
ഇതാ ഇവിടെ വരെ' എന്ന സിനിമയിലെ ടൈറ്റില്‍ സോങ്ങായ 'ഇതാ... ഇതാ... ഇവിടെ വരെ...' എന്ന ഗാനരംഗത്തില്‍ ഒരു തോണിക്കാരന്റെ വേഷത്തിലൂടെയാണ് ശശിയേട്ടന്റെ ചിത്രത്തില്‍ ആദ്യമായി ജയേട്ടന്‍ പ്രത്യക്ഷപ്പെടുന്നത്. ഇതേ ചിത്രത്തിലെ 'രാസലീല... രാസലീല... രതിമന്മഥലീല...' എന്ന മറ്റൊരു ഗാനരംഗത്തിലൂടെയായിരുന്നു ശശിയേട്ടന്റെ ചിത്രത്തില്‍ എന്റെയും തുടക്കം. ഒരര്‍ഥത്തില്‍ ഞാനും ജയേട്ടനും ശശിയേട്ടനിലേക്കെത്തിയത് 'ഇതാ ഇവിടെവരെ'യിലൂടെയായിരുന്നു.
ശശിയേട്ടന്റെ അടുത്ത ചിത്രമായ 'ഈ മനോഹരതീര'ത്തില്‍ ഒരു കാബറേ നര്‍ത്തകിയുടെ വേഷമായിരുന്നു എനിക്ക്. മധുസാറും ജയേട്ടനും സംവിധായകന്‍ ഹരിഹരേട്ടനും ആ രംഗത്തുണ്ടായിരുന്നു. 'കടമിഴിയിതളാല്‍ കളിയമ്പെറിയും പെണ്ണൊരു പ്രതിഭാസം...' എന്ന പാട്ടിന് ലിപ് നല്‍കിയത് ഹരിഹരേട്ടനായിരുന്നു. ആ ഒരു സീനില്‍ മാത്രമേ എനിക്ക് അഭിനയിക്കാനുണ്ടായിരുന്നുള്ളൂ. ചിത്രീകരണത്തിനുമുന്‍പ് ''ശാന്തിയല്ലേ'' എന്ന് ചോദിച്ചുകൊണ്ട് എനിക്കരികിലേക്ക് വന്ന് ജയേട്ടന്‍ പരിചയപ്പെടുകയായിരുന്നു. ഒരു കാബറെ ഡാന്‍സ് രംഗത്ത് മാത്രം അഭിനയിച്ച എന്നെ അവിടെവെച്ചുതന്നെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ജയേട്ടനുമായുള്ള ആദ്യപരിചയപ്പെടലിന്റെ ഓര്‍മയാണിത്.
പിന്നീട് ഒട്ടേറെ പേര്‍ അദ്ദേഹത്തിന്റെ നായികമാരായി വന്നെങ്കിലും ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയാവാനുള്ള ഭാഗ്യം ലഭിച്ചത് എനിക്കായിരുന്നു.

'മീനി'ന്റെ ചിത്രീകരണത്തിലും വലിയ സാഹസമാണ് ജയേട്ടന്‍ കാണിച്ചത്. കടലില്‍വെച്ച് ഒരു ബോട്ടില്‍നിന്ന് മറ്റൊരു ബോട്ടിലേക്ക് ചാടുന്നതും മറ്റും ഡ്യൂപ്പില്ലാതെ അദ്ദേഹം അഭിനയിച്ചു. ഒരു ഡ്യൂപ്പ് ആര്‍ട്ടിസ്റ്റ് ജീവന്‍ പണയപ്പെടുത്തി അഭിനയിച്ചതിന്റെ ക്രെഡിറ്റ് ഒരിക്കലും തനിക്ക് വേണ്ടെന്നായിരുന്നു ജയേട്ടന്റെ നിലപാട്. ഈ മനോഭാവംതന്നെയാണ് അദ്ദേഹത്തെ മരണത്തില്‍ കൊണ്ടെത്തിച്ചതും. അഭിനയിച്ച മിക്ക സിനിമകളിലും മരണത്തെ വെല്ലുവിളിക്കുകയും മരണം വഴിമാറിപ്പോവുകയും ചെയ്യുന്ന കാഴ്ചയാണ് ജയേട്ടന്റെ അഭിനയജീവിതത്തിലുണ്ടായിരുന്നത്.
എന്റെയും ശശിയേട്ടന്റെയും പ്രണയത്തിന് സിനിമയില്‍നിന്ന് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് നല്‍കിയത് ജയേട്ടനായിരുന്നു. ഞങ്ങളുടെ വിവാഹദിവസം വെളുപ്പിനുതന്നെ ജയേട്ടന്‍ ശശിയേട്ടന്റെ വീട്ടിലെത്തി.
മാങ്കാട് ദേവീക്ഷേത്രത്തില്‍വെച്ച് ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് ശശിയേട്ടന്റെ കാല്‍ കഴുകി, കുട പിടിച്ച് കൊണ്ടുവന്നതും എന്റെ കൈ പിടിച്ച് ശശിയേട്ടന്റെ കയ്യിലേല്‍പ്പിച്ചതും ജയേട്ടനായിരുന്നു. സഹോദരങ്ങളില്ലാത്ത എനിക്ക് മൂത്ത ജ്യേഷ്ഠനായിരുന്നു അദ്ദേഹം. സിനിമയില്‍ എനിക്ക് മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് ജയേട്ടനോടായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ജയേട്ടന്‍ അപമൃത്യുവിന് ഇരയായത്. പല ദുരന്തങ്ങളെയും അവിശ്വസനീയമെന്ന് നമ്മള്‍ പറയാറുണ്ടല്ലോ. പക്ഷേ, ജയേട്ടന്റെ മരണംപോലെ ആ വാക്ക് ഇത്രമേല്‍ അര്‍ഥവത്തായ ഒരു ദുരന്തം മലയാള സിനിമയില്‍ ഉണ്ടായിക്കാണില്ല.

Content Highlights: actress seema sharing her memory of jayan
Published: 02 Jun 2023, 02:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented