ഇക്കഴിഞ്ഞ ദിവസമാണ് താൻ വീണ്ടും പ്രണയത്തിലാണെന്ന് ആമിർ ഖാൻ വെളിപ്പെടുത്തിയത്. പങ്കാളിയായ ഗൗരി സ്പ്രാറ്റിനെക്കുറിച്ച് തുറന്നുപറയുകയും ചെയ്തു. മുമ്പ് രണ്ട് വിവാഹങ്ങൾ കഴിച്ചിട്ടുള്ള ആമിർ, ആദ്യത്തെ വിവാഹമോചനത്തിനുശേഷം താൻ നേരിട്ട പ്രശ്‌നങ്ങൾ തുറന്നുപറയുകയാണിപ്പോൾ. 

1986-ലായിരുന്നു റീന ദത്തയുമായുള്ള ആദ്യവിവാഹം. അന്ന് ആമിറിന് 21 വയസ്സ്, റീനയ്ക്ക് 19-ഉം. ''രജിസ്റ്റർ മാര്യേജായിരുന്നു. 50 പൈസ ടിക്കറ്റെടുത്ത് ബസിലാണ് പോയത്. സ്റ്റോപ്പിലിറങ്ങി അവിടുന്ന് നടന്ന് രജിസ്റ്റർ ഓഫീസിലെത്തി. സ്റ്റാമ്പിനും മറ്റുമായി ബാക്കിയുള്ള പണവും''. ആമിർ ആ വിവാഹത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ. ജുനൈദ്, ഇറ എന്നീ രണ്ടുമക്കളാണ് ഈ ബന്ധത്തിലുള്ളത്. 16 വർഷത്തിനുശേഷം ആമിറും റീനയും വിവാഹമോചിതരായി. ആ നാളുകളിൽ കടുത്തവിഷാദവും മദ്യപാനവുമായിരുന്നു തനിക്കൊപ്പമുണ്ടായിരുന്നതെന്ന് ആമിർ പറയുന്നു. 

''അന്ന് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. നിർമാതാവെന്ന നിലയിൽ കുറേ തിരക്കഥകൾ കേട്ടുകൊണ്ടിരുന്ന സമയമായിരുന്നു. അതും നിർത്തി. ഒറ്റപ്പെട്ടതുപോലെ തോന്നി'', ഇതെല്ലാം മദ്യപാനത്തിലാണ് എത്തിച്ചത്. 

''വീട്ടിൽ ഒറ്റയ്ക്കായിരുന്നു. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. രാത്രിയിൽ തീരെ ഉറക്കവുമില്ല. അങ്ങനെ മദ്യത്തിൽ അഭയം കണ്ടെത്തി. തീരെ മദ്യപിക്കാത്ത ഒരാളിൽനിന്ന് തികഞ്ഞ മദ്യപാനിയായി മാറി ഞാൻ. ഒരുദിവസം ഒരുകുപ്പിയെങ്കിലും തീർക്കുമെന്ന അവസ്ഥ. ദേവ്ദാസിനെ പോലെയായി. എങ്ങനെയെങ്കിലും സ്വയം നശിക്കണമെന്ന ചിന്ത മാത്രം. ഒന്നര വർഷത്തോളം അത് തുടർന്നു''. അന്നത്തെ കടുത്തവിഷാദത്തിൽനിന്ന് കരകയറാൻ മൂന്നുവർഷമെടുത്തു ആമിർ. അതുകഴിഞ്ഞാണ് സംവിധായികയും നിർമാതാവുമായ കിരൺ റാവുവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. 2005-ൽ അവർ വിവാഹിതരായി. 2021-ൽ പിരിയുകയും ചെയ്തു. 

മുൻപങ്കാളികളുമായി അങ്ങേയറ്റം ബഹുമാനം കലർന്ന ബന്ധമാണ് ആമിറിനുള്ളത്. ''എന്റെ ജീവിതത്തിലെ മനോഹരമായ ബന്ധമായിരുന്നു അവരുമായുണ്ടായിരുന്നത്. ഞങ്ങൾ പിരിഞ്ഞുവെങ്കിലും, അതിനർഥം പരസ്പരമുള്ള സ്നേഹവും ബഹുമാനവും നഷ്ടപ്പെട്ടുവെന്നല്ല''.