നിർമ്മിത ബുദ്ധി (AI) സിനിമാരംഗത്ത് വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സിനിമാ മേഖലയിൽ എ.ഐ അഭിനേതാക്കളെ ഉപയോഗിക്കുന്നതിൻ്റെ ധാർമ്മികതയെച്ചൊല്ലി ലോകമെമ്പാടും വലിയ ചർച്ചകളും നടക്കുകയാണ്. ഈ സാഹചര്യത്തിൽ എ.ഐ അഭിനേതാക്കളെക്കുറിച്ചുള്ള തൻ്റെ വേറിട്ട നിരീക്ഷണങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഓസ്കർ ജേതാവും ഫ്രഞ്ച് നടിയുമായ മാരിയൺ കോട്ടിലാർഡ്. നിലവിൽ എ.ഐ അഭിനേതാക്കളുടെ പ്രകടനം "ഉരുളക്കിഴങ്ങിനെപ്പോലെയാണെന്നാണ്" താരം തമാശയായി അഭിപ്രായപ്പെട്ടത്.

സ്പെയിനിൽ നടക്കുന്ന 74-ാമത് സാൻ സെബാസ്റ്റ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തൻ്റെ പുതിയ ചിത്രമായ 7h40 ce matin-la എന്ന സിനിമയുടെ പ്രചാരണത്തിനെത്തിയതായിരുന്നു താരം. മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് ചലച്ചിത്ര ലോകത്ത് എ.ഐ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് 50-കാരിയായ നടി മനസ്സ് തുറന്നത്.

"എപ്പോഴെങ്കിലും ഒരു എ.ഐ അഭിനേതാവിൻ്റെ പ്രകടനം കണ്ട് എൻ്റെ കണ്ണ് നിറയുകയോ എന്നെ അത് വൈകാരികമായി സ്പർശിക്കുകയോ ചെയ്യുന്ന ഒരു ദിവസമുണ്ടായാൽ, അതിനെ ഞാൻ ഭയപ്പെടുന്നു. എന്നാൽ നിലവിൽ അവർ ഉരുളക്കിഴങ്ങുകളെപ്പോലെയാണ് അഭിനയിക്കുന്നത്. അത് തൽക്കാലത്തേക്ക് എനിക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്," മാരിയൺ പറഞ്ഞു.

എന്നാൽ ഭാവിയിൽ കാണികളെ പൂർണ്ണമായും വിശ്വസിപ്പിക്കുന്ന രീതിയിലേക്ക് ഈ എ.ഐ നടന്മാർ വളരുമോ എന്ന് താൻ ചിന്തിക്കാറുണ്ടെന്നും, അങ്ങനെ സംഭവിച്ചാൽ അത് വലിയൊരു ആശങ്കയായി മാറുമെന്നും താരം കൂട്ടിച്ചേർത്തു. 2008-ൽ പുറത്തിറങ്ങിയ 'ലാ വീ എൻ റോസ്' എന്ന ചിത്രത്തിലെ ഫ്രഞ്ച് ഗായിക എഡിത്ത് പിയാഫിൻ്റെ വേഷത്തിലൂടെയാണ് മാരിയൺ മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കിയത്. 

അടുത്തിടെ 'ടില്ലി നോർവുഡ്' എന്ന ജനപ്രിയ എ.ഐ താരം ഒരു ടോക്ക് ഷോയിൽ സംസാരിക്കവെ പെട്ടെന്ന് ചൈനീസ് ഭാഷയിലേക്ക് മാറി സംസാരിച്ചത് വലിയ തോതിൽ വൈറലായിരുന്നു. പിയേഴ്സ് മോർഗൻ്റെ അഭിമുഖ പരിപാടിയിലായിരുന്നു സംഭവം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi