേട്ടതാണ്, എട്ടു വയസ്സുള്ള എനിക്കും 80 വയസ്സുള്ള എനിക്കും ഒരുപോലെ ശരിയെന്ന് തോന്നുന്നതേ ചെയ്യാവൂ എന്ന്.
സിംഗിൾ ലൈഫ് ആസ്വദിക്കുകയാണോ?
യോജിച്ച പങ്കാളിയെ കിട്ടിയില്ലെങ്കിൽ സിംഗിൾ ആയി തുടരുന്നതുതന്നെയാണ് നല്ലത്. നമ്മുടെ വ്യക്തിത്വത്തെ മറ്റെയാൾക്കുവേണ്ടി മാറ്റരുത്. സിംഗിൾ ആവുമ്പോഴും റിലേഷൻഷിപ്പിൽ ആവുമ്പോഴും വ്യക്തിത്വം വിട്ടുകളയരുത്.
ജീവിതത്തിൽ ഏറ്റവുമധികം പ്രാധാന്യം നൽകുന്നത് എന്തിനാണ്?
ഏറ്റവും മുൻഗണന കൊടുക്കുന്നത് വളർച്ചയ്ക്കാണ്. നമുക്ക് ഏതെങ്കിലുമൊരു രീതിയിൽ വളർച്ചയുണ്ടാവണം. എനിക്ക് ആത്മബോധമുണ്ട്. എന്റെ ഏറ്റവും വലിയ ശക്തിയും അതാണ്. സ്വയം ഉയരാനുള്ള ഇടം കണ്ടെത്താൻ ശ്രമിക്കും. ജീവിതനിലവാരം മെച്ചപ്പെടുത്തണം. അതിൽ സന്തോഷം ഉണ്ടാകണം. അതായത്, പ്രൊഫഷണൽ ജീവിതവും വ്യക്തി ജീവിതവും ആരോഗ്യകരമായി കൊണ്ടുപോകണം. ചിലപ്പോൾ സന്തോഷത്തോടെ ഇരിക്കേണ്ട സമയത്തും ഞാൻ ഓവർതിങ്ക് ചെയ്ത് വിഷമിക്കാറുണ്ട്. അത് മാറ്റിയെടുത്തു കൊണ്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തെപ്പറ്റി?
സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കുകയാണെന്ന് തീരുമാനിച്ചപ്പോൾ പലരും പറഞ്ഞു, മണ്ടത്തരമാണ്, സോഷ്യൽ മീഡിയ വിട്ടാൽ കരിയർ ഉണ്ടാവില്ല, വർക്കുകൾ വരില്ല എന്നൊക്കെ. എന്നാൽ എന്റെ സോഷ്യൽ മീഡിയ പേജ് കണ്ടിട്ടല്ല എനിക്ക് ഇതുവരെ സിനിമ കിട്ടിയിട്ടുള്ളത്. ഞാൻ ഒരു ഇൻഫ്ളുവൻസർ അല്ല. എനിക്കത് ആകാനും താല്പര്യം ഇല്ല. പ്രൊഫഷൻ മികച്ചരീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് ശ്രദ്ധ. സോഷ്യൽ മീഡിയ ഒരിക്കലും എന്നെ നല്ല അഭിനേതാവാകാൻ സഹായിച്ചിട്ടില്ല.
കഴിഞ്ഞ ഓണത്തിന് ഞാൻ നാട്ടിലുണ്ടായിരുന്നില്ല. എന്നിട്ടും ബോംബെയിൽവെച്ച് ഓണം ഷൂട്ട് നടത്തി. ഫോട്ടോ കണ്ട് അമ്മ ചോദിച്ചിരുന്നു, എന്തിനാണ് ഇങ്ങനെയൊരു ഷൂട്ട്, അത് ചെയ്തില്ലെങ്കിൽ എന്താണ് ഉണ്ടാവുക എന്ന്. ഞാനും അത് ചിന്തിച്ചു. ഫിയർ ഓഫ് മിസ്സിങ് ഔട്ട് അഥവാ എല്ലാവരും മറന്നുപോകുമോ എന്ന പേടി ആണ് എന്നെ അതിന് പ്രേരിപ്പിച്ചതെന്ന് തോന്നുന്നു. ഇന്ന് സോഷ്യൽ മീഡിയയിലെ നമ്മൾ യഥാർഥ നമ്മളല്ല. വേറെ എന്തോ ആണെന്നു കാണിക്കാൻ ശ്രമിക്കുകയാണ്. ഒരു മാർക്കറ്റിൽ നിൽക്കുന്നതു പോലെ തോന്നും. ഒച്ചപ്പാടും ബഹളവും. ആൾക്കാരുടെ അഭിപ്രായങ്ങൾ, പുതിയ കുറെ റീൽസ് ട്രെൻഡുകൾ. അനാവശ്യമായ ഇൻഫർമേഷനുകൾ, ഷോപ്പിങ്ങിന് പ്രേരിപ്പിക്കുന്ന കണ്ടന്റുകൾ... പരിധികഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ ഇതില്ലാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നി. വിട്ടുനിന്നത് എന്റെ ജീവിതത്തെ മോശമായി ബാധിച്ചിട്ടേയില്ല. സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിന്റെ പേരിൽ എന്നെ ഒഴിവാക്കുന്ന സിനിമയാണെങ്കിൽ അതിന്റെ നിലവാരം അത്രയേ ഉള്ളൂ.
എനിക്ക് ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ അക്കൗണ്ടുണ്ട്. ഹെൽത്ത് കെയർ ടിപ്‌സ്, സ്‌കിൻ കെയർ ടിപ്‌സ്...എനിക്ക് ആവശ്യമുള്ളവ മാത്രം കാണാനായി ഞാൻ ഉപയോഗിക്കാറുണ്ട്. കൂടാതെ, എന്റെ ഏറ്റവും അടുത്ത അഞ്ച് സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന തരത്തിൽ എനിക്ക് പേഴ്‌സണൽ പേജ് ഉണ്ട്.
എന്നാൽ ഒരു താരമെന്ന നിലയിൽ ഞാൻ എവിടെയെങ്കിലും പോകുമ്പോൾ ഓൺലൈൻ മീഡിയയിൽ വീഡിയോയോ ഫോട്ടോയോ വരുന്നത് എനിക്ക് തടയാൻ പറ്റില്ല.
ധരിച്ച വേഷത്തിന്റെ പേരിൽ വിമർശനം നേരിട്ടല്ലോ...
അതൊരു ഫാഷൻ മിസ്ജഡ്ജ്മെന്റ് ആയിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു. അതിനുവേണ്ടി വെയിറ്റ് കൂട്ടി. സ്റ്റണ്ട് ഷൂട്ടിനിടെ പരിക്കുപറ്റി, മുഖവും കഴുത്തുമൊക്കെ വീങ്ങി, വല്ലാതെ ക്ഷീണിച്ചു. അതിനിടയിലായിരുന്നു ആ ഉദ്ഘാടനച്ചടങ്ങ്. ഞാൻ ഒട്ടും തയ്യാറെടുത്തിരുന്നില്ല. ആ വസ്ത്രം ട്രയൽ ചെയ്തുനോക്കിയതുമില്ല. അതിന്റെ ഫിറ്റിങ്ങും ശരിയായിരുന്നില്ല. 'കുളിക്കുന്നതിനിടയ്ക്ക് വന്നതാണോ' എന്നൊക്കെയുള്ള കമന്റുകൾ വന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞെത്തിയ ശേഷം ഞാൻതന്നെ സുഹൃത്തുക്കളോട് ഇതുപറഞ്ഞ് ചിരിച്ചു. വസ്ത്രം മോശമായെന്ന് പറഞ്ഞതിൽ എനിക്ക് കുഴപ്പമില്ല. It's fine. അബദ്ധം ആർക്കും പറ്റാമല്ലോ. എല്ലാ ദിവസവും എല്ലാവരും വളരെ ടിപ് ടോപ്പ് ആയിട്ടാണോ പോകുന്നത്? അന്നെനിക്ക് അതുപോലൊരു ദിവസമായിരുന്നു, അത്രയേ ഉള്ളൂ.
പുതിയ സിനിമകൾ?
'ഗാട്ട കുസ്തി 2' എന്ന തമിഴ് സിനിമയാണ് വരാനിരിക്കുന്നത്. സ്ത്രീപ്രാധാന്യമുള്ള കുടുംബ ചിത്രമാണത്. അതിന്റെ ഒന്നാം ഭാഗം നന്നായി സ്വീകരിക്കപ്പെട്ടിരുന്നു. സഫർ സനൽ സംവിധാനം ചെയ്യുന്ന 'ആശ' യാണ് മലയാളത്തിൽ ഇറങ്ങാനുള്ള സിനിമ. ഉർവശി മാമാണ് കേന്ദ്രകഥാപാത്രം. മാമിന്റെ മകളുടെ കഥാപാത്രമാണെനിക്ക്. സങ്കീർണമായ അമ്മ-മകൾ ബന്ധമാണ് സിനിമ പങ്കുവെക്കുന്നത്. 'കാതൽ' സിനിമയുടെ എഴുത്തുകാരനായ ആദർശ് സുകുമാരനുമായി ചേർന്ന് മറ്റൊരു സിനിമ ഒരുങ്ങുന്നുണ്ട്. തമിഴിൽ 'ഹാഷ്ടാഗ് ലൗ' എന്ന വെബ്സീരീസിന്റെ ഷൂട്ട് കഴിഞ്ഞു. തെലുഗുവിൽ ഒരു വലിയ പിരീഡ് ഡ്രാമ സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ട്. ഏപ്രിലിൽ ഹിന്ദി സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നുണ്ട്. ഹിന്ദി ഒഴുക്കോടെ സംസാരിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. സിനിമയ്ക്ക് വേണ്ടി കൂട്ടിയ ശരീരഭാരം പഴയപടിയാക്കാനുള്ള വർക്കൗട്ടുകളും ആയോധനകല, നൃത്തം പോലുള്ള പരിശീലനങ്ങളും ഒപ്പം നടക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Evolution from accidental entry to strategic career planning., Emphasis on choosing complex, women-centric roles over commercial expectations., Prioritizing personal growth and mental well-being over social media validation., Balancing acting, production, and long-term skill development in writing/direction.
Published: 18 Mar 2026, 02:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented