1982-ൽ ബി.ആർ.ചോപ്ര സംവിധാനം ചെയ്ത സിനിമയാണ് 'നികാഹ്'. രാജ് ബബ്ബാർ, സൽമ ആഗ എന്നിവരായിരുന്നു നായികാനായകൻമാർ. സൽമ ആഗയുടെ ആദ്യസിനിമയും കൂടിയായിരുന്നു ഇത്. ഈ സിനിമയിലെ പ്രകടനത്തോടെ അവർ പെട്ടെന്ന് താരമായി.
നായികയെ തിരഞ്ഞെടുത്തതിപിന്നിലെ ഒരു കഥ പിൽക്കാലത്ത് ബോളിവുഡിൽ ചർച്ചയായിരുന്നു. സോഷ്യലിസ്റ്റ് നേതാവും സഞ്ജയ് ഗാന്ധിയുടെ അടുത്ത അനുയായിയുമായ റുക്‌സാന സുൽത്താനയുടെ മകളാണ് നടി അമൃത സിങ്. തന്റെ മകളെ 'നികാഹി'ൽ നായികയാക്കണമെന്ന് റുക്‌സാന ആഗ്രഹിച്ചു. അതിനെക്കുറിച്ച് ബി.ആർ.ചോപ്രയോട് സംസാരിക്കുകയും ചെയ്തു. ഒരുപാട് തവണ ആവശ്യപ്പെട്ടെങ്കിലും, ചോപ്ര അതിനോട് യോജിച്ചില്ല. പുതിയൊരു താരം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങനെയാണ് സൽമ ആഗ എന്ന ഇംഗ്ലീഷ് ഗായികയെ അദ്ദേഹം കണ്ടെത്തുന്നത്. സൽമ നായികയാവുകയും ചെയ്തു.
ഇത് റുക്‌സാനയെ ദേഷ്യം പിടിപ്പിച്ചു. അതിനുശേഷം സൽമയ്ക്ക് തുടർച്ചയായി ഭീഷണിക്കത്തുകൾ ലഭിക്കാൻ തുടങ്ങി. ഇന്ത്യയിൽനിന്ന് എത്രയും പെട്ടെന്ന് തിരിച്ചുപോകണമെന്നായിരുന്നു എല്ലാ കത്തിലെയും ഉള്ളടക്കം. പക്ഷേ, അതിനെയൊന്നും സൽമ ഗൗനിച്ചില്ല. ഈ കത്തുകൾ അയച്ചിരുന്നത് അമൃതയാണെന്നും വാർത്തകൾ പരന്നു. പക്ഷേ, അതിനെതിരെ കേസുകളൊന്നുമുണ്ടായില്ല.
'തലാഖ്, തലാഖ്, തലാഖ്' എന്നായിരുന്നു ആദ്യം സിനിമയ്ക്കിട്ട പേര്. എന്നാൽ, ഒരു വിഭാഗത്തിന്റെ എതിർപ്പ് കാരണം 'നികാഹ്' എന്നാക്കി മാറ്റുകയായിരുന്നു. എന്നാൽ, പേരുമാറ്റിയതിനുപിന്നിൽ മറ്റൊരു കഥയും ബി.ആർ.ചോപ്ര പിന്നീട് പറഞ്ഞിട്ടുണ്ട്. ചോപ്രയുടെ ഒരു മുസ്ലീം സുഹൃത്ത് അദ്ദേഹത്തോട് ചോദിച്ചു, ''എന്റെ ഭാര്യയോട് ഞാൻ ഈ സിനിമ കാണാൻ തീർച്ചയായും പറയും. പക്ഷേ അതിന്റെ പേര് അവളോട് എങ്ങനെ പറയും? തലാഖ്, തലാഖ്, തലാഖ് എന്നുപറഞ്ഞാൽ അവൾ ഹൃദയംപൊട്ടി മരിക്കും''. ഇതു കേട്ടാണ് താൻ പേരുമാറ്റിയതെന്നാണ് ചോപ്ര പറഞ്ഞത്.
അക്കാലത്തെ വളരെ സെൻസിറ്റീവായിട്ടുള്ള വിഷയങ്ങളാണ് സിനിമ കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ സിനിമയ്‌ക്കെതിരെ പല ഭാഗങ്ങളിൽനിന്നും പ്രക്ഷോഭങ്ങളുണ്ടായി. 34 കേസുകളാണ് അന്ന് സിനിമയ്‌ക്കെതിരെ വന്നത്. സംവിധായകൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ആളുകൾക്ക് വിശദീകരണം നൽകാനായി ഒരു പ്രത്യേക സ്‌ക്രീനിങ് നടത്തുകയും ചെയ്തു.
റിലീസ് ചെയ്തപ്പോൾ ആളുകൾ ഇരുകൈയും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്. നാലുകോടിക്ക് നിർമിച്ച സിനിമ, 225 ശതമാനം ലാഭമാണ് ഉണ്ടാക്കിയത്. 1982-ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നുമായി ഇത്.
മനോഹരമായ പാട്ടുകളായിരുന്നു സിനിമയുടെ മറ്റൊരു പ്രത്യേകത. രവിയാണ് സംഗീതസംവിധാനം നിർവഹിച്ചത്. ഗുലാം അലിയുടെ 'ചുപ്‌കെ ചുപ്‌കെ രാത് ദിൻ', സൽമ ആഗ പാടിയ 'ദിൽ കെ അർമാൻ', മഹേന്ദ്രകപൂറും സൽമ ആഗയും ചേർന്നുപാടിയ 'ദിൽ കി യേ ആർസൂ', മഹേന്ദ്രകുമാർ പാടിയ 'ബീതേ ഹുവേ ലമ്‌ഹോ' എന്നിവയെല്ലാം ഇന്നും ഏറെ ജനപ്രിയമായ പാട്ടുകളാണ്.
Content Highlights: controversies and threats behind the iconic blockbuster movie nikaah
Published: 04 Jun 2025, 04:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented