സ്ത്രീകളുടെ ഉദ്ധാരണശേഷിക്കുറവ് പരിഹരിക്കാന്‍ കോസ്‌മെറ്റിക് ഗൈനക്കോളജി

സ്ത്രീകളുടെ ഗര്‍ഭാശയരോഗങ്ങള്‍ക്കും പ്രസവസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമാണ് ഗൈനക്കോളജി വിഭാഗം പ്രാധാന്യം കൊടുക്കുന്നതെങ്കില്‍, കോസ്‌മെറ്റിക് ഗൈനക്കോളജിയില്‍ സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളുടെ സൗന്ദര്യത്തിനും ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും പ്രാധാന്യം നല്‍കുന്നു.
സ്ത്രീകളില്‍ എപ്പോഴൊക്കെയാണ് കോസ്‌മെറ്റിക് ഗൈനക്കോളജിയുടെ സഹായം ആവശ്യം വരുന്നതെന്ന് നോക്കാം. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പി.സി.ഒ.ഡി. കൊണ്ടും ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും സ്വകാര്യഭാഗങ്ങള്‍ക്ക് പല വ്യത്യാസങ്ങളുണ്ടാകാം. വലിപ്പ വ്യത്യാസങ്ങള്‍, നിറ വ്യത്യാസങ്ങള്‍, അമിതമായ രോമവളര്‍ച്ച എന്നിങ്ങനെ. ഇതവരെ മാനസികമായി അലട്ടുകയും അവരുടെ പഠനത്തെയും സാമൂഹ്യ ഇടപെടലുകളെയും സാരമായി ബാധിക്കുന്നതായും കണ്ടിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ നമ്മള്‍ കരുതലോടെ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യണം. ഇതെല്ലാം വളരെ ലളിതമായും വേദനരഹിതമായും കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ പരിഹരിക്കാം.
അടുത്തതായി കോസ്‌മെറ്റിക് ഗൈനക്കോളജി ശ്രദ്ധ കൊടുക്കുന്നത് ഗര്‍ഭധാരണസമയത്തും പ്രസവശേഷവും ഉണ്ടാകുന്ന ശാരീരികവ്യത്യാസങ്ങള്‍ക്കാണ്. ഈ മാറ്റങ്ങള്‍ കാലക്രമേണ മാറാം, മാറാതിരിക്കാം. സ്‌ട്രെച്ച് മാര്‍ക്ക്‌സ് പലരുടെയും പ്രശ്‌നമാണ്. ഇതെല്ലാം ലേസര്‍ ഉപയോഗിച്ച് വേദനാരഹിതമായി മാറ്റിക്കൊടുക്കാനും കഴിയും. അതുപോലെ പല സ്ത്രീകള്‍ക്കുമുണ്ടാകുന്നതും എന്നാല്‍ പുറത്തുപറയാന്‍ വിഷമിക്കുകയും ചെയ്യുന്ന പ്രശ്‌നമാണ് യോനി അയഞ്ഞുപോകുന്നത്. ഇതും ലേസര്‍ ഉപയോഗിച്ച് കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ പരിഹരിക്കാന്‍ കഴിയും.
സ്ത്രീകള്‍ക്കുണ്ടാകുന്ന ഉദ്ധാരണശേഷിക്കുറവ് മാറ്റാനും കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ കഴിയും. അവരുടെ സെന്‍സിറ്റീവ് സ്‌പോട്ടുകള്‍ കണ്ടുപിടിച്ച് അവിടെ ലോക്കല്‍ ഇഞ്ചക്ഷനുകള്‍ നല്‍കി, ഒ.പി.പ്രൊസീജിയറിലൂടെയാണ് ഇത് പരിഹരിക്കുന്നത്. പല സ്ത്രീകളെയും അലട്ടുന്ന മറ്റൊരു പ്രധാനപ്രശ്‌നമാണ് സ്‌ട്രെസ് ഇന്‍കോണ്‍ടിനന്‍സ് (stress incontinence). തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും, അമിതമായി ചിരിക്കുമ്പോഴും ഉണ്ടാകുന്ന മൂത്രംപോക്ക്. ഇതെല്ലാം ശാസ്ത്രക്രിയയിലൂടെയാണ് പരിഹരിക്കപ്പെടുന്നത്. എന്നാലിപ്പോള്‍ ലേസര്‍ ഉപയോഗിച്ച് വേദന രഹിതമായി ഉചിതമായ പരിഹാരം കാണാന്‍ കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാണ്.
കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അത് പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അതവരുടെ സന്തോഷം വര്‍ധിപ്പിക്കുന്നു. അതോടൊപ്പം കുടുംബജീവിതവും സാമൂഹിക ജീവിതവും ആനന്ദകരമാവുകയും ചെയ്യുന്നു.
(പട്ടം എസ്.യു.ടി ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് & കോസ്‌മെറ്റിക് ഗൈനക്കോളജിസ്റ്റാണ് ലേഖിക)
Content Highlights: treatments in cosmetic gynecology