‘മദ്യാസക്തിയുള്ള ഒരാളിൽ നിന്ന് വരാറുള്ള അതേ ഗന്ധം എന്റെ ശരീരത്തിൽ നിന്നും വരാൻ തുടങ്ങി’ - ജാൻവി കപൂർ

ഇൻസ്റ്റാഗ്രാമിൽ 26 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള നടിയാണ് ജാൻവി കപൂർ. എന്നാൽ താരം മദ്യാസക്തിക്കെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 'അമഹ' (Amaha) എന്ന മാനസികാരോഗ്യ ശൃംഖലയുമായി ചേർന്നാണ് താരം ഇപ്പോൾ പ്രവർത്തിക്കുന്നത്.
രാജ് ഷമാനിയുടെ പോഡ്കാസ്റ്റിൽ അതിഥിയായി എത്തിയപ്പോൾ, മദ്യാസക്തിയുമായി പോരാടുന്നവരെ, പരിചരിച്ച (Caregiver) അനുഭവത്തെക്കുറിച്ച് ജാൻവി തുറന്നുപറഞ്ഞു. ഒരു കെയർഗിവർ അനുഭവിക്കുന്ന കുറ്റബോധത്തെക്കുറിച്ചും, രോഗാവസ്ഥയിലുള്ള ഒരാളെ സഹായിക്കാൻ ശ്രമിക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങളെക്കുറിച്ചും താരം പരിപാടിയിൽ സംസാരിച്ചിരുന്നു.
മദ്യപാനത്തെക്കുറിച്ച് ജാൻവി
സംസാരത്തിനിടയിൽ, താൻ മദ്യത്തിന് അടിമപ്പെട്ട ഒരു കാലഘട്ടത്തെക്കുറിച്ചും ജാൻവി വെളിപ്പെടുത്തി.
"ഞാൻ സ്ഥിരമായി മദ്യപിക്കുന്ന ഒരാളല്ല. രണ്ടു മാസത്തിലൊരിക്കൽ ഒക്കെയാണ് മദ്യപിക്കാറുള്ളത്. എന്നാൽ കോവിഡ് സമയത്ത് ഏകദേശം ഒരു വർഷത്തോളം നീണ്ടുനിന്ന ഒരു ഘട്ടമുണ്ടായിരുന്നു. മദ്യത്തിന് അടിമയായിരുന്നു എന്ന് ഞാൻ പറയില്ല, പക്ഷേ ഇടയ്ക്കിടെ കുടിക്കുമായിരുന്നു. എന്റെ ജീവിതത്തിലെ വളരെ വേദനാജനകമായ ഒരു അനുഭവത്തിന് ശേഷമായിരുന്നു ഇത്. എനിക്ക് ലഹരി ആവശ്യമാണെന്ന് അന്ന് തോന്നിയിരുന്നു," താരം പറഞ്ഞു.
എങ്കിലും ഈ ഘട്ടം അധികകാലം നീണ്ടുനിന്നില്ല. മദ്യം തന്റെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെ ജാൻവി ആ ശീലം നിർത്തി. "രാവിലെ എഴുന്നേൽക്കുമ്പോൾ തോന്നുന്ന അസ്വസ്ഥതയും ഹാങ്ങോവറും എനിക്ക് ഇഷ്ടപ്പെട്ടില്ല," താരം കൂട്ടിച്ചേർത്തു.
മദ്യാസക്തിയുമായി പോരാടുന്ന പ്രിയപ്പെട്ട ഒരാളിൽ നിന്ന് വരാറുള്ള അതേ ഗന്ധം തന്റെ ശരീരത്തിൽ നിന്നും വരുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് ജാൻവിയെ ഇതേക്കുറിച്ച് ചിന്തിപ്പിച്ചത്. "ആ ഗന്ധം അനുഭവപ്പെട്ടാൽ, അതൊരു നല്ല ദിവസമല്ല എന്ന് എനിക്ക് മനസ്സിലാകും," താരം ഓർത്തെടുത്തു.
ഈ തിരിച്ചറിവിനെത്തുടർന്ന് ഏകദേശം ഒന്നൊന്നര വർഷത്തോളം താൻ മദ്യം തൊട്ടിട്ടില്ലെന്നും, നിലവിൽ മദ്യപാനവുമായി തനിക്ക് ആരോഗ്യകരമായ ബന്ധമാണുള്ളതെന്നും താരം പറഞ്ഞു.
മദ്യം ദുരുപയോഗം ചെയ്യരുത് എന്നതാണ് മദ്യപിക്കുന്നവരോട് ജാൻവിക്ക് പറയാനുള്ളത്. മാനസികാരോഗ്യ സംഘങ്ങളുമൊത്തുള്ള സഹകരണത്തിലൂടെ, മദ്യാസക്തിയെക്കുറിച്ചും അതിന്റെ പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്താനും, മദ്യാസക്തിയുള്ളവരെ ശരിയായ വഴിയിലേക്ക് നയിക്കാനുമാണ് ജാൻവിയുടെ ഈ പ്രവർത്തനം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Janhvi Kapoor discusses her past experience with frequent alcohol consumption during the pandemic., The actress highlights her role as a caregiver for loved ones struggling with addiction., She has partnered with the mental health platform 'Amaha' to raise awareness., Janhvi emphasizes the importance of recognizing early signs of alcohol dependency., She has maintained a healthy relationship with alcohol after realizing its negative impact on her body.