തൃശ്ശൂരിലെ അവിണിശ്ശേരിയെന്ന ഗ്രാമം. അവിടെ നാംകുളം കരിപൂക്കാവ് ഭഗവതീ ക്ഷേത്രത്തിന്റെ അരികുപിടിച്ച് പിന്നിലേക്ക് നടന്നാൽ, മുല്ലനേഴിയെന്ന തറവാട്. ചാമ്പയും പേരയും അരളിയും കാശിത്തുമ്പയും തെറ്റിയുമൊക്കെയായി പച്ചപ്പ് നിറഞ്ഞൊരിടം. 'ചിന്താവിഷ്ടയായ ശ്യാമള'യിൽ ശ്രീനിവാസന്റെ മകളായി വന്ന് അയ്യോ അച്ഛാ പോകല്ലേ... എന്ന ഡയലോഗ് പറഞ്ഞ് എന്നേക്കുമായി മലയാളികളുടെ മനസ്സിൽ പതിഞ്ഞ കൃപാ പ്രദീപൻ. വെള്ളിത്തിരയിലെ ആ പഴയ പെൺകുട്ടി ഉമ്മറത്ത് നിൽപ്പുണ്ട്. അഭിനയത്തിന്റെ വഴിയിൽ കൃപയ്ക്കു മുൻപിൽ സഞ്ചരിച്ച അമ്മ രമാദേവിയും ഒപ്പമുണ്ട്. അഭിനേത്രിയായി ഒതുങ്ങി നിൽക്കാതെ നൃത്താധ്യാപിക, ആങ്കർ, ഡബ്ബിങ് ആർട്ടിസ്റ്റ് (dubbing artist), കാഷ്വൽ അനൗൺസർ എന്നിങ്ങനെ പലവേഷങ്ങളണിഞ്ഞ കൃപ ഇന്ന് തൃശ്ശൂർ കേരള വർമ്മ കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്.
രമ്യ, കൃപയായി മാറിയതെങ്ങനെ?
19 വയസ്സുവരെ രമ്യ എന്നായിരുന്നു പേര്. സിനിമയ്ക്കു വേണ്ടിയല്ല പേര് മാറ്റിയത്. ന്യൂമറോളജി പ്രകാരം കൃപയാണ് അനുയോജ്യമെന്ന് മനസ്സിലാക്കി. അങ്ങനെയായിരുന്നു മാറ്റം. ആദ്യ ടെലിഫിലിമായ 'ഇലപൊഴിയും കാല'ത്തിലും 'ഭൂതക്കണ്ണാടി'യെന്ന സിനിമയിലുമെല്ലാം അഭിനയിക്കുമ്പോൾ പേര് രമ്യയായിരുന്നു.
സിനിമയിൽ വരാൻ പ്രചോദനം ആരായിരുന്നു?
സിനിമയെയും കലയെയും ഇഷ്ടപ്പെടാൻ പഠിപ്പിച്ചത് അച്ഛൻ നന്ദകുമാർ രാജയാണ്. ആനക്കച്ചവടമായിരുന്നു അദ്ദേഹത്തിന്. കലയെയും കലാകാരന്മാരെയും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു മനുഷ്യനെന്ന് പറയുന്നതാണ് ശരി.
നാടക പ്രവർത്തകനും കോഴിക്കോട് സ്റ്റേജ് ഇന്ത്യ എന്ന പ്രൊഫഷണൽ നാടക ട്രൂപ്പിന്റെ മാനേജറുമായിരുന്നു അച്ഛൻ. നാടകങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. 'പ്രയാണം' എന്ന ചലച്ചിത്രത്തിന്റെ പ്രൊഡക്ഷനിലും അച്ഛന്റെ കൈയൊപ്പുണ്ട്. ഞാൻ അഭിനയിച്ച സിനിമകളുടെ സ്‌ക്രിപ്റ്റ് വായിച്ചിരുന്നത് അദ്ദേഹമാണ്. ലൊക്കേഷനുകളിലേക്കും മറ്റും അച്ഛനാണ് കൂട്ടുവന്നത്. ഞാൻ ഒരു കലാകാരിയായി അറിയപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.
ആദ്യ സിനിമാനുഭവം?
'ഈ പുഴയും കടന്ന്' എന്ന സിനിമയിലേക്ക് കമൽ സാർ എന്നെ തിരഞ്ഞെടുത്തെങ്കിലും ഭരതനാട്യത്തിന്റെ അരങ്ങേറ്റം നടക്കുന്ന സമയമായതിനാൽ പോകാൻ സാധിച്ചില്ല. ലോഹിതദാസ് 'ഭൂതക്കണ്ണാടി'യിലേക്ക് മമ്മൂട്ടിയുടെ മകളായി ഒരു കുട്ടിയെ അന്വേഷിക്കുന്ന സമയം. 'ഈ പുഴയും കടന്ന്' എന്ന സിനിമയുടെ ലൊക്കേഷനിൽ ഞാൻ അമ്മയ്ക്കൊപ്പമെത്തി. അന്ന് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ പറഞ്ഞതനുസരിച്ച് ലോഹിതദാസിനെ പോയി കണ്ടു. അങ്ങനെ 'ഭൂതക്കണ്ണാടി'യിലേക്ക് എത്തി.
മോഹൻലാലിനെക്കാൾ മമ്മൂട്ടിയെയാണ് ഇഷ്ടമെന്ന് ഓഡിഷനിൽ നുണ പറഞ്ഞു. ലോഹിതദാസിന്റെ സിനിമകളിലധികവും മമ്മൂട്ടിയാണെന്ന് അച്ഛൻ പറഞ്ഞുകേട്ട ഓർമ്മയിലാണ് അങ്ങനെ പറഞ്ഞത്. 'ഭൂതക്കണ്ണാടി'യിൽ അഭിനയിച്ചതിനു ശേഷം മമ്മൂട്ടിയുടെ ആരാധികയായി മാറി.
അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ എക്സൈറ്റ്മെന്റായിരുന്നു. മേക്കപ്പ് കഴുകികളഞ്ഞു വരാൻ മമ്മൂക്ക പറഞ്ഞു. കുഞ്ഞുകുട്ടികൾക്ക് മേക്കപ്പ് ഇത്രയും ഇടരുത്, യാഥാർഥ മുഖമാണ് ഭംഗിയെന്നു പറഞ്ഞപ്പോൾ ഒരുപാട് സങ്കടമായി. മേക്കപ്പ് പോയാൽ ഭംഗിപോകുമല്ലോ എന്നായിരുന്നു മനസിൽ. 'ഈ കുട്ടിയെകൊണ്ട് തന്നെ ഡബ്ബ് ചെയ്യിപ്പിക്കണം' എന്നും മമ്മൂക്ക നിർദ്ദേശിച്ചു. അതുകൊണ്ട്, ചെന്നൈയിൽ പോകാനും കമൽഹാസനെയൊക്കെ കാണാനും കഴിഞ്ഞു.
നായികയുമായി. എന്നിട്ടും അധ്യാപനം തിരഞ്ഞെടുത്തതിന് പിന്നിൽ?
'നയനം', 'പരിഭവം', 'ഭൂമി മലയാളം' എന്നിങ്ങനെ ചില സിനിമകളിൽ നായികയായി. അതൊന്നും അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടില്ല. തമിഴിൽ മുഖ്യ കഥാപാത്രത്തിന്റെ സഹോദരിയോ, മകളോ ആയി അഭിനയിച്ച് ഹിറ്റായാൽ വേറെ കഥാപാത്രം കിട്ടാൻ ബുദ്ധിമുട്ടാണ്.
സിനിമ കരിയറാക്കി മാറ്റാനൊന്നും ശ്രമിച്ചിരുന്നില്ല. സ്ത്രീകൾക്ക് സ്ഥിരവരുമാനം ഉണ്ടാവണമെന്നും പഠനം അനിവാര്യമാണെന്നും ഉപദേശിച്ചത് അമ്മയാണ്. പി.ജി. ചെയ്യുമ്പോൾ അധ്യാപനമാണ് എന്റെ മേഖല എന്ന് ഉറപ്പിച്ചു. പഠനകാലത്തായിരുന്നു വിവാഹം. ബി.എഡിനുശേഷം കാലടി സർവകലാശാലയിൽ നിന്ന് എം.ഫിൽ. ചെയ്തു. പിന്നാലെ ജോലി കിട്ടി.. ഈ സമയത്ത് സിനിമയൊന്നും മനസ്സിലുണ്ടായിരുന്നില്ല. അതിനിടയിൽ വാണി കോഴ്സ് പൂർത്തിയാക്കി ആകാശവാണിയിൽ കാഷ്വൽ അനൗൺസറായി. പി.എച്ച്.ഡി.യും പൂർത്തിയാക്കി.
നൃത്തത്തിലുമുണ്ടായല്ലോ ഇടവേള?
നൃത്തം എപ്പോഴും കൂടെയുണ്ടായിരുന്നു. നിരന്തരം പ്രോഗ്രാമുകൾ ചെയ്ത് കാലിലെ ലിഗ്മെന്റ് തകരാറിലായി. അങ്ങനെ ഇടവേള വന്നു. ഇപ്പോൾ വീണ്ടും നൃത്തം ചെയ്തു തുടങ്ങി. ഈ അടുത്ത് 'അമ്മ' സംഘടനയുടെ കുടുംബ സംഗമത്തിൽ ഡാൻസ് ചെയ്തു. കുച്ചിപ്പുടിയിൽ ക്ലാസുകളും എടുക്കുന്നുണ്ട്. താത്കാലികമായി മാറിനിന്നുവെന്നല്ലാതെ സിനിമയോടോ നൃത്തത്തോടോ ഇഷ്ടക്കുറവില്ല. അമ്പിളിയുടെ സംവിധാനത്തിലൊരുങ്ങുന്ന 'സ്വാമിയും വർക്കി'യുമെന്ന സിനിമയിൽ ഈയടുത്ത് ഡബ്ബ് ചെയ്തു.
തമിഴിലേക്കെത്തിയതെങ്ങനെ?
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിജയ്കാന്തിന്റെ 'കല്ലലഗർ' എന്ന സിനിമയിൽ അഭിനയിക്കുന്നത്. അതിനും കാരണം അച്ഛനാണ്. സിനിമാ ആവശ്യത്തിന് ആനയെക്കൊണ്ട് പോയപ്പോൾ എന്നെയും ഒപ്പം കൂട്ടി. നായികയുടെ ചെറുപ്പം അഭിനയിക്കാനുള്ള കുട്ടിയെ അന്വേഷിക്കുകയാണ് അവരപ്പോൾ. ആ വേഷം എനിക്കുകിട്ടി. ആറാം ക്ലാസുവരെ തമിഴ് സിനിമകളിൽ അഭിനയിച്ചു.
പിന്നീട്, വലിയ ഇടവേള വന്നു. 'മിന്നുകെട്ട്' എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് പ്രേക്ഷകർ വീണ്ടും തിരിച്ചറിഞ്ഞു തുടങ്ങിയത്. ആ സീരിയലിന്റെ തമിഴ് പതിപ്പിലും അഭിനയിച്ചു. 'രണ്ട്', 'വീരാപ്പ്', 'വേൽ', 'അഴകിയ തമിഴ് മകൻ' തുടങ്ങിയ തമിഴ് സിനിമകളിലും തെലുഗുവിലും അവസരങ്ങൾ ലഭിച്ചു.
ടിവി ഷോകളിൽ ആങ്കറായിരുന്നല്ലോ?
പ്ലസ്ടുവിന് പഠിക്കുമ്പോൾ വിമല കോളേജിൽ നടന്ന ആങ്കറിങ് മത്സരത്തിൽ ഒന്നാം സമ്മാനം നേടി. പിന്നീട് തൃശ്ശൂരിലെ സ്റ്റേജ് പ്രോഗ്രാമുകൾക്ക് അവതാരകയാകാൻ ക്ഷണം വന്നു. അവിടെ നിന്നാണ് ടെലിവിഷനിലേക്കെത്തുന്നത്. 'ഐഡിയ സ്റ്റാർ സിംഗർ', 'മാമ്പഴം'എന്നീ ഷോകളിലും ഒരുപാട് സ്റ്റേജ് പ്രോഗ്രാമുകളിലും അവതാരകയായി.
വ്യാജപ്രചരണങ്ങളെ നേരിടേണ്ടിവന്നല്ലോ...
19-ാം വയസ്സിൽ ഒരു സിനിമയിൽ അഭിനയിച്ചു. കല്യാണത്തിനു ശേഷമാണത് റിലീസായത്. ചോദിക്കാതെ ഉൾപ്പെടുത്തിയ ചില ഷോട്ടുകൾ പുറത്തിറങ്ങിയപ്പോൾ വിമർശനങ്ങൾ ഉയർന്നു. സത്യം അറിയാതെ ഒരുപാടുപേർ വിമർശിച്ചു. അച്ഛനും ഞാനും ചേർന്നാണ് സ്‌ക്രിപ്റ്റ് വായിച്ചത്. തികച്ചും വ്യത്യസ്തമായ കഥാപാത്രമായതിനാലാണത് ചെയ്തത്.
മകൾ ജനിച്ച സമയത്താണ് ഈ വിവാദങ്ങൾ ഉണ്ടാവുന്നത്. ജോലി നഷ്ടമായി. സങ്കടവും വിഷാദവുമൊക്കെയറിഞ്ഞു. കേസുമായി മുന്നോട്ടുപോയി. എന്നാൽ സത്യം തെളിയിക്കാൻ കഴിഞ്ഞില്ല. എനിക്ക് വേണ്ടപ്പെട്ടവർക്ക് ബുദ്ധിമുട്ടായപ്പോൾ കേസ് വേണ്ടെന്നു വെച്ചു.
ആ ഘട്ടത്തിൽ സിനിമ പോലും വേണ്ടെന്നുവെക്കുകയായിരുന്നു. ഇന്ന് ഞാനാകെ മാറി. ഇപ്പോൾ എന്തിനെയും അഭിമുഖീകരിക്കാനുള്ള ധൈര്യമുണ്ട്. നല്ല കഥകളും കഥാപാത്രങ്ങളും വന്നാൽ ഇനിയും അഭിനയിക്കും.
അമ്മ രമാദേവിക്ക് ഒപ്പം സ്റ്റേജ് ഷോകളിലും സിനിമകളിലും കൃപ അഭിനയിച്ചിട്ടുണ്ട്. അതിനെ പറ്റി രമാദേവി പറഞ്ഞുതുടങ്ങി....
'' ഇലപൊഴിയും കാലം എന്ന ടെലിഫിലിമിൽ എന്റെ ഒപ്പം ആദ്യമായി അഭിനയിക്കുമ്പോൾ കൃപയ്ക്ക് മൂന്നര വയസ്സാണ്. 'പ്രണയവർണങ്ങൾ' എന്ന ചിത്രത്തിൽ മകളായി അഭിനയിച്ചു. റേഡിയോ നാടകത്തിലും സീരിയലുകളിലും ഒരുമിച്ചു പ്രവർത്തിച്ചു. സതീഷ് പൊതുവാൾ സംവിധാനം ചെയ്ത 'സമയ'മാണ് മറ്റൊരു സിനിമ.
ഞങ്ങൾക്ക് 'സബര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്' എന്ന ഡാൻസ് ട്രൂപ്പുണ്ട്. രണ്ടുപേരും ചേർന്നാണ് നൃത്തം പഠിപ്പിക്കുന്നതും പ്രോഗ്രാമുകൾക്കായി പ്രാക്ടീസ് ചെയ്യുന്നതും. നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്.''
കവി മുല്ലനേഴിയുമായുള്ള ബന്ധം?
ആകാശവാണിയിൽ എ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു അമ്മ. ഇടയ്ക്ക് റേഡിയോ നാടകങ്ങൾ കേൾക്കാൻ അമ്മയ്ക്കൊപ്പം ആകാശവാണിയിൽ പോകും. അങ്ങനെ റേഡിയോ നാടകങ്ങളിലും എനിക്ക് അവസരം കിട്ടിത്തുടങ്ങി. അവിടെ വെച്ചാണ് മുല്ലനേഴി മാഷിനെ കാണുന്നതും പരിചയപ്പെടുന്നതും. അച്ഛനും അദ്ദേഹവും പരിചയക്കാരാണ്. മാഷിന്റെ മകനായ പ്രദീപൻ മുല്ലനേഴിയെ അതിനിടയിൽ പരിചയപ്പെട്ടു. ആ പരിചയം ചങ്ങാത്തമായി. ഒന്നിച്ചുജീവിക്കാമെന്ന വിശ്വാസവുമായി. മാഷിന്റെ മരണത്തിനു ശേഷമായിരുന്നു ഞങ്ങളുടെ വിവാഹം.
പ്രദീപൻ സിനിമയുടെ പിന്നണിയിൽ സജീവമാണ്. 'നമുക്ക് ഒരേ ആകാശം' എന്ന ചിത്രം സംവിധാനം ചെയ്തു. ഞങ്ങൾക്ക് രണ്ട് മക്കൾ. മകൻ ഇദായനും മകൾ ആദിമയും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Transition from a child actor in classic Malayalam cinema to a dedicated academic career., Insights into her early career, influence of her father, and balancing arts with education., Overcoming personal challenges and navigating the entertainment industry with resilience., Her current role as an English professor at Kerala Varma College and ongoing passion for dance.
Published: 11 May 2026, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented