വൈകാരികമായി തകർന്ന് കിയാര; അന്ന് സിദ്ധാർത്ഥ് മൽഹോത്ര ഭാര്യയെ സഹായിച്ചതിങ്ങനെ

കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര | Instagram, PTI
കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര | Instagram, PTI

കഴിഞ്ഞ വർഷം ജൂലായിലാണ് ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിക്കും സിദ്ധാർഥ് മൽഹോത്രയ്ക്കും പെൺകുഞ്ഞുണ്ടായത്. സരായ എന്നാണ് കുഞ്ഞിന്റെ പേര്. പ്രസവശേഷം ചെറിയൊരു ബ്രേക്ക് എടുത്തിരുന്ന കിയാര, വീണ്ടും പൊതുരംഗത്തേക്ക് തിരിച്ചുവന്നിരിക്കുകയാണ്.

അതിനിടെ താൻ കടന്നുവന്ന പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ച് സംസാരിക്കുകയാണ് കിയാര. ''അമ്മയായശേഷം ഒരു വ്യക്തിയെന്ന നിലയിലുള്ള എല്ലാ കാര്യങ്ങളും മാറി, തികച്ചും വ്യത്യസ്തമായ ഒരു വ്യക്തിയാണെന്ന് എനിക്ക് തോന്നുന്നു. ഞാനതിനോട് പൊരുത്തപ്പെട്ടുകഴിഞ്ഞു''.

പോസ്റ്റ്പാർട്ടത്തിനെക്കുറിച്ച് കൂടുതലായി ചർച്ച ചെയ്യുകയും സംസാരിക്കുകയും വേണമെന്നും കിയാര പറയുന്നു. ''എല്ലാവരുടെയും പ്രസവാനന്തര യാത്ര വ്യത്യസ്തമാണ്. അത് നിങ്ങളെ ശാരീരികമായും വൈകാരികമായും വ്യത്യസ്തരീതികളിൽ ബാധിക്കുന്നു''.

അമ്മയായശേഷം ഒരു ഐഡന്റിറ്റി ഷിഫ്റ്റ് ഉണ്ടാവുന്നുണ്ടെന്നും കിയാര വ്യക്തമാക്കുന്നു. ''ഇതൊരു പുതിയ ലോകമാണ്. അതിലൂടെ കടന്നുപോകുന്ന സ്ത്രീ സ്വയം മനസ്സിലാക്കി കാര്യങ്ങൾ ചെയ്യാൻ സമയമെടുക്കും. എനിക്ക് ആറ് മാസമെടുത്തു''.

കുഞ്ഞുണ്ടായ ശേഷമാണ് താൻ സ്വയമൊരു ബന്ധം വളർത്തിയെടുക്കാൻ സമയം കണ്ടെത്തിയതെന്നും താരം കൂട്ടിച്ചേർക്കുന്നു. ''എനിക്കുവേണ്ടി ഞാൻ ചെയ്ത ഏറ്റവും മികച്ച കാര്യമാണിത്. 34 വർഷത്തിനുശേഷം, ഞാൻ അതിരുകൾ നിശ്ചയിക്കാൻ പഠിച്ചു. ഭയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്ന് ഞാൻ പഠിച്ചു. ഈ ആറ് മാസത്തിനുള്ളിൽ എനിക്ക് ഇതെല്ലാം സ്വയം പഠിപ്പിക്കേണ്ടിവന്നു''.

പ്രസവാനന്തര ഘട്ടത്തിൽ, ചെറിയ കാര്യങ്ങൾ പോലും തന്നെ വൈകാരികമായി ബാധിച്ചുവെന്ന് കിയാര സമ്മതിച്ചു. അതിനെ മറികടക്കാൻ മകളുടെ പീഡിയാട്രീഷ്യൻ ഒരു ലളിതമായ പരിഹാരം നിർദ്ദേശിച്ചുവെന്നും അവർ വെളിപ്പെടുത്തി. ''മകളുടെ പീഡിയാട്രീഷ്യൻ സിദ്ധാർത്ഥിനോട് പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്, 'സമയം കിട്ടുമ്പോഴെല്ലാം കിയാരയെ ഒരു നൈറ്റ് ഡ്രൈവിന് കൊണ്ടുപോകൂ' എന്നാണ് ആ ഡോക്ടർ പറഞ്ഞത്. കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നു, ഉറക്കുന്നു...ഇതുപോലുള്ള പതിവുകളാണ് എല്ലാ ദിവസവും കിയാര പിന്തുടരുന്നത്. എന്നാൽ അവർക്ക് ഉറങ്ങാൻ പറ്റുന്നില്ല. അവൾ അല്പം ശുദ്ധവായു ശ്വസിക്കട്ടെ എന്ന് ഡോക്ടർ സിദ്ധാർത്ഥിനോട് പറഞ്ഞു''. മാനസികമായി തളർന്നപ്പോൾ സിദ്ധാർത്ഥിന്റെ ഇത്തരം ചെറിയ കാര്യങ്ങൾ തന്നെ വല്ലാതെ സഹായിച്ചുവെന്നും കിയാര തുറന്നുപറഞ്ഞു. ''അത്രയും ചെറിയ കാര്യമായിരുന്നു അതൊക്കെ. 'എനിക്ക് എന്തൊക്കെയോ തുറന്നുപറയാനുണ്ട്. എനിക്കൊരു ഉപദേശവും വേണ്ട, നീ എന്നോട് എന്തെങ്കിലും പറയണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ മനസ്സിലുള്ളതെല്ലാം പുറത്തുവിടാൻ അനുവദിക്കൂ' എന്ന അവസ്ഥയിലായിരുന്നു ഞാൻ'', കിയാരയുടെ വാക്കുകൾ.

ഗർഭധാരണത്തിന്റെ ഏഴാം മാസം വരെയും താൻ 'ടോക്‌സിക്' എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലായിരുന്നുവെന്നും കിയാര കൂട്ടിച്ചേർത്തു. യഷ് നായകനാവുന്ന 'Toxic: A Fairy Tale for Grown-Ups' ആണ് കിയാരയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Kiara Advani discusses her emotional struggle with postpartum depression. The couple welcomed their daughter in 2025. Sidharth Malhotra's simple gestures, like night drives, helped Kiara's mental well-being.