അലാറം സ്നൂസ് ചെയ്ത് വീണ്ടും ഉറക്കം; ഈ ശീലം വരുത്തിവെക്കുന്ന വിന ചെറുതല്ല!

എ.ഐ നിർമ്മിത ചിത്രം
എ.ഐ നിർമ്മിത ചിത്രം

രാവിലെ അലാറം അടിക്കുമ്പോൾ അത് ഓഫ് ചെയ്ത് വീണ്ടും കിടന്നുറങ്ങാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഒരു അഞ്ച് മിനിറ്റ് കൂടി... എന്ന് കരുതി ഫോണിലെ Snooze ബട്ടൺ അമർത്തുന്നത് പലരുടെയും സ്ഥിരം ശീലമാണ്. കുറച്ചുകൂടി ഉറക്കം കിട്ടുമല്ലോ എന്ന ആശ്വാസത്തിലാണ് നമ്മൾ ഇത് ചെയ്യുന്നത്. എന്നാൽ, ഈ ചെറിയ ശീലം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കുകയാണ് ഡോ. കുനാൽ സൂദ് (അനസ്തേഷ്യോളജി ആൻഡ് ഇന്റർവെൻഷണൽ പെയ്ൻ മെഡിസിൻ ഫിസിഷ്യൻ).

രാവിലെ എഴുന്നേൽക്കുമ്പോൾ കൂടുതൽ ഉന്മേഷം തോന്നാൻ വേണ്ടിയാണ് നമ്മൾ വീണ്ടും ഉറങ്ങാൻ ശ്രമിക്കുന്നത്. എന്നാൽ ഈ Snooze ശീലം കാരണം രാവിലെ ഉണരുമ്പോൾ കൂടുതൽ തളർച്ചയും ഉറക്കം തൂങ്ങലുമാണ് ഉണ്ടാകുക എന്ന് അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വ്യക്തമാക്കുന്നു. ഇതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പൂർണ്ണമാകാത്ത ഉറക്കം
നമ്മുടെ ഉറക്കത്തിന് കൃത്യമായ ഒരു ചക്രമുണ്ട് (Sleep cycle). സാധാരണയായി 90 മുതൽ 110 മിനിറ്റ് വരെയുള്ള സൈക്കിളുകളായാണ് ഉറക്കം. നമ്മൾ സ്നൂസ് ബട്ടൺ അമർത്തുമ്പോൾ മസ്തിഷ്കം വീണ്ടും ആഴത്തിലുള്ള ഉറക്കത്തിലേക്ക് പോകാൻ ശ്രമിക്കും. എന്നാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ അടുത്ത അലാറം അടിക്കുന്നതോടെ ഈ ചക്രം പകുതിക്ക് വെച്ച് മുറിയുന്നു. ഇത് ശരീരത്തിന് ഗുണകരമല്ല.

സ്ലീപ്പ് ഇനർഷ്യ
ഉറക്കത്തിൽ നിന്ന് പെട്ടെന്ന് ഉണരുമ്പോൾ തലച്ചോറിന് അനുഭവപ്പെടുന്ന ഒരു തരം മന്ദതയാണ് സ്ലീപ്പ് ഇനർഷ്യ (Sleep inertia). ശരിയായി ചിന്തിക്കാൻ കഴിയാത്ത അവസ്ഥ, ശ്രദ്ധക്കുറവ്, ക്ഷീണം എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. അലാറം അടിക്കുമ്പോഴൊക്കെ വീണ്ടും ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ഈ അവസ്ഥയുടെ ദൈർഘ്യം വർദ്ധിപ്പിക്കും. ഫലമോ, രാവിലെ എഴുന്നേറ്റാലും ദീർഘനേരത്തേക്ക് ഉറക്കച്ചടവ് മാറില്ല.

തലച്ചോറിന് ലഭിക്കുന്ന തെറ്റായ സന്ദേശങ്ങൾ
അലാറം അടിക്കുമ്പോൾ നമ്മുടെ ശരീരം ഉണരാൻ വേണ്ടിയുള്ള ഹോർമോണുകൾ (ഉദാഹരണത്തിന് കോർട്ടിസോൾ) ഉത്പാദിപ്പിച്ചു തുടങ്ങും. എന്നാൽ ആ സമയത്ത് വീണ്ടും സ്നൂസ് ചെയ്ത് ഉറങ്ങാൻ കിടക്കുമ്പോൾ തലച്ചോറിന് ഉറങ്ങണോ അതോ ഉണരണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകുന്നു. ശരീരത്തിനുള്ളിൽ നടക്കുന്ന ഈ ആശയക്കുഴപ്പം നിങ്ങളെ കൂടുതൽ തളർത്തും.

 
 
 
 
 
 
 
 
 
 
 
 
 
 
 

ഗുണനിലവാരമില്ലാത്ത ഉറക്കം
സ്നൂസ് ചെയ്യുന്നത് വഴി നിങ്ങൾക്ക് കുറച്ചുകൂടി അധികം സമയം ഉറങ്ങാൻ കിട്ടിയേക്കാം. എന്നാൽ ഇടയ്ക്കിടെ മുറിഞ്ഞുപോകുന്ന ഈ ഉറക്കം ശരീരത്തിന് യാതൊരുവിധ വിശ്രമവും നൽകുന്നില്ല. ആഴത്തിലുള്ള ഉറക്കത്തിന്റെ (Deep sleep) ഘട്ടങ്ങളിലേക്ക് ശരീരം എത്തുന്നതിന് മുൻപ് തന്നെ അടുത്ത അലാറം അടിക്കുന്നത് കൊണ്ട് ഈ സമയം വെറുതെ നഷ്ടപ്പെടുകയേ ഉള്ളൂ.

ദിവസത്തെ ബാധിക്കാം
രാവിലത്തെ ഈ ശീലം നിങ്ങളുടെ ആ ദിവസത്തെ പ്രവർത്തനങ്ങളെ മുഴുവൻ ബാധിക്കാം. ദീർഘനേരം നീണ്ടുനിൽക്കുന്ന മന്ദത, പ്രതികരണശേഷി കുറയുക, ഏകാഗ്രതക്കുറവ്, മാനസികമായ ഉന്മേഷമില്ലായ്മ എന്നിവയ്ക്കെല്ലാം ഇത് കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ചുരുക്കത്തിൽ, രാവിലെ അലാറം അടിച്ചാലുടൻ മടിപിടിച്ചിരിക്കാതെ ഒറ്റയടിക്ക് എഴുന്നേൽക്കുന്നതാണ് ആരോഗ്യത്തിനും അന്നത്തെ ദിവസത്തെ ഉന്മേഷത്തിനും ഏറ്റവും നല്ലത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Snoozing interrupts the natural 90-110 minute sleep cycle., Repeatedly waking up causes 'sleep inertia', leading to brain fog and fatigue., The body experiences hormonal confusion between wakefulness and sleep., Fragmented sleep from snoozing provides zero restorative value., Breaking the snooze habit improves daily focus and cognitive performance.