ഡ്രൈഫ്രൂട്ട്സ് ഇഞ്ചിക്കറിയും കാരറ്റ് ഗ്രീൻ ആപ്പിൾ അച്ചാറും; ഓണത്തിനുമുന്നേ ഒരുക്കങ്ങൾ തുടങ്ങിക്കോളൂ

ഓണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുമ്പോൾ അച്ചാറും കായ വറുത്തതും ഇഞ്ചിപ്പുളിയുമൊക്കെ ലിസ്റ്റിൽ ആദ്യം തന്നെ കാണും. ഇവ നേരത്തെ തയ്യാറാക്കി എയർ ടൈറ്റ് കണ്ടെയ്‌നറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ സദ്യ ഉണ്ടാക്കുമ്പോൾ അത്രയും പണി കുറഞ്ഞു കിട്ടുമല്ലോ. അങ്ങനെ ഉണ്ടാക്കി വെക്കാൻ പറ്റിയ അച്ചാറും ഇഞ്ചിക്കറിയും നോക്കിയാലോ..
കൊത്തു മാങ്ങാ കാരറ്റ് ഗ്രീൻ ആപ്പിൾ അച്ചാർ
ചേരുവകൾ:
പച്ച മാങ്ങ - രണ്ടെണ്ണം
ഗ്രീൻ ആപ്പിൾ - ഒന്ന്
കാരറ്റ് - ഒന്ന്
മുളകുപൊടി - മൂന്ന് ടേബിൾ സ്പൂൺ
കാശ്മീരി മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
ഉലുവാപൊടി - ഒന്നര ടീസ്പൂൺ
കായപ്പൊടി - ഒന്നര ടീസ്പൂൺ
വെളിച്ചെണ്ണ - മൂന്ന് ടേബിൾ സ്പൂൺ
വിനിഗർ - മൂന്ന് ടേബിൾ സ്പൂൺ
കടുക് - രണ്ട് ടീസ്പൂൺ
കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മാങ്ങ, കാരറ്റ് എന്നിവ ചെറിയ കഷണങ്ങളായി കൊത്തിയരിഞ്ഞു വെക്കുക. ഗ്രീൻ ആപ്പിളും ചെറിയ കഷണങ്ങളായി അരിഞ്ഞു വെക്കുക. എല്ലാം ഒരു വലിയ പാത്രത്തിൽ എടുത്ത്, അതിലേക്ക് മുളകുപൊടി, വിനിഗർ, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. പാനിൽ എണ്ണ ചൂടാക്കി, കടുകിട്ട് പൊട്ടുമ്പോൾ കറിവേപ്പില ചേർക്കുക. ഇതിലേക്ക് ഉലുവാ പൊടിയും കായപ്പൊടിയും ചേർത്ത്, യോജിപ്പിച്ചുവെച്ച മാങ്ങ, കാരറ്റ്, ഗ്രീൻ ആപ്പിൾ മിക്സ് ചേർക്കുക. ചെറുതീയിൽ വെച്ച് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ അല്പം ചൂടു വെള്ളം ചേർക്കാം. നന്നായി യോജിപ്പിച്ച്, ചൂടാറുമ്പോൾ എയർ ടൈറ്റ് കണ്ടെയ്‌നറിലേക്ക് മാറ്റാം.
ഡ്രൈ ഫ്രൂട്ട്‌സ് ഇഞ്ചിക്കറി
ചേരുവകൾ:
ഈന്തപ്പഴം - 50 ഗ്രാം
ഉണക്ക മുന്തിരി - 25 ഗ്രാം
ഡ്രൈഡ് ഫിഗ് - 25 ഗ്രാം
ഇഞ്ചി അരിഞ്ഞത് - കാൽ കപ്പ്
ചുവന്നുള്ളി - 50 ഗ്രാം
പച്ചമുളക് - മൂന്നെണ്ണം
മുളകുപൊടി - മൂന്ന് ടേബിൾ സ്പൂൺ
മല്ലിപ്പൊടി - ഒരു ടേബിൾ സ്പൂൺ
വാളൻ പുളി - ഒരു വലിയ നാരങ്ങ വലിപ്പത്തിൽ
ശർക്കരപ്പൊടി - രണ്ട് ടേബിൾ സ്പൂൺ
ചുവന്ന മുളക് - നാലെണ്ണം
ഉലുവ - ഒരു ടീസ്പൂൺ
കടുക് - രണ്ട് ടീസ്പൂൺ
കായപ്പൊടി - അര ടീസ്പൂൺ
എണ്ണ - മൂന്ന് ടേബിൾ സ്പൂൺ
ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ഡ്രൈ ഫ്രൂട്ട്‌സ് അരക്കപ്പ് ചൂടുവെള്ളത്തിൽ കുതിർത്തു വെക്കുക. ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ മിക്‌സി ജാറിൽ ക്രഷ് ചെയ്‌തെടുക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിയതിനു ശേഷം ഉലുവയും ചുവന്ന മുളകും കറിവേപ്പിലയും ചേർക്കുക. ഉലുവ ചുവന്നു വരുമ്പോൾ, ക്രഷ് ചെയ്തുവെച്ച കൂട്ട് ചേർത്ത് നന്നായി വഴറ്റുക. ഇഞ്ചിയുടെ പച്ച മണം മാറി, മൊരിഞ്ഞു തുടങ്ങുമ്പോൾ തീ നന്നായി കുറച്ച് വെച്ച്, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർക്കുക. ഇതിലേക്ക് പുളി പിഴിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. തിളക്കുമ്പോൾ കുതിർത്തുവെച്ച ഡ്രൈ ഫ്രൂട്ട്‌സ് വെള്ളത്തോടുകൂടി ചേർക്കാം. ശർക്കരയും ചേർത്ത്, ഇടത്തരം തീയിൽ വെച്ച് പത്ത് മിനിറ്റ് തിളപ്പിക്കുക. കുറുകി വരുമ്പോൾ കായപ്പൊടിയും ചേർത്ത് യോജിപ്പിച്ച് വാങ്ങാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: onam-sadya-recipes-mango-pickle-dry-fruits-injipuli