സ്തനങ്ങളിൽ വേദന അനുഭവപ്പെട്ടു, പരിശോധനയിലാണ് അത് മനസ്സിലായത്, അപ്പോഴേക്കും അണുബാധയായി

ലോകത്തിലെ ഏറ്റവും പ്രശസ്തരായ ബ്യൂട്ടി വ്ലോഗർമാരിൽ ഒരാളാണ് ഹുദ കാട്ടൻ. ഇൻസ്റ്റഗ്രാമിൽ 52 ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇവരുടെ ബ്യൂട്ടി ബ്രാൻഡാണ് 'ഹുദ ബ്യൂട്ടി' (Huda Beauty).
സൗന്ദര്യ രഹസ്യങ്ങൾ പങ്കുവെയ്ക്കുന്നതോടൊപ്പം തന്നെ, താൻ നടത്തിയ പ്ലാസ്റ്റിക് സർജറികളെക്കുറിച്ചും അവർ എപ്പോഴും തുറന്നു സംസാരിക്കാറുണ്ട്. കൃത്യസമയത്ത് വൈദ്യപരിശോധന നടത്താൻ വൈകിയതുകൊണ്ട്, തന്റെ സ്തനങ്ങളിലെ ഇംപ്ലാന്റുകൾ, തനിക്കുണ്ടാക്കിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അവരിപ്പോൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് അവർ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
പൊട്ടിയ ഇംപ്ലാന്റുകൾ
‘പ്രധാനപ്പെട്ടതാണ്, ദയവായി വായിക്കുക’ എന്ന കുറിപ്പോടെയാണ് ഹുദ തന്റെ അനുഭവം പങ്കുവെച്ചത്. 12 വർഷം മുൻപാണ് സ്തനങ്ങളിൽ ഇംപ്ലാന്റുകൾ വെച്ചതെന്നും എന്നാൽ അവ കൃത്യസമയത്ത് പരിശോധിക്കാൻ മടിച്ചുവെന്നും അവർ പറഞ്ഞു. "ജീവിതത്തിരക്കുകൾക്കിടയിൽ പലപ്പോഴും നമ്മൾ കാര്യങ്ങൾ മാറ്റിവെക്കും, പ്രത്യേകിച്ച് അത് അടിയന്തരമാണെന്ന് തോന്നുന്നില്ലെങ്കിൽ. എന്നാൽ ചിലപ്പോൾ ശരീരം നിങ്ങളെ നിർബന്ധപൂർവ്വം തടഞ്ഞുനിർത്തുകയും അത് പറയുന്നത് കേൾക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും."
സ്തനങ്ങളിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇംപ്ലാന്റുകൾ പൊട്ടിയതായി (rupture) കണ്ടെത്തിയത്. ഭാഗ്യം കൊണ്ടാണ് ഇത് നേരത്തെ കണ്ടെത്താൻ കഴിഞ്ഞതെന്നും ഇല്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമായിരുന്നുവെന്നും ഹുദ പറഞ്ഞു. അപ്പോഴേക്കും അവിടെ അണുബാധ തുടങ്ങുകയും ദ്രാവകം കെട്ടിക്കിടക്കുകയും ചെയ്തിരുന്നു.
പതിവായി പരിശോധിക്കേണ്ടത് എന്തുകൊണ്ട്?
തന്റെ അനുഭവം പങ്കുവെക്കുന്നതിനോടൊപ്പം ഇംപ്ലാന്റുകൾ ഉപയോഗിക്കുന്നവർക്കായി ഒരു സന്ദേശവും അവർ നൽകി. "ഇവ എന്നെന്നേക്കുമായി നിലനിൽക്കുന്നവയല്ല എന്ന് ദയവായി ഓർക്കുക. പതിവായി പരിശോധിക്കണം, സാധാരണയായി 10 വർഷം കൂടുമ്പോൾ ഇവ മാറ്റിവെക്കേണ്ടതുണ്ട്, വേദന വരുന്നത് വരെ കാത്തിരിക്കരുത് എന്നെല്ലാം അവർ നിർദ്ദേശിക്കുന്നു.
ഈ ശസ്ത്രക്രിയ സ്പോൺസർ ചെയ്തതല്ലെന്നും ആരോഗ്യത്തെക്കുറിച്ച് മറ്റുള്ളവരിൽ അവബോധം വളർത്താനാണ് ഇത് പങ്കുവെക്കുന്നതെന്നും വ്യക്തമാക്കി. "നമ്മുടെ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെയാണ് പലരും നടക്കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിൽ 'പിന്നീട് നോക്കാം' എന്ന നിലപാട് പാടില്ല," ഹുദ കുറിച്ചു.
കുട്ടിക്കാലം മുതൽ തന്നെ തന്റെ രൂപത്തെ, മറ്റുള്ളവർ കളിയാക്കിയിരുന്നതായി 2019-ൽ നൽകിയ ഒരഭിമുഖത്തിൽ ഹുദ വെളിപ്പെടുത്തിയിരുന്നു. "കുരങ്ങനെപ്പോലെ രോമമുള്ളവൾ" എന്ന് വിളിച്ച് കുട്ടികൾ കളിയാക്കുമായിരുന്നു. അമേരിക്കയിൽ വളർന്ന തനിക്ക് ഒരിടത്തും ഉൾപ്പെടാത്തതുപോലെ തോന്നിയിരുന്നുവെന്നും പറഞ്ഞിരുന്നു.
ബ്യൂട്ടി ബ്രാൻഡ് ലോഞ്ച് ചെയ്ത സമയത്താണ് മൂക്കിലും സ്തനങ്ങളിലും ശസ്ത്രക്രിയ നടത്തിയത്. തന്റെ കുഞ്ഞിനെ മുലയൂട്ടിയ ശേഷം തന്റെ സ്തനങ്ങളുടെ രൂപം കണ്ട് ലജ്ജ തോന്നിയിരുന്നുവെന്നും അതുകൊണ്ടാണ് ഇംപ്ലാന്റുകൾ വെക്കാൻ തീരുമാനിച്ചതെന്നും അവർ തുറന്നു പറഞ്ഞു. സെലിബ്രിറ്റികൾ ഇത്തരം കാര്യങ്ങൾ മറച്ചുവെക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മുൻപ് ബോടോക്സ് (Botox), ലിപ് ഫില്ലറുകൾ എന്നിവയെക്കുറിച്ചും അവർ സംസാരിച്ചിട്ടുണ്ട്. ചുണ്ടുകളിൽ നടത്തിയ ഇൻജക്ഷനുകളെക്കുറിച്ച് "ജീവിതത്തിൽ ചെയ്ത ഏറ്റവും മോശം കാര്യമായിരുന്നു അത്" എന്നാണ് അവർ ഒരിക്കൽ പറഞ്ഞത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Huda Kattan revealed a breast implant rupture caused by delayed medical check-ups., Implants are not permanent and generally require replacement every 10 years., Early detection is crucial to prevent infections and severe health complications., Huda emphasizes body positivity and transparency regarding cosmetic procedures.