ചിക്കൻ കുസ്‌കയും ഗാർലിക് ടൊമാറ്റോ റൈസും; കറിയില്ലാതെ കഴിക്കാവുന്ന ലഞ്ച് ബോക്‌സ് വിഭവങ്ങൾ

പ്രതീകാത്മകചിത്രം/Freepik
പ്രതീകാത്മകചിത്രം/Freepik

ലഞ്ച് ബോക്‌സിനോടൊപ്പം പല പാത്രങ്ങളിലായി കറികൾ കൊണ്ട് പോകാൻ പലർക്കും മടിയാണ്. എന്നാൽ ഇനി കറികൾ ഉണ്ടാക്കി സമയം കളയുന്നതിന് പകരം ചില വെറൈറ്റി റൈസ് പരീക്ഷിച്ചു നോക്കാം. ഉണ്ടാക്കാനും എളുപ്പം, സമയവും ലാഭം. കൂടെ കഴിക്കാൻ ഒരു ഓംലെറ്റോ പപ്പടമോ അച്ചാറോ ധാരാളമാണ്...

ചിക്കൻ കുസ്‌ക
ചേരുവകൾ:

ജീരകശാല അരി - മൂന്ന് കപ്പ്
മിൻസ്ഡ് ചിക്കൻ - 250 ഗ്രാം
സവാള - ഒന്ന്
തക്കാളി - ഒന്ന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടേബിൾ സ്പൂൺ
പച്ചമുളക് ചതച്ചത് - ഒരു ടേബിൾ സ്പൂൺ
തൈര് - കാൽ കപ്പ്
മഞ്ഞൾപൊടി - അര ടീസ്പൂൺ
മുളകുപൊടി - ഒരു ടീസ്പൂൺ
മല്ലിപ്പൊടി - മൂന്ന് ടീസ്പൂൺ
മല്ലിയില - അരക്കപ്പ്
പുതിന ഇല - കാൽ കപ്പ്
നെയ്യ് - ഒരു ടേബിൾസ്പൂൺ
ഉപ്പ്, എണ്ണ - ആവശ്യത്തിന്
പൊടിക്കാൻ ആവശ്യമായ ചേരുവക
പട്ട - ഒരിഞ്ചു നീളം
ഗ്രാമ്പു, ഏലക്ക, തക്കോലം, ജാതിപത്രി - മൂന്ന് വീതം
പെരുംജീരകം - ഒരു ടേബിൾസ്പൂൺ
സാജീരകം - അര ടീസ്പൂൺ
കസ്‌കസ് - അര ടീസ്പൂൺ
കാശ്മീരി മുളക് - മൂന്ന്
തയ്യാറാക്കുന്നവിധം: പൊടിക്കാനുള്ള ചേരുവകൾ മിക്‌സി ജാറിലിട്ട് തരിയായി പൊടിച്ചു വെക്കുക. കുക്കറിൽ എണ്ണ ചൂടാക്കി സവാള നേരിയതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. തക്കാളി, മല്ലിയില എന്നിവ അരച്ചെടുത്ത് ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. ഇനി എല്ലാ പൊടികളും ചേർക്കാം. നന്നായി വഴറ്റിയതിനുശേഷം തൈര് ചേർത്ത് യോജിപ്പിക്കാം. ആവശ്യത്തിന് ഉപ്പും ചിക്കനും ചേർത്ത് യോജിപ്പിക്കുക. ചെറുതീയിൽ പത്തു മിനിറ്റ് മൂടിവെച്ച് വേവിക്കുക. ശേഷം നാലര കപ്പ് വെള്ളം ചേർത്ത്, തിളയ്ക്കുമ്പോൾ അരി ചേർത്ത് ആവശ്യത്തിന് ഉപ്പും പുതിനയും ചേർത്ത് കുക്കർ മൂടി ചെറുതീയിൽ ഒരു വിസിൽ വരുന്നത് വരെ വെക്കുക. പ്രഷർ പോയതിനുശേഷം നെയ്യും ചേർത്ത്, ചൂട് ഒന്നാറുമ്പോൾ ഇളക്കി യോജിപ്പിച്ച് വിളമ്പാം.

ഗാർലിക് ടൊമാറ്റോ റൈസ്
ചേരുവകൾ:

ജീരകശാല അല്ലെങ്കിൽ കൈമ അരി - രണ്ട് കപ്പ്
തക്കാളി - രണ്ടെണ്ണം
സവാള - ഒന്ന്
വെളുത്തുള്ളി - ഒന്ന്
കാശ്മീരി ചില്ലി - നാലെണ്ണം
മല്ലിയില - അരക്കപ്പ്
പുതിന ഇല- ഒരു പിടി
മഞ്ഞൾപൊടി - അര ടീസ്പൂൺ
മുളകുപൊടി - ഒരു ടീസ്പൂൺ
ഉപ്പ്, കറിവേപ്പില, എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: വെളുത്തുള്ളി, കാശ്മീരി ചില്ലി എന്നിവ ഒന്നു ചതച്ചെടുക്കുക. പാനിൽ എണ്ണ ചൂടാക്കി, ഈ ചതച്ച കൂട്ട് ചേർത്ത് വഴറ്റുക. ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് ഇളം ബ്രൗൺ നിറം ആവുന്നതുവരെ വഴറ്റി മാറ്റിവെക്കാം. ഈ കൂട്ട് ചൂടാറുമ്പോൾ മിക്‌സി ജാറിൽ ഇട്ട് തരിയായി പൊടിച്ചുവെക്കുക. അതേ പാനിൽ സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇളം ബ്രൗൺ നിറം ആവുമ്പോൾ തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇതിലേക്ക് മല്ലിയില, പുതിന എന്നിവയും ആവശ്യത്തിന് ഉപ്പും ചേർക്കുക. തക്കാളി വെന്ത് എണ്ണ തെളിഞ്ഞു വരുമ്പോൾ മഞ്ഞൾ പൊടിയും മുളക് പൊടിയും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് മൂന്നര കപ്പ് വെള്ളവും ചേർത്ത് മൂടി വെച്ച്, തിളക്കുമ്പോൾ ചെറുതീയിൽ വെച്ച് വേവിക്കുക. വെള്ളം നന്നായി വറ്റി വരുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച ഗാർലിക് പൗഡർ ചേർത്ത് യോജിപ്പിച്ച് വാങ്ങാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi