കഴിഞ്ഞ വർഷമാണ് ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയ്ക്കും കിയാര അദ്വാനിക്കും മകൾ സരായ ജയിച്ചത്. അടുത്തിടെയുള്ള ഒരു പോഡ്കാസ്റ്റിൽ മാതൃത്വത്തെപ്പറ്റിയും സ്വന്തം മാതാപിതാക്കളെക്കുറിച്ചുമെല്ലാം കിയാര തുറന്നുപറഞ്ഞിരുന്നു. മറ്റുള്ളവരെ പ്രീതിപ്പെടുത്തുന്ന ഒരാളായി (People Pleaser) മകൾ മാറണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്ന് കിയാര പറഞ്ഞു. വീട്ടിലെ വൈകാരിക സുരക്ഷ ചിലപ്പോൾ കുട്ടികളിൽ ഈ സ്വഭാവങ്ങൾ വളർന്നുവരാൻ കാരണമാകും, താരമായിട്ടും താനിപ്പോഴും മാതാപിതാക്കളുടെ അംഗീകാരം തേടുന്നുണ്ടെന്നും കിയാര സമ്മതിച്ചു. മാതാപിതാക്കളിൽ നിന്നുള്ള അംഗീകാരം തികച്ചും വ്യത്യസ്തമാണ്. അവർ എന്നെ ഒരിക്കലും സമ്മർദ്ദത്തിലാക്കിയിട്ടില്ല, പക്ഷേ എവിടെയോ നിങ്ങൾ എപ്പോഴും അവർക്ക് അഭിമാനമാകാൻ ആഗ്രഹിക്കുന്നു- അവർ പറഞ്ഞു.

സ്നേഹമുള്ള വീട്ടിൽ വളർത്തുന്ന കുട്ടികൾ പലപ്പോഴും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നവരാകാറുണ്ട് എന്ന് അവതാരകൻ സൂചിപ്പിച്ചപ്പോൾ കിയാര സമ്മതിച്ചു: "വീട്ടിൽ ധാരാളം സ്നേഹവും സുരക്ഷയും ഉണ്ടെങ്കിൽ, കുട്ടികൾ സ്വാഭാവികമായും മാതാപിതാക്കളെ നിരാശപ്പെടുത്താൻ ആഗ്രഹിക്കില്ലെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ആ അംഗീകാരം തേടുന്നു. എന്നാൽ അവബോധം പ്രധാനമാണ്, കാരണം ചിലപ്പോൾ ഈ പാറ്റേണുകൾ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന പ്രവണതകളായി മാറിയേക്കാം."

വിവാഹവും മാതൃത്വവും സ്വന്തം ശീലങ്ങളെക്കുറിച്ച് തന്നെ കൂടുതൽ ബോധവതിയാക്കിയെന്നും നടി വെളിപ്പെടുത്തി.

"എന്തും മാറ്റാനുള്ള ആദ്യ പടി അവബോധമാണ്. വിവാഹത്തിനും മാതൃത്വത്തിനും ശേഷം, എന്റെ ചില ശീലങ്ങളെയും പാറ്റേണുകളെയും കുറിച്ച് ഞാൻ കൂടുതൽ ബോധവതിയായി. പങ്കാളിയും കുട്ടിയും നിങ്ങളുടെ കണ്ണാടികളായി മാറുന്നു, സ്വയം വ്യത്യസ്തമായി കാണാൻ അത് നിങ്ങളെ സഹായിക്കുന്നു," അവർ പറഞ്ഞു.

"എന്റെ മകൾ എന്നെപ്പോലെ മറ്റൊരാളെ സന്തോഷിപ്പിക്കുന്ന ഒരാളായി മാറുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല, അവളെ വളർത്തുമ്പോൾ വൈകാരിക സുരക്ഷ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളോട് എന്തും പറയാൻ അവൾക്ക്  തോന്നണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതാണ് ഞാൻ വളർന്നപ്പോൾ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. തെറ്റ് ചെയ്താലും, എനിക്കെന്റെ മാതാപിതാക്കളോട് പറയാമായിരുന്നു. എന്റെ മകൾക്കും ഭയമില്ലാതെ വീട്ടിൽ വന്ന് സംസാരിക്കാൻ കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മകൾക്ക് ജിജ്ഞാസയും നിരീക്ഷണപാടവവും സ്നേഹവും ആത്മവിശ്വാസവും ഉണ്ടായിരിക്കണം, സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിയണം" അവർ പറഞ്ഞു.

കുട്ടിക്കാലത്ത് തനിക്കും സഹോദരനും ഒരുപാട് ചീത്ത കിട്ടിയിട്ടുണ്ടെങ്കിലും ഒരിക്കലും തല്ല് കിട്ടിയിട്ടില്ലെന്ന് കിയാര പറഞ്ഞു. സഹോദരനും ഞാനും എപ്പോഴും വഴക്ക് കൂടും. എന്നാൽ അവർ നൽകിയ മൂല്യങ്ങളായിരുന്നു പ്രധാനം. അമ്മയ്ക്ക് മാർക്കിനെക്കാളും ഞാൻ ബഹുമാനത്തോടെയും നല്ല പെരുമാറ്റത്തോടെയും ഇരിക്കുന്നതായിരുന്നു പ്രധാനം. അമ്മ പ്ലേസ്കൂൾ നടത്തിയിരുന്നു, അച്ഛന് 18 വയസ്സുള്ളപ്പോൾ മാതാപിതാക്കളെ നഷ്ടപ്പെട്ടു, കോളേജ് ഉപേക്ഷിച്ച് അദ്ദേഹത്തിന് ജോലിക്ക് പോകേണ്ടി വന്നിരുന്നു'', കിയാരയുടെ വാക്കുകൾ.

"കുട്ടികളായിരിക്കെ ഞങ്ങളെ ബസ് സ്റ്റോപ്പിൽ കൊണ്ടുവിടുന്നതായാലും, എൻ്റെ സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്നതായാലും എപ്പോഴും അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. എൻ്റെ എല്ലാ സുഹൃത്തുക്കൾക്കും അവരെ ഇഷ്ടമായിരുന്നു."-കിയാര പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi