ജിമ്മിൽ പോകുമ്പോൾ പല്ലിന് കേടുപാടുകൾ സംഭവിക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ജിമ്മിൽ പോകുന്നവരുടെ എണ്ണം ഇന്ന് കൂടുകയാണ്. എന്നാൽ ആരോഗ്യത്തിനായി ചെയ്യുന്ന ഈ ശീലം ചിലപ്പോൾ പല്ലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചാലോ? വ്യായാമത്തിനിടെ പലരും അറിയാതെ ചെയ്യുന്ന ഒന്നാണ് വായിലൂടെ ശ്വസിക്കുന്നത് (Mouth Breathing). ഇത് പല്ലിൽ കാവിറ്റി ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് ദന്തവിദഗ്ധരുടെ മുന്നറിയിപ്പ്. ഓട്ടം, സൈക്ലിങ്, ട്രെഡ്മിൽ, സ്റ്റെയർമാസ്റ്റർ തുടങ്ങി കഠിനമായ വ്യായാമങ്ങൾ ചെയ്യുമ്പോൾ മൂക്കിന് പകരം വായിലൂടെ ശ്വസിക്കുന്നത് വായിലെ സ്വാഭാവിക സന്തുലിതാവസ്ഥയെ ബാധിക്കാനിടയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
വായിലൂടെ ശ്വസിക്കുമ്പോൾ പല്ലിന് എന്താണ് സംഭവിക്കുന്നത്?
പല്ലുകളുടെ ഏറ്റവും വലിയ രക്ഷാകവചമാണ് ഉമിനീർ. വായിലെ ആസിഡിന്റെ അളവ് നിയന്ത്രിക്കാനും ദോഷകരമായ ബാക്ടീരിയകളെ ചെറുക്കാനും പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാനും ഉമിനീർ സഹായിക്കുന്നു. എന്നാൽ വ്യായാമത്തിനിടെ ദീർഘനേരം വായിലൂടെ ശ്വസിക്കുമ്പോൾ വായ വേഗത്തിൽ വരണ്ടുപോകും. ഉമിനീരിന്റെ അളവ് കുറയുന്നതോടെ വായിലെ പി.എച്ച്. (pH) നില താഴുകയും ആസിഡിന്റെ അളവ് കൂടുകയും ചെയ്യും. ഇത് പല്ലിന്റെ പുറംപാളിയായ ഇനാമലിനെ ദുർബലമാക്കുകയും കാവിറ്റി ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു.
അതുകൊണ്ടുതന്നെ സ്ഥിരമായി ഓടുന്നവർക്കും സൈക്ലിസ്റ്റുകൾക്കും മറ്റ് കായികതാരങ്ങൾക്കുമൊക്കെ സാധാരണക്കാരെ അപേക്ഷിച്ച് പല്ലിൽ കേടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കാം.
കാവിറ്റി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്
വ്യായാമം ചെയ്യുന്നവർ ശരീരത്തിൽ ജലാംശം നിലനിർത്തുകയും ആവശ്യമായ ഇലക്ട്രോലൈറ്റുകൾ ലഭ്യമാക്കുകയും ചെയ്യുക. നാനോ-ഹൈഡ്രോക്‌സിയാപറ്റൈറ്റ് (Nano-hydroxyapatite) അടങ്ങിയ ടൂത്ത്പേസ്റ്റ് ഉപയോഗിക്കാം. സൈലിറ്റോൾ (Xylitol) അടങ്ങിയ ച്യൂയിങ്ഗമോ മിന്റോ ഉപയോഗിക്കുന്നത് ഉമിനീർ ഉൽപാദനം കൂട്ടാൻ സഹായിച്ചേക്കാം. കഴിവതും വ്യായാമത്തിനിടെ മൂക്കിലൂടെതന്നെ ശ്വസിക്കാൻ പരിശീലിക്കുക. ചിലർ ഉറക്കസമയത്ത് വായ തുറന്ന് ശ്വസിക്കുന്നത് ഒഴിവാക്കാൻ മൗത്ത് ടേപ്പ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് എല്ലാവർക്കും സുരക്ഷിതമല്ല. ശ്വാസതടസ്സം, മൂക്കടപ്പ്, സ്ലീപ് അപ്നിയ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശമില്ലാതെ ഇത് ഉപയോഗിക്കരുത്.
പഠനങ്ങളനുസരിച്ച് വായിലൂടെ ശ്വസിക്കുന്നത് ഏറ്റവും സാധാരണമായ ദോഷകരമായ ശീലങ്ങളിലൊന്നാണ്. ഇത് പല്ലുകളുടെയും താടിയെല്ലിന്റെയും വളർച്ചയെ ബാധിക്കുന്നതിനൊപ്പം പല്ലിൽ കാവിറ്റി, മോണരോഗങ്ങൾ എന്നിവയുടെ സാധ്യതയും വർധിപ്പിക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വ്യായാമത്തിനുശേഷം വായ വരണ്ടുപോകുക, പല്ലിൽ കാവിറ്റി, മോണയിൽ രക്തസ്രാവം തുടങ്ങിയ പ്രശ്‌നങ്ങൾ പതിവായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ദന്തഡോക്ടറെ സമീപിച്ച് പരിശോധന നടത്തുന്നതാണ് ഏറ്റവും ഉചിതം. വ്യായാമം ശരീരത്തിന് അത്യാവശ്യമാണ്. എന്നാൽ അതിനൊപ്പം വായയുടെ ആരോഗ്യവും സംരക്ഷിക്കാൻ മറക്കരുത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: gym-exercise-mouth-breathing-dental-cavities