പ്രേമലു എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ക്രഷായി മാറിയ നായികയാണ് മമിതാ ബൈജു. സഹനടി വേഷങ്ങളില്‍ തിളങ്ങിയിരുന്ന താരം ‘പ്രേമലു’വിന്റെ വിജയത്തോടെ തെന്നിന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയ നായികമാരിലൊരാളായി മാറി. ഇപ്പോള്‍ തമിഴില്‍ സൂപ്പര്‍താര ചിത്രങ്ങളില്‍ കേന്ദ്രകഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. വിജയ് നായകനാകുന്ന ‘ജനനായകന്‍’, സൂര്യ നായകനാകുന്ന പുതിയ ചിത്രം എന്നിവയിലാണ് മമിതാ ബൈജു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാഷ്ട്രീയ പ്രവേശനം നടത്തിയ വിജയ്, ‘ജനനനായകന്‍’ എന്ന സിനിമയ്ക്ക് ശേഷം അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയാണ്. അതിനാല്‍ തന്നെ താരത്തിന്റെ ആരാധകരെല്ലാം ഏറെ പ്രതീക്ഷയോടെയാണ് എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകനാ’യി കാത്തിരിക്കുന്നത്.
ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയെ കുറിച്ച് അടുത്തിടെ മമിത തന്നെ വെളിപ്പെടുത്തിയിരുന്നു, '’ജനനായകന്‍ അവസാനത്തെ സിനിമയായിരുന്നോ എന്ന് ഞാന്‍ വിജയ് സാറിനോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് 2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ചായിരിക്കും സിനിമയിലെ മുന്നോട്ടുള്ള യാത്ര എന്നാണ്. ഷൂട്ടിങ്ങിന്റെ അവസാനദിവസം അദ്ദേഹവും അണിയറപ്രവര്‍ത്തകരുമെല്ലാം വികാരാധീനരായിരുന്നു.'’ മമിത പറഞ്ഞു. അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്.
വിജയ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് തമിഴിലെ മറ്റൊരു സൂപ്പര്‍താരമായ സൂര്യയുടെ ചിത്രത്തില്‍ മമിതാ ബൈജു നായികയാകുന്ന സന്തോഷം പങ്കുവച്ചത്. സൂര്യ 46 എന്ന്‌ താത്ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം വെങ്കി അറ്റ്‌ലൂരിയാണ് സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വലിയ വിജയമായ ‘ലക്കി ഭാസ്‌ക്കറി’ന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
മുമ്പ് സൂര്യയ്‌ക്കൊപ്പം ബാല സംവിധാനം ചെയ്ത ‘വണങ്കാനി’ല്‍ മമിത പ്രധാന വേഷം ചെയ്തിരുന്നു. എന്നാല്‍ ചിത്രീകരണത്തിനിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണം സൂര്യയും മമിതയും ഈ സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ജി.വി.പ്രകാശ് നായകനായ 'റിബല്‍' എന്ന സിനിമയിലൂടെയാണ് മമിത തമിഴില്‍ അരങ്ങേറിയത്. ‘പ്രേമലു’ തമിഴ്‌നാട്ടില്‍ നേടിയ പ്രദര്‍ശന വിജയത്തിന് പിന്നാലെ താരത്തെ തേടി ഒരുപിടി സിനിമകളാണ് തമിഴില്‍ നിന്ന് വരുന്നത്. വിജയ്, സൂര്യ ചിത്രങ്ങള്‍ തനിക്ക് തമിഴില്‍ വലിയൊരു കരിയര്‍ ബ്രേക്ക് സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് താരം. ‘പ്രേമലു’വിന്റെ വിജയത്തിന് പിന്നാലെ സമാന ടീം ഒന്നിക്കുന്ന ‘പ്രേമലു-2’ പ്രഖ്യാപിച്ചിരുന്നെങ്കിലും ചിത്രീകരണം തുടങ്ങിയിട്ടില്ല. ചിത്രം കുറച്ച് കാലത്തിന് ശേഷം മാത്രമേ ഉണ്ടാകൂ എന്ന് നിര്‍മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍ അടുത്തിടെ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ‘പ്രേമലു’വില്‍ സഹനായക വേഷത്തിലെത്തിയ സംഗീത് പ്രതാപും, മമിതയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ മലയാള ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ‘തണ്ണീര്‍മത്തന്‍ ദിനങ്ങളു’ടെ തിരക്കഥാകൃത്തായ ഡിനോ പൗലോസാണ്, ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

To advertise here,

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi