
എന്റെ നിഷ്‌കളങ്കനായ മകനെ നിങ്ങള്‍ എന്തിനാണ് മരണശേഷവും മഴയത്ത് നിര്‍ത്തുന്നത്. ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തുവീഴട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ.
പ്രൊഫ.ടി.വി.ഈച്ചരവാര്യര്‍ എഴുതിയ 'ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍നിന്നുള്ളതാണ് ഈ വരികള്‍. അടിയന്തരാവസ്ഥാകാലത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച പി.രാജന്റെ അച്ഛന്‍. മകന് നീതി ലഭിക്കാനായി വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തിയ ആ അച്ഛനെ ആര്‍ക്ക് മറക്കാനാവും?
ഈച്ചരവാര്യരുടെ അസാധാരണമായ പോരാട്ടം തുടങ്ങുന്നത് 1976 മാര്‍ച്ചിലാണ്. കോഴിക്കോട് ജില്ലയിലുള്ള കായണ്ണ പോലീസ് സ്‌റ്റേഷന്‍ ഫെബ്രുവരി 28-ന് ആക്രമിക്കപ്പെട്ടു. പ്രതികളെ തേടി പോലീസ് തലങ്ങും വിലങ്ങും പാഞ്ഞു. അതൊടുവില്‍ എത്തിച്ചേര്‍ന്നത് കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലിലാണ്. കോളേജ് കലോത്സവത്തിനായി കോഴിക്കോട് പോയിരുന്ന പി.രാജന്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍, വണ്ടിയില്‍നിന്ന് ഇറങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് പോലീസ് വന്ന് രാജനെയും സുഹൃത്ത് ജോസഫ് ചാലിയെയും പിടിച്ച് കൊണ്ടുപോവുന്നത്. പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച നക്‌സല്‍ സംഘത്തിലെ ആളാണെന്ന് ആരോപിച്ചായിരുന്നു അവരെ പിടിച്ചത്. എല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞു.
എന്തിനാണ് രാജനെ പിടിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല. ''ആരോ പോലീസിന് ലിസ്റ്റ് കൊടുത്തു. അതിനനുസരിച്ച് അവര്‍ അവനെ പിടിച്ചുകൊണ്ടുപോയി, പീഡിപ്പിച്ചു, കൊന്നു. ഇതാണ് സംഭവിച്ചത്...''പുസ്തകത്തില്‍ ഈച്ചരവാര്യര്‍ പറയുന്നു.
രാജനെയും ജോസഫ് ചാലിയെയും കുപ്രസിദ്ധമായ കക്കയം ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. അടിയന്തരാവസ്ഥക്കാലത്ത് പിടിച്ചുകൊണ്ടുപോയവര്‍ക്കുനേരെ പോലീസ് മൂന്നാംമുറ പ്രയോഗിച്ചിരുന്നത് ഇവിടെവെച്ചാണ്. ഉലയ്ക്കവെച്ചുള്ള ഉരുട്ടല്‍ അടക്കമുള്ള ക്രൂരമായ പീഡനങ്ങളാണ് പലരും നേരിടേണ്ടിവന്നത്. അന്നത്തെ ഡി.ഐ.ജി.ജയറാം പടിക്കലിനായിരുന്നു ക്യാമ്പിന്റെ ചുമതല.

അച്ഛന്റെ പോരാട്ടം തുടങ്ങുന്നു
രാജനെ പിടിച്ചുകൊണ്ടുപോയ കാര്യമറിയിച്ചുകൊണ്ട് കോളേജ് പ്രിന്‍സിപ്പൾ കെ.എം.ബഹാവുദ്ദീന്‍, ഈച്ചരവാര്യര്‍ക്ക് ടെലഗ്രാം അയച്ചു. അദ്ദേഹം ഉടനെ തന്നെ കോഴിക്കോട്ടെത്തി. ദിവസങ്ങളോളം മകനായി പല വാതിലുകള്‍ മുട്ടിയെങ്കിലും, എവിടെനിന്നും അനുകൂലമായൊരു പ്രതികരണം ലഭിച്ചില്ല. അതിനിടെ ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പോലീസ് വീണ്ടും ക്യാമ്പസില്‍ വന്നു, പ്രിന്‍സിപ്പളിനോട് കക്കയം ക്യാമ്പില്‍ചെന്ന് ഡി.ഐ.ജി.ജയറാം പടിക്കലിനെ കാണാനാവശ്യപ്പെട്ടു. പ്രിന്‍സിപ്പളും മറ്റെരധ്യാപകനായ കെ.കെ.അബ്ദുള്‍ ഗഫാറും കൂടിയാണ് ക്യാമ്പിലെത്തിയത്. വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് വീട്ടുകാര്‍ക്കയച്ച ടെലഗ്രാമിനെക്കുറിച്ചറിയാനായിരുന്നു അവരെ വിളിപ്പിച്ചത്. വിദ്യാര്‍ഥികളെകുറിച്ച് ചോദിച്ചപ്പോള്‍, ചാലി ഇവിടുണ്ടെന്നും രാജന്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയെന്നും ജയറാം പടിക്കല്‍ പറഞ്ഞു.
അടിയന്തരാവസ്ഥ 1977 മാര്‍ച്ച് 21-ന് അവസാനിച്ചു. മാര്‍ച്ച് 25-ന് ഈച്ചരവാര്യര്‍, ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. കക്കയത്ത് അങ്ങനൊരു ക്യാമ്പില്ലെന്നും രാജനെ കസ്റ്റഡിയിലെടുത്തില്ലെന്നുമായിരുന്നു പോലീസിന്റെ വാദം. പ്രിന്‍സിപ്പളിന്റെ സാക്ഷിമൊഴിക്കുമുന്നില്‍ അതെല്ലാം കോടതി തളളിക്കളഞ്ഞു. ഏപ്രില്‍ 13-ന് കോടതിയുടെ വിധി വന്നു. രാജനെ പോലീസ് കസ്റ്റഡിയിലെടുത്തതായി തെളിഞ്ഞുവെന്നും, എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാക്കണമെന്നുമായിരുന്നുവത്. ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞില്ല. പോലീസ് കസ്റ്റഡിയില്‍ രാജന്‍ മരിച്ചുവെന്ന് പോലീസ് സമ്മതിക്കുന്നതുവരെ ഈച്ചരവാര്യരുടെ പോരാട്ടം തുടര്‍ന്നു. ജയറാം പടിക്കല്‍, ജില്ലാ പോലീസ് സൂപ്രണ്ട് ജി. ലക്ഷ്മണ, മര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ്.ഐ. പുലിക്കോടന്‍ നാരായണന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.
അന്നത്തെ ആഭ്യന്തരമന്ത്രി കെ.കരുണാകരന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ് എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. താനൊന്നും അറിഞ്ഞിട്ടില്ലെന്ന് കെ.കരുണാകരനും. നീതിക്കായി ഈച്ചരവാര്യര്‍ മുഖ്യമന്ത്രി സി.അച്യുതമേനോനെയും കരുണാകരനെയും കണ്ടു. രാഷ്ട്രപതി, കേന്ദ്രആഭ്യന്തരമന്ത്രി, എം.എല്‍.എ.മാര്‍, എം.പി.മാര്‍ എന്നിവര്‍ക്കൊക്കെ നിവേദനങ്ങളയച്ചു. ഒന്നിനും ഫലമുണ്ടായില്ല.
ക്യാമ്പില്‍ വെച്ചുണ്ടായ ക്രൂരമര്‍ദനത്തിലും ഉരുട്ടലിലുമാണ് രാജന്‍ കൊല്ലപ്പെട്ടതെന്ന് അന്ന് ക്യാമ്പിലുണ്ടായിരുന്ന പലരും മൊഴി നല്‍കി. മരിച്ചതോടെ മൃതദേഹം ചാക്കിലാക്കി, ജീപ്പിലിട്ട് എങ്ങോട്ടോ കൊണ്ടുപോയെന്നും അവര്‍ പറഞ്ഞു. പക്ഷേ രാജന്റെ മൃതദേഹം കണ്ടെടുക്കാനോ മൃതദേഹം നശിപ്പിച്ചതായി തെളിയിക്കാനോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. മൃതദേഹം പൊങ്ങിവരാതിരിക്കാനായി വയര്‍കീറി പുഴയിലിട്ടെന്നും, കക്കയം ഡാമിനടുത്തുള്ള ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്കിട്ടുവെന്നും പല നിഗമനങ്ങളുണ്ടായി. മൃതദേഹം കണ്ടെത്താന്‍ കഴിയാതായതോടെ, കൊലക്കുറ്റം തെളിഞ്ഞില്ല. പ്രതികള്‍ക്ക് ഒരുകൊല്ലത്തെ തടവുശിക്ഷ വിധിച്ചെങ്കിലും, ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ അതും ഒഴിവായി. എന്നിരുന്നാലും ഈ സംഭവങ്ങളുടെ പേരില്‍ കെ.കരുണാകരന് രാജിവെക്കേണ്ടിവന്നു.

ദുഖമടക്കാനാവാതെ ഒരു കുടുംബം
മകന്‍ നേരിട്ട മര്‍ദനങ്ങളെക്കുറിച്ച് പുസ്തകത്തില്‍ ഈച്ചരവാര്യര്‍ ഇങ്ങനെ എഴുതി, ''കക്കയം ക്യാമ്പിലേക്ക് കൊണ്ടുവന്ന എന്റെ മകന്‍ രാജനെ ആദ്യം ഭീകരമായി മര്‍ദിച്ചു. കായണ്ണ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാന്‍ ഒരു തോക്ക് എടുത്തിരുന്നുവത്രെ. അത് എവിടെയെന്ന് ചോദിച്ചായിരുന്നു മര്‍ദനം. തന്റെ ചെറിയ ജീവിതത്തിനിടയ്ക്ക് ഒരു ചെറിയ പ്രഹരംപോലും രാജന്‍ അനുഭവിച്ചിട്ടുണ്ടാകില്ല. ആദ്യ മര്‍ദനത്തില്‍ത്തന്നെ അവന്‍ തളര്‍ന്നു. പിന്നീട് അവന്റെ കൈകാലുകള്‍ ബെഞ്ചിനു പിറകിലേക്കുവെച്ച് കൂട്ടിക്കെട്ടി. അമ്മേ എന്ന് നിലവിളിച്ച് അവന്‍ കരഞ്ഞു. അപ്പോള്‍ അവന്റെ വായില്‍ തുണി കുത്തിക്കയറ്റി. മര്‍ദനത്തിനൊടുവില്‍ സഹിക്കാന്‍ വയ്യാതെ തോക്കെടുത്ത് തരാമെന്ന് രാജന്‍ പറഞ്ഞുവത്രേ. അപ്പോള്‍ അവനെ താങ്ങിപ്പിടിച്ച് ജയറാം പടിക്കലിന്റെ മുന്നിലേക്കു കൊണ്ടുപോയി. തോക്ക് കാണിച്ചുതരാന്‍ രാജനെ ജീപ്പില്‍ കയറ്റിയിരുത്താന്‍ അദ്ദേഹം കല്‍പ്പിച്ചു. അപ്പോള്‍ രാജന്‍ കരഞ്ഞു. തോക്ക് എവിടെയാണെന്ന് അറിയില്ലെന്നും വേദന സഹിക്കാനാവാതെ അങ്ങനെ പറഞ്ഞുപോയതാണെന്നും രാജന്‍ പറഞ്ഞു. അപ്പോള്‍ പുലിക്കോടന്‍ നാരായണന്‍ ബൂട്ട്‌സിട്ട കാലുകൊണ്ട് രാജന്റെ വയറ്റില്‍ ചവിട്ടി. ഒരു നിലവിളിയോടെ രാജന്‍ പുറകോട്ടു മറിഞ്ഞു. നിലത്തുവീണ് കൈകാലിട്ടടിച്ച് ഒന്ന് പിടഞ്ഞു. പിന്നെ രാജന്‍ അനങ്ങിയില്ല''.
മകന്റെ ശരീരം കണ്ടെത്താനാവാത്തത് ഈച്ചരവാര്യരെ ഏറെ വേദനിപ്പിച്ചിരുന്നു. ''മകനെ നഷ്ടപ്പെട്ട ആ വേദനയും യാതനയും എന്റെ മരണംവരെ എന്നെ വേട്ടയാടും. എന്റെ മോന്‍ എപ്പോഴാണ് തിരിച്ചുവരിക എന്ന് ചോദിച്ചാണ് എന്റെ ഭാര്യ മരിച്ചത്. തിരിച്ചുവരാത്ത മകനുവേണ്ടി ആ അമ്മ എല്ലാ ദിവസവും ഒരിലച്ചോറ് കാത്തുവെച്ചിരുന്നു'', ഈച്ചരവാര്യര്‍ ഒരിക്കല്‍ പറഞ്ഞതിങ്ങനെ. ആ ദുഖവും പേറി 2006 ഏപ്രില്‍ 14-ന് അദ്ദേഹവും മരിച്ചു.

സിനിമയായപ്പോള്‍
ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത പിറവി (1989), മകനെ കണ്ടെത്തുന്നതിനായുള്ള ഒരച്ഛന്റെ യാത്രകളിലൂടെയാണ് പോവുന്നത്. രാഘവ ചാക്യാര്‍ എന്ന അച്ഛന് വൈകി ജനിച്ച മകനാണ് രഘു. രഘു ദൂരെയൊരു എഞ്ചിനിയറിങ് കോളേജിലാണ് പഠിക്കുന്നത്. സഹോദരിയുടെ വിവാഹനിശ്ചയത്തിനായി എത്തേണ്ടിയിരുന്ന രഘു വീട്ടിലെത്തുന്നില്ല. അതോടെ അച്ഛന്‍ മകനായുള്ള കാത്തിരിപ്പ് തുടങ്ങി. എന്നും അദ്ദേഹം ബസ് സ്റ്റോപ്പില്‍ പോയിരിക്കും, അവസാനബസ് വരുന്നതുവരെ ആ കാത്തിരിപ്പ് നീളും. രഘു പോലീസ് കസ്റ്റഡിയിലാണെന്ന് പത്രത്തിലെ വാര്‍ത്തയിലൂടെ രാഘവ ചാക്യാര്‍ അറിഞ്ഞു. തലസ്ഥാനത്തെത്തി അദ്ദേഹം പോലീസിനെ ഉന്നത ഉദ്യോഗസ്ഥരെയൊക്കെ കണ്ടു. പക്ഷേ, കസ്റ്റഡിയിലെടുത്തതിന് തെളിവില്ലെന്ന് പറഞ്ഞ് അവരൊക്കെ കൈയൊഴിഞ്ഞു. അലച്ചിലുകള്‍ക്കൊടുവില്‍ അദ്ദേഹത്തിന് യാഥാര്‍ഥ്യബോധം നഷ്ടപ്പെടുന്നു. പിന്നീട് മകന്‍ കൂടെയുണ്ടെന്നതുപോലെയാണ് അദ്ദേഹം പെരുമാറുന്നത്. പ്രേംജിയാണ് രാഘവ ചാക്യാരായി എത്തുന്നത്. അര്‍ച്ചന, ലക്ഷ്മി നാരായണമൂര്‍ത്തി എന്നിവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
2018-ല്‍ പുറത്തിറങ്ങിയ കാറ്റ് വിതച്ചവര്‍ എന്ന സിനിമയും അടിയന്തരാവസ്ഥയിലെ പോലീസ് അതിക്രമങ്ങളെക്കുറിച്ചാണ് പറയുന്നത്. പ്രകാശ് ബാരെ, ടിനി ടോം എന്നിവര്‍ അഭിനയിച്ച സിനിമ, സംവിധാനം ചെയ്തത് ഡോ.സതീഷ് പോളാണ്.
Content Highlights: movie based on rajan case, who died from extreme police torture-crime n movie column 8
Published: 19 Apr 2024, 05:05 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented