ഞ്ജു വാര്യരെയും മീരാ ജാസ്മിനെയും പോലെ ഒരു  സിനിമാനടിയാവണമെന്നായിരുന്നു വിന്‍സി എന്ന പെണ്‍കുട്ടിയുടെ ആഗ്രഹം.. അവളുടെ ആഗ്രഹം കേട്ട് ചിലര്‍ ചിരിച്ചു. പലരും പരിഹസിച്ചു. മനസ്സറിഞ്ഞ് ആഗ്രഹിച്ചാല്‍ പ്രപഞ്ചം കൂടെ നില്‍ക്കുമെന്ന തത്ത്വചിന്തയൊന്നും ആ ചുരുളന്‍മുടിക്കാരി അന്ന് കേട്ടിരുന്നില്ല. കാലം കനിഞ്ഞു. അവള്‍ നടിയായി. വിന്‍സി സോണി അലോഷ്യസ് എന്ന താരമായി. 'വികൃതി', 'ഭീമന്റെ വഴി', 'ജനഗണമന', 'സോളമന്റെ തേനീച്ചകള്‍', 'കനകം കാമിനി കലഹം', 'രേഖ', 'പദ്മിനി', 'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്‌'... എന്നിങ്ങനെ ഒട്ടേറെ നല്ല ചിത്രങ്ങള്‍...പൊന്നാനിയില്‍നിന്ന് സിനിമയിലേക്കുള്ള സ്വപ്‌നദൂരത്തെപ്പറ്റി വിന്‍സി സംസാരിക്കുന്നു...

To advertise here,

നീ ഡ്രൈവറുടെ മകളാണ്, ഐശ്വര്യറായ് അല്ല
ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. അച്ഛന്‍ അലോഷ്യസ് ഡ്രൈവറായിരുന്നു. അമ്മ സോണി. ചേട്ടന്‍ വിപിന്‍. സിനിമയായിരുന്നു എന്റെ സ്വപ്‌നം.  സിനിമയില്‍നിന്ന് നല്ല പ്രതിഫലം കിട്ടും. അതുകൊണ്ട് നല്ല വീട് വയ്ക്കാം, നന്നായി ജീവിക്കാം എന്നൊക്കെയായിരുന്നു ചിന്ത. ഇതൊക്കെ മനസ്സില്‍വെച്ച് സൗന്ദര്യം കൂട്ടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. നടിയാവാനാണ് പോരാട്ടമെന്ന് അബദ്ധത്തിലെങ്ങാനും അമ്മയോട് പറഞ്ഞാല്‍ തീര്‍ന്നു. 'നീ ഒരു സാധാരണ ഡ്രൈവറുടെ മോളാണ്. ഐശ്വര്യ റായ് ഒന്നുമല്ല' എന്ന് ഒരു ദയയുമില്ലാതെ പറയും. അതെനിക്ക് വാശിയായി. 'ങാഹാ, ഡ്രൈവറുടെ മോള്‍ക്ക് നടിയായിക്കൂടേ' എന്ന് തിരിച്ചുചോദിക്കും. സദാസമയം ഈ സ്വപ്‌നവും ചുമന്നാണ് നടപ്പ്. അതിന്റെ ഭാഗമായി ചില്ലറ കള്ളത്തരങ്ങളുമുണ്ട്. വീട്ടിലെ ഇസ്തിരിപ്പെട്ടി ചൂടാക്കി മുടി നിവര്‍ത്തും. എന്നിട്ട് സ്‌കൂളിലേക്ക് വലിയ ഗമയില്‍ ഒരു പോക്കാണ്. ഞാന്‍ ഫോട്ടോഷൂട്ട് ഒക്കെ ചെയ്യുന്നുണ്ട്. ഇന്നലെ ഒരു ഷൂട്ട് ഉണ്ടായിരുന്നു. അതിനുവേണ്ടി മുടി സ്ട്രെയ്റ്റെന്‍ ചെയ്തതാണെന്ന് കൂട്ടുകാരോട് പറയും... 

ഹിറ്റായ റിയാലിറ്റി ഷോയും വീട്ടിലെ വഴക്കും
പ്ലസ്ടു കഴിഞ്ഞ് ബി. ആര്‍ക്ക്. പഠിക്കാന്‍ കൊച്ചിയിലേക്ക് പോയി. പഠിത്തം ഒരു വശത്തൂടെ നടക്കുന്നുണ്ടെങ്കിലും തല മുഴുവന്‍ സിനിമയാണ്. അങ്ങനെയിരിക്കുമ്പോള്‍ ഒരു റിയാലിറ്റി ഷോയുടെ ഓഡിഷന് പോയി. പുറത്തായി. പക്ഷേ, ഒരു അവസരംകൂടി കിട്ടി. അതില്‍ കടന്നുകൂടി. വീട്ടില്‍ ഇതൊന്നും പറഞ്ഞിട്ടില്ല. ഷോയില്‍ ലാല്‍ജോസ് സാറാണ് വിധികര്‍ത്താവ്. പരിപാടി ടി.വി.യില്‍ ഉടന്‍ വരും. വീട്ടില്‍ ഇതെങ്ങനെ പറയും എന്നായിരുന്നു ടെന്‍ഷന്‍. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ടെലികാസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം വീട്ടില്‍ അറിയിച്ചു. പഠിക്കാന്‍ വിട്ടിട്ട് ഇതാണോ പണി എന്ന് ചോദിച്ച് അപ്പച്ചനും അമ്മയും വഴക്കോടുവഴക്ക്. ഞാന്‍ സംയമനം പാലിച്ചു. പരിപാടി ശ്രദ്ധിക്കപ്പെട്ടു. ബന്ധുക്കളും നാട്ടുകാരുമൊക്കെ നല്ല അഭിപ്രായം പറഞ്ഞതോടെ അവര്‍ ഹാപ്പിയായി.

സിനിമയിലേക്ക് വിളിയും കാത്ത്
റിയാലിറ്റി ഷോയില്‍ രണ്ടാംസ്ഥാനത്തെത്തി. അത്യാവശ്യം ആളുകളൊക്കെ തിരിച്ചറിഞ്ഞുതുടങ്ങി. കേരളത്തിലുള്ളവരെല്ലാം ടെലിവിഷനിലൂടെ എന്നെ കണ്ടല്ലോ. ഇനി എന്തായാലും സിനിമയിലേക്ക് വിളി വരും എന്നായിരുന്നു എന്റെ വിചാരം. ഒരു വര്‍ഷത്തോളം കാത്തിരുന്നു. അതിനിടെ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പരസ്യചിത്രത്തിലേക്ക് വിളിച്ചു. അവിടെ ചെന്നപ്പോള്‍ ആകെ വണ്ടറടിച്ചുപോയി. മഞ്ജു വാര്യര്‍ക്കൊപ്പമാണ് അഭിനയിക്കേണ്ടത്. ക്യാമറ ജോമോന്‍ ടി. ജോണ്‍, കോസ്റ്റ്യൂം സമീറാ സനീഷ്. എനിക്ക് പേടിയായി. അതിനിടയ്ക്ക് മഞ്ജുച്ചേച്ചിയോട് സംസാരിച്ചു. ചേച്ചി ടി. വി.യില്‍ എന്നെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. ആ പരിപാടി കണ്ട് ചേച്ചിക്കും അമ്മയ്ക്കും എന്നെ വലിയ ഇഷ്ടമായെന്നുകൂടി അറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി. സ്റ്റേജില്‍ പതര്‍ച്ചയൊന്നുമില്ലാതെ അഭിനയിച്ച ഞാന്‍ ക്യാമറയ്ക്കുമുന്നില്‍ പക്ഷേ, പെട്ടു. 24 ടേക്കുവരെയൊക്കെ എടുത്ത് എല്ലാവരുടെയും ക്ഷമ പരീക്ഷിച്ചു. പേടി കയറിയാല്‍ കൈയീന്ന് പോകും എന്ന പാഠം ഞാന്‍ പഠിച്ചു. 

തടി കുറച്ചു, പക്ഷേ അവസരം നഷ്ടമായി
അതിനിടയ്ക്ക് ഒരു സിനിമ വന്നു. നല്ല കഥാപാത്രം. അവര്‍ക്ക് ഞാന്‍ മെലിയണമായിരുന്നു.  പുലര്‍ച്ചെ എഴുന്നേറ്റ് അപ്പച്ചനൊപ്പം ഓടാന്‍തുടങ്ങി. ഭക്ഷണം കുറച്ചു. തടി ഒതുങ്ങിത്തുടങ്ങി. പക്ഷേ, സിനിമ തുടങ്ങുന്നതിന് മൂന്നുദിവസംമുന്‍പ് വിളിച്ച് എന്നെ ഒഴിവാക്കിയെന്ന് പറഞ്ഞു. മുറിയടച്ചിരുന്ന് കരഞ്ഞു. കാത്തിരുന്ന് കിട്ടിയത് കൈയീന്ന് പോയതോടെ തടി തിരികെപ്പിടിക്കാന്‍തുടങ്ങി. ഡിപ്രഷനും ആങ്സൈറ്റിയും എന്താണെന്ന് അറിയുന്നത് അപ്പോഴാണ്. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് 'വികൃതി'യിലേക്ക് വിളിക്കുന്നത്. സ്‌ക്രീന്‍ ടെസ്റ്റിന് പോയി. അത് ഓക്കെയായി. ക്യാരക്റ്റര്‍ റോള്‍ ആണെന്നാണ് കരുതിയത്. പിന്നെ അറിഞ്ഞു നായികയാണെന്ന്. സൗബിന്‍, സുരാജേട്ടന്‍, സുരഭി ലക്ഷ്മി... അവര്‍ക്കെല്ലാമൊപ്പം. ആദ്യപടം തിയേറ്റര്‍ ഹിറ്റ് ആകണം എന്നായിരുന്നു സ്വപ്‌നം. പക്ഷേ, ഹിറ്റൊന്നുമായില്ല. എങ്കിലും ശ്രദ്ധിക്കപ്പെട്ടു. അതിനിടെ കോവിഡ്കാലം വന്നു. ഉള്ള പ്രതീക്ഷയും പോയി. 

തടിക്ക് വിമര്‍ശനം, സുപ്രിയ മേനോന്‍ രക്ഷകയായി
സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, അത് അങ്ങനെയല്ല എന്ന് വൈകാതെ തിരിച്ചറിഞ്ഞു. എന്റെ തടിയാണ് എല്ലാവര്‍ക്കും പ്രശ്‌നം. നടിയാകണമെങ്കില്‍ മെലിഞ്ഞിരിക്കണം എന്നൊരു നിയമം ഉള്ളതുപോലെ. തടി കാരണം ഞാന്‍ പുതിയകാലത്തിന് യോജിച്ച ആളല്ല എന്നൊക്കെയുള്ള വിമര്‍ശനം കേട്ടു. അതെന്തുകൊണ്ടാ അങ്ങനെ എന്ന് ഞാന്‍ ആലോചിച്ചു. ആ പതിവ് മാറ്റിയെടുക്കണമെന്ന് ഉറപ്പിച്ചു. അതിനിടയ്ക്ക് 'ജനഗണമന'യിലേക്ക് വിളിച്ചു. തടി നോക്കണം. ഫോട്ടോ അയക്കണം എന്ന് പറഞ്ഞു. അപ്പോഴാണ് സുപ്രിയച്ചേച്ചി (സുപ്രിയാ മേനോന്‍) എന്റെ മാലാഖയായി വരുന്നത്. 'തടിയൊക്കെയുണ്ട്. അതിനെന്താ. ഈ കുട്ടി നന്നായി അഭിനയിക്കും.' എന്ന് ചേച്ചി പറഞ്ഞു. അതോടെ ആ റോള്‍ ഓക്കെയായി. പിന്നെ 'ഭീമന്റെ വഴി', 'കനകം കാമിനി കലഹം'... 'കരിക്ക്' വെബ്സീരീസ്... ക്യാമറപ്പേടി മാറുന്നത് 'കനകം കാമിനി കലഹ'ത്തില്‍ വെച്ചാണ്. 'ഭീമന്റെ വഴി'യില്‍ കുഞ്ചാക്കോ ബോബനൊപ്പം ഇന്റിമേറ്റ് സീനുണ്ട്. ചാക്കോച്ചന്‍ എന്റെ മെന്റര്‍കൂടിയാണ്. പക്ഷേ, കൂളായി ആ രംഗങ്ങള്‍ ചിത്രീകരിച്ചു.

കുറ്റപ്പെടുത്തട്ടെ, നേരിടാന്‍ തയ്യാര്‍
'ഭീമന്റെ വഴി'യിലും 'രേഖ'യിലും ആളുകളുടെ മുന്‍വിധിക്ക് ചേരാത്ത തരം സീനുകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നേരിട്ട് എന്നോടാരും ഒരു മോശവും പറഞ്ഞിട്ടില്ല. കമന്റുകളായും കളിയാക്കലുകളായും പ്രശ്‌നങ്ങളുണ്ടായത് സോഷ്യല്‍മീഡിയയിലാണ്. അപ്പച്ചനെയും അമ്മയെയുമൊക്കെ കുറ്റപ്പെടുത്തുന്ന കമന്റുകള്‍. മകള്‍ എന്ത് റോള്‍ ചെയ്താലെന്താ അവര്‍ക്ക് പണമാണ് മുഖ്യം എന്ന കുറ്റപ്പെടുത്തലുകള്‍. അതിനെയൊക്കെ നേരിടാനുള്ള ധൈര്യം ജീവിതം എനിക്ക് തന്നുകഴിഞ്ഞു. രേഖയിലെ എന്റെ കഥാപാത്രത്തിന് അവരവരുടെ ജീവിതവുമായി സാമ്യമുണ്ടെന്ന് കുറേ പെണ്‍കുട്ടികള്‍ പലപ്പോഴായി എന്നോട് പറഞ്ഞു. സ്‌നേഹത്തിന്റെ നിഴല്‍ കണ്ടാല്‍ അതിലേക്ക് ചാഞ്ഞ് വീഴുന്നവര്‍. 

സിനിമയുടെ അളവുകോലുകള്‍ക്ക് പുറത്തുള്ള ആളാണ് ഞാന്‍. കുടുംബപശ്ചാത്തലം... തടി... അങ്ങനെയുള്ള അതിരുകളെ മറികടന്നാണ് ഇവിടെവരെ എത്തിയത്. വാശിയും ആത്മവിശ്വാസവും മാത്രമാണ് എന്റെ ബലം. കോളേജ്കാലത്ത് എനിക്കൊരു ബന്ധമുണ്ടായിരുന്നു. എന്തുകൊണ്ടോ എനിക്കതില്‍ തുടരാന്‍ കഴിഞ്ഞില്ല. ബന്ധത്തില്‍നിന്ന് പിന്മാറിയതോടെ സുഹൃത്തുക്കള്‍പോലും അകന്നു. അന്നത്തെ ഒറ്റപ്പെടല്‍ ജീവിതത്തില്‍ ഒരു പാഠമായിരുന്നു. അതുകൊണ്ടൊക്കെയാകാം എന്ത് പ്രശ്‌നം വന്നാലും സ്വയം അത് പരിഹരിക്കാന്‍ ശ്രമിക്കും. 

സിനിമയില്‍ സെലക്ടീവ് ആണ്, പക്ഷേ ജീവിതത്തില്‍...
ഒരുഘട്ടത്തില്‍ തുറന്ന പുസ്തകമായിരുന്നു ഞാന്‍. അതുകാരണം കുറേ പൊല്ലാപ്പുകളുണ്ടായി. സൗഹൃദത്തിലും പ്രണയത്തിലും പൂര്‍ണമായ വിശ്വാസം ആഗ്രഹിക്കും. പക്ഷേ, അതൊരിക്കലും നടക്കില്ല. 
എനിക്ക് സിനിമയില്‍ പരിക്കുപറ്റിയിട്ടില്ല. ഹാപ്പിയാണ്. സിനിമയുടെ കാര്യത്തില്‍ ഞാന്‍ സെലക്ടീവാണ്. പക്ഷേ, ആ കഴിവ് മനുഷ്യരുടെ കാര്യത്തില്‍ ഇല്ല. ഒരാളെ ഇഷ്ടപ്പെട്ടാല്‍ അവരെ പൂര്‍ണമായും വിശ്വസിക്കും. ആ വിശ്വാസം വലിയ അപകടത്തിലേക്ക് എത്തിക്കും. ആള്‍ക്കാരെ ഇംപ്രസ് ചെയ്യിക്കുക. നല്ലകുട്ടി എന്ന പേരെടുക്കുക... ഇതൊക്കെയായിരുന്നു ഒരുകാലത്ത് ജീവിതലക്ഷ്യം. ആ കൃത്രിമ ജീവിതം  എവിടെയും എത്തിക്കില്ലെന്ന് മെല്ലെ തിരിച്ചറിഞ്ഞു. കംഫര്‍ട് സോണ്‍ വിട്ടാലേ ബോധവും ബുദ്ധിയും വിവരവും ഉണ്ടാകൂ. അപ്പോഴാണ് ശരിക്കും നമ്മള്‍ ജയിക്കുന്നത്. 'പത്മിനി 'എന്ന സിനിമയാണ് ഇനി ഇറങ്ങാനുള്ളത്. വേറെ കുറച്ച് പ്രൊജക്റ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ബോളിവുഡിലും ഒരു സിനിമ ചെയ്തു. സിസ്റ്റര്‍ റാണി മരിയ എന്ന കന്യാസ്ത്രീയുടെ ജീവിതം പ്രമേയമാക്കിയ ബയോപിക്. എട്ട് സംസ്ഥാനങ്ങളില്‍നിന്നുള്ള തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം കേന്ദ്രകഥാപാത്രമായാണ് അതില്‍ അഭിനയിച്ചത്.

(പുനപ്രസിദ്ധീകരണം)