ദീപാവലിക്ക് സൂചി റവ കൊണ്ടൊരു ഹൽവ: നാവിൽ അലിയും രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം

ദീപാവലി ആഘോഷങ്ങളുടെ മാധുര്യം ഇരട്ടിയാക്കാൻ മധുരപലഹാരങ്ങൾ ഇല്ലാതെ പറ്റില്ലല്ലോ. കടകളിൽ നിന്ന് വാങ്ങുന്ന ലഡുവിനും ഹൽവയ്ക്കും പുറമെ വീട്ടിൽ തന്നെ തയ്യാറാക്കുന്ന മധുരപലഹാരങ്ങൾക്ക് പ്രത്യേക രുചിയും ഗുണവുമാണ്. ഇത്തവണത്തെ ദീപാവലിക്ക് വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ 'സൂചി റവ ഹൽവ' തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്നതാണ്. റവ, ശർക്കര, നെയ്യ്, പാൽ, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ ഹൽവ രുചികരവും ആരോഗ്യപ്രദവുമാണ്.
ആവശ്യമായ ചേരുവകൾ:
സൂചി റവ - ഒരു കപ്പ്
കടലമാവ് - രണ്ട് ടേബിൾസ്പൂൺ
നെയ്യ് - മുക്കാൽ കപ്പ്
ശർക്കര പൊടിച്ചത് - ഒരു കപ്പ് (ആവശ്യമെങ്കിൽ കൂടുതൽ ചേർക്കാം)
പാൽ - രണ്ട് കപ്പ്
ഏലക്കാപ്പൊടി - അര ടീസ്പൂൺ
അണ്ടിപ്പരിപ്പ്, ബദാം, പിസ്ത - രണ്ട് ടേബിൾസ്പൂൺ
തേങ്ങ കൊത്ത് - ആവശ്യത്തിന് (അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം:
പാൻ അടുപ്പത്തുവെച്ച് നെയ്യ് ചൂടാക്കുക. അതിലേക്ക് റവയും കടലമാവും ചേർത്ത് കുറഞ്ഞ തീയിൽ 10-12 മിനിറ്റ് നന്നായി വറുത്തെടുക്കുക. മിശ്രിതം ചെറുതായി സ്വർണ്ണനിറമാവുകയും കടലമാവിന്റെ പച്ചമണം മാറി വരികയും ചെയ്യുമ്പോൾ തീ അണയ്ക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്ട്സ് ചേർത്തിളക്കുക.
മറ്റൊരു പാത്രത്തിൽ ശർക്കര പൊടിച്ചതും പാകത്തിന് വെള്ളവും ചേർത്ത് ശർക്കര പാനി തയ്യാറാക്കുക. ഇതിലേക്ക് രണ്ട് കപ്പ് വെള്ളവും രണ്ട് കപ്പ് പാലും ചേർക്കുക. ചെറുതീയിൽ വെച്ച് കൈവിടാതെ ഇളക്കി നന്നായി യോജിപ്പിക്കണം. ശേഷം ഏലക്കാപ്പൊടിയും ചേർക്കാം. ഈ മിശ്രിതം തിളച്ചു മറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധവേണം. ശേഷം മിശ്രിതം വറുത്തു വെച്ചിരിക്കുന്ന റവ-കടലമാവ് കൂട്ടിലേക്ക് പതുക്കെ ഒഴിക്കുക. കുറഞ്ഞ തീയിൽ 6-8 മിനിറ്റ് വേവിക്കുക. ഹൽവ കുറുകി, പാത്രത്തിന്റെ വശങ്ങളിൽ നിന്ന് വിട്ടു വരികയും നെയ്യ് തെളിഞ്ഞു വരുകയും ചെയ്യുമ്പോൾ അടുപ്പിൽ നിന്ന് മാറ്റാം. തയ്യാറായ ഹൽവ ഒരു സെർവിങ് ബൗളിലേക്ക് മാറ്റി, മുകളിൽ ഡ്രൈ ഫ്രൂട്ട്സ് വിതറി ചൂടോടെ വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Simple and easy recipe using sooji rava and jaggery, Melt-in-mouth texture with rich ghee and dry fruits, Step-by-step preparation guide for Diwali celebrations